കൊല്ലം: ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനികളെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധി ച്ച്. കെ ആർ എൽ സി ബി സി റിലീജിയസ് കമ്മീഷന്റെയും കൊല്ലം രൂപതയുടെയും നേതൃത്വത്തിൽ കൊല്ലത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 3 ഞായറാഴച വൈകിട്ട് 3.30 ന് കൊല്ലം കെഎസ്ആർടിസി ബസ്റ്റാൻഡിനു സമീപത്തു നിന്നും പ്രതിഷേധ റാലി ആരംഭിച്ച് ചിന്നക്കടയിൽ പ്രതിഷേധ സമ്മേളനം നടത്തുമെന്ന് കൊല്ലം രൂപതാ അൽമായ നേതൃത്വം അറിയിച്ചു. കൊല്ലം രൂപതാദ്ധ്യക്ഷൻ റൈറ്റ്. റവ.ഡോ. പോൾ ആന്റണി മുല്ലശേരി, മോൺസിഞ്ഞോര് ബൈജു ജൂലിയൻ, KRLCBC സെക്രട്ടറി ജനറൽ ഫാ. ജിജു അറക്കത്തറ റിലിജിയസ് കമ്മീഷൻ സെക്രട്ടറി ഫാ. മേരി ദാസൻ OCD എന്നിവർ അഭിസംബോധന ചെയ്തുസംസാരിക്കും.
രൂപതയിലെ സന്യസ്തർ വൈദികർ അൽമായർ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്ത് പ്രതിഷേധം അറിയിക്കും. ഭാരതത്തിലെ ക്രൈസ്തവ സന്യാസി സന്യാസിനിമാർ രാഷ്ട്രനിർമതിയിലും പുരോഗതിയിലും പ്രത്യേകിച്ച് വിദ്യാഭ്യാസ ആതുര ശുശ്രൂഷ രംഗത്ത് നൽകിയിട്ടുള്ള സംഭാവനകൾ വലുതാണെന്ന് യോഗം വിലയിരുത്തി. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും പട്ടിണി അകറ്റുന്നതിനും വിദ്യാസമ്പന്നര വാർക്കുന്നതിലും ഇന്നും അവർ പ്രതിജ്ഞാബദ്ധരാണ് എന്ന് യോഗം വിലയിരുത്തി.
അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ട സന്യാസിമാരെ നിരുപാധികം വിട്ടയക്കണമെന്നും ഇന്ത്യയിൽ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന സംഘപരിവാർ ശക്തികളുടെ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും പൗരസ്വാതന്ത്ര്യവും ജനാധിപത്യവും രാജ്യത്ത് പുലരുന്നുവെന്ന് ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
വടക്കേ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഹൈന്ദവ തീവ്രവാദം ന്യൂനപക്ഷ സമുദായങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നത് ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും യോഗം നിരീക്ഷിച്ചു. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് മിത്രങ്ങൾ ആണെന്ന് നടിച്ച് എക്കാലവും മനുഷ്യരെ പറ്റിക്കാം എന്ന് ആരും മോഹിക്കേണ്ടതില്ലെന്നും യോഗം ഓർമ്മിപ്പിച്ചു.
കൊല്ലം രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ജോളി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാദർ രാജേഷ് മാർട്ടിൻ( രൂപത PRO) , ഫാദർ ജോസ് സെബാസ്റ്റ്യൻ, ഫാദർ ജോർജ് സെബാസ്റ്റ്യൻ, ഫാദർ ജോ അലക്സ്, അനിൽ ജോൺ ഫ്രാൻസിസ്, ലെസ്റ്റർ കാർഡോസ്, മിൽട്ടൻ, ജേക്കബ് മുണ്ടപ്പുളം, സാജു കുരിശിങ്കൽ, അഡ്വ. ഇ എമേഴ്സൺ, ബെയ്സിൽ നെറ്റാർ, ജെയിൻ ആൻസിൽ ഫ്രാൻസിസ്, വിൻസി ബൈജു, ജാക്സൺ ഫ്രാൻസിസ്, ജോർജ് എഫ് സേവ്യർ, വൽസല ജോയി എന്നിവർ സംസാരിച്ചു.