പി.എസ്.ജി മുട്ടുകുത്തി; ക്ലബ് ലോകകപ്പിൽ ചെൽസിക്ക് കിരീടം
യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജിയെ മുട്ടുകുത്തിച്ചാണ് ചെൽസിയുടെ കിരീട നേട്ടം .
ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കായിരുന്നു ചെൽസി കരുത്തരായ പിഎസ്ജിയെ തകർത്തത്.ആറ് വൻകരകളിലെ കരുത്തരായ 32 ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ പോരാട്ടത്തിന് ആവേശോജ്വല അന്ത്യം. യുവേഫ ചാംപ്യൻസ് ലീഗ് കിരീടത്തിന്റെ പകിട്ടിലെത്തിയ ഫ്രഞ്ച് ക്ലബായ പിഎസ്ജിയെ വിറപ്പിച്ച് ഇരട്ട ഗോളും അസിസ്റ്റുമായി തിളങ്ങിയ കോൾ പാൽമറാണ് ചെൽസിയുട ഹീറോ. ജോവാ പെഡ്രോയാണ് ടീമിനായി ഗോളടിച്ച മറ്റൊരു താരം.
ന്യൂ ജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻറെ ആദ്യ പകുതിയിൽ പിഎസ്ജിയെ ഞെട്ടിച്ച പ്രകടനമായിരുന്നു ചെൽസിയുടേത്.രണ്ടാം പകുതിയിൽ പന്തിൽ ആധിപത്യം നേടിയെങ്കിലും പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. തിരിച്ചടിക്കാനുള്ള പിഎസ്ജിയുടെ തീവ്രശ്രമങ്ങളെ ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് പ്രതിരോധിച്ചു.
തകർപ്പൻ സേവുകളുമായി അവരുടെ ഗോൾ കീപ്പർ റോബർട്ട് സാഞ്ചസും മിന്നിയതോടെ കന്നി കിരീടവുമായി പാരിസിലേക്ക് മടങ്ങനുറച്ച പിഎസ്ജിക്ക് കണ്ണീരായി. മറുവശത്ത് ഗോൾകീപ്പർ ജിയാൻല്യൂജി ഡൊണ്ണാരുമ്മയുടെ സേവുകളാണ് പിഎസ്ജിയുടെ തോൽവി ഭാരം കുറച്ചത്.