കെ.ജെ സാബു
നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും സുപ്രീം കോടതി. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഗവര്‍ണര്‍ക്കെതിരായ തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്.
ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നു കൃത്യമായും വ്യക്തമാക്കിയ ന്യായപീഠം തമിഴ്നാട്ടില്‍ ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്ത് ബില്ലുകള്‍ക്കും അംഗീകാരം നല്‍കുകയും ചെയ്തു.
ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവര്‍ ശരി അല്ലെങ്കില്‍ മോശമാണെന്ന് തോന്നുമെന്ന അംബേദ്ക്കറുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിയുടെ കനത്ത പ്രഹരം. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായി കൊണ്ടുവരുന്നതാണ്. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരുന്നത്.അതില്‍ തടയിടുന്ന നിലപാട് ശരിയല്ല. സംസ്ഥാനസര്‍ക്കാരിനെ തടയുകയല്ല ഗവര്‍ണറുടെ ചുമതല കോടതി വ്യക്തമാക്കി.
ഈ ഉത്തരവ് ഉയര്‍ത്തുന്ന നിരവധിയായ വിഷയങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന്, ഏത് മുന്നണി സംസ്ഥാനം ഭരിച്ചാലും ഏത് മുന്നണി കേന്ദ്രം ഭരിച്ചാലും ഭരണഘടന അനുശാസിക്കുന്നതിനപ്പുറം ഒരു ചെറുവിരലനക്കാന്‍ പോലും ഗവര്‍ണര്‍ക്കോ സര്‍ക്കാരിനോ കഴിയില്ല എന്നതാണ്. കുറെ മാസങ്ങള്‍ക്ക് മുന്‍പ്, നൂറുശതമാനം സംഘിയായ ആരിഫ് മുഹമ്മദ് ഖാന് എന്ന ഗവര്‍ണര്‍ നടത്തിയ പേക്കൂത്തുകള്‍ നമ്മള് കണ്ടതാണ്. പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിപക്ഷമായി തെരുവിലും മാധ്യമങ്ങള്‍ക്ക് മുന്നിലും അദ്ദേഹം നടത്തിയ തറവേലകള്‍ ഒന്ന് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. ഒക്കെയും പബ്ലിക് ഡൊമൈനില്‍ ഉണ്ട്. ആ സമയത്ത് കേരളത്തില്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷവും ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വഴിയില്‍ കിടന്നുകിട്ടിയ ആ വടികൊണ്ട് കേരളം ഭരിക്കുന്ന സര്‍ക്കാരിനെ പ്രഹരിക്കുകയായിരുന്നു. നാളെ തങ്ങള്‍ അധികാരത്തില്‍ വരുമ്പോഴും ഖാനെപ്പോലുള്ള വായ്പോയ വാക്കത്തികള്‍ ഗവര്‍ണ്ണര്‍മായി വന്നേക്കാമെന്നും അയാളും ഒരു കേരളവിരുദ്ധനായ സംഘി ആയേക്കാമെന്നും പ്രതിപക്ഷം തരിപോലും ചിന്തിച്ചില്ല. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലാണ് അയാള്‍ കയ്യിടുന്നതെന്ന് കണ്ടില്ലെന്ന് നടിച്ചു.
കേരളത്തിലെ മാധ്യമങ്ങളെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് ഭംഗി. രണ്ടു മന്ത്രിമാരെ ഗവര്‍ണര്‍ പുറത്താക്കും എന്നുവരെ എഴുതിപ്പിടിപ്പിച്ചും ആഴ്ചകളോളം അന്തിചര്‍ച്ച നടത്തിയും അവരും ഭരണഘടന മറന്നും അര്‍മാദിച്ചു. അവന്മാര്ക്കെന്ത് ഭരണഘടന, എന്ത് ഫെഡറലിസം-പോത്തിനെന്ത് ഏത്തവാഴ !