കൊച്ചി : “സ്ഥാപനത്തിൻ്റെ 102 വർഷങ്ങൾ പൂർത്തിയാക്കിയ കോഴിക്കോട് രൂപതയ്ക്ക് പരിശുദ്ധ പിതാവ് നൽകിയ പുണ്യ സമ്മാനമായ അതിരൂപത പദവിയിൽ ഞാൻ ഏറെ ആനന്ദിക്കുകയും കോഴിക്കോട് രൂപതയുടെ മുൻ മെത്രാൻ എന്ന നിലയിൽ അഭിമാനിക്കുകയും ചെയ്യുന്നു.
മലബാർ പ്രദേശത്തെ ക്രൈസ്തവ സഭയ്ക്ക് അമ്മയായി നിലകൊള്ളുന്ന, ചരിത്രപരമായ വിശ്വാസപാരമ്പര്യത്താൽ ധന്യമായ കോഴിക്കോട് രൂപതയ്ക്ക് ലഭിച്ച ജൂബിലി സമ്മാനമാണി അതിരൂപത സ്ഥാനലബ്ധി.കേരള ലത്തീൻ സഭയിലെ മൂന്നാമത്തെ അതിരൂപതയായ കോഴിക്കോട് രൂപത നിലവിൽ വരുമ്പോൾ, മലബാറിന്റെ മണ്ണിൽ വിശ്വാസദീപനാളം കത്തിജ്വലിപ്പിച്ച മഹാ മിഷനറിമാരുടെ ത്യാഗോജ്വലമായ ജീവിതങ്ങളെ ഞാൻ കൃതജ്ഞതയോടെ ഓർക്കുന്നു.
മലബാർ സഭയുടെ അമ്മയായ കോഴിക്കോട് അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത ഡോ.വർഗീസ് ചക്കാലക്കൽ പിതാവിനെയും അതിരൂപത വൈദികരെയും സമർപ്പിതരെയും അത്മായ സഹോദരങ്ങളേയും ഞാൻ അഭിനന്ദിക്കുന്നു. പുതിയ അതിരൂപതയ്ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും പ്രാർത്ഥനാ മംഗളങ്ങളും ആശംസിക്കുകയും ചെയ്യുന്നു