കൊടുങ്ങല്ലൂർ : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച മലയാളികളായ കന്യാസ്ത്രീകൾക്ക് നേരെ നടന്ന അതിക്രമം അപലപനീയവും ഭരണഘടനയ്ക്ക് നിരക്കാത്തതും എന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ. കന്യാസ്ത്രീകൾക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഷ്ഠരോഗ നിർമ്മാർജ്ജനത്തിലും രോഗിപരിചരണത്തിലും വലിയ സംഭാവനകൾ നൽകിയ സന്യാസ സമൂഹമാണ് ഗ്രീൻ ഗാർഡൻസ് സിസ്റ്റേഴ്സ്. നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ ഉന്നതിക്കും സാമൂഹിക പുനർനിർമ്മിതിക്കും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവർ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരായത് നിയമവാഴ്ച തകർന്നതിന്റെയും നിയമ സംവിധാനങ്ങൾ പക്ഷപാതപരമായി മാറുന്നതിന്റെയും തെളിവാണ് എന്ന് ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവർക്കും വൈദികർക്കും സന്യസ്ർക്കുമെതിരെ ഈ അടുത്തകാലത്തായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകണമെന്നും ഇപ്രകാരം ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവർക്ക് തക്ക ശിക്ഷ ഉറപ്പുവരുത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.