കണ്ണൂർ: വൈദികർക്കെതിരെ ഒഡീഷയിൽ നടന്ന അക്രമത്തെ ശക്തമായി പ്രതിഷേധിച്ച് കെ.എൽ.സി.എ കണ്ണൂർ രൂപത സമിതി.
ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇന്ത്യയിൽ ഉടനീളം നടത്തുന്നതെന്ന് കെഎൽസിഎ കണ്ണൂർ രൂപത കുറ്റപ്പെടുത്തി.
മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഭാരതത്തിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറെ നാളുകളായി ഇത്തരക്കാർക്ക് മൗനാനുവാദം നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പാണ് സമാനമായ സംഭവം മധ്യപ്രദേശിലും അരങ്ങേറിത്. ക്രൈസ്തവ മൂല്യങ്ങൾ എന്താണെന്ന് അറിയാത്തവരാണ് ഇത്തരത്തിലുള്ള കാടത്തരങ്ങൾ കാട്ടിക്കൂട്ടുന്നത്.
സ്നേഹം ക്ഷമ സമാധാനം എന്നീ മൂല്യങ്ങളിൽ ക്രൈസ്തവ സഭ ഉയർത്തിപ്പിടിക്കുന്നുവെന്ന് കരുതി വിശ്വാസം വ്രണപ്പെടുത്താൻ നോക്കിയാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നു കെ.എൽ.സി.എ പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം ഒഡീഷയിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയശേഷം തകർന്നിരിക്കുകയാണ്.
ഇത്തരം വർഗീയവാദികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനും സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ എൽ സി എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി പറഞ്ഞു.
കെ.എൽ.സി.എ കണ്ണൂർ രൂപത പ്രസിഡണ്ട് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ , മുൻ സംസ്ഥാന പ്രസിഡണ്ട് ആൻ്റണി നൊറോണ , സംസ്ഥാന സെക്രട്ടറി ജോൺ ബാബു കോളയാട് , രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, കെ.എച്ച് ജോൺ , ക്രിസ്റ്റഫർ കല്ലറക്കൽ, ഫ്രാൻസിസ് ജെ അലക്സ്, റിക്സൺ ജോസഫ് ,ലെസ്ലി ഫെർണാണ്ടസ്, എലിസബത്ത് കുന്നോത്ത്, പ്രീത, റീജ സ്റ്റീഫൻ, ആൻ്റോ തലശ്ശേരി, ബർണാർഡ് താവം എന്നിവർ പ്രസംഗിച്ചു.