ഷാജി ജോര്‍ജ്
‘ഒരിടത്ത് ഒരിടത്ത് ഒരു രാജകുമാരന് ഉണ്ടായിരുന്നു. ഞാന്‍ കേട്ട ആദ്യകഥ തുടങ്ങുന്നത് ഇങ്ങനെയായിരുന്നു. അമ്മയുടെ അമ്മയാണ് കഥ പറഞ്ഞുതന്നിരുന്നത്. പിന്നീട് കഥകളുടെ വഴി മാറി. ഇടിമിന്നലില്‍ നിന്നും രക്ഷനേടാന്‍ ഇരുമ്പുകവചം ധരിക്കുന്ന ബാര്‍ബര പുണ്യാളത്തിയും, ഭീകരനായ വ്യാളിയെ നേരിടുന്ന ഗീവര്‍ഗ്ഗീസ് പുണ്യാളനുമൊക്കെ കഥകളായി അമ്മൂമ്മ എന്നില്‍ നിറച്ചു.
എല്ലാദിവസവും പള്ളിയില്‍ പോയി വരുമ്പോള്‍ അന്ന് വൈദികന് വായിച്ച വചനഭാഗം അമ്മൂമ്മയെ വായിച്ചു കേള്‍പ്പിക്കണം. സുവിശേഷങ്ങളിലേയ്ക്ക് പതുക്കെ പതുക്കെ നടന്നടുക്കുന്നത് അങ്ങനെയാണ്. 1985 ല്‍ വിശ്വാസപരിശീലകനാകാന് എന്നെ ക്ഷണിച്ച ലില്ലി ചേച്ചി, ജ്യേഷ്ഠനായ ജോയി ഗോതുരുത്തിന്റെ പുസ്തക ശേഖരത്തില്‍ നിന്ന് ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ വായിക്കാനായി നല്കി. കഥകളുടെ സ്വപ്നലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയവര്‍. കുഞ്ഞുമനസ്സുകളെ തിരിച്ചറിയാന്‍ വഴിവിളക്കായവര്-‘
കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ടൈറ്റസ് ഗോതുരുത്ത് സര്‍ഗ്ഗാത്മകമായ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. ‘ബൈബിളും കുഞ്ഞുങ്ങളും’ എന്ന സീരിസിലെ ആദ്യപുസ്തകം ‘കുറുമ്പന് കുഞ്ഞാട് ‘ അടുത്തിടെ പുറത്തിറങ്ങി. അതിന്റെ ആമുഖത്തിലാണ് കഥകള്‍ കേട്ടു വളര്‍ന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മ ടൈറ്റസ് പങ്കുവെച്ചത്.
ലില്ലിപ്പൂവും തൊട്ടാവാടി പെണ്ണും, നക്ഷത്രക്കൊട്ടാരത്തിലെ കുഞ്ഞന്‍ നക്ഷത്രം, കുഞ്ഞിപ്രാവിന്റെ ഭാഗ്യം, സിക്കമുര്മരം പൂത്തപ്പോള്‍, ചില്ലിക്കാശും ചിരിക്കും, കുഞ്ഞുബാലന്, കുറുമ്പന് കുഞ്ഞാട് തുടങ്ങി സുന്ദരങ്ങളായ ഏഴു കഥകളുടെ സമാഹാരം. വളരെ രസകരവും കുട്ടികള്‍ക്ക് തന്നെ വായിക്കാവുന്നതും ചെറിയ കുട്ടികളെ വായിച്ചു കേള്‍പ്പിക്കാനാവും വിധത്തിലുമാണ് ഇതിന്റെ രചന.
കഥ പറഞ്ഞു കൊടുക്കുന്ന അപ്പൂപ്പനും അമ്മൂമ്മയും നമ്മുടെ കുടുംബങ്ങളുടെ വിളക്കായിരുന്നു. കുട്ടികളില്‍ നന്മയും ധര്‍മ്മബോധവും ശരി തെറ്റുകള്‍ നിര്‍ണയിക്കാനുള്ള ആത്മബലവും അവര്‍ പകര്‍ന്നു നല്കി. ഈ പുസ്തകവും ആ രീതിയില്‍ രചിക്കപ്പെട്ടതാണ്. പുസ്തകത്തിലെ ഏഴു കഥകളിലെ പ്രധാന കഥാപാത്രങ്ങള്‍ യേശുവിനെ കാണുന്നു. അവരുടെ കുറവുകള്‍ ഇല്ലാതാക്കുന്നു. അവരില്‍ സന്തോഷം നിറയുന്നു. ദുരിതങ്ങള്‍ നിറഞ്ഞ അവരുടെ ഭൂതകാലം പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നു. നമ്മള് ശ്രദ്ധിക്കാതെ പോയ യേശു കഥകളിലെ കഥാപാത്രങ്ങളാണ് ഇവിടെ പ്രമുഖ സ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്നത്.
അവരാകട്ടെ ഇന്നലെ വരെ നമ്മുടെ ശ്രദ്ധയില്‍ ശക്തമായി വന്നിട്ടുപോലുമില്ല. വയലിലെ ലില്ലിപ്പൂവ്, രാജാക്കന്മാര്ക്ക് വഴികാട്ടുന്ന കുഞ്ഞന്‍ നക്ഷത്രം, ജോര്‍ദാന്‍ നദിക്കരയിലെ കുഞ്ഞിപ്രാവ്, യേശുവിനെ കാണാന്‍ സക്കേവൂസ് കയറിയ സിക്കമൂര്‍ മരം, ദേവാലയത്തിലെ ഭണ്ഡാരത്തില് വിധവ നിക്ഷേപിക്കുന്ന ചില്ലിക്കാശ്, അപ്പം വര്‍ദ്ധിപ്പിക്കല്‍ അദ്ഭുതത്തിനായി കൈയിലുള്ള അഞ്ചപ്പവും രണ്ടു മീനും നല്കിയ കുഞ്ഞുബാലന്, ബത്ലഹമിലെ പുല്‍ക്കൂട്ടിലെ കുഞ്ഞാട് ഇവരൊക്കെയാണ് ആ കഥാപാത്രങ്ങള്‍. യേശു സമാഗമത്തില്‍ ഇവരുടെ ഹൃദയം തുടിക്കുന്നതും അവര്‍ പൂര്‍ണ്ണരായി തീരുന്നതും കഥകളില്‍ നിറഞ്ഞുനില്ക്കുന്നു. ഈ രചനാരീതിയെക്കുറിച്ച് പത്രപ്രവര്‍ത്തകനായ ജിജോ ജോണ്‍ പുത്തേഴത്ത് പുസ്തകത്തിന് എഴുതിയ പിന്മൊഴിയില് ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹം പറയുന്നു: കുട്ടികള്‍ ബൈബിള്‍ കഥകളും ഉപമകളും അദ്ഭുതകര്മ്മങ്ങളും കേള്‍ക്കുമ്പോള്‍ ചിന്തിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത ഒരു തലത്തിലാണു ടൈറ്റസ് തന്റെ കഥാപാത്രങ്ങളെ യേശുവിന്റെ ജീവിതത്തിലേക്കു കൗതുകകരമായി ബന്ധിപ്പിച്ചിരിക്കുന്നത്. രചനയുടെ ഈ മനോഹാരിതയാണു കുട്ടികള്‍ക്കു വേണ്ടി 1998 മുതല്‍ എഴുതിയ ഇതിലെ ഓരോ കഥയും മുതിര്‍ന്നവര്‍ക്കും ആസ്വാദ്യകരമാക്കുന്നത്.
മാര്ട്ടിന് ജോര്‍ജിന്റെ ചിത്രങ്ങള്‍ പുസ്തകത്തിന് അപൂര്‍വ ചാരുത പകരുന്നു.
അകം കാണാതെ പോയ ബൈബിള്‍ കഥകളിലെ പൊരുളുകളാണ് ടൈറ്റസ് കഥകളില്‍ പറയുന്നത്. അതിന്റെ ആഴം അറിയാന്‍ കുഞ്ഞുബാലന് എന്ന കഥയിലെ ഒരു ഭാഗം ഉദ്ധരിക്കാം.
അമ്മ നല്കിയ ഭക്ഷണപൊതി തുറന്ന് കുഞ്ഞുബാലന് കൂട്ടുകാരെ തന്റെ അടുത്തേയ്ക്ക് വിളിച്ചു. അപ്പോള്‍ യേശുവിന്റെ കൂടെ എപ്പോഴും ഉണ്ടാവുന്ന ഒരു മനുഷ്യന് തന്റെ അടുത്തേക്ക് വരുന്നത് കുഞ്ഞുബാലന് കണ്ടു. യേശുവിന്റെ ശിഷ്യനാണ്. എന്താണ് പൊതിയിലുള്ളതെന്ന് ചോദിച്ചുകൊണ്ട് അയാള്‍ തന്റെ അടുത്തിരുന്നു. അഞ്ചപ്പവും രണ്ടുമീനും. ശിഷ്യന് തന്നെ ചേര്‍ത്തുപിടി ച്ചുകൊണ്ട് യേശുവിന്റെ അടുത്തേയ്ക്കുപോകാം എന്ന് പറഞ്ഞു. കുഞ്ഞുബാലന് സന്തോഷം കൊണ്ട് തുള്ളിച്ചാടി. യേശുവിനെ തൊട്ടടുത്ത് കാണാന്‍ പോകുന്നു!
യേശു കുഞ്ഞുബാലനെ നോക്കി പുഞ്ചിരിച്ചു. തലയില്‍ കൈകള്‍വച്ച്, കവിളില്‍ തലോടി. കുഞ്ഞുബാലന് എന്തെന്നില്ലാത്ത നിര്‍വൃതിയില്‍ ലയിച്ചു നിന്നു. അമ്മ നല്കിയ അഞ്ച് അപ്പവും രണ്ടു മീനും യേശുവിന്റെ കൈകളിലേയ്ക്ക് കുഞ്ഞുബാലന് നല്കി. യേശു കുഞ്ഞുബാലന് നല്കിയ അപ്പമെടുത്ത് മുകളിലേയ്ക്കുയര്‍ത്തി. പ്രാര്‍ഥിച്ച് ശിഷ്യന്മാര്ക്ക് കൊടുത്തുകൊണ്ടു പറഞ്ഞു: എല്ലാവര്ക്കും വിശപ്പുതീരുവോളം വിളമ്പുവിന്. കുഞ്ഞുബാലന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു. താന്‍ നല്കിയ അപ്പം പലകുട്ടകളിലായി നിറഞ്ഞു കവിയുന്നു. ജനങ്ങള്‍ അവ കൈമാറി കൈമാറി എല്ലാവരിലേയ്ക്കും എത്തിക്കുന്നു. അദ്ഭുതത്താല്‍ കൈകൂപ്പിയ കുഞ്ഞുബാലനെ യേശു തന്നോടു ചേര്‍ത്തു നിര്‍ത്തി. ഒരു അപ്പം മുറിച്ച് അവനു നല്കി. താന്‍ ഇതുവരെ കഴിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും രുചിയേറിയ അപ്പം. കുഞ്ഞുബാലന്റെ കണ്ണുനീര് യേശു പതുക്കെ തുടച്ചു.
ബൈബിളിലെ കഥാപാത്രങ്ങളെ തന്റെ ഭാവനയാല്‍ അതിവിദഗ്ധനായ ഒരു ശില്പി കണക്കെ സാഹചര്യങ്ങളെ ചെത്തിമിനുക്കി സാരോപദേശ സമ്പന്നമായ കഥകളാക്കി തന്മയത്വത്തോടുകൂടി അവതരിപ്പിക്കുന്ന കഥാകാരനെ അവതാരികയില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ആത്മാര്‍ത്ഥതയോടെ അഭിനന്ദിക്കുന്നുണ്ട്.
ഇംഗ്ലീഷിലെ എയ്ഞ്ചല്‍ എന്ന വാക്ക് ആന്ജെലൂസ് എന്ന ലത്തീന്‍ പദത്തില്‍ നിന്നുണ്ടായതാണ്. മാലാഖ എന്നര്‍ത്ഥം. സന്ദേശവാഹനാണ് മാലാഖ. ആന്ജെലൂസ് എന്ന പേരുള്ള ഒരു പ്രാര്‍ഥനയും നമുക്കുണ്ട്. ത്രിസന്ധ്യാ ജപം ‘കര്‍ത്താവിന്റെ മാലാഖാ.’ ഈ പുസ്തകത്തില്‍ കഥ പറയുന്ന മാലാഖമാരെ നമ്മള് കണ്ടുമുട്ടുന്നു. ആ കഥകള്‍ യേശുവിലേക്കുള്ള അരുവികളുമാണ്.