ഛത്തീസ്ഗഡ്: മനുഷ്യക്കടത്ത് ആരോപിച്ച് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എഎസ്എം ഐ) എന്നറിയപ്പെടുന്ന സന്യാസിനീ സഭാംഗങ്ങളും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തല ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിൽനിന്ന് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
കന്യാസ്ത്രീകൾക്കൊപ്പം നാരായൺപൂരിലെ ആദിവാസി സമൂഹത്തിലെ മൂന്നു പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു. മൂന്ന് പെൺകുട്ടികളും ആൺകുട്ടിയും പ്രായപൂർത്തിയായവർ ആണ്. അവരുടെ മാതാപിതാക്കളുടെ അനുവാദത്തോടെ സിസ്റ്റേഴ്സിന്റെ ഒപ്പം ജോലി ചെയ്യുന്നതിനായി യാത്ര ചെയ്യുമ്പോഴാണ് അവർ അറസ്റ്റ് ചെയ്യപ്പെട്ടത്. പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ല എന്നപേരിൽ ആണ് അവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോഴാണ് സിസ്റ്റേഴ്സിനൊപ്പം ജോലിക്കായി പോകുന്നു എന്ന് മൊഴി നൽകിയതും. ഉടൻ തന്നെ ടി ടി ആർ ബജ്രംഗി ദാൽ അംഗങ്ങളെ അറിയിക്കുകയും അവർ വന്നു സിസ്റ്റേഴ്സിന്റെ പേരിൽ വ്യാജ ആരോപണങ്ങൾ നടത്തുകയും പെൺകുട്ടികളുടെ മൊഴി വളച്ചൊടിച്ചു സിസ്റ്റേഴ്സിനെതിരെ കേസ്സെടുക്കുകയായിരുന്നു.
3 കോടിയിലധികം ജനസംഖ്യയുള്ള ഛത്തീസ്ഗഡിലെ 93 ശതമാനം ജനങ്ങളും ഹിന്ദു വിഭാഗത്തിൽ നിന്നാണ്. ക്രിസ്ത്യാനികൾ വെറും രണ്ടു ശതമാനം മാത്രമാണ്. ഛത്തീസ്ഗഡ് ഭരിക്കുന്ന ബി ജെ പി ഗവൺമെന്റിന് തന്നെയാണ് കേന്ദ്രത്തിന്റെ ഭരണവും. ബി ജെ പി ആർ എസ് എസ്സിന്റെ പിന്തുണയോടെയാണ് സംസ്ഥാന ഭരണം നടത്തുന്നത്. കാലാ കാലങ്ങളായി ന്യൂനപക്ഷ മതവിഭാഗങ്ങൾ നേരിടുന്ന പീഡനങ്ങളുടെയും ക്രൂരതയുടെയും നേർചിത്രം ആണ് ബി ജെ പി യുടെ ഭരണത്തിൽ ഉള്ള ഛത്തീസ്ഗഡിൽ നടന്ന ഈ സംഭവവും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മത ന്യൂനപക്ഷങ്ങൾ മതപരിവർത്തനത്തിന്റെ പേരിലും മറ്റു പല വ്യാജകേസുകളിലും നിരന്തരം പീഡനങ്ങൾ നേരിടുന്നു.