കൊച്ചി:മധ്യപ്രദേശിലെ ജബല്പൂരില് മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം. കൊച്ചി രൂപത കൂട്ടായ്മ സംഘടിപ്പിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് മലയാളി വൈദികര്‍ അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. വൈദികർക്ക് നേരെയുള്ള സംഘപരിവാർ ആക്രമണത്തിൽ, വൈപ്പിൻ ജങ്കാറിന് സമീപമാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.
മതസ്വാതന്ത്ര്യം നമുക്ക് ഏവർക്കും ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശമാണെന്നും എന്നാൽ ഇപ്പോൾ ഇന്ത്യയിൽ പലയിടങ്ങളിലും ഈ അവകാശം ചോദ്യപ്പെടുന്ന സ്ഥിതിയിലാണ് കെ.സി.വൈ.എം. കൊച്ചി രൂപത ഈ ഒരു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത് എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.സി.വൈ.എം. കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി പറഞ്ഞു.
കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണി അധ്യക്ഷത വഹിച്ചു, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കെ.സി.വൈ.എം കൊച്ചി രൂപത ജനറൽ സെക്രട്ടറി ഹെസ്ലിൻ ഇമ്മാനുവൽ, ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, ലേ അനിമേറ്റർ ലിനു തോമസ്, വൈസ് പ്രസിഡന്റ് ക്ലിന്റൺ ഫ്രാൻസിസ്, ഫോർട്ട് കൊച്ചി മേഖല എക്സിക്യൂട്ടീവ് ടോം ആൻ്റണി എന്നിവർ സംസാരിച്ചു.