സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ 70 ശതമാനം വരുന്ന എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അധ്യാപക നിയമന നിരോധനത്തിനും, സ്ഥിരനിയമനം ലഭിക്കാതെയും ദിവസവേതനം പോലും കിട്ടാതെയും പ്രതിസന്ധിയിലായ ആയിരക്കണക്കിന് അധ്യാപകരുടെ ദുരിതങ്ങള്‍ക്കും അറുതിവരുത്തുന്നതാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് ബി.ആര് ഗവായ്, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ചിന്റെ മാര്‍ച്ച് നാലിലെ ഉത്തരവ്. ഭിന്നശേഷി നിയമനത്തിന് മാറ്റിവെച്ചിട്ടുള്ള തസ്തികകള്‍ ഒഴികെ മറ്റ് ഒഴിവുകളില്‍ റെഗുലര്‍ ശമ്പള സ്കെയിലില്‍ സ്ഥിരനിയമനം നടത്താനും അപ്രകാരം നിയമിതരായവരുടെ സേവനകാലം വേണ്ടവണ്ണം ക്രമീകരിക്കാനുമാണ് പരമോന്നത കോടതിയുടെ നിര്‍ദേശം. ഭിന്നശേഷി സംവരണം നടപ്പാക്കിയാലേ മറ്റുള്ള നിയമനങ്ങള്‍ അംഗീകരിക്കാവൂ എന്ന 2023 ജൂലൈ 12-ലെ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി റദ്ദാക്കിയിരിക്കുന്നു.
ഭിന്നശേഷിക്കാരുടെ നിയമനത്തിനായി 60 തസ്തികകള്‍ മാറ്റിവച്ചിട്ടുണ്ടെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (എന്‍എസ്എസ്) അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് മറ്റു തസ്തികകളില്‍ നിയമനം നടത്താമെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി. സമാന സ്ഥിതിയിലുള്ള എല്ലാ വിഭാഗം മാനേജ്മെന്റുകളുടെയും എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ക്കും ഈ വിധി ബാധകമാണെന്ന് ഉത്തരവിന്റെ ഏഴാം ഖണ്ഡികയില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍, എന്‍എസ്എസ് മാനേജ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളില്‍ മാത്രം ഭിന്നശേഷി സംവരണ തസ്തികകളില്‍ ഒഴികെ നടത്തിയിട്ടുള്ള നിയമനങ്ങള്‍ക്ക് റെഗുലര്‍ ശമ്പള സ്കെയില്‍ അംഗീകരിച്ചു നല്കാന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടാണ് കേരള സര്‍ക്കാര്‍ മാര്‍ച്ച് 17ന് ഉത്തരവ് പുറപ്പെടുവിച്ചത്.
എന്‍എസ്എസ് മാനേജ്മെന്റിന്റെ സ്കൂളുകളില്‍ സ്ഥിരനിയമനം കാത്തിരിക്കുന്ന മുന്നൂറോളം ജീവനക്കാര്‍ക്ക് ഈ ഉത്തരവിന്റെ ഗുണഫലം ലഭിക്കും. മറ്റു മാനേജ്മെന്റുകള്‍ കോടതിയില്‍ ഹര്‍ജി നല്കി ഉത്തരവുമായി വന്നാല്‍ അതനുസരിച്ച് ഉത്തരവിറക്കുമെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോടു പറഞ്ഞത്. നിയമവ്യവഹാരങ്ങള്‍ അങ്ങനെ നീണ്ടുപോയാല്‍ വരുന്ന അധ്യയന വര്‍ഷത്തിലും മറ്റ് എയ്ഡഡ് സ്കൂളുകളിലെ അധ്യയന പ്രതിസന്ധിയും, ദിവസവേതനക്കാരും തൊഴില്സുരക്ഷയില്ലാത്തവരുമായ 16,000 അധ്യാപകരുടെ അനിശ്ചിതത്വവും തുടരുമെങ്കിലും, സര്‍ക്കാരിന് സ്ഥിരനിയമനത്തിന്റെ സാമ്പത്തിക ബാധ്യത അത്രയും കാലം ഒഴിഞ്ഞുപോകുമല്ലോ!
മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിലും സുപ്രീം കോടതിയുടെ നിര്‍ദിഷ്ട വിധി ബാധകമാണെന്ന് ഇക്കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ കോഴിക്കോട് പുന്നശ്ശേരി കുട്ടമ്പൂര് ഹയര്‍ സെക്കന്‍ഡറി എയ്ഡഡ് സ്കൂളിലെ എച്ച്എസ്ടി (ഫിസിക്കല്‍ സയന്‍സ്) അധ്യാപിക പി. ജാബിറ നിയമനം സ്ഥിരപ്പെടുത്താനായി സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടുള്ള ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവില്‍ വ്യക്തമാക്കുകയുണ്ടായി.
എന്‍എസ്എസ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളുകളിലെ ജീവനക്കാരുടെ നിയമനം അംഗീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് സമാന സ്വഭാവമുള്ളമറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ ജീവനക്കാര്‍ക്കു കൂടി ബാധകമാക്കുന്ന കാര്യം ഭിന്നശേഷി വിഷയത്തില്‍ നിലവിലുള്ള കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും നിയമവകുപ്പിന്റെ അഭിപ്രായവും തേടി സര്‍ക്കാര്‍ പരിശോധിക്കുമെന്ന് നിയമസഭയില്‍, സംസ്ഥാനത്തെ പതിനാറായിരത്തോളം അധ്യാപകര്‍ക്ക് നിയമന അംഗീകാരം ലഭിക്കുന്നതിനുള്ള പൊതുവായ ഉത്തരവ് ഇറക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സബ്മിഷനു മറുപടിയായി പൊതുവിദ്യാഭ്യാസമന്ത്രിക്കു വേണ്ടി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. അധ്യാപകരുടെ സ്ഥിരനിയമനത്തിന്റെ സാമ്പത്തികവശം നിശ്ചയമുള്ള ധനമന്ത്രി ഇത്രയും പോസിറ്റീവാകുന്നത് പ്രതീക്ഷയുണര്‍ത്തുന്നുണ്ട്. ഭിന്നശേഷി സംവരണം സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ തീര്‍പ്പാകാതെ കിടക്കുന്നതിനാല്‍ സര്‍ക്കാരിന് എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ അംഗീകരിക്കാനാവില്ല എന്ന പതിവു പല്ലവി ഇനിയും കേള്ക്കേണ്ടിവരില്ലെന്ന് ആശിക്കാം.
ഹയര്‍ സെക്കന്‍ഡറിയില്‍ മാത്രം 2,200 അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാനുണ്ട്. അധ്യാപകന്റെ ശമ്പള സ്കെയിലിനെയും സര്‍വീസിനെയും പ്രമോഷനെയും മാത്രമല്ല, സ്ഥാപനത്തിന്റെ അക്കാദമിക മികവിനെയും വിദ്യാര്‍ഥികള്‍ക്ക് ന്യായമായി ലഭിക്കേണ്ട അധ്യയന സൗകര്യങ്ങളെയും ബാധിക്കുന്ന പ്രശ്നമാണിത്. സംസ്ഥാനത്തെ കത്തോലിക്കാ കോര്‍പറേറ്റ് മാനേജ്മെന്റുകളുടെ കീഴിലുള്ള സ്കൂളുകളില്‍ ഏതാണ്ട് 5,600 അധ്യാപക നിയമനങ്ങള്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ക്രമവത്കരിക്കപ്പെടേണ്ടതാണ്.
1995-ല്‍ പാര്‍ലമെന്റ് പാസാക്കിയ അംഗപരിമിതര്‍ക്കുള്ള (തുല്യ അവസരവും പൂര്‍ണ പങ്കാളിത്തവും) നിയമ പ്രകാരം ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്നു ശതമാനം സംവരണം അനുവദിച്ചത്, 2016-ലെ ഭിന്നശേഷിക്കാരുടെ അവകാശനിയമത്തില്‍ നാലു ശതമാനമായി ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ ഇതു കൃത്യസമയത്ത് നടപ്പാക്കിയില്ല. 2018 നവംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സംവരണ ക്വാട്ട നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ ഇറക്കിയത്. കേരള ഫെഡറേഷന് ഓഫ് ദ് ബ്ലൈന്‍ഡ് സംവരണ വിഹിതത്തിനായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള സംവരണ വ്യവസ്ഥ എല്ലാ സ്കൂളുകളും നടപ്പാക്കണമെന്ന് 2021 നവംബര്‍ എട്ടിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഹൈക്കോടതി ഉത്തരവുകളുടെയും സര്‍ക്കാര്‍ ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ 2021-നു ശേഷം ഭിന്നശേഷി സംവരണം നടപ്പാക്കാതെ സ്ഥിരം നിയമനങ്ങള്‍ നടത്താനാവാത്ത സ്ഥിതിവിശേഷമുണ്ടായി.
ഭിന്നശേഷി സംവരണ നിയമനങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുന്നതുവരെ 2021 നവംബര്‍ എട്ടിനുശേഷം ഉണ്ടാകുന്ന ഒഴിവുകള്‍ ദിവസവേതന അടിസ്ഥാനത്തില്‍ നികത്താമെന്ന് 2023 മാര്‍ച്ചില്‍ ഹൈക്കോടതി ഒരു റിട്ട് അപ്പീല്‍ വിധിന്യായത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ നല്കിയ അധ്യാപക, അനധ്യാപക സ്ഥിരനിയമന ഉത്തരവുകള്‍ പിന്‍വലിച്ച് ദിവസവേതന നിയമന ഉത്തരവുകളാക്കണമെന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും, സ്ഥിരനിയമന ഒഴിവുകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നും എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് ചൂണ്ടിക്കാട്ടിയിരുന്നു. താത്കാലിക അടിസ്ഥാനത്തില്‍ നിയമിതരായ അധ്യാപകര്‍ക്ക് ദിവസ വേതനം പോലും ലഭിക്കുന്നില്ല എന്ന ദുരവസ്ഥ പൊതുസമൂഹം അറിയുന്നത് ചില ദുരന്തങ്ങളിലൂടെയാണ്: ആറു വര്‍ഷമായി ശമ്പളം ലഭിക്കുകയോ നിയമനം അംഗീകരിക്കപ്പെടുകയോ ചെയ്യാത്തതിനാല്‍ ആത്മഹത്യ ചെയ്ത കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലെ മുപ്പതുവയസുള്ള ഒരു എല്‍പി സ്കൂള്‍ അധ്യാപികയുടെ ദൈന്യചിത്രം നമ്മുടെ മുന്നിലുണ്ട്. അധ്യാപനത്തിനു ശമ്പളം കിട്ടാത്തതിനാല്‍ കുടുംബം പോറ്റാന്‍ നിവൃത്തിയില്ലാതെ രാത്രി തട്ടുകടയില്‍ പണിയെടുക്കാന്‍ പോകുന്ന അധ്യാപകന്റെ കഥയും നാം കേട്ടു.
ഭിന്നശേഷി നിയമനത്തിന് സ്കൂള്‍ മാനേജ്മെന്റ് എത്ര ശ്രമിച്ചാലും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ് മിക്ക ജില്ലകളിലും. സംസ്ഥാനത്തെ ഒരു പ്രമുഖ കോര്‍പറേറ്റ് മാനേജ്മെന്റ് വിവിധ വിഭാഗങ്ങളിലായി ഭിന്നശേഷി സംവരണത്തില്‍ അഞ്ചുപേരെ നിയമിച്ചു. പ്രൈമറി വിഭാഗത്തില്‍ ഒരാളെക്കൂടി നിയമിച്ചാലേ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ബാക്ക്ലോഗ് പൂര്‍ത്തിയാകൂ. അതിനാല്‍ സ്പെഷ്യല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നുള്ള പട്ടികപ്രകാരം 15 പേര്‍ക്കായി അഭിമുഖം നിശ്ചയിച്ചു; ആരുമെത്തിയില്ല. പത്രപരസ്യം നല്‍കിയിട്ടും യോഗ്യതയുള്ള ഭിന്നശേഷിക്കാരനെ കണ്ടെത്താനായില്ലെങ്കില്‍ വീണ്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ സമീപിക്കണം എന്നാണ് ചട്ടം. ഈ നിയമനം നടക്കാത്തതിനാല്‍ മറ്റു നിയമനങ്ങളും സ്തംഭിക്കുന്നു. പല വിഷയങ്ങള്‍ക്കും സ്ഥിരഅധ്യാപകരില്ലാത്ത അവസ്ഥയ്ക്ക് ഇതു കാരണമാകുന്നു.
ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ചപരിമിതര്‍, കേള്‍വി പരിമിതര്‍-മൂകര്‍ എന്നീ വിഭാഗങ്ങള്‍ക്കു പുറമെ, 2016-ലെ ഭിന്നശേഷി അവകാശ നിയമത്തില്‍ സെറിബ്രല്‍ പാള്‍സി, മസ്കുലര്‍ ഡിസ്ട്രോഫി, കുഷ്ഠരോഗവിമുക്തര്‍, ആസിഡ് ആക്രമണവിധേയര്, ഹ്രസ്വകായത്വം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നീ ലോക്കോമോട്ടോര്‍ പരിമിതികളും, ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളി, പ്രത്യേക പഠനവൈകല്യം, സംസാര-ഭാഷാവൈകല്യം, മനോരോഗം എന്നിവയും, കാഴ്ചപരിമിതിയും കേള്‍വിപരിമിതിയും ഉള്‍പ്പെടെ ബഹുവൈകല്യങ്ങളും (മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റീസ്) ഭിന്നശേഷിക്കാരെ നിര്‍ണയിക്കുന്ന നിര്‍വചനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും ലഭിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനത്തെ ഒരു എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റിനും ഭിന്നാഭിപ്രായമുണ്ടാകാന്‍ ഒരു സാധ്യതയുമില്ല. ഭിന്നശേഷി സംവരണം നടപ്പാക്കിയേ തീരൂ എന്ന് സുപ്രീം കോടതി ആവര്‍ത്തിക്കുന്നുമുണ്ട്. സാമൂഹിക വ്യവഹാരങ്ങളുടെ മുഖ്യധാരയില്‍ ഭിന്നശേഷിക്കാരെയും ഉള്‍ച്ചേര്‍ക്കുന്നത് അവരുടെ ശക്തീകരണത്തിന് ഏറെ സഹായകമാകുമ്പോഴും, പൊതുവിദ്യാഭ്യാസ മേഖലയില്‍ അവരുടെ സേവനത്തിന് പല പരിമിതികളുമുണ്ടെന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടതുണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ ഭിന്നശേഷിക്കാരായ അധ്യാപകരുടെ നിയമനം വലിയ വെല്ലുവിളി ഉയര്‍ത്തിയെന്നുവരും. നാല് ഡിവിഷനുകളുള്ള ഒരു പ്രൈമറി സ്കൂളിലെ നാല് അധ്യാപകരില്‍ ഒരാള്‍ കാഴ്ചപരിമിതനോ കേള്വിപരിമിതനോ ആണെങ്കില്‍ പ്രായോഗികമായി ആ പ്രാഥമിക ക്ലാസുകളുടെ നടത്തിപ്പ് വിഷമകരമാകും. കൊച്ചുകുട്ടികളുടെ ക്ലാസില്‍, ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികളെ കാണാതെയും കേള്‍ക്കാതെയും ഒന്നും പറയാതെയും അവരെ പഠിപ്പിക്കാനോ നിയന്ത്രിക്കാനോ അവരുമായി സംവദിക്കാനോ കഴിയുമോ? സകല ശേഷിയുമുള്ള കരുത്തരായ ടീച്ചര്മാര് പോലും വെള്ളം കുടിച്ചുപോകുന്ന സാഹചര്യത്തില്‍ ഭിന്നശേഷിക്കാരനായ അധ്യാപകന്റെ അവസ്ഥ എന്താകും? ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ മാനസിക രോഗമുള്ളവരെ നിയമിക്കാന്‍ കഴിയുമോ? ഭിന്നശേഷിക്കാരനാകയാല് മനോരോഗിയെ അധ്യാപനത്തിനു നിയോഗിക്കണമെന്ന് സുബോധമുള്ള ആരെങ്കിലും വാശിപിടിക്കുമോ? പത്തോ ഇരുപതോ അധ്യാപകര്‍ മാത്രമുള്ള ഒരു സ്കൂളില്‍ നാലു ശതമാനം സംവരണ ക്വാട്ട തികയ്ക്കാന്‍ ഒരു ഭിന്നശേഷിക്കാരനെ മുഴുവനായി വേണ്ടിവരില്ലല്ലോ. ചെറിയ സ്കൂളുകളിലെ സംവരണ റോസ്റ്റര്‍ കാണിച്ചാലേ അവിടത്തെ മറ്റു നിയമനങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്നു വന്നാല്‍ മാനേജ്മെന്റ് വിഷമിച്ചുപോകും.
സംസ്ഥാനത്ത് കൂടുതല്‍ സ്പെഷ്യല്‍ സ്കൂളുകള്‍ തുറന്നാല്‍ തീരാവുന്നതേയുള്ളൂ ഭിന്നശേഷി അധ്യാപകരുടെ നിയമന പ്രശ്നം. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ‘സ്പെഷ്യല്‍ നീഡ്സ്’ കുട്ടികളെ അതിനുള്ള സൗകര്യമൊന്നുമില്ലാത്ത സാധാരണ സ്കൂളുകളിലാക്കി അവരെ കഷ്ടപ്പെടുത്തുന്നതിനു പകരം മെച്ചപ്പെട്ട സംവിധാനങ്ങളുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ ലഭ്യമാക്കുകയാണു വേണ്ടത്. സംസ്ഥാനത്ത് സ്പെഷ്യല്‍ നീഡ്സ് കുട്ടികളുടെ എണ്ണം 1,23,831 ആണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഒരു കണക്കില്‍ പറയുന്നുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ എത്തുന്ന സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെ തസ്തികകള്‍ അംഗീകരിച്ച് വിജ്ഞാപനം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദിവസവേതന കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്പെഷ്യല്‍ ടീച്ചര്‍ ശമ്പള സ്കെയിലിനുള്ള അര്‍ഹത നിശ്ചയിക്കാന്‍ മൂന്നംഗ സ്ക്രീനിങ് കമ്മിറ്റിയെ നിയോഗിക്കാനും നിര്‍ദേശമുണ്ട്.
ഒമ്പതാം ക്ലാസ് അവസാനിക്കുന്നതിനുമുമ്പ് പത്താം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകം വിതരണം ചെയ്ത് ‘ചരിത്രം സൃഷ്ടിക്കുന്ന’ നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പ്, കേരളത്തെ ഇന്റര്‍നാഷണല്‍ നോളജ് ഹബും ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഹബും ആക്കി രൂപാന്തരപ്പെടുത്താനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ ഗ്ലോബല്‍ കോണ്‍ക്ലേവിലേക്കു നല്കുന്ന ലോകോത്തര സംഭാവനകളെ വാഴ്ത്തുന്നവര്‍, സംസ്ഥാനത്തെ 649 സ്കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഒരു അധ്യാപകന് പോലുമില്ലെന്ന അനുബന്ധകഥ കൂടി ഓര്‍ക്കണം. പിഎസ് സി ഇംഗ്ലീഷ് റാങ്ക് ഹോള്‍ഡര്‍മാര്‍ക്ക് നിയമനം നല്കാന് സാമ്പത്തിക ഞെരുക്കം മൂലം 2024-25 അക്കാദമിക വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷനില്‍ ഒന്നും ചെയ്യാനാവില്ലെന്നും മൂന്ന് ഡിവിഷനുകളും ഇംഗ്ലീഷിന് 15 പീരിയഡുമുള്ള സ്കൂളില്‍ ഒരു ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കാന്‍ നിര്‍വാഹമില്ലെന്നും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്ന അഭിനവ വിദ്യാഭ്യാസ പരിഷ്കര്ത്താക്കളാണവര്. ഭിന്നശേഷി സംവരണ തസ്തികയുടെ പേരില്‍ ഉരുണ്ടുകളിക്കുന്നതു പോലെയല്ല കിടയറ്റ അധ്യാപക കേഡര്‍ രൂപീകരണം.