ജെയിംസ് അഗസ്റ്റിന്
‘പൂവല്ല പൂന്തളിരല്ല മാനത്തെ മണിവില്ലല്ല
മണ്ണിലേക്കു വിരുന്നു വന്ന മധുചന്ദ്രലേഖ
ഇവളെന്‍ മനസ്സിന് തന്ത്രികള്‍ മീട്ടും വീണാഗായിക
ഇവള് വീണാഗായിക
മലയാളത്തില്‍ സ്റ്റീരിയോ ഫോണിക് നിലവാരത്തില്‍ വന്ന ആദ്യഗാനമാണിത്.
പണ്ടുകാലങ്ങളില്‍ നമ്മുടെ തീയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം തുടങ്ങുന്നതിനു മുന്‍പ് കുറെ സമയം പാട്ടുകള്‍ കേള്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. 1980-കളില്‍ അത്തരത്തില്‍ തീയേറ്ററുകളില്‍ ഏറ്റവുമധികം കേട്ടിട്ടുള്ള പാട്ടുകളില്‍ ഒന്നാണ് ‘പൂവല്ല പൂന്തളിരല്ല’ എന്ന് തുടങ്ങുന്ന ഗാനം. പാട്ട് പ്രശസ്തമാണെങ്കിലും ഈ പാട്ടിനു സ്പീക്കറുകളിലൂടെ മാത്രമേ ആസ്വാദകരിലെത്താന്‍ കഴിഞ്ഞുള്ളു. ‘കാട്ടുപോത്ത്’ എന്ന സിനിമയ്ക്കായാണ് ഈ ഗാനം സൃഷ്ടിച്ചത്. സിനിമയുടെ ചിത്രീകരണം നടന്നെങ്കിലും ഇന്നും ആ ഫിലിം റോളുകള്‍ പെട്ടികള്ക്കുള്ളില്ത്തന്നെയാണ്. അങ്ങനെ കാഴ്ചയുടെ വര്‍ണങ്ങളില്ലാതെ തന്നെ പ്രശസ്തമായൊരു സിനിമാഗാനമാണിത്.
1981-ല്‍ പി. ചന്ദ്രകുമാറാണ് കാട്ടുപോത്ത് എന്ന സിനിമ സംവിധാനം ചെയ്തത്. മധു, ശങ്കര്‍, സത്യകല, നളിനി, സുകു മാരി എന്നിവരൊക്കെയായിരുന്നു അഭിനേതാക്കള്‍. ആറു പാട്ടുകളാണ് സിനിമയ് ക്കായി ഒരുക്കിയത്. പി. ഭാസ്കരന് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയത് ജെറി അമല്‍ദേവായിരുന്നു. 44 വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങള്‍ ജെറി അമല്‍ദേവ് മാസ്റ്റര്‍ പങ്കുവയ്ക്കുന്നു.
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമ റിലീസ് ചെയ്തു ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പി. ചന്ദ്രകുമാര്‍ എന്നൊരാള്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യു ന്നുണ്ടെന്നും ആ സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം ചെയ്യണമെന്നും പറഞ്ഞു. കാടിന്റെ പശ്ചാത്തലത്തിലെ സിനിമയാണ്. മധുവാണ് നായകവേഷം ചെയ്യുന്നതെന്നും പറഞ്ഞു. ഒരു അഭ്യര്‍ത്ഥനയും വച്ചു; വളരെ ചെലവ് കുറവില്‍ നിര്‍മ്മിക്കുന്ന സിനിമയാണ്. അതുകൊണ്ടു ചുരുങ്ങിയ ചെലവില്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കണമെന്നും പറഞ്ഞു. ഞാന്‍ സമ്മതിച്ചു.
ഭാസ്കരന് മാഷിനെ ഞാന്‍ കണ്ടുമുട്ടുന്നത് കോട്ടയത്ത് വച്ചാണ്. ഫാ. ജോസഫ് പാലക്കലിന്റെ ക്ഷണം സ്വീകരിച്ചു മാന്നാന്നം എന്ന സ്ഥലത്തു താമസിക്കുകയായിരുന്നു. അദ്ദേഹം അംഗമായിട്ടുള്ള സി.എം. ഐ.സഭയുടെ 175-ാം വാര്‍ഷികത്തിന്റെ ഭാഗമായി കുറച്ചു പാട്ടുകള്‍ ഒരുക്കാനും ഗായക സംഘത്തെ പരിശീലിപ്പിക്കാനുമായിട്ടാണ് അവിടെ പോകുന്നത്. അവിടത്തെ ലാന്ഡ്ഫോണില് എനിക്കൊരു ഫോണ്‍വിളി വന്നു. ‘ജെറി അല്ലേ ? ഞാന്‍ ഭാസ്കരനാണ്. എനിക്കു ജെറിയെ ഒന്ന് കാണണമല്ലോ.’ ഞാന്‍ മറുപടി പറഞ്ഞു. ‘മാസ്റ്റര്‍, എനിക്കു അതിരാവിലെയേ വരാന്‍ കഴിയൂ. തിരിച്ചു ഇവിടെ ഒന്‍പതു മണിക്ക് എത്തുകയും വേണം.’ രാവിലെ ആറു മണിക്ക് കാണാന്‍ തീരുമാനിച്ചു. ആശ്രമത്തിലെ ഒരു വൈദികന് മോട്ടോര്‍സൈക്കിളില്‍ എന്നെ ഭാസ്കരന്മാസ്റ്ററുടെ വീട്ടിലെത്തിച്ചു. ഞാന്‍ ചെല്ലുമ്പോള്‍ വീടിനു മുന്നില്‍ ഒരു തോര്‍ത്തുമുടുത്തു കുളിക്കാനായി ഇറങ്ങുകയായിരുന്നു ഭാസ്ക്കരന്‍മാഷ്. തിരിച്ചു മുറിയിലേക്ക് കയറി ഒരു പേപ്പറുമായി വന്നിട്ട് ‘ജെറി ഇരിക്കൂ, ഇതൊന്നു വായിച്ചുനോക്കൂ.’ എന്ന് പറഞ്ഞു.
ഞാന്‍ വരികള്‍ വായിച്ചു. പൂവല്ല, പൂന്തളിരില്ല, മാനത്തെ മാണി വില്ലല്ല. മൂന്നും ‘ല്ല’ യില്‍ അവസാനിക്കുന്നത്. വായിച്ചപ്പോള്‍ എനിക്ക് വളരെ ഇഷ്ടമായി. എന്റെ മനസ്സില്‍ ഉടനെ ഒരു ട്യൂണ്‍ വന്നു. അപ്പോഴേക്കും ഭാസ്കരന് മാഷ് കുളി കഴിഞ്ഞു വന്നു. ഞാന്‍ അപ്പോള്‍ത്തന്നെ ട്യൂണ്‍ പാടി ക്കേള്‍പ്പിച്ചു. ഭാസ്കരന് മാഷിനും വളരെ ഇഷ്ടമായി. ഇതു തന്നെ മതി എന്നു പറഞ്ഞു. അങ്ങനെ പാട്ടുകളുടെ റെക്കോര്‍ഡിങ് ഞങ്ങള്‍ ആരംഭിച്ചു.
തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്. അവിടെ ലഭ്യമായിരുന്ന ഒരു കീബോര്‍ഡ്, ഒരു തബല, ഒരു നാഗസ്വരം എന്നിവയുമായി റെക്കോര്‍ഡിങ് തുടങ്ങി. പിന്നെ വയലിന് വായിക്കാന്‍ മോഹന്‍ സിതാരയും. കൊച്ചിയില്‍ നിന്നും കോറസ് പാടാനായി ജൂനിയര്‍ മെഹബൂബ്, ഫ്രഡി പള്ളന്‍, ബാബു എന്നിവരുള്‍പ്പെടെ ആറുപേരെയും തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്നും ആറു പെണ്‍കുട്ടികളെയും വിളിച്ചു. നോയിമന്‍ എന്ന കമ്പനിയുടെ രണ്ടു മൈക്കുകളിലാണ് സ്റ്റീരിയോ ആയി റെക്കോര്‍ഡ് ചെയ്തത്. അന്ന് ഒരു മൈക്കിന് ഒരു ലക്ഷത്തിലധികം വിലയുണ്ടായിരുന്നു. എട്ടു ട്രാക്കുകളില്‍ മലയാളത്തിലെ ആദ്യ റെക്കോര്‍ഡിങ് ഞങ്ങള്‍ നടത്തുകയായിരുന്നു. അതുവരെ നാലു ട്രാക്കുകളിലായിരുന്നു റെക്കോര്‍ഡിങ് നടന്നിരുന്നത്. ജപ്പാനില്‍ നിന്നും യേശുദാസ് കൊണ്ടുവന്ന ഒട്ടാരി എന്ന സ്പൂള്‍ ടേപ്പ് മെഷീനില്‍ പ്രഗത്ഭനായിരുന്ന സൗണ്ട് എന്‍ജിനീയര്‍ യൂജിന്‍ പെരേരയായിരുന്നു പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തത്.
പാട്ടുകളുടെ റെക്കോര്‍ഡിങ് കഴിഞ്ഞു കോപ്പികള്‍ എടുക്കാനായി കല്‍ക്കട്ടയില്‍ അയച്ചു കൊടുത്തു. കല്‍ക്കട്ടയിലെ എന്‍ജിനീയര്‍മാര്‍ ഞങ്ങളെ വിളിച്ചു അഭിമാനകരമായ ഒരു കാര്യം അറിയിച്ചു. ‘ഇന്ത്യയിലെ ഒരു ഭാഷയിലും ഇത്ര ഗുണമേന്മയില് ഒരു സ്റ്റീരിയോ റെക്കോര്‍ഡ് ഞങ്ങള്‍ ഇത് വരെ കേട്ടിട്ടില്ല.’ ജെറി മാസ്റ്റര്‍ ചാരിതാര്‍ത്ഥ്യത്തോടെ പറഞ്ഞു നിര്‍ത്തി.
കളമൊഴിപ്പെണ്ണിനെ കണ്ടപ്പോള്‍, മാനവഹൃദയത്തിന് എന്ന ഗാനങ്ങളും ഇതേ സിനിമയ്ക്കു വേണ്ടി ഒരുക്കിയതാണ്. നിര്‍മ്മാതാവും സംവിധായകനും തമ്മിലുണ്ടായ ചെറിയ പിണക്കമാണ് സിനിമ പെട്ടിക്കുള്ളില്‍ തന്നെയാകാന്‍ കാരണമെന്നു പറയപ്പെടുന്നു. മലയാളത്തിന് മികച്ച ഗാനങ്ങള്‍ നല്കിയ ദേവദാസി, കാണാന്‍ കൊതിച്ചു, നീലക്കടമ്പ്, ഒരു കുടയും കുഞ്ഞു പെങ്ങളും തുടങ്ങിയ പല സിനിമകളും വെളിച്ചം കാണാതെ പോയിട്ടുണ്ട്.