കൊച്ചി :വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ കമ്മീഷന്റെ ഭാഗമായ നവദർശൻ ഇടവക വിദ്യാഭ്യാസ സമിതി ഭാരവാഹികളുടെ സമ്മേളനം “നവസംഗമം 2025” അതിരൂപത മെത്രാസന മന്ദിരത്തിൽ നടത്തി . വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു .
ഇന്നിന്റെ ശാപമായി മാറിയ മദ്യ-ലഹരി വിപത്തിനെതിരെ എല്ലാവരും ജാഗ്രതപുലർത്തണമെന്നും, കൂട്ടായ പ്രവർത്തനത്തിലൂടെ ഈ സാമൂഹ്യതിന്മയെ ഇല്ലാതാക്കിയെങ്കിലേ, വിദ്യാഭ്യാസപരവും, സർഗ്ഗാത്മകവുമായ വളർച്ച പുതുതലമുറയ്ക്ക് നേടാനാവൂ എന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.
അതിരൂപത വിദ്യാഭ്യാസ കോർപസ് ഫണ്ടിലേക്കുള്ള വിവിധ വ്യക്തികളിൽനിന്നും, ഇടവകകളിൽനിന്നുമുള്ള സംഭാവനയും തദവസരത്തിൽ അദ്ദേഹം സ്വീകരിച്ചു. നവദർശൻ ഡയറക്ടർ ഫാ. ജോൺസൺ ഡിക്കൂഞ്ഞ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. അലക്സ് കുരിശുപറമ്പിൽ, ഫാ. ജോസഫ് പള്ളിപ്പറമ്പിൽ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. സമ്മേളനത്തിൽ മുന്നോടിയായി വിദ്യാഭ്യാസ സമിതി ഭാരവാഹികൾക്ക് നവദർശൻ ഡയറക്ടറുടെ പ്രത്യേക ക്ലാസും സംഘടിപ്പിക്കുകയുണ്ടായി.അസി. ഡയറക്ടർ ഫാ. ഷാമിൽ സ്വാഗതം ആശംസിച്ചു.