ഫാ.സേവ്യർ കുടിയാംശ്ശേരി
ബഹിരാകാശനിലയത്തില്‍286 ദിവസം നീണ്ട താമസത്തിനുശേഷം സുനിതയും വില്‍മോറും തിരിച്ചെത്തിയിരിക്കുന്നു. അതികഠിനമായ വെല്ലുവിലികളെ അതിജീവിച്ചാണ് അവര്‍ തിരിച്ചെത്തിയത്. അവര്‍ സ്പെയ്സ് എക്സിന്റെ ഡ്രാഗണ്‍ ഫ്രീഡം ക്യാപ്സൂളിലാണു സ്മാഷ്ഡൗണ് ചെയ്തത്. എട്ടു ദിവസത്തെപരീക്ഷണങ്ങള്ക്കായി പോയതാണ്.പേടകത്തിലെ അപ്രതീക്ഷിതമായ ഹീലിയം ചോര്‍ച്ച തിരിച്ചു വരവ് അസാധ്യമാക്കി. യഥാര്‍ത്ഥത്തില്‍ ബഹിരാകാശത്ത് അപകടത്തില്പ്പെട്ടവരെപ്പോലെയായി.എന്നാല്‍ അത്തരത്തിലൊരു മനസ്സോടെയല്ല അവര്‍ അവിടെ കഴിഞ്ഞത്. അവര്‍ക്ക് നീട്ടിവയ്ക്കപ്പെട്ട ദൗത്യം ലഭിച്ചിരിക്കുന്നു എന്ന മനോഭാവമായിരുന്നു. എക്സ്പെ ഡിഷന് 72 ന്റെ പരീക്ഷണങ്ങള്‍ തുടരുകയായിരുന്നു.ബഹിരാകാശത്ത് അവര്‍ മറ്റൊരു മനുഷ്യരായിത്തീരുകയായിരുന്നു. വികാരവിചാരങ്ങളെല്ലാം നിയന്ത്രിതം. ഇച്ചാശക്തിയും അതിജീവനശേഷിയും കാവല്‍ച്ചിറകുകളാക്കി. ശാസ്ത്ര പുരോഗതിയിലും സാങ്കേതിക മികവിലും അവര്‍ക്കുള്ള വിശ്വാസം അവര്‍ക്കു പ്രതീക്ഷ നല്കി. വെറും മെക്കാനിക്കല്‍ ബോധവളര്ച്ചയില്നിന്ന് ബൗദ്ധിക ശക്തിയാല്‍ വ്യക്തതയും കരുത്തുമാര്ജ്ജിച്ചു.
ലിഫ്റ്റില്‍ കുടുങ്ങിയാല്‍പ്പോലും തളര്‍ന്നു പോകുന്ന നമുക്ക് ഇവര്‍ വലിയ പ്രതീക്ഷയാണു തരുന്നത്. സുനിതയ്ക്കും വില്‍മോറിനും ഇനി മൂന്നു മാസത്തോളം നീളുന്ന പരിശീലനമുണ്ട്. അതുവഴി അവരിനി പഴയപടി മനുഷ്യരായി ജീവിക്കാന്‍ സജ്ജരാകും. ബഹിരാകാശ യാത്രയ്ക്കു മുമ്പും ഇതുപോലെ വലിയ പരിശീലനത്തിനു വിധേയരായിട്ടുണ്ട്.
ഇപ്പോള്‍ സാധിച്ചിരിക്കുന്നത് വളരെ സങ്കീര്‍ണവും പ്രതിസന്ധികള്‍ നിറഞ്ഞതുമായ ദൗത്യമായിരുന്നു. ഡോക്കിഹ്ങ്, അണ് ഡോക്കിങ്ങ് തുടങ്ങിയ പ്രക്രിയകള്‍ വിജയപ്രദമാകണമായിരുന്നു. ഇത്ര സാഹസികമായ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായ നാസയും സെപെസെക്സും അഭിനന്ദനമര്‍ഹിക്കുന്നു. ഒപ്പം നമുക്കു പ്രതീക്ഷയും മാതൃകയുമാണ്. പ്രതീക്ഷിക്കാനൊന്നുമില്ലാത്തപ്പോഴും പ്രതീക്ഷിക്കാന്‍ സാധിക്കുന്നത് ആത്മീയ ഔന്നത്യമാണ്.
സഭ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തില്‍ നിശ്ചയമാ യും നമുക്ക് പ്രതീക്ഷ നല്കുന്നു. ബഹിരാകാശയാത്രയ്ക്കു മുമ്പുള്ള പരിശീലനം യാത്രികരെ പുതിയ മനുഷ്യരാക്കിമാറ്റുന്നു. നമ്മുടെ വിശ്വാസ പരിശീലനവും ഇതു മാതൃകയാക്കണം. കരുത്തുള്ള, ലക്ഷ്യ ബോധമുള്ള പുതിയ വ്യക്തികളാക്കി നമ്മുടെ കുട്ടികളെ മാറ്റാം. ക്രിസ്തു ശിഷ്യര്‍ക്കു നല്കിയതും സമാനമായ പിരിശീലന മായിരുന്നു.