കോഴിക്കോട്: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ കോഴിക്കോട് അതിരൂപതയിലെ ഇടവക സന്ദർശന പരിപാടിക്ക് തുടക്കമായി. അതിരൂപതയുടെ കത്തീഡ്രൽ ദൈവാലയമായ ദൈവമാതാവിന്റെ ഇടവകയിൽ കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ .ഡോ. ജെൻസൺ പുത്തൻവീട്ടിൽ കെ ആർ എൽ സി സി പതാക ഉയർത്തി സന്ദർശന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
കത്തീഡ്രൽ ദൈവാലയത്തിലും വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾ ഇടവകയിലും കെ ആർ എൽ സി സി യുടെ ആവശ്യകതയും പ്രസക്തിയും വിശദികരിച്ചു. തുടർന്ന് ഇടവക അജപാലന സമിതിയുടെയും സംഘടനാ സന്യസ്ത പ്രതിനിധികളുടെയും സംയുകത യോഗവും സംഘടിക്കപെട്ടു.
സാമൂഹിക നീതിക്കും അവകാശ സംരക്ഷണത്തിനും അധികാരത്തിലെ പങ്കാളിത്തത്തിനും വേണ്ടി ഇടവക തലത്തിൽ സംഘടനകളെ ശക്തിപ്പെടുത്താനും ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തന സജ്ജമാക്കാനും തീരുമാനിച്ചു.
കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന സന്ദർശനത്തിന് കെ ആർ എൽ സി സി ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, വൈസ് പ്രസിഡണ്ടുമാരായ ജോസഫ് ജൂഡ്, സിസ്റ്റർ ജൂഡി വർഗീസ് ബി എസ്, കത്തീഡ്രൽ വികാരി ഫാ. ഡോ. ജെറോം ചിങ്ങന്തറ, ഫാ. ഡോ. മരിയ മൈക്കിൾ, ഫാ. ഡോ. ഷാനു ഫെർണാണ്ടസ്, കെ ആർ എൽ സി സി സെക്രട്ടറി മെറ്റിൽഡ മൈക്കിൾ എന്നിവർ നേതൃത്വം നൽകി. വെസ്റ്റ് ഹിൽ ഇടവകയിലെ സന്ദർശനത്തിന് ഫാ. മാത്യു പുതിയത്, ഫാ. നോയൽ കുരിശിങ്കൽ,വികാരി ഔസപ്പച്ചൻ പുത്തൻപുരക്കൽ എന്നിവരും നേതൃത്വം നൽകി. കോഴിക്കോട് അതിരൂപതയിലെ എല്ലാ ഇടവകകളിലും കെ ആർ എൽ സി സി സന്ദർശനം നടത്തും