ജെക്കോബി
ലോകത്തിന്റെ അങ്ങേയതിരില്നിന്ന്, ദക്ഷിണാര്‍ധ ഗോളത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ അര്‍ജന്റീനയില്‍ നിന്ന്, 2013-ലെ കോണ്‍ക്ലേവില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍ തന്നെ കണ്ടെത്തിയ കഥ ഫ്രാന്‍സിസ് പാപ്പാ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ‘ആശീര്‍വാദത്തിന്റെ ബാല്‍ക്കണിയില്‍’ നിന്ന്, താഴെ ചത്വരത്തില്‍ ‘ഹബേമൂസ് പാപ്പാം’ പ്രഖ്യാപനം കേള്‍ക്കാന്‍ തിങ്ങിനിറഞ്ഞിരുന്ന റോമാക്കാരും തീര്‍ഥാടകരുമായി പങ്കുവച്ചത് ഹൃദയം കുളിര്‍പ്പിക്കുന്ന, വ്യത്യസ്തമായൊരു പേപ്പല്‍ ശൈലിയുടെ തുടക്കമായിരുന്നു. പിന്നീട് പലപ്പോഴും അദ്ദേഹം ‘ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളെക്കുറിച്ച്’ സംസാരിക്കുക മാത്രമല്ല, യൂറോപ്പിലെയും പാശ്ചാത്യലോകത്തെയും സെക്കുലര്‍ രാഷ്ട്രീയത്തിന്റെ പാഴ് നിലങ്ങളില്‍ നിന്ന് ഏറെ ദൂരത്തായി, വിശ്വാസത്തിന്റെ പുഷ്കല വസന്തത്തിലേക്ക് ഉണരുന്ന നിസ്വരായ മനുഷ്യരുടെ എളിയ നാടുകളിലേക്കും കരകളിലേക്കും ആശീര്‍വാദത്തിന്റെ കരങ്ങള്‍ വിരിച്ച് കടന്നുചെല്ലുകയും അവിടെ നിന്ന് സഭയുടെ പുതിയ രാജകുമാരന്മാരെ കണ്ടെത്തുകയും ചെയ്തു.
സാര്‍വത്രിക സഭയ്ക്ക് ഭൂമിശാസ്ത്രപരമായ പരിമിതികളില്ലെന്നു കാണിച്ചുതന്ന പാപ്പാ, പ്രകൃതിവിഭവങ്ങളുടെ പങ്കുവയ്പ്, സാംസ്കാരിക വിനിമയം, നയതന്ത്രത്തിന്റെയും ഭൗമരാഷ്ട്രതന്ത്രജ്ഞതയുടെയും രാഷ് ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയും ചേരിതിരിവുകള്‍, ദൈവശാസ്ത്ര വ്യാഖ്യാനത്തിലും ധാര്‍മിക പ്രബോധനങ്ങളിലുമുള്ള പാരമ്പര്യ രീതിശാസ്ത്ര വ്യതിയാനങ്ങള്‍ തുടങ്ങി ഈ കാലഘട്ടത്തിലെ മാനവയാഥാര്ഥ്യങ്ങളും ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലെ ‘അതിരുകളില്‍’ വിവേചനത്തിനും തമസ്കരണത്തിനും ഇരകളായി കഴിയുന്നവരെയും അനുയാത്ര ചെയ്യാന്‍ ശ്രമിച്ചിരുന്നു.
ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ സമ്മേളിക്കുന്ന 133 കര്‍ദിനാള്‍മാരില്‍ ഒട്ടേറെ പുതുമുഖങ്ങളുണ്ട് – അവരില്‍ പലരും ഭൂമിയുടെ ‘പ്രാന്തപ്രദേശങ്ങളില്‍’ നിന്നു വരുന്നവരാണ്. അവരാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ സഭാനൗകയെ നയിക്കേണ്ടത് ആരാകണം എന്നു നിശ്ചയിക്കുന്നത്.
പാപ്പായോടൊത്ത് ഒരു സെല്‍ഫി എടുത്താല്‍ പ്രാദേശിക സഭയിലെ എല്ലാ അംഗങ്ങളെയും കിട്ടുന്ന ലോകത്തിലെ ഏക സഭാ സമൂഹം തങ്ങളുടേതാണെന്ന് പറയാന്‍ മംഗോളിയയിലെ കര്‍ദിനാള്‍ ജോര്‍ജോ മരെംഗോയ്ക്കു കഴിയും. 2023-ല്‍ ഫ്രാന്‍സിസ് പാപ്പാ മംഗോളിയയിലെ 1,500 കത്തോലിക്കാ വിശ്വാസികളെ സന്ദര്‍ശിക്കാന്‍ പത്തര മണിക്കൂര്‍ റോമില്‍ നിന്നു യാത്ര ചെയ്ത് ഉലാന്‍ ബത്തോറിലെത്തി. ഉലാന്‍ ബത്തോര് അപ്പസ്തോലിക പ്രീഫെക്ച്ചറില്‍ സുവിശേഷവേല ചെയ്തുവന്ന നാല്പത്തൊമ്പതുകാരനായ ഇറ്റാലിയന്‍ കൊണ്‍സൊലാത്താ മിഷനറി വൈദികന് മരംഗോയെ കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തിയത് ഫ്രാന്‍സിസ് പാപ്പായുടെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള കാരുണ്യകടാക്ഷത്തിന്റെ നല്ലൊരു ദൃഷ്ടാന്തമാണ്.
ഓഷ്യാനയിലെ പ്രാന്തപ്രദേശങ്ങളിലെ ഏറ്റവും പ്രാന്തപ്രദേശമെന്നു വിശേഷിപ്പാക്കാവുന്ന പാപ്പുവ ന്യൂഗിനിയിലേക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ തന്റെ 12 വര്‍ഷത്തെ അപ്പസ്തോലിക ശുശ്രൂഷയിലെ ഏറ്റവും ദീര്‍ഘമായ യാത്രയാണ് ഫ്രാന്‍സിസ് പാപ്പാ ഏറ്റെടുത്തത്. ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന് ‘സര്’ പദവി ലഭിച്ചിട്ടുള്ള കര്‍ദിനാള്‍ ജോണ്‍ റിബാത്ത് പോര്‍ട്ട് മോര്‍സ്ബിയില്‍ ദൈവജനത്തോടും ദ്വീപുകളിലെ മറ്റു സഹോദരങ്ങളോടുമൊപ്പം പാപ്പായെ സ്വീകരിച്ചു. പാപുവ ന്യൂഗിനി ക്രൈസ്തവ രാജ്യമാണ്, എങ്കിലും കത്തോലിക്കാ ജനസംഖ്യ നാലിലൊന്നു മാത്രമാണ്. മെത്തഡിസ്റ്റ് കുടുംബത്തില്‍ ജനിച്ച് കത്തോലിക്കനായി ജ്ഞാനസ്നാനം സ്വീകരിച്ച റിബാത്ത് പാപുവ ന്യൂഗിനിയില്‍ നിന്നും സോളമന് ഐലന്‍ഡ്സില്‍ നിന്നുമുള്ള ആദ്യ കര്‍ദിനാളാണ്. ആഗോളതാപനം മൂലം കാലാവസ്ഥാവ്യതിയാനത്തിന്റെ ആദ്യ ഇരകളാകുന്ന പസിഫിക് ദ്വീപുകളെക്കുറിച്ച് ലോകവേദികള്‍ സംസാരിക്കുന്ന കര്‍ദിനാള്‍ റിബാത്ത്, ഫ്രാന്‍സിസ് പാപ്പാ നമ്മുടെ പൊതുഭവനമായ ഭൂമിയും പരിസ്ഥിതിയും നേരിടുന്ന വിപത്തിനെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ ലൗദാത്തോ സി ചാക്രികലേഖനം ഏറ്റവും ആധികാരികമായി വ്യാഖ്യാനിക്കുന്നത് കടലെടുത്തുപോകുന്ന ദ്വീപുകളിലെ മനുഷ്യരുടെ ദുരന്തജീവിതം കണ്മുമ്പില് കണ്ടുകൊണ്ടാണ്.
പസിഫിക് ദ്വീപുകളിലെ മറ്റൊരു കര്‍ദിനാളാണ് ടോംഗാ ബിഷപ് സൊവാനി പതീത്ത പയ്നി മാഫി, കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളെക്കുറിച്ച് സംസാരിക്കുന്ന മറ്റൊരാള്‍. 2015-ല്‍ അദ്ദേഹം റോമിലെ കണ്‍സിസ്റ്ററിയില്‍ കര്‍ദിനാളിന്റെ സ്ഥാനചിഹ്നങ്ങള്‍ ഏറ്റുവാങ്ങാന്‍ പോയപ്പോള്‍ ടോംഗയിലെ ഫകാലെയ്ത്തി സമൂഹത്തിലെ ഒരു ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധിയെയും ഒപ്പം കൂട്ടിയിരുന്നു – ജോയി ജൊലീന് മത്തേലെയെ. ആണായി ജനിച്ച് പെണ്ണായി ജീവിക്കുന്നയാള്‍. സമൂഹം ഈ വിഭാഗത്തെ ഒറ്റപ്പെടുത്തി പീഡിപ്പിക്കുന്നതിനെതിരെ കര്‍ദിനാള്‍ മാഫി സംസാരിക്കും. പാശ്ചാത്യലോകം എല്ജിബിടിപ്ലസ് എന്നു വിശേഷിപ്പിക്കുന്ന ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവരല്ല ടോംഗായിലെ ഫകലെയ്ത്തി വിഭാഗക്കാര്‍. സ്ത്രീകള്‍ക്കു നേരെയുള്ള വിവേചനത്തിനെതിരെയുള്ള യുഎന്‍ ഉടമ്പടി ടോംഗാ അംഗീകരിച്ചതിനെ കര്‍ദിനാള്‍ മാഫി എതിര്‍പ്പു പ്രകടിപ്പിച്ചു. ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ ബന്ധം എന്നിവയ്ക്ക് വഴിതെളിക്കുന്നതാണ് ആ യുഎന്‍ ഉടമ്പടി എന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ബാങ്കോക്ക് ആര്‍ച്ച്ബിഷപ്പായിരുന്ന ഫ്രാന്‍സിസ് സേവ്യര്‍ ക്രിയെങ്സാക് കൊവിതവാണിജ് 2015-ല്‍ കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്ത്തപ്പെട്ടപ്പോള് മാധ്യമപ്രവര്‍ത്തകര്‍ മൂന്നാം ജെന്ഡറിനോടുള്ള സമീപനത്തെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു. വിവാഹ കൂദാശയുടെ കാര്യത്തിലുള്ള സഭയുടെ പ്രബോധനങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു: ക്രൈസ്തവമതം എല്ലാവരെയും സ്വീകരിക്കുന്നതാണ്. മൂന്നാം ജെന്ഡറുകാരെയും അനുകമ്പയോടെ കാണാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കാരണം, തങ്ങളുടെ ജീവിതം ദൈവത്തിനുവേണ്ടി സമര്‍പ്പിക്കാനും മറ്റുള്ളവരുമായി കരുണയോടെയും ആദരവോടെയും സ്നേഹത്തോടെയും ബന്ധപ്പെടുവാനും അവര്‍ക്കു കഴിയും.” ചൈനീസ് വംശജനായ കൊവിതവനിജ് കഴിഞ്ഞ വര്‍ഷം ആര്‍ച്ച്ബിഷപ് സ്ഥാനം രാജിവച്ചുവെങ്കിലും കര്‍ദിനാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കോണ്‍ക്ലേവില്‍ പങ്കെടുക്കാം. തായ്ലന്ഡില് നിന്നുള്ള രണ്ടാമത്തെ കര്‍ദിനാളാണ് അദ്ദേഹം. ബുദ്ധമതക്കാരുമായി സംവാദം നടത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
കര്‍ദിനാള്‍ മാരിയോ സെനാരി മറ്റൊരു പ്രാന്തപ്രദേശത്താണ് ശുശ്രൂഷ ചെയ്യുന്നത്, സഭ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സിറിയയില്‍. 2008 മുതല്‍ സിറിയയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആണ് അദ്ദേഹം. സിറിയയിലെ ആഭ്യന്തരയുദ്ധകാലം മുഴുവന്‍ അദ്ദേഹം ആ തസ്തികയില്‍ തുടര്‍ന്നു. മധ്യപൂര്‍വദേശത്തെ ക്രൈസ്തവരുടെ സംഖ്യ ശോഷിച്ചുകൊണ്ടിരിക്കുന്നതിന് അദ്ദേഹം സാക്ഷിയായി. മറ്റ് രാജ്യങ്ങളുടെ എംബസികളെല്ലാം അടച്ചുപൂട്ടിയപ്പോഴും അദ്ദേഹം ഡമാസ്കസില്‍ തുടര്‍ന്നു. ”സിറിയയാണ് എന്റെ മാതൃഭൂമി. അമ്മ മരണാസന്നയായി രോഗശയ്യയില്‍ കിടക്കുമ്പോള്‍ ഒരു മകന് എങ്ങനെ അമ്മയെ ഉപേക്ഷിച്ച് പോകാനാകും,” എന്നാണ് 2016-ല്‍ അദ്ദേഹം ചോദിച്ചത്. ഫ്രാന്‍സിസ് പാപ്പാ അക്കൊല്ലമാണ് അദ്ദേഹത്തെ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ‘രക്തസാക്ഷിത്വം വഹിക്കുന്ന പ്രിയപ്പെട്ട സിറിയയ്ക്കുവേണ്ടിയുള്ള’ പ്രവര്‍ത്തനം തുടരാനാണ് കര്‍ദിനാള്‍ സെനാരിയോട് ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടത്. അദ്ദേഹം സിറിയയില്‍ സമാധാനത്തിനായുള്ള മാധ്യസ്ഥചര്ച്ചകളില് സിറിയന്‍ ജനതയുടെ പ്രതിനിധിയായി പങ്കുചേര്‍ന്നു. ബാഷര്‍ അല്‍ അസദിന്റെ പതനത്തിനുശേഷം, പ്രത്യാശ കൈവെടിയാതെ അദ്ദേഹം സമാധാനം പുനഃസ്ഥാപിക്കാനുള്ള സംരംഭങ്ങളെ പിന്തുണയ്ക്കുകയായിരുന്നു.
അള്‍ജിയേഴ്സിലെ ആര്‍ച്ച്ബിഷപ് ഷോണ്‍ പോള്‍ വെസ്കോ ഫ്രാന്‍സില്‍ ജനിച്ച്, അഭിഭാഷകനായി പ്രാക്ടീസ് ചെയ്തതിനുശേഷം ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്സ് എന്നറിയപ്പെടുന്ന ഡോമിനിക്കന്‍ സഭയില്‍ അംഗമായതാണ്. ‘മുസ് ലിംകളുടെ മെത്രാന്’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഉഹാനിലെ പിയെര്‍ ക്ലാവെഹ്റിയെ ഇസ് ലാമിക തീവ്രവാദികള്‍ 1996-ല്‍ വധിച്ചതിനെ തുടര്‍ന്ന് ആ രക്തസാക്ഷിത്വത്തിന്റെ ധീരപുണ്യം ഹൃദയത്തിലേറ്റി പൗരോഹിത്യം സ്വീകരിച്ച ഉടന്‍ അള്‍ജിയേഴ്സില്‍ ഡോമിനിക്കന്‍ സമൂഹത്തിന്റെ സാന്നിധ്യം പുനഃസ്ഥാപിക്കാനുള്ള നിയോഗം ഏറ്റെടുക്കുകയായിരുന്നു വെസ്കോ. 2021-ല്‍ അള്‍ജിയേഴ്സിലെ ആര്‍ച്ച്ബിഷപ്പായി നിയമിതനായപ്പോള്‍ താന്‍ ജീവിതാവസാനം വരെ അള്‍ജീരിയയില്‍ കഴിയുമെന്നു പ്രഖ്യാപിച്ചു. 2023-ല്‍ അള്‍ജീരിയ പ്രസിഡന്റ് അദ്ദേഹത്തിന് രാജ്യത്തെ പൗരത്വം നല്‍കിക്കൊണ്ട് കല്പനയിറക്കി. മതാന്തര സാഹോദര്യത്തിന്റെ വക്താവായിരുന്ന ക്ലാവെഹ്റിയുടെ പാത പിന്തുടര്ന്ന് ഇസ് ലാമിക ലോകവുമായി നല്ല ബന്ധം സ്ഥാപിച്ച ആര്‍ച്ച്ബിഷപ് വെസ്കോ, തിബിറീന് ആശ്രമത്തിലെ ഫ്രഞ്ചുകാരായ ഏഴ് ട്രാപ്പിസ്റ്റ് സന്ന്യാസികള്‍ (ഇവരുടെ കഥ ‘ഓഫ് ഗോഡ് ആന്‍ഡ് മെന്‍’ എന്ന ചലച്ചിത്രത്തിലൂടെ വിശ്വപ്രസിദ്ധമായി) അടക്കം അള്‍ജീരിയയില്‍ 1994 – 1996 ആഭ്യന്തരയുദ്ധത്തിന്റെ കാലയളവില്‍ ഇസ് ലാമിക ഭീകരവാദികള്‍ വധിച്ച 19 വൈദികരെയും സന്ന്യാസിനികളെയും (പീറ്റര്‍ ക്ലാവെഹ്റിയും കൂട്ടാളികളും) വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്താനുള്ള നാമകരണ നടപടികള്‍ക്ക് നേതൃത്വം വഹിച്ചു. വിവാഹമോചിതരായി സിവില്‍ നിയമപ്രകാരം പുനര്‍വിവാഹിതരാകുന്ന കത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യം നല്‍കുന്നതിനെ അദ്ദേഹം അനുകൂലിക്കുന്നു. സ്വവര്‍ഗ ദമ്പതികള്‍ക്കും ‘ക്രമരഹിതമായ’ ബന്ധത്തില്‍ കഴിയുന്നവര്‍ക്കും അജപാലനപരമായ ആശീര്‍വാദം നല്കുന്നതിനായുള്ള വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ ‘ഫിദൂച്ചിയ സുപ്ലികാന്സ്’ രേഖയെ തള്ളിപ്പറഞ്ഞ ആഫ്രിക്കയിലെയും മഡഗാസ്കറിലെയും എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സുകളുടെ സിംപോസിയം (സെകാം) പ്രസ്താവനയോട് വിയോജിപ്പു പ്രകടിപ്പിച്ച വടക്കന്‍ ആഫ്രിക്കയിലെ ഏതാനും മെത്രാന്മാരില് ഒരാള്‍ ആര്‍ച്ച്ബിഷപ് വെസ്കോയാണ്. കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹത്തെ ഫ്രാന്‍സിസ് പാപ്പാ കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തിയത്.
ഫ്രാന്‍സിസ് പാപ്പാ 2015-ല്‍ പരഗ്വായ് തലസ്ഥാനമായ അസുന്‍സിയോനിലെ ചേരികള്‍ സന്ദര്‍ശിച്ചത് ”പ്രാന്തപ്രദേശങ്ങളുടെ പക്ഷംചേര്‍ന്നുകൊണ്ട്” ജനങ്ങളുടെ ഹൃദയത്തെ ആഴമായി സ്പര്‍ശിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് തെക്കേ അമേരിക്കയിലെ പരഗ്വായിലെ ആദ്യ കര്‍ദിനാളായി 2022-ല്‍ ഫ്രാന്‍സിസ് പാപ്പാ നിയമിച്ച അദാല്ബെര്ത്തോ മര്‍ട്ടീനെസ് ഫ്ളോരെസ് പറയുന്നു. അസുന്സിയോനില് ജനിച്ചുവളര്‍ന്ന ഫ്ളോരസ്, യുഎസിലെ വാഷിങ്ടണ്‍ ഡിസിയില്‍ അഡ്വാന്‍സ്ഡ് ഇംഗ്ലീഷിലും ഫിലോസഫിയിലും ബിരുദം നേടി റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി യുഎസ് വെര്‍ജിന്‍ ഐലന്‍ഡ്സിലെ സെന്റ് തോമസ് രൂപതയ്ക്കുവേണ്ടി അന്ന് അവിടെ കോദ്യുത്തോര് മെത്രാനായിരുന്ന ഷോണ്‍ ഒമാലിയില് നിന്ന് പൗരോഹിത്യം സ്വീകരിച്ചതാണ്. ഒന്‍പതു വര്‍ഷം കഴിഞ്ഞ് അസുന്‍സിയോന്‍ രൂപതയിലേക്ക് ഇന്കാര്ഡിനേറ്റു ചെയ്ത അദ്ദേഹത്തെ ജോണ്‍ പോള്‍ പാപ്പായാണ് സഹായമെത്രാനായി നിയമിച്ചത്. മൂന്നു വര്‍ഷം കഴിഞ്ഞ് അദ്ദേഹം പുതിയ രൂപതയായ സാന്‍ ലോറെന്‍സോയുടെ മെത്രാനായി. 2022-ല്‍ അദ്ദേഹത്തെ അസുന്‍സിയോന്‍ ആര്‍ച്ച്ബിഷപ്പായും അക്കൊല്ലംതന്നെ കര്‍ദിനാളായും ഉയര്‍ത്തിയത് ഫ്രാന്‍സിസ് പാപ്പായാണ്.
ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യമായ നൈജീരിയയില്‍ നിന്ന് 2025-ലെ കോണ്‍ക്ലേവില്‍ പ്രവേശിക്കുന്ന ഏക കര്‍ദിനാള്‍ അറുപത്തിരണ്ടുകാരനായ പീറ്റര്‍ എബേരേ ഓക്പലേകെയാണ് – മറ്റു മൂന്ന് നൈജീരിയന്‍ കര്‍ദിനാള്‍മാര്‍ എണ്പതു വയസ് പിന്നിട്ടതിനാല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ കഴിയാത്തവരാണ്. ഓക്പലേക്കിനെ 2012-ല്‍ ഫ്രാന്‍സിസ് പാപ്പാ അഹിയാരയിലെ മെത്രാനായി നിയമിച്ചപ്പോള്‍, അദ്ദേഹത്തെ സ്വീകരിക്കാന്‍ രൂപതയിലെ വലിയൊരു വിഭാഗം വൈദികരും വിശ്വാസികളും വിസമ്മതിച്ചു. കാരണം, അദ്ദേഹം ആ മേഖലയിലെ ഭൂരിപക്ഷം വരുന്ന എംബേസെ വംശീയ വിഭാഗത്തില്പെടുന്നയാളല്ലായിരുന്നു. ‘സഭാത്മക കോളനിവത്കരണം’ എന്ന് ആക്ഷേപിച്ചാണ് അവര്‍ മെത്രാന് നിയമനത്തെ എതിര്‍ത്തത്. പാപ്പാ നേരിട്ട് ഇടപെടുകയും, ബിഷപ് ഓക്പലേക്കിനോട് അനാദരവു കാണിച്ച രൂപതാ വൈദികരോട് ഖേദപ്രകടനം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ 2018-ല്‍ ബിഷപ് ഓക്പലേക് അഹിയാരയില് നിന്ന് രാജിവച്ചു പിന്മാറി. 2020-ല്‍ പാപ്പാ അദ്ദേഹത്തെ എക്വുലോബിയ എന്ന പുതിയ രൂപതയുടെ മെത്രാനായി നിയമിച്ചു. 2022 ഒക്ടോബറില്‍ കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. സഭയില്‍ വംശീയവിവേചനം കാണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാനാകണം ഓക്പലേക്കെയെ ഏറെ കരുതലോടെ പാപ്പാ സംരക്ഷിച്ചുനിര്‍ത്തിയതും കര്ദിനാളാക്കിയതും.
ഇറ്റാലിയന്‍ സ്കലാബ്രിയന് മിഷനറി ഫാബിയോ ബാജ്ജോ 1990കളില്‍ അര്‍ജന്റീനയിലെ ബൂനോസ് ഐറിസ് അതിരൂപതയില്‍ കുടിയേറ്റക്കാരുടെ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലം മുതല്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയ്ക്ക് (പില്ക്കാലത്ത് ഫ്രാന്‍സിസ് പാപ്പാ) പരിചിതനാണ്. 1998-ലാണ് ബര്‍ഗോളിയോ ബൂനോസ് ഐറിസ് ആര്‍ച്ച്ബിഷപ്പായി ചുമതലയേറ്റത്. കുടിയേറ്റക്കാര്‍ക്കുവേണ്ടി ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും ഓഷ്യാനയിലും സേവനം ചെയ്തതിനുശേഷം ഫാബിയോ ബാജ്ജോ റോമിലേക്കു മടങ്ങി, അവിടെയും കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷ തുടരുകയായിരുന്നു. 2016-ല്‍ അദ്ദേഹത്തിന് ഫ്രാന്‍സിസ് പാപ്പായില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചു, സമഗ്ര മാനവ വികസനത്തിനുവേണ്ടിയുള്ള പുതിയ റോമന്‍ ഡികാസ്റ്ററിയില്‍ കുടിയേറ്റക്കാരുടെ വകുപ്പിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ആ സന്ദേശം. യൂറോപ്പിലും യുഎസിലും മറ്റും കുടിയേറ്റക്കാരുടെ പ്രശ്നം വലിയ രാഷ് ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തില്‍ വത്തിക്കാന്‍ കുടിയേറ്റക്കാരുടെ പുനരധിവാസത്തിനും സംരക്ഷണത്തിനും മുന്‍ഗണന നല്കുന്ന പ്രത്യേക വകുപ്പിന് രൂപം നല്‍കുകയായിരുന്നു. ചെക്കോസ്ലാവിയയില് നിന്ന് കാനഡയിലേക്കു കുടിയേറിയ കുടംബത്തില്‍ നിന്നുള്ള ജസ്യുറ്റ് കര്‍ദിനാള്‍ മൈക്കള്‍ ചേര്‍ണി അധ്യക്ഷനായ സമഗ്ര മാനവ വികസനത്തിനായുള്ള ഡികാസ്റ്ററിയിലെ മൈഗ്രേഷന്‍ വകുപ്പിന്റെ ഏക അണ്ടര്‍സെക്രട്ടറി പദത്തിലേക്കാണ് ഫ്രാന്‍സിസ് പാപ്പാ മോണ്‍. ബാജ്ജോയെ നിയമിച്ചത്. 2021-ല്‍ കൊറോണ വൈറസ് മഹാമാരിക്കാലത്ത് സമൂഹത്തിന്റെ നന്മയ്ക്കായി ‘സമഗ്ര മാറ്റത്തിനായി ധീരവും ദൂരവ്യാപകവുമായ’ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിന് ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ച വത്തിക്കാനിലെ മൂന്നംഗ കൊവിഡ് കമ്മിഷനില്‍ മോണ്‍. ബാജ്ജോയുമുണ്ടായിരുന്നു. റോമന്‍ ഡികാസ്റ്ററിയിലെ കുടിയേറ്റ വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം പാപ്പാ അദ്ദേഹത്തിന് അനുവദിച്ചു. 2023-ല്‍ കാസ്തല്ഗണ്ടോള്ഫോയിലെ ലൗദാത്തോ സി പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറായി അദ്ദേഹത്തെ നിയമിച്ചു. 2024 ഡിസംബറിലെ തന്റെ അവസാനത്തെ കണ്‍സിസ്റ്ററിയിലാണ് തനിക്ക് പ്രിയങ്കരനായ ഫാബിയോ ബാജ്ജോയ്ക്ക് ഫ്രാന്‍സിസ് പാപ്പാ കര്‍ദിനാളിന്റെ ചെമന്ന തൊപ്പി നല്‍കിയത്.
ബെല്‍ജിയംകാരനായ ഫ്രാന്‍സിസ്കന്‍ സന്ന്യാസി ഡൊമിനിക്ക് മത്ത്യു ലെബനനില്‍ വിശുദ്ധനാടിന്റെയും കിഴക്കിന്റെയും പ്രൊവിന്‍ഷ്യല്‍ പരിപാലകനായി സേവനം ചെയ്തുകൊണ്ടിരിക്കെയാണ് ഫ്രാന്‍സിസ് പാപ്പാ, ഇറാന് ഇസ് ലാമിക റിപ്പബ്ലിക്കില്‍ ആറുവര്‍ഷത്തോളമായി ഒഴിഞ്ഞുകിടന്നിരുന്ന ടെഹ്റാന്-ഇസ്ഫഹാന് ലത്തീന്‍ മെത്രാസനത്തിലേക്ക് അദ്ദേഹത്തെ നിയോഗിക്കുന്നത്. മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാനിലെ ശിയാ മുസ് ലിം ഭരണനേതൃത്വവുമായി പാശ്ചാത്യലോകത്തു നിന്ന് ജിയോപൊളിറ്റിക്കല്‍ സമ്മര്‍ദങ്ങള്‍ക്ക് അതീതമായി ആധ്യാത്മികതയുടെയും ധാര്‍മിക ദര്‍ശനങ്ങളുടെയും തലത്തില്‍ നിന്ന് സംവദിക്കാന്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായുടെ പ്രതിനിധി എന്ന നിലയിലാണ് ആര്‍ച്ച്ബിഷപ് മത്ത്യു ടെഹ്റാനില്‍ സ്വീകാര്യനായത്. ഇറാനിലെ 9.10 കോടി ശിയാ മുസ് ലിം ജനങ്ങള്‍ക്കിടയില്‍ ടെഹ്റാന്-ഇസ്ഫഹാന് അതിരൂപതയില്‍ കത്തോലിക്കരുടെ സംഖ്യ 2022-ലെ വത്തിക്കാന്‍ കണക്കുപ്രകാരം 9,000 മാത്രമാണ്. ഫ്രാന്‍സിസ് പാപ്പാ 2024 ഡിസംബറിലെ കണ്‍സിസ്റ്ററിയില്‍ ആര്‍ച്ച്ബിഷപ് ഡൊമിനിക്ക് മത്ത്യുവിനെ കര്‍ദിനാളായി ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം അനുസ്മരിച്ചത്, പതിമൂന്നാം നൂറ്റാണ്ടില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി വിശുദ്ധനാട്ടില്‍ സമാധാന ദൂതുമായി സുല്‍ത്താന്‍ മാലിക് അല്‍ കമീലിന്റെ സൈനിക ക്യാമ്പിലേക്ക് നിരായുധനായി കടന്നുചെന്ന ചരിത്രമാണ്.
ഭൂമുഖത്തെ ഏറ്റവും മതനിരപേക്ഷ സമൂഹം സ്വീഡനിലേതാകും. ലൂഥറന്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ താരതമ്യേനെ ചെറിയ കത്തോലിക്കാ സമൂഹത്തിന്റെ തലവനായ കര്‍ദിനാള്‍ ആന്‍ഡേഴ്സ് ആര്ബൊറേലിയൂസ് (75) ഇരുപതാം വയസില്‍ ലൂഥറന്‍ സഭയില്‍ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്കു വന്ന് ജ്ഞാനസ്നാനം സ്വീകരിച്ചതാണ്. പത്തുവര്‍ഷം കഴിഞ്ഞ് കര്‍മലീത്താ സമൂഹത്തില്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. സ്റ്റോക്ക്ഹോം ബിഷപ്പായ അദ്ദേഹം പ്രൊട്ടസ്റ്റന്റ് റിഫോര്മേഷനുശേഷം രാജ്യത്ത് മെത്രാനാകുന്ന ആദ്യത്തെ സ്വീഡിഷ് വംശജനാണ്. സ്വീഡനില്‍ നിന്നുള്ള ആദ്യത്തെ കര്‍ദിനാളും അദ്ദേഹമാണ്. 2017-ലാണ് ഫ്രാന്‍സിസ് പാപ്പാ അദ്ദേഹത്തെ കര്‍ദിനാളാക്കിയത്.
സ്ത്രീകള്‍ക്ക് വൈദികപട്ടം നല്‍കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹം, പരിശുദ്ധ പാപ്പായുടെ ഉപദേഷ്ടാക്കളായി വനിതകളുടെ ഒരു സംഘത്തെ നിയോഗിക്കണമെന്ന് 2017-ല്‍ നിര്‍ദേശിക്കുകയുണ്ടായി. ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയില്‍ സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുണ്ടായ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ മുതിര്‍ന്ന സഭാമേലധ്യക്ഷന്മാരുടെ ഭാഗത്തുനിന്ന് മുന്‍കാലങ്ങളില്‍ വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ 2021-ല്‍ നിയോഗിച്ച രണ്ട് പ്രതിനിധികളില്‍ ഒരാള്‍ ആര്‍ച്ച്ബിഷപ് ആര്ബൊറേലിയൂസ് ആയിരുന്നു.
”അദ്ദേഹത്തിന് ആരെയും പേടിയില്ല. എല്ലാവരോടും അദ്ദേഹം സംസാരിക്കും, അദ്ദേഹം ആര്‍ക്കും എതിരല്ല. ശരിയായ ദിശ കാണിച്ചുതരാന്‍ ഇത്തരം വ്യക്തികളെയാണ് നമുക്കാവശ്യം,” ഫ്രാന്‍സിസ് പാപ്പാ 2022-ല്‍ യൂറോപ്പിലെ ജസ്യുറ്റ് ജേണലുകളുടെ എഡിറ്റര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ ബിഷപ് ആര്ബൊറേലിയൂസിനെക്കുറിച്ചു പറഞ്ഞു.
മൊറോക്കോയിലെ റബാത്തിലെ സ്പെയിന്‍കാരനായ സലേഷ്യന്‍ ആര്‍ച്ച്ബിഷപ് ക്രിസ്റ്റൊബല്‍ ലോപസ് റൊമേരോ വടക്കേ ആഫ്രിക്കയില്‍ മെഡിറ്ററേനിയന്‍ തീരത്തെ ആ ഇസ് ലാമിക രാജ്യത്തുനിന്നുള്ള ആദ്യത്തെ കര്‍ദിനാളാണ്. മൊറോക്കോയിലെ ചെറിയ ക്രൈസ്തവ സമൂഹം ഇസ് ലാമിക ലോകവുമായുള്ള സാര്‍വത്രിക സഭയുടെ മതാന്തര സംവാദത്തിന് ഏറെ പ്രചോദനം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പാ മെഡിറ്ററേനിയന്‍ തീരത്തെ സമൂഹങ്ങളുടെ സാംസ്കാരിക തനിമയെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും ബാരിയിലും മാഹ്സെയിലും പ്രസംഗിച്ചത് കുടിയേറ്റക്കാരോടു കാരുണ്യം കാണിക്കാന്‍ മാത്രമല്ല ‘കൂടിക്കാഴ്ചയുടെ’ പാരമ്പര്യം നഷ്ടപ്പെടാതെ കാത്തുപാലിക്കാനും വേണ്ടിയായിരുന്നുവെന്ന് കര്‍ദിനാള്‍ റൊമേരോ ഓര്‍ക്കുന്നു. പതിനൊന്നാം വയസില്‍ സലേഷ്യന്‍ സെമിനാരിയില്‍ ചേര്‍ന്ന് പതിനാറാം വയസില്‍ ആദ്യവ്രതവാഗ്ദാനം നടത്തിയ റോമേരോ തെക്കെ അമേരിക്കയിലെ പരാഗ്വയ്, ബൊളീവിയ എന്നിവിടങ്ങളില്‍ അജപാലനശുശ്രൂഷയും സന്ന്യാസ രൂപീകരണത്ത ദൗത്യവും നിര്‍വഹിച്ചതിനുശേഷമാണ് 2003-ല്‍ മൊറോക്കോയിലെത്തിയത്. 2017-ല്‍ ഫ്രാന്‍സിസ് പാപ്പാ റബാത്തിലെ ആര്‍ച്ച്ബിഷപ്പായി നിയമിച്ചു, 2019-ല്‍ കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു.
2025-ലെ കോണ്‍ക്ലേവിലെ ഏറ്റവും പ്രായംകുറഞ്ഞ ഇലക്തോര്‍ ഓസ്ട്രേലിയയിലെ മെല്‍ബേണില്‍ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും നാമധേയത്തിലുള്ള യുക്രെയ്നിയന്‍ ഗ്രീക്ക് കത്തോലിക്കാ എപ്പാര്‍ക്കിയിലെ കര്‍ദിനാള്‍ മിക്കോളാ ബിചോക്കാണ്. കഴിഞ്ഞ ഡിസംബറിലെ കണ്‍സിസ്റ്ററിയില്‍ ഫ്രാന്‍സിസ് പാപ്പായില്‍ നിന്ന് ചുവന്ന ബിരേറ്റായ്ക്കു പകരം ബൈസന്റൈന്‍ റീത്തിലെ നീണ്ട ലാപ്പെറ്റും ചെമപ്പു കരയുമുള്ള കറുത്ത കൗക്കോലിയോന് ശിരോവസ്ത്രം അണിഞ്ഞ ബിചോക്കിന് ഇപ്പോള്‍ പ്രായം 45 വയസ്. കോണ്ഗ്രെഗാസിയോ സാങ്തിസ്സിമി റെദെംപ്ത്തോറിസ് എന്ന റിഡംപ്റ്ററിസ്റ്റ് സമൂഹത്തില്‍ അംഗമായ അദ്ദേഹം യുക്രെയ്നിലാണ് ജനിച്ചത്. റഷ്യയിലെ സൈബീരിയയില്‍ പ്രോക്കോപിയെവ്സ്ക്ക് നഗരത്തിലും യുഎസില്‍ ന്യൂജേഴ്സിയിലെ നെവാര്‍ക്കില്‍ യുക്രെയ്നിയന്‍ കത്തോലിക്കാ ഇടവകയിലും ശുശ്രൂഷ ചെയ്തിട്ടുള്ള അദ്ദേഹം 2020 ജനുവരിയിലാണ് മെല്ബേണിലെത്തുന്നത്. അദ്ദേഹത്തിന് ഇപ്പോഴും ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ട് കിട്ടിയിട്ടില്ല. വത്തിക്കാന്‍ ധനകാര്യ സെക്രട്ടേറിയറ്റ് പ്രീഫെക്ടായിരുന്ന മെല്ബേണിലെയും സിഡ്നിയിലെയും ആര്‍ച്ച്ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനു ശേഷം ഓസ്ട്രേലിയയില്‍ നിന്നുള്ള ഏക കര്‍ദിനാളാണ് ബിചോക്. വത്തിക്കാനില്‍ നിന്ന് കര്‍ദിനാള്‍ പെല്‍ ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയത്, മെല്‍ബേണില്‍ ആര്‍ച്ച്ബിഷപ്പായിരുന്ന കാലത്തെ ലൈംഗികാതിക്രമം സംബന്ധിച്ച രണ്ടു പരാതികള്‍ സംബന്ധിച്ച വിചാരണ നേരിടാനാണ്. കുറ്റവിമുക്തനായെങ്കിലും 2023-ല്‍ അന്തരിക്കുന്നതുവരെ അദ്ദേഹം ദയാരഹിതമായ വേട്ടയാടലിന് ഇരയായി.
ഓസ്ട്രേലിയയിലെ ലത്തീന്‍ സഭാ ഹയരാര്‍ക്കിയിലെ പ്രമുഖരായ സിഡ്നി ആര്‍ച്ച്ബിഷപ് ആന്റണി ഫിഷര്‍, മെല്‍ബേണിലെ ആര്‍ച്ച്ബിഷപ് പീറ്റര്‍ കൊമെന്‍സോലി എന്നിവരെ ഒഴിവാക്കിയാണ് ഫ്രാന്‍സിസ് പാപ്പാ ബൈസന്റൈന്‍ റീത്തിലെ പൗരസ്ത്യ സഭാംഗമായ ബിചോക്കിനെ ആ വന്കകയിലെ കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തിയത്. സാര്‍വത്രിക കത്തോലിക്കാസഭയുടെ ഭാഗമായ ഏറ്റവും വലിയ പൗരസ്ത്യ സഭാസമൂഹമായ യുക്രെയ്നിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് സ്വയ്റ്റൊസ്ലാവ് ഷെവ്ചുക്കിന് ലഭിക്കാത്ത കര്‍ദിനാള്‍ പദവിയാണ് മെല്‍ബേണ്‍ എപ്പാര്‍ക്കിയിലെ ബിഷപ് ബിചോക്കിന് ഫ്രാന്‍സിസ് പാപ്പാ നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. രണ്ടാമത്തെ വലിയ പൗരസ്ത്യ കത്തോലിക്കാ സമൂഹമായ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനും ഷെവ്ചുക്കിനെ പോലെ ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കാനാവില്ല.