കൃപയിലേക്കൊരു തിരിച്ചു വരവ്/ഡോ. സോളമന് എ. ജോസഫ്
ഒപി കഴിയുന്ന സമയം. വയറുവേദന കാണിക്കാനായി ഒരു ദമ്പതികൾ എത്തിയിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇടവിട്ടു വരുന്ന വയറുവേദനയായിരുന്നു അവരുടെ ബുദ്ധിമുട്ട്. ഗ്യാസ്ട്രൈറ്റിസ് ആയിരിക്കുമെന്ന് കരുതി ഇഞ്ചക്ഷനും ഗുളികകളും എടുത്തു. എന്നാൽ കുറച്ച് നാളുകളായി മരുന്നിലും വലിയ ശമനം ഇല്ലായിരുന്നു. സർജനെ കാണിക്കാൻ നിർദ്ദേശം കൊടുത്തത് പ്രകാരം വന്നതായിരുന്നു. “ഡോക്ടറേ, വയറ് മിക്കപ്പോഴും തള്ളിനിൽക്കുന്ന ഒരവസ്ഥയാണ്. ഗ്യാസ് കെട്ടി നിൽക്കുന്ന പോലെ തോന്നുന്നു. ഇടയ്ക്ക് മുള്ള് കൊണ്ട് കുത്തുന്ന തരത്തിൽ വേദനയും വരുന്നു. കൂടുതൽ അസ്വസ്ഥത വലത്ത് വശത്തായിട്ടാണ്.”
വലത്തേ വരിയെല്ലുകളുടെ താഴത്തായി ആ കൈകൾ നിന്നു. ഭക്ഷണം കഴിച്ച ശേഷമായിരുന്നു കൂടുതൽ വേദന അനുഭവപ്പെട്ടിരുന്നത്. അടുത്തിടെയായി മനംപുരട്ടലും തുടങ്ങിയിരുന്നു. “ഭക്ഷണം കഴിക്കാൻ തന്നെ തോന്നുന്നില്ല സാറേ.”
കഴിഞ്ഞ വർഷം ഉണ്ടായൊരു അനുഭവത്തിലേക്ക് ആ വിവരണം എന്നെ എത്തിച്ചു. അന്നത് പിത്തസഞ്ചിയിൽ നിന്നുള്ള ക്യാൻസർ ആയിരുന്നു. ആ ചേച്ചിയുടെ പ്രായവും 50ൽ താഴെയായിരിന്നു. ഒരു പോലെ തോന്നും വിധമുള്ള ലക്ഷണങ്ങൾ. അൾട്രാസൗണ്ട് സ്കാൻ എടുക്കാനും കുറച്ച് ലാബ് ടെസ്റ്റുകൾ ചെയ്യാനും നിർദ്ദേശം നൽകി. പിറ്റേ ദിവസം സ്കാനുമായി തിരിച്ചുവന്നു. പിത്തസഞ്ചിയിൽ നേരിയ തടിപ്പ് ഉള്ളതായി കാണപ്പെട്ടു.
വിദഗ്ധ പരിശോധനയ്ക്ക് CT സ്കാൻ എടുക്കാനായി അതിൽ നിർദ്ദേശിച്ചിരുന്നു. CT സ്കാൻ എടുക്കാനായി അവരെ പറഞ്ഞയച്ചു. CTയുടെ റിപ്പോർട്ടുമായി അടുത്ത ആഴ്ച വരുമ്പോൾ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. “ഡോക്ടറേ, റിപ്പോർട്ടിൽ പ്രശ്നമുണ്ടെന്നാണ് സ്കാൻ എടുക്കുന്ന ഡോക്ടർ പറഞ്ഞത്. ആകെ ഒരു പേടി. അതാ അവളെ കൂട്ടാഞ്ഞത്.” പിത്തസഞ്ചിയിലെ തടിപ്പ് ക്യാൻസർ എന്ന് തോന്നും വിധമുള്ള നിഗമനം. കൂടാതെ പിത്തസഞ്ചിയുടെ അടുത്തുള്ള കഴലകൾക്കും ചെറിയ വീക്കമുള്ളതായി റിപ്പോർട്ടിൽ എഴുതിയിരുന്നു. ഉൾകൊള്ളാൻ കഴിയും വിധത്തിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. ദീർഘനിശ്വാസം എടുത്ത് കൊണ്ട് “ഏറ്റവും നല്ല ചികിത്സ കിട്ടുന്നത് അമൃതയിൽ ആണോ ഡോക്ടറേ? എവിടെയാണേലും ഞാൻ അവളെ കൊണ്ടുപോകാം” അദ്ദേഹം ആരാഞ്ഞു.
അതിനു മാത്രമുള്ള സാമ്പത്തിക ശേഷി അവർക്കില്ലായിരുന്നു. അതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ കാണിക്കാനായി അവരെ നിർദ്ദേശിച്ചു. കോട്ടയത്ത് പോയതിനു ശേഷം അദ്ദേഹം വീണ്ടും വരികയുണ്ടായി. കുറേ പരിശോധനകൾ കൂടി അവർ ചെയ്തിരുന്നു. എൻഡോസ്കോപിക് അൾട്രാ സൗണ്ടും ഒപ്പം ERCPയും. അതിന്റെ CDയും കൊണ്ടുവന്നിരുന്നു. ഓപ്പറേഷന്റെ തീയതി കിട്ടിയിരുന്നില്ല. മുൻപ് ഉണ്ടായിരുന്ന ധൈര്യവും ആത്മവിശ്വാസവും തെല്ല് കുറഞ്ഞതായി തോന്നി.
“ഡോക്ടറേ, ഓപ്പറേഷൻ കഴിഞ്ഞാൽ ഇത് വീണ്ടും വരാൻ സാധ്യതയുണ്ടോ? പഴയത് പോലെ കഴിക്കാനൊക്കെ അവൾക്ക് കഴിയില്ലേ? വേറെ കുഴപ്പമൊന്നും ഉണ്ടാകില്ലല്ലോ സാറേ?” എന്ന് ചോദിച്ചുകൊണ്ട് അയാൾ വിതുമ്പി.
രണ്ട് പേർക്കും എസ്റ്റേറ്റിലെ ചെറിയ ജോലിയിൽ നിന്നുള്ള വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കോട്ടയം വരെ പോയി വരാൻ തന്നെ നല്ല ചിലവ് വേണ്ടിയിരുന്നു. ഒപ്പം CT സ്കാനും മറ്റ് പരിശോധനകൾക്ക് വേണ്ടിയും. എല്ലാം കൂടി അയാളെ ഞെരുക്കുന്നുണ്ടായിരുന്നു. അർബുദത്തെ അതിജീവിച്ച സമാനമായ മറ്റ് അനുഭവങ്ങൾ ഞാൻ അദ്ദേഹത്തോട് പങ്ക് വെച്ചു. അല്പം ആശ്വാസവും കരുത്തും കിട്ടിയതായി തോന്നി. ഭാര്യയ്ക്ക് അസുഖത്തെ പറ്റി കാര്യമായി അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞിട്ടിലായിരുന്നു.
ഇറങ്ങുന്ന നേരം അദ്ദേഹം വികാരഭരിതനായി. “അവൾക്ക് നല്ല ക്ഷീണമുണ്ട് ഡോക്ടറേ. ആഹാരം നന്നായി കഴിക്കുന്നില്ലല്ലോ. മെഡിക്കൽ കോളേജിൽ നിന്ന് ടെസ്റ്റുകൾ ചെയ്യിപ്പിച്ചിട്ടും മരുന്നൊന്നും തന്നില്ലല്ലോ എന്നവൾ പരിഭവം പറഞ്ഞിരുന്നു. ഡോക്ടറിനെ കാണുമ്പോൾ ക്ഷീണം കുറയാനും ഓക്കാനം മാറാനും മരുന്ന് മേടിക്കണം എന്ന് ശഠിച്ചിരുന്നു? എന്തെങ്കിലും മരുന്ന് കുറിക്കാമോ?” എന്ന് ചോദിച്ചുകൊണ്ട് ആ കണ്ണുകൾ നിറഞ്ഞു. ഈ ദിവസങ്ങളിൽ ഉറങ്ങാനോ സമയത്ത് ഭക്ഷണം കഴിക്കാനോ അയാൾക്ക് കഴിഞ്ഞിരുന്നില്ല. താൻ ഏറ്റവും സ്നേഹിക്കുന്ന ഭാര്യയുടെ രോഗാവസ്ഥയും ഭാവിയിൽ അവർ കടന്നുപോകേണ്ടി വരുന്ന ബുദ്ധിമുട്ടുകളും മാത്രമായിരുന്നു ആ മനസ്സ് മുഴുവനും.
മക്കളോടും ആ സത്യം പറയാൻ അയാൾക്ക് കഴിഞ്ഞില്ല. ആ ഭാരം മുഴുവൻ സ്വയം ഏറ്റെടുക്കാൻ അയാൾ ഇഷ്ടപ്പെട്ടു. സ്വന്തം വിഷമങ്ങൾ കാണിക്കാതെ ധൈര്യം പകരാൻ അയാൾ പരിശ്രമിച്ചു. ഈ മനുഷ്യന്റെ സ്നേഹത്തിനും നിശ്ചയ ദാർഢ്യത്തിനും മുന്നിൽ അർബുദം പോലും പരാജയപ്പെടില്ലേ!? ആ ക്യാൻസറിനെ അതിജീവിക്കാൻ അവർക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ….
പിൻകുറിപ്പ്
ജീവിതത്തിൽ ദുരിതങ്ങളും വലിയ കഷ്ടകളും ചിലപ്പോൾ നമ്മെ കാത്തിരിക്കുന്നുണ്ടാകും. അവയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയുമോയെന്ന് നാം സംശയിച്ചേക്കാം. എല്ലാ ഞെരുക്കങ്ങൾക്കും ഒരന്ത്യമുണ്ട്. എല്ലാ തകർച്ചകൾക്കും ഒരു ഉയർച്ചയുമുണ്ട്. അവയെ സ്വീകരിക്കാൻ വിശുദ്ധ ഗ്രന്ഥം നമ്മെ ഉദ്ധ്ബോധിപ്പിക്കുന്നു. “വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക;
ഞെരുക്കുന്ന ദൗര്ഭാഗ്യങ്ങളില് ശാന്തത വെടിയരുത്.
എന്തെന്നാല്‍, സ്വര്‍ണം അഗ്നിയില്‍ ശുദ്ധിചെയ്യപ്പെടുന്നു;
സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു
സ്വീകാര്യരായ മനുഷ്യരും.” – പ്രഭാഷകന്‍ 2 : 4-5. സ്വർണ്ണത്തിന്റെ ശുദ്ധി അഗ്നിയിൽ വർധിക്കുന്നത് പോലെ ഈ ലോക ജീവിതത്തിലെ സഹനങ്ങൾ നമ്മിലെ ആന്തരിക മനുഷ്യന്റെ ശക്തിയെ വെളിപ്പെടുത്തുന്നു.
അത്തരം അനുഭവങ്ങൾ പക്വതയുടെ പാഠങ്ങൾ കൂടി പകർന്നു തരുന്നു. ഇവയിലൂടെ കടന്നു പോകുന്നതല്ലേ നമ്മുടെ വിളിയും. ഈ ഞെരുക്കങ്ങളെല്ലാം നമ്മിലെ സ്നേഹത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. ആ വർദ്ധിച്ച സ്നേഹം ചുറ്റുമുള്ളവർക്ക് കരുത്ത് പകരുന്നു. ഒപ്പം അതിലേക്ക് വളരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പ്രവർത്തികൾപ്പോലും അവിടെ പ്രാർത്ഥനയായി മാറുന്നു. ആ മനുഷ്യനും ഈ പാഠം അല്ലേ നമ്മെ പഠിപ്പിക്കുന്നത്?….