റോം: ഫ്രാന്‍സിസ് പാപ്പാ കഴിഞ്ഞ 12 വര്‍ഷം താമസിച്ച വത്തിക്കാനിലെ ദോമുസ് സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ നിന്ന് അപ്പസ്തോലിക ചേംബറിന്റെ കമര്‍ലെങ്കോ – പരിശുദ്ധ പിതാവിന്റെ ദേഹാന്ത്യത്തെതുടര്ന്ന് പരിശുദ്ധ സിംഹാസനം ഒഴിഞ്ഞുകിടക്കുമ്പോള്‍ (സെദെ വക്കാന്തെ) ഇടക്കാല ഭരണനിര്‍വഹണചുമതല വഹിക്കുകയും അടുത്ത പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന്റെ നടത്തിപ്പിനുള്ള ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ചേംബര്ലിന് – അമേരിക്കന്‍ കര്‍ദിനാള്‍ കെവിന് ഫെരെല്‍ ഫ്രാന്‍സിസ് പാപ്പായുടെ മരണം ഔദ്യോഗികമായി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് റോമിലെ ദേവാലയമണികള്‍ മുഴങ്ങാന്‍ തുടങ്ങി – പരിശുദ്ധ പിതാവിന്റെ മരണം അടയാളപ്പെടുത്തുന്ന വിലാപത്തിന്റെ പ്രത്യേക മണിനാദം കേട്ട് ജനങ്ങള്‍ കണ്ണീരോടെ വത്തിക്കാന്‍ ചത്വരത്തിലേക്ക് വന്നണഞ്ഞു.
ഈസ്റ്റര്‍ ഞായറാഴ്ച ബസിലിക്കയുടെ സെന്‍ട്രല്‍ ലോജ്ജായില് വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തിങ്ങിനിറഞ്ഞിരുന്ന വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും ഉത്ഥാനതിരുനാളിന്റെ ആശംസകള്‍ നേര്‍ന്നുകൊണ്ട് പൂര്‍ണദണ്ഡവിമോചനത്തിന് അര്‍ഹമായ ‘ഊര്‍ബി എത്ത് ഓര്‍ബി’ ആശീര്‍വാദം നല്കിയതിനുശേഷം ഫ്രാന്‍സിസ് പാപ്പാ വെള്ള പോപ്മൊബൈലില്‍ ചത്വരത്തിലൂടെ വിശ്വാസികള്‍ക്കിടയിലൂടെ ചുറ്റിസഞ്ചരിക്കുകയുണ്ടായി. കഴിഞ്ഞ ഫെബ്രുവരി 14ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനുശേഷം ആദ്യമായാണ് പാപ്പാ പോപ്മൊബൈലില്‍ വത്തിക്കാന്‍ ചത്വരത്തില്‍ വിശ്വാസികളെ ആശീര്‍വദിച്ചുകൊണ്ട്, അവരുടെ സ്നേഹാദരം ഏറ്റുവാങ്ങി ഈസ്റ്റര്‍ ഞായറാഴ്ച ബസിലിക്ക അങ്കണം മൊത്തം വലംവച്ചത്.
2013 മാര്‍ച്ച് 13ന്, സാര്‍വത്രിക കത്തോലിക്കാ സഭയുടെ 266-ാമത്തെ പരമാചാര്യനായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ബസിലിക്കയുടെ മധ്യഭാഗത്തുള്ള ഇതേ ബാല്‍ക്കണിയില്‍ നിന്നാണ് തെക്കെ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പാപ്പാ ‘ഫ്രാന്‍സിസ്’ എന്ന പേരില്‍ ലോകത്തിനു മുന്‍പാകെ ആനീതനായി, കോണ്‍ക്ലേവിന്റെ ഫലം അറിയാന്‍ കാത്തുനിന്നിരുന്ന ചത്വരത്തിലെ ജനങ്ങളെ ആദ്യമായി ആശീര്‍വദിച്ചത്.
ഈശോസഭക്കാരനായ ആദ്യത്തെ പാപ്പാ, പന്ത്രണ്ടു നൂറ്റാണ്ടുകള്‍ക്കിടെ യൂറോപ്പിനു വെളിയില്‍ നിന്നുവരുന്ന ആദ്യത്തെ പാപ്പാ – അര്‍ജന്റീനയിലെ ഇറ്റാലിയന്‍ കുടിയേറ്റ കുടുംബത്തില്‍ നിന്നുള്ള പാപ്പാ, അസ്സീസിയിലെ ഫ്രാന്‍സിസിന്റെ പേര് സ്വീകരിച്ച ആദ്യത്തെ പാപ്പാ, പാവപ്പെട്ടവരോടും അഭയാര്‍ഥികളോടും കുടിയേറ്റക്കാരോടും കാലാവസ്ഥാവ്യതിയാനവും യുദ്ധവും സംഘര്‍ഷവും മൂലം യാതനകള്‍ അനുഭവിക്കുന്ന ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സഭ അവര്‍ക്ക് ഏറ്റവും സമീപസ്ഥമായിരിക്കണമെന്ന് പഠിപ്പിച്ചുകൊണ്ടിരുന്നു.
പരിശുദ്ധ പിതാവിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും പാപ്പായുടെ കിടപ്പറയും പഠനമുറിയും അടച്ചുമുദ്രവയ്ക്കുകയും ചെയ്യേണ്ട ചുമതല കമര്ലെങ്കോയ്ക്കാണ്. പാപ്പായുടെ ജ്ഞാനസ്നാനപ്പേര് മൂന്നുവട്ടം വിളിക്കുകയും അതിനു പാപ്പായില്‍ നിന്ന് പ്രതികരണം ഉണ്ടാകാതിരിക്കുകയും ചെയ്യുമ്പോള്‍ കമര്‍ലെങ്കോ പാപ്പായുടെ മരണം സ്ഥിരീകരിക്കുകയും കര്‍ദിനാള്‍ സംഘത്തെയും റോമന്‍ കൂരിയാ മേധാവികളെയും പൊതുജനത്തെയും ഔദ്യോഗികമായി ആ വിവരം അറിയിക്കുകയും ചെയ്യണമെന്നാണ് നൂറ്റാണ്ടുകളായി പിന്തുടര്ന്നുവരുന്ന സഭാചട്ടങ്ങള്‍ നിഷ്കര്‍ഷിക്കുന്നത്.
പരിശുദ്ധ പിതാവ് കാലംചെയ്യുമ്പോള്‍ അടുത്ത പാപ്പായുടെ തിരഞ്ഞെടുപ്പുവരെയുള്ള ഇടവേളയില്‍ (പേപ്പല്‍ ഇന്തെരേഞ്ഞും) സെദെ വക്കാന്തെ എന്ന മുദ്രയോടെയാണ് വത്തിക്കാനില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകള് പുറത്തുവരുന്നത്. വത്തിക്കാന്‍ തപാല്‍ സ്റ്റാമ്പുകളിലും ഈ മുദ്രയുണ്ടാകും.

ഒന്‍പതു ദിവസത്തെ ദുഃഖാചരണം (നൊവെന്ദിയാലെസ്) സഭ പ്രഖ്യാപിക്കാറുണ്ട്. ‘ഊനിവേര്സി ദോമിനിച്ചി ഗ്രെഗിസ്’ എന്ന അപ്പസ്തോലിക ഭരണഘടന അനുസരിച്ച് പാപ്പായുടെ മൃതസംസ്കാര കര്‍മങ്ങള്‍ മരണാനന്തരം നാലു ദിവസത്തിനും ആറുദിവസത്തിനുമിടയില് നടത്തേണ്ടതാണ്. കര്‍ദിനാള്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശ്വാസികള്‍ക്ക് പാപ്പായുടെ ഭൗതികദേഹം ദര്‍ശിക്കാനും അന്ത്യോപചാരം അര്‍പ്പിക്കാനും സൗകര്യം ഒരുക്കും.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്കു താഴെയുള്ള നിലവറകളിലാണ് ആധുനിക കാലത്തെ പാപ്പാമാരുടെ കബറടക്കം നടത്തിയിട്ടുള്ളത്. എന്നാല്‍ തന്റെ സംസ്കാരം ലളിതമായ രീതിയില്‍ റോമിലെ സാന്താ മരിയ മജ്ജോരെ പേപ്പല്‍ ബസിലിക്കയില്‍ നടത്തണമെന്ന് 2023 ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പാ നിര്‍ദേശിക്കുകയുണ്ടായി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സംസ്കാരശുശ്രൂഷയുടെ ദിവ്യബലി അര്‍പ്പിച്ചതിനുശേഷം സാന്താ മരിയ മജ്ജോരെ ബസിലിക്കയിലേക്ക് ഭൗതികദേഹം കൊണ്ടുപോകാനാണ് സാധ്യത. വത്തിക്കാനു പുറത്ത് ഏറ്റവും അവസാനമായി സംസ്കരിക്കപ്പെട്ടത് 1903-ല്‍ ദിവംഗതനായ ലിയോ പതിമൂന്നാമന്‍ പാപ്പായാണ്. റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്.
ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിന് പതിനഞ്ച് – ഇരുപത് ദിവസങ്ങള്‍ക്കകം വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ കര്‍ദിനാള്‍ ഇലക്തോര്മാരുടെ കോണ്‍ക്ലേവ് കൂടും. പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള പ്രായപരിധി 80 വയസാണ്. കര്‍ദിനാള്‍മാരുടെ സംഘത്തില്‍ ഇപ്പോള്‍ 252 പേരുണ്ടെങ്കിലും പേപ്പല്‍ തിരഞ്ഞെടുപ്പിന് പ്രായപരിധികൊണ്ട് യോഗ്യതയുള്ളവര്‍ 138 പേരാണ്.