ജെയിംസ് അഗസ്റ്റിൻ
ക്രിസ്തീയഭക്തിഗാനശാഖയ്ക്ക് കുറെ നല്ല രചനകള്‍ നല്കിയ എ.കെ. പുതുശ്ശേരി കഴിഞ്ഞ ദിവസം വിടവാങ്ങി. നാടകരംഗത്തു സജീവമായി നിലകൊണ്ടിരുന്ന എ.കെ.പുതുശ്ശേരി അനേകം നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്. ഒരു നാടകത്തിനായി പുതുശ്ശേരി എഴുതി ജോബ് ആന്‍ഡ് ജോര്‍ജ് സംഗീതം നല്‍കിയൊരു ഗാനം പിന്നീട് ഡോ. കെ.ജെ.യേശുദാസ് തന്റെ ഒരു സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ഒ.സി.ഡി. സന്ന്യാസസഭയുടെ കാര്‍മല്‍ തിയേറ്റേഴ്സിനു വേണ്ടി എ.കെ.പുതുശ്ശേരി എഴുതി ജേസി കുറ്റിക്കാട് സംവിധാനം ചെയ്ത പ്രവാചകന് എന്ന നാടകത്തിനു വേണ്ടിയാണു ഈ ഗാനം എഴുതിയത്.
വചനം വചനം നിറമോലുന്നു നിറവേറുന്നു വചനം തിരുവചനം വചനം.
നീതിതന്‍ പേടക വാതില്‍ തുറന്നൂ അനീതിക്കെതിരെ ശബ്ദമുയര്‍ന്നു വാക്കുകളാലെ
പ്രീതികള്‍ മാറ്റി ന്യായാസനങ്ങള്‍ ഞെട്ടി വിറച്ചൂ
ഇരമ്പും സാഗരതിരകളെ നോക്കി അലറും കാറ്റിനോടടങ്ങാനോതി
ആഴിത്തിരകള്‍ മീതെ നടന്നൂ പാപവിമോചനം മര്‍ത്യനു നല്കി.
1983 ല്‍ ‘ക്രിസ്തീയ ഭക്തിഗാനങ്ങള്‍’ എന്ന പേരില്‍ റിലീസ് ചെയ്ത കസ്സറ്റിലാണ് ഈ ഗാനം ചേര്‍ത്തത്. ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ എഴുതിയ ശാന്തപ്രശാന്തം ഈ ഭവനം എന്ന് തുടങ്ങുന്ന ഗാനവും ഇതേ കസ്സറ്റിലുണ്ടായിരുന്നതിനാല് വിദേശത്തു ഇറങ്ങിയ കസ്സറ്റുകള്ക്ക് ശാന്തപ്രശാന്തം എന്നായിരുന്നു പേര് നല്‍കിയത്.
അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു ഗാനം എഴുതാനിടയായ സംഭവം എഴുത്തുകാരനായ അഭിലാഷ് ഫ്രേസറിനോട് ഒരിക്കല്‍ പങ്കുവച്ചിരുന്നു. അഭിലാഷ് ഫ്രേസറിന്റെ ജ്ഞാനസ്നാനപിതാവാണ് എ. കെ. പുതുശ്ശേരി. അഭിലാഷിനോട് പുതുശ്ശേരിമാഷ് പങ്കുവച്ച അനുഭവം വായിക്കാം.
ഒരു ക്രിസ്തീയ ഭക്തിഗാന സമാഹാരം തയ്യാറാക്കാന്‍ ഹസ്സന്‍കുട്ടി എന്ന സുഹൃത്ത് പ്രശസ്ത സാ ഹിത്യകാരനായ എ.കെ. പുതുശ്ശേരിയെ സമീപിച്ചു. സംഗീതം ബേണി ഇഗ്നേഷ്യസ് സഹോദരന്മാര്. ആദ്യത്തെ എട്ടു പാട്ടുകള്‍ എഴുതിത്തീര്‍ത്തു. ഇനി രണ്ടു പാട്ടുകള്‍ കൂടി വേണം. എഴുതാന്‍ ഇരുന്നിട്ട് ശരിയാകുന്നുമില്ല. എഴുതിയതൊട്ട് തൃപ്തി വരുന്നുമില്ല.
ജോലിസംബന്ധമായി കോഴിക്കോട്ടേക്കൊരു യാത്ര ചെയ്യേണ്ടിവന്നു. കോഴിക്കോട്ട് നിന്നും രാത്രി നേരിട്ട് ബസ് കിട്ടിയില്ല. അതു കൊണ്ട് തൃശൂര്‍ വരെയുള്ള ഒരു ബസില്‍ കയറി. അവിടെ നിന്നു മറ്റൊരു ബസില്‍ പോകാം എന്ന കണക്കുകൂട്ടലില്‍. തൃശൂര്‍ എത്തിയപ്പോള്‍ സമയം പാതിരാത്രി. ഇറ ങ്ങുമ്പോള്‍ ഒരു ബസ് പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്നു. നല്ല തിരക്ക്. ശ്വാസം പിടിച്ച് ഓടി ഒരു വിധത്തില്‍ ബസിന്റെ ചവിട്ടുപടിയില്‍ കയറിയത് ഓര്‍മയുണ്ട്. ചെക്കര്‍ തള്ളി പുറത്തേക്കിട്ടു. കൂടെ ശകാരവും. മാഷ് തെറിച്ചു റോഡില്‍ വീണു. കൈ മുട്ടുകളും കാലുകളും മുറിഞ്ഞു. വേദനയും നീറ്റലും അപമാനവും നിരാശയും. മുറുമുറുപ്പുകളോടെ മാഷ് ബസിന്റെ നമ്പര്‍ നോട്ട് ചെയ്തെടുത്തു. ചെയ്ത അനീതിക്കെതിരെ ഡിപ്പോയില്‍ ഒരു പരാതി കൊടുക്കണം. ഒന്നര മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നു, അടുത്ത ബസ് വരാന്‍. അതില്‍ കയറി നാട്ടിലേക്കു യാത്രയായി. അല്പമൊന്നു മയങ്ങിപ്പോയ മാഷ് ഉണര്‍ന്നത് ഒരു കോലാഹലം കേട്ടാണ്.
സ്ഥലം അങ്കമാലി. അവിടെ ഒരു ബസ് ഒരു ലോറിയുമായി കൂട്ടിയിടിച്ച് കിടക്കുന്നു. യാത്രക്കാര്‍ രക്തത്തില്‍ കുളിച്ച് വഴിയിലാകെ ചിതറിക്കിടക്കുന്നു. ആരൊക്കെയോ ചേര്‍ന്ന് അവരെ വാഹനങ്ങളിലും ആംബുലന്‍സുകളിലും കയറ്റുന്നു. ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുക യാണ്. ബസിന്റെ നമ്പര്‍ നോക്കിയപ്പോള്‍ മാഷ് ഞെട്ടിപ്പോയി. താന്‍ കയറാന്‍ ശ്രമിക്കുകയും പുറന്ത ള്ളപ്പെടുകയും ചെയ്ത അതേ ബസ്!
മാഷ് വഴിയിലിറങ്ങി നിന്ന് ആ രാത്രി പൊട്ടിക്കരഞ്ഞു പോയി. ആരാണ് ആ ബസ്സില്‍ നിന്നും തന്നെ തളളിയിട്ടത്!
അന്നു രാത്രി വീട്ടിലെത്തിയ പ്പോള്‍ പുതുശ്ശേരി മാഷ് കുറിച്ച പാട്ടാണ്,
‘ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍ ഞാനാരാണെന്നീശോയേ…’
ആത്മാവിനെ ആഴത്തില്‍ തൊടുന്ന ഈ ഗാനം ബേണി ഇഗ്നേഷ്യസ് ഈണം നല്കി അള്‍ത്താര എന്ന ആല്‍ബത്തില്‍ ഉള്‍പ്പെടുത്തി. പോപ്പുലര്‍ മിഷന്‍കാര്‍ ഈ ഗാനം ഏറ്റെടുക്കുകയും ജനങ്ങള്‍ക്കിടയില്‍ വലിയ ഹിറ്റായി മാറുകയും ചെയ്തു. ആയിരങ്ങളുടെ ഹൃദയങ്ങളില്‍ ഈ ഗാനം ഇന്നും ജീവിക്കുന്നു, അവിസ്മരണീയമായ ഒരു അനുഭവമായി…
ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍
ഞാനാരാണെന്നീശോയേ
പാപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു
പാപിയാണല്ലോ ഇവന്
മാലാഖവൃന്ദം നിരന്തരം വാഴ്ത്തുന്ന
മാലില്ലാ വാനില്‍ നിന്നും
കാരുണ്യത്തോടെ മനുജനായ് വന്നു നീ
മന്നില്‍ പിറന്നുവല്ലോ
ശത്രുവാമെന്നെ പുത്രനാക്കീടുവാന്‍
ഇത്രമേല്‍ സ്നേഹം വേണോ.
നീചനാമെന്നെ സ്നേഹിച്ചു സ്നേഹിച്ചു
പൂജ്യനായ് മാറ്റിയല്ലോ …..
ജപമാലയുടെ പുകഴ്ചയെ വര്‍ണ്ണിക്കുന്നൊരു ഗാനവും അദ്ദേഹം എഴുതിയിട്ടുണ്ട്.
‘ജപമാല ജപമാല
മഹിമ നിറഞ്ഞ ജപമാല
അമലാംബിക മേരിയണിയും മാല
കമലമണമുള്ളവര്ക്കനുഗുണമാല
അനുദിനമണിവോര്ക്കനുഗ്രഹ മാല
അനവധിയനുഗ്രഹം ചൊരിയുന്ന മാല.
ജെ.എം. രാജു സംഗീതം നല്കിയ ഈ ഗാനം ആലപിച്ചത് ലതാ രാജുവും സിന്ധു പോളും ചേര്‍ന്നാണ്.
പുതുശ്ശേരിയുടെ ഗാനങ്ങളും സാഹിത്യലോകത്തിന് അദ്ദേഹം നല്കിയ നിസ്തുലമായ സംഭാവനകളും എന്നും ഓര്‍മിക്കപ്പെടും.