വത്തിക്കാൻ: വിശുദ്ധപത്രോസിന്റെ 267-മത് പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചടങ്ങുകളും വത്തിക്കാനിലെ വിവിധ വിശേഷങ്ങളും 56 ഭാഷകളിൽ പ്രക്ഷേപണം ചെയ്ത് വത്തിക്കാൻ മീഡിയ. ഇതിന്റെ തുടക്കമായി, പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് മുൻപായി മെയ് 7-ന് രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ രാവിലെ 10 മണിക്ക്, കർദ്ദിനാൾ സംഘം ഡീൻ കർദ്ദിനാൾ ജ്യോവന്നി ബാത്തിസ്ത്ത റേയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട “പ്രോ എലിജേന്തൊ പൊന്തീഫിച്ചെ” വിശുദ്ധ കുർബാന വത്തിക്കാൻ മീഡിയ 11 ഭാഷകളിൽ ലൈവായി സംപ്രേക്ഷണം ചെയ്തു.
ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ബ്രസീലിലെ പോർച്ചുഗീസ്, ജർമൻ, പോളിഷ്, ചൈനീസ്, അറബ്, വിയെറ്റ്നാമീസ് ഭാഷകളിലാണ് ലൈവ് സംപ്രേക്ഷണം ഉണ്ടായിരുന്നത്. സ്പാനിഷ് ആംഗ്യഭാഷയിലും പ്രക്ഷേപണം നടന്നു. എന്നാൽ അതേസമയം ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങളും സുവിശേഷപ്രഭാഷണത്തിന്റെ പരിഭാഷയും മലയാളമുൾപ്പെടെയുള്ള വത്തിക്കാൻ മീഡിയയിലെ മറ്റ് ഭാഷകളിൽ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുകയും, വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.
കോൺക്ലേവിന്റെ ഭാഗമായി വോട്ടവകാശമുള്ളവരും റോമിൽ എത്തിയിട്ടുള്ളതുമായ 133 കർദ്ദിനാൾമാർ അപ്പസ്തോലികകൊട്ടാരത്തിലെ സിസ്റ്റൈൻ ചാപ്പലിൽ എത്തി കോൺക്ലേവ് സംബന്ധിച്ച രഹസ്യാത്മകത കാത്തുസൂക്ഷിക്കുമെന്ന സത്യപ്രതിജ്ഞ നടക്കുന്നതുൾപ്പെടെ മെയ് 7-ന് ഉച്ചകഴിഞ്ഞ് 4.30 വരെ നടക്കുന്ന ചടങ്ങുകൾ വത്തിക്കാൻ മീഡിയ ലൈവായി ആളുകളിലേക്കെത്തിക്കും. വോട്ടെടുപ്പിന് മുൻപായി “എക്സ്ത്രാ ഓംനെസ്”, എല്ലാവരും പുറത്തേക്ക്, എന്ന ആഹ്വാനത്തോടെ സിസ്റ്റൈൻ ചാപ്പലിന്റെ വാതിലുകൾ അടയപ്പെടുന്നതുവരെയുള്ള ചടങ്ങുകളാകും വത്തിക്കാൻ മീഡിയ സംപ്രേക്ഷണം ചെയ്യുക.
മെയ് 7-ന് വൈകുന്നേരം നടക്കുന്ന ആദ്യ വോട്ടെടുപ്പിന്റെ ഫലം അറിയുന്ന പുകയുയരുന്നതിനായി ഏവരും പ്രാർത്ഥനയോടും ആകാംക്ഷയോടും കൂടി കാത്തിരിക്കുമ്പോൾ, വാർത്തകൾ ഏവരിലേക്കുമെത്തിക്കാൻ വത്തിക്കാൻ മീഡിയയും ഒപ്പമുണ്ടാകും. കോൺക്ലേവിന്റെ ലഭ്യമായ വിവരങ്ങൾ, ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ബ്രസീലിയൻ പ്രോർചുഗീസ്, പോളിഷ് ഭാഷകളിൽ ലൈവായി പ്രക്ഷേപണം ചെയ്യപ്പെടും.
രാവിലെയും വൈകുന്നേരവുമുള്ള വോട്ടെടുപ്പുകളുടെ ഫലം വ്യക്തമാക്കിക്കൊണ്ട് പുകയുയരുകയും പുതിയ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്ത പുറത്തെത്തുകയും ചെയ്യുന്നതുമുതൽ വത്തിക്കാനിൽ നിന്ന് ലൈവായുള്ള പ്രക്ഷേപണം വത്തിക്കാൻ മീഡിയ വിവിധ ഭാഷകളിൽ വീണ്ടും ആരംഭിക്കും. വത്തിക്കാൻ ന്യൂസ് വെബ്സൈറ്റിലും, വത്തിക്കാൻ ലൈവ് യൂട്യൂബ് ചാനലിലും, ഫേസ്ബുക് പേജിലും, വാട്സ്ആപ്പ് ചാനലുകൾപ്പെടെ വിവിധ നവമാധ്യമങ്ങളിലൂടെയും പാപ്പായുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാണ്.
കടപ്പാട് |വത്തിക്കാൻ ന്യൂസ്