ബിജോ സിൽവേരി
സംസ്ഥാന സര്‍ക്കാരുകളുടെയും ട്രേഡ് യൂണിയനുകളുടെയും പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും അഭിപ്രായം മാനിക്കാതെ കടലില്‍ വന്‍കൊള്ളയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ മറവില്‍ പ്രഖ്യാപിച്ച നീല സമ്പദ്ഘടനയുടെ മുഖ്യലക്ഷ്യം ദക്ഷിണേന്ത്യന്‍ തീരത്തെ കടല്‍മണല്‍, കരിമണല്‍, അമൂല്യ ധാതുസമ്പത്ത് എന്നിവ വിദേശകുത്തകകള്‍ക്ക് കൈമാറലാണ്. തന്ത്രപ്രധാന ആവശ്യങ്ങള്‍ക്കായും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഇത്തരം വിഭവങ്ങള്‍ സ്വകാര്യമേഖലയ്ക്കും വിദേശകമ്പനികള്‍ക്കും കൈമാറുന്നതിന് ‘സമുദ്രതട്ടിലെ ധാതുസമ്പത്തിന്റെ വികസനവും നിയന്ത്രണവും നിയമം’ തടസ്സമായിരുന്നു. ഇത് മറികടക്കാന്‍ 2023ല്‍ നിയമം ഭേദഗതി ചെയ്യുകയും ആണവോര്‍ജ ധാതുക്കള്‍ ഒഴികെയെല്ലാം സ്വകാര്യമേഖലയില്‍ ലേലം ചെയ്ത് വില്ക്കാന് സംവിധാനം ആവിഷ്കരിക്കുകയും ചെയ്തു.
അങ്ങേയറ്റം വിനാശകരമായ ഈ നീക്കത്തിന്റെ ആദ്യ ഇരകള്‍ മത്സ്യത്തൊഴിലാളികളാണ്. അതില്‍ ഒതുങ്ങുന്നതാകില്ല ഇതിന്റെ വിപത്ത്; അറബിക്കടലിനും സഹ്യപര്‍വതത്തിനും ഇടയിലുള്ള കേരളം എന്ന ഭൂപ്രദേശത്തിന്റെ നിലനില്‍പ്പുപോലും അപകടത്തിലാകുമെന്ന് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന 74.5 കോടി ടണ്‍ മണല്‍ കേരളത്തിന്റെ തീരക്കടലിലും പുറംകടലിലും ഉണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലത്ത് രണ്ട് സെക്ടറായും പൊന്നാനി, ചാവക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലായും ഈ ശേഖരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ കൊല്ലത്ത് 242 ചതുരശ്ര കിലോമീറ്റര്‍ കടല്‍ത്തട്ട് ഖനനം ചെയ്യാനാണ് നടപടി പുരോഗമിക്കുന്നത്. 30 കോടി ടണ്‍ മണലൂറ്റുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
വിപത്താകുന്ന വികസനം
‘വികസനം’ എന്ന പേരില്‍ കടലിലും കടല്‍ തീരത്തും നടത്തുന്ന എല്ലാ പദ്ധതികളും, കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. കടലിനേയും കടല്‍ വിഭവങ്ങളേയും ആശ്രയിച്ച് ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. കടലും കടല്‍ത്തീരവും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന ഭരണകൂടങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികളുടെ ഭാവിയെക്കുറിച്ച് യാതൊരു ചിന്തയുമില്ല. കടല്‍ വിഭവങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ കോര്‍പ്പറേറ്റുകള്‍ക്ക് യഥേഷ്ടം ചൂഷണം ചെയ്യാന്‍ തക്ക വിധമാണ് ഭരണകൂടങ്ങള്‍ ഓരോ പദ്ധതികളും ആവിഷ്കരിക്കുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേരള തീരത്ത് കടലില്‍ ഖനനം നടത്തി നിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള മണ്ണെടുത്ത് വില്പന നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന അനുമതി. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്ന ‘നീല സാമ്പത്തിക വ്യവസ്ഥ’യുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്.
ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മറൈന്‍ ആന്‍ഡ് കോസ്റ്റല്‍ സര്‍വ്വേ ഡിവിഷന് നടത്തിയ പഠനത്തില്‍, ഇപ്പോള്‍ തന്നെ കേരളതീരത്തെ കടലില്‍നിന്ന് 745 മില്യണ്‍ ടണ്‍ നിര്മ്മാണവശ്യങ്ങള്ക്കുള്ള മണല്‍ ഖനനം ചെയ്തെടുക്കാമെന്ന് പറയുന്നു. തീരദേശം മുതല്‍ 12 നോട്ടിക്കല്‍ മൈല്‍വരെയുള്ള ‘ഇന്ത്യന്‍ ടെറിട്ടോറിയല്‍ വാട്ടേഴ്സ്’ ഭാഗത്തും 12 നോട്ടിക്കല്‍ മൈലിനപ്പുറമുള്ള ഇക്കണോമിക് എസ്ക്ലൂസീവ് സോണിന്റെ ഭാഗത്തും ഈ മണല്‍ വിന്യാസമുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയതായി പറയുന്നു. ഈ മണല്‍ ഖനനം ചെയ്തെടുത്ത് വില്പനനടത്തുന്നതിന് താല്പര്യമുള്ള സ്വകാര്യ കമ്പനികളില്‍ നിന്ന് താല്പര്യപത്രങ്ങള് ക്ഷണിച്ചിട്ടുണ്ട്.
പുറംകടല്‍ ധാതുഖനനവുമായി ബന്ധപ്പെട്ട 2002ലെ കടല്‍ മേഖല ധാതു (വികസനവും നിയന്ത്രണവും) നിയമം 2023ല്‍ ബ്ലൂ ഇക്കോണമിയ്ക്ക് വേണ്ടി ഭേദഗതി ചെയ്തതിന്റെ ഭാഗമായാണ് കടല്‍ ഖനന മേഖലയിലേക്ക് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കിയത്. കേരളത്തില്‍ നിര്‍മ്മാണാവശ്യങ്ങള്‍ക്കായി ഒരു വര്‍ഷം 30 മില്യണ്‍ ടണ്‍ മണല്‍ വേണമെന്ന് കണക്കാക്കപ്പെടുന്നു. അതായത് 25 വര്‍ഷത്തേക്ക് കേരളത്തിലെ നിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള മണല്‍ ഒന്നാം ഘട്ടത്തില്‍ തന്നെ കടല്‍ ഖനനം ചെയ്തെടുക്കാമെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണക്കുകൂട്ടുന്നു. കാലാകാലങ്ങളില്‍ സമുദ്രനിരപ്പില്‍ ഉണ്ടായ മാറ്റത്തിന് അനുസൃതമായി സമുദ്രത്തോട് ചേരുന്ന നദികളുടെ വിന്യാസത്തിനനുസരിച്ച് അവ നിക്ഷേപിച്ച മണല്‍ സഞ്ചയങ്ങളാണ് ഓഫ്ഷോര്‍ മണല്‍ നിക്ഷേപങ്ങളായി കണ്ടെത്തിയിട്ടുള്ളത്. കേരള തീരത്തിന്റെ ഭാഗമായ അഞ്ച് പ്രധാനപ്പെട്ട മേഖലകളാണ് നിലവില്‍ മണല്‍ സഞ്ചയങ്ങളായി കണ്ടെത്തിയിട്ടുള്ളതായി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പറയുന്നത്. പൊന്നാനി സെക്ടര്‍, ചാവക്കാട് സെക്ടര്‍, ആലപ്പുഴ സെക്ടര്‍, കൊല്ലം വടക്ക് സെക്ടര്‍, കൊല്ലം തെക്ക് സെക്ടര്‍ എന്നിവയാണ് അവ. ഈ മേഖലയില്‍ കടലില്‍ ഏകദേശം 48 മീറ്റര്‍ മുതല്‍ 62 മീറ്റര്‍ വരെ ആഴത്തില്‍ മണല്നിക്ഷേപമുണ്ടെന്ന് പഠനത്തില്‍ പറയുന്നു.
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളും നദികളുമായ പറവൂര്‍ കായല്‍, അഷ്ടമുടി കായല്‍, കായംകുളം കായല്‍, പമ്പാ നദി, വേമ്പനാട് കായല്‍, പെരിയാര്‍, ചാലക്കുടിപുഴ, ഭാരതപ്പുഴ എന്നിവ കടലില്‍ പതിക്കുന്ന സ്ഥലങ്ങളോ അവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളോ ആണ് ഇപ്പോള്‍ സെക്ടറായി കണക്കായിട്ടുള്ള മേഖലകള്‍. കേരളത്തിലെ 41 നദികള്‍ പടിഞ്ഞാറോട്ടൊഴുകി, ഒറ്റയ്ക്കോ, മറ്റുള്ളവയുമായി ചേര്‍ന്നോ കടലില്‍ പതിക്കുന്നവയാണ്. ഈ നദികളും കായലുകളും വഹിച്ചുകൊണ്ടുവരുന്ന മണലുകളും, കാറ്റ് തിരമാല സമുദ്രജലപ്രവാഹങ്ങള്‍ കടലിലെ നീരൊഴുക്കുകള്‍ വേലിയേറ്റം-വേലിയിറക്കം എന്നിവയുടെ ഫലമായി ഒഴുകിയെത്തുന്നതുമായ മണലുകളും ദീര്ഘാനാളുകളായി അടിഞ്ഞുകൂടിയാണ് കടലിന്റെ അടിത്തട്ടില്‍ മണല്‍ ബ്ലോക്ക് രൂപംകൊള്ളുന്നത്.
സംസ്ഥാന അവകാശത്തിന്റെ ലംഘനം
കേരള തീരക്കടലിന്റെ കൊല്ലം പരപ്പില്‍ വരുന്ന ടെറിട്ടോറിയല്‍ മേഖല (പന്ത്രണ്ട്നോട്ടിക്കല് മൈല്‍വരെ) ആഴക്കടല്‍ മേഖല, പ്രത്യേക സാമ്പത്തികമേഖല എന്നിവിടങ്ങളിലാണ് ഖനനം നടക്കുക. ഇതാണ് അഴിമുഖങ്ങള്‍ക്കും കായലുകള്‍ക്കും ഭീഷണിയാകുന്നത്. സംസ്ഥാനത്തിന് മത്സ്യബന്ധനാവകാശമുള്ള മേഖയില്‍ നടത്തുന്ന ഖനനം സംസ്ഥാനവകാശങ്ങളുടെ ലംഘനമാണ്.
പരിസ്ഥിതിയെ നശിപ്പിക്കും
കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ ഉതകുന്ന മണല്‍ ഖനന പദ്ധതി, കടലിന്റെ ജൈവ വൈവിധ്യത്തെയോ, ആവാസ വ്യവസ്ഥയെയോ, കടലും കടല്‍ തീരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥയെയോ ഒട്ടും പരിഗണിക്കുന്നില്ല. നമ്മുടെ കടലും കടല്‍ തീരവും അതീവ ലോല പരിസ്ഥിതി പ്രദേശമാണ്. അവിടെ നടത്തുന്ന ഏതൊരു ചെറിയ ഇടപെടല്‍ പോലും കടല്‍ പരിസ്ഥിതിയിലും, കടല്‍ ജീവികളുടെ ആവാസ വ്യവസ്ഥയിലും ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കും. കടലില്‍ നടത്തുന്ന മണല്‍ ഖനനം മത്സ്യസമ്പത്തിനേയും, മത്സ്യത്തൊഴിലാളികളുടെ ജീവിതത്തേയും ഏറെ പ്രതികൂലമായി ബാധിക്കും. ആദ്യഘട്ടത്തില്‍ ഖനനത്തിനായി ഉദ്ദേശിക്കുന്ന അഞ്ച് സെക്ടറുകളും മത്സ്യസമ്പത്തിന്റെ കലവറകളാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മത്സ്യ ആവാസകേന്ദ്രമായ കൊല്ലം കടല്‍തിട്ട (കൊല്ലം പരപ്പ്) കൊല്ലം സൗത്ത്, കൊല്ലം നോര്‍ത്ത് സെക്ടറുകളില്‍ ഉള്‍പ്പെടും. കൊല്ലം ജില്ലയിലെ പറവൂര്‍ മുതല്‍ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിവരെ ഏകദേശം 3300 ചതുരശ്ര കിലോമീറ്റര്‍ വീസ്തീര്ണ്ണത്തിലും, 275 മീറ്റര്‍ മുതല്‍ 375 മീറ്റര്‍ വരെ ആഴത്തിലും വ്യാപിച്ചുകിടക്കുന്ന കൊല്ലം കടല്‍തിട്ട (കൊല്ലംപരപ്പ്) കണവ, കൊഞ്ച്, വിവിധയിനം ചെമ്മീന്‍ വര്‍ഗ്ഗങ്ങള്‍, കലവ, മത്തി, അയല, ചൂര, വേളാ, നെയ്മീന് തുടങ്ങി പോഷകമൂല്യവും വാണിജ്യമൂല്യവും ഏറെയുള്ള മത്സ്യങ്ങളുടെ ആവാസ കേന്ദ്രമാണ്. കടല്ഖനനത്തിന്റെ ഫലമായി ഈ കടല്തിട്ടയും, ആവാസവ്യവസ്ഥയും പൂര്‍ണ്ണമായും നശിക്കും.
ആരോഗ്യപ്രശ്നങ്ങള്‍
കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് 2021ല്‍ പ്രസിദ്ധീകരിച്ച കേരള വികസന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ മത്സ്യ ഉപഭോഗം പ്രതിവര്‍ഷം ഏകദേശം 9.12 ലക്ഷം ടണ്‍, അതായത് പ്രതിദിനം ഏകദേശം 2000-2500 ടണ്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതിന്റെ ഏകദേശം 60 ശതമാനം മാത്രമാണ് നമ്മള് ഉത്പാദിപ്പിക്കുന്നത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്.ഐ) നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ മത്സ്യഉപഭോഗം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുന്ന ഏതെങ്കിലും ഇടപെടല്‍ കടലിലോ കടല്‍ തീരത്തോ നടത്തുന്നത് കേരളത്തിന്റെ ഭക്ഷ്യസുരക്ഷയേയും, ജനതയുടെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.
ഖനനത്തിന്റെ ഭാഗമായി കടലിന്റെ അടിത്തട്ടിനെ ഇളക്കിമറിക്കുമ്പോള്‍, അപകടകാരികളായ ഘനലോഹങ്ങളുടെ ലോഹാംശങ്ങള്‍ കടലിന്റെ ഉപരിതലത്തിലേക്ക് ഉയര്‍ന്നു വന്ന് കടല്‍ വെള്ളം പെട്ടെന്ന് മലിനമാകും. കൂടാതെ ലോഹാംശങ്ങള്‍ ഉപരിതല മത്സ്യങ്ങള്‍ ആഹരിക്കുകയും, മത്സ്യങ്ങളിലൂടെ അത് മനുഷ്യശരീരത്തിലെത്തുകയും ചെയ്യും. ഇത് മത്സ്യങ്ങളിലും, മനുഷ്യരിലും വലിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും.
കടലില്‍ നടത്തുന്ന മണല്‍ ഖനനം സമുദ്രജലപ്രവഹങ്ങളുടെ ഗതിയേയും, നീരൊഴുക്കിനെയും, വേലിയേറ്റം, വേലിയിറക്കം എന്നീ കടല്‍ പ്രതിഭാസങ്ങളേയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് സമുദ്ര ഗവേഷകനും കേരളാ യൂണിവേഴ്സിറ്റി ഫോര്‍ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ (കുഫോസ്) സ്ഥാപക വൈസ് ചാന്‍സിലറുമായിരുന്ന ഡോ. ബി മധുസൂദനകുറുപ്പ് ചൂണ്ടികാട്ടുന്നു. കടല്‍വെള്ളം കലങ്ങി വളരെവലിയ തോതില്‍ കടലിന്റെ അടിത്തട്ടിന്റെ രൂപഭാവങ്ങള്‍ക്ക് മാറ്റം സംഭവിച്ചാല്‍ സമുദ്രത്തിലെ ആഹാരവ്യവസ്ഥയെ മാത്രമല്ല, ദൂരപ്രദേശങ്ങളിലെയടക്കം കടലൊഴുക്കിനെയും കടല്ത്തിരയെയും പോഷക വിതരണത്തെയും സാരമായി ബാധിക്കാം.
പോകുമോ ചാകര?
242 ചതുരശ്ര കിലോമീറ്റര്‍ എന്നു പറയുമ്പോള്‍ ഏകദേശം 16 കിലോമീറ്റര്‍ വീതിയിലും നീളത്തിലുമാകും ഖനനമെന്നു വിദഗ്ധര്‍ പറയുന്നു. കേരളത്തില്‍ പുറക്കാട് മുതല്‍ ആലപ്പുഴ വരെയും തൃശൂര്‍ ജില്ലയിലെ ചാവക്കാടിന് സമീപത്തുമാണ് സ്ഥിരമായി ചാകരയുണ്ടാകാറുള്ളത്. തീരക്കടലിലുണ്ടാകുന്ന ചാകര സമയത്ത് മീന്‍ പിടിക്കാന്‍ എളുപ്പമാകും. ഖനനം നടക്കുമ്പോള്‍ തീരത്ത് ഈ പ്രശ്നമുണ്ടാകും. ദിവസങ്ങളോളം നടക്കുന്ന ട്രോളിംഗ് മത്സ്യബന്ധനത്തിന് വിപരീതമായി 15 കിലോമീറ്ററോളം മാത്രമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോവുക. കടലിന്റെ മുകള്‍ത്തട്ടിലുള്ള മത്തി, അയല എന്നിങ്ങനെയുള്ള മീനുകളെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൂടുതലായും ആശ്രയിക്കുന്നത്. അതു കൊണ്ടു തന്നെ ഖനനം നടക്കുന്ന പ്രദേശത്ത് മത്സ്യബന്ധനത്തിന് എത്തുന്നവരുടെ ഉപജീവനം അവതാളത്തിലാകാന്‍ സാധ്യതയുണ്ട്. ട്രോളിംഗ് മത്സ്യബന്ധനത്തെ ഖനനം ബാധിക്കുന്നതിനേക്കാള്‍ ഗുരുതരമായി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അതു ബാധിക്കും. കലക്കുവെള്ളത്തില്‍ നിന്നും 5-6 കിലോമീറ്റര്‍ മാറിയാണ് മത്സ്യലഭ്യതയുണ്ടാകുക. ഫിഷിംഗ് ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് മത്സ്യം തേടി കിലോമീറ്ററുകളോളം മാറി സഞ്ചരിക്കുന്നതു വലിയ ആയാസമില്ല. പക്ഷെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഇതു ബാധിക്കും. കിലോമീറ്ററുകളോളം തുഴയെറിഞ്ഞു മത്സ്യം തേടി പോകേണ്ട സ്ഥിതിയായിരിക്കും.
മാത്രമല്ല, മത്സ്യങ്ങളുടെ കേന്ദ്രീകരണവും അട്ടിമറിക്കപ്പെടും. സീസണല്‍ അടിസ്ഥാനത്തിലാകും ഓരോ ഇനം മത്സ്യലഭ്യത. കടല്‍വെള്ളം കലങ്ങുമ്പോള്‍ ഖനനം നടക്കുന്നിടത്തു നിന്നും മാറിപോകുന്ന മത്സ്യങ്ങള്‍ എങ്ങോട്ട് മാറുമെന്നു പ്രവചിക്കാനാവില്ല. മത്സ്യബന്ധനത്തിനു പോകുന്നവര്‍ മത്സ്യം തേടി അലയേണ്ടി വരും.
കടല്‍ കുഴിക്കാന്‍ കുത്തകകള്‍ എത്തും
വലിയ സാങ്കേതിക പിന്‍ബലവും സാമ്പത്തിക മുതല്‍മുടക്കുമുള്ള ആഴക്കടല്‍ ഖനനത്തിന് വന്‍കിട കുത്തകകള്‍ എത്തുമെന്ന് സംശയമില്ലെന്നാണ് ഫിഷറീസ് മന്ത്രി സജി ചെറിയാന് തന്നെ നിയമസഭയില്‍ പറഞ്ഞത്. 48 മുതല്‍ 62 മീറ്റര്‍ വരെ ആഴമുള്ളിടത്താണ് ഖനനാനുമതി. 2002 ലെ ഓഫ് ഷോര്‍ ഏരിയാസ് മിനറല്‍ (ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്) ആക്ടിനെ 2023 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.
ഇതില്‍ സെക്ഷന്‍ 16 പ്രകാരം ധാതുസമ്പത്തിന്റെ ഖനനത്തിലൂടെ ലഭിക്കുന്ന റോയല്‍റ്റി പൂര്‍ണമായും കേന്ദ്രസര്‍ക്കാരിനാണ്. സെക്ഷന്‍ 5 പ്രകാരം സ്വകാര്യ മേഖലയ്ക്ക് കൂടി ഖനനമേഖലയില്‍ പങ്കാളിത്തവും നല്‍കിയിട്ടുണ്ട്. 2023 ലെ ഭേദഗതി വരുന്നത് വരെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്, അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലായിരുന്നു കടലിലെ പര്യവേക്ഷണങ്ങളും ഖനനവും നടന്നു വന്നിരുന്നതെന്നും മന്ത്രിയുടെ മറുപടിയില്‍ വിശദീകരിക്കുന്നു.
മത്സ്യസമ്പത്തും മത്സ്യത്തൊഴിലാളികളും
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഉതകുന്ന വിദേശ നാണ്യം നേടിത്തരുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മറൈന്‍ പ്രൊഡക്ട് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (എം.പി.ഇ.ഡി.എ.) യുടെ കണക്കനുസരിച്ച് 2022-23വര്‍ഷത്തില്‍ 63969.14 കോടി രൂപയ്ക്ക് തുല്യമായ മൂല്യമുള്ള 17,35,286 മെട്രിക് ടണ്‍ മത്സ്യം ഇന്ത്യ കയറ്റുമതി ചെയ്തു. ഇതില്‍ കേരളത്തിന്റെ പങ്ക് യഥാക്രമം 8285.03 ഉം 2,18,629ഉം ആയിരുന്നു. ഇത് കൂടാതെ കേരളത്തിലെ പൊതുസമൂഹത്തിന് കുറഞ്ഞ ചെലവില്‍ ഏറ്റവുമധികം പോഷകമൂല്യമുള്ള ആഹാരം ഉത്പാദിപ്പിച്ച് നല്‍കുന്നതിലൂടെ പൊതുസമൂഹത്തിന്റെ ആരോഗ്യത്തിലും, നാടിന്റെ ഭക്ഷ്യസുരക്ഷയിലും വലിയ പങ്കും മത്സ്യത്തൊഴിലാളികള്‍ വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും, ഭക്ഷ്യ സുരക്ഷയിലും രാജ്യ സുരക്ഷയിലും വളരെയധികം സംഭാവന നല്കുന്ന ജനവിഭാഗമെന്ന നിലയിലും, സാമൂഹ്യ-സാമ്പത്തിക അവസ്ഥ കണക്കിലെടുത്തും പ്രത്യേക പരിഗണന ലഭിക്കേണ്ടവരാണ് മത്സ്യത്തൊഴിലാളികള്‍. എന്നാല്‍ ആ നിലയിലുള്ള യാതൊരു പരിഗണനയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. അധികാരത്തിന്റെ പങ്കാളിത്തത്തിലും, പൊതുവിഭവങ്ങളുടെ വീതംവെപ്പിലും മത്സ്യത്തൊഴിലാളി സമൂഹത്തെ ബോധപൂര്‍വം അവഗണിക്കുന്നു.
ഭരണകൂട നയങ്ങളുടെ ഭാഗമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന മറ്റൊരു ദുരന്തമാണ് കടലിലെ മണല്‍ ഖനനം. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ മാത്രമല്ല, പൊതുസമൂഹത്തിന്റെ ആരോഗ്യത്തെക്കൂടി പ്രതികൂലമായി ബാധിക്കാന്‍ പോകുന്ന പദ്ധതിയാണ്. കേരളത്തിലെ ജനങ്ങളുടെ പോഷക ആഹാരത്തിനുകൂടി ഭീഷണിയായ ഈ പദ്ധതിയെ ചെറുത്തു തോല്‍പ്പിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പൊതുസമൂഹവും കൂടി പങ്കുചേരേണ്ടതുണ്ട്.
സവിശേഷ സാഹചര്യത്തില്‍ ജീവിക്കുന്ന ജനവിഭാഗമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന്റെ ജീവിത നിലവാരത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ ഉയര്‍ത്തികൊണ്ട് വരുന്നതിനായി സര്‍ക്കാരുകളുടെ പ്രത്യേകമായ ശ്രദ്ധ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. സ്വാതന്ത്ര്യനന്തരം പൊതുസമൂഹം സ്വായത്തമാക്കിയ നേട്ടങ്ങളെല്ലാം, ആസൂത്രണ-വികസന നയങ്ങളുടെ ഫലമായി നിഷേധിക്കപ്പെട്ട, പിന്നാക്ക-ദരിദ്ര ജനവിഭാഗങ്ങളാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം. ഫിഷറീസ് വകുപ്പിന്റെ 2022-23 ലെ കണക്കനുസരിച്ച് 10.60 ലക്ഷമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജനസംഖ്യ. ഇത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 3.1 ശതമാനമാണ്. 8.16 ലക്ഷം ജനങ്ങള്‍ കടലോര മത്സ്യത്തൊഴിലാളി സമൂഹത്തിലും 2.44 ലക്ഷം ജനങ്ങള്‍ കായലോര മത്സ്യത്തൊഴിലാളി സമൂഹത്തിലും ജീവിക്കുന്നു. 222 കടലോര ഗ്രാമങ്ങളിലും, 113 കായലോര ഗ്രാമങ്ങളിലുമായി ഇവര്‍ അധിവസിക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോര്‍ഡിന്റെ 2022-23ലെ കണക്കനുസരിച്ച് 2,40,974 പേര് നേരിട്ട് മത്സ്യബന്ധന പ്രക്രിയയിലും 78,659 പേര് അനുബന്ധ മേഖലയിലും പണിയെടുക്കുന്നതായി കണക്കാക്കപ്പെടുന്നു. (അവലംബം: കേരളാ ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് 2023, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്).
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അറബിക്കടലില്‍ വലിയ തോതില്‍ ചൂട് കൂടുന്നതായും, കൊടുങ്കാറ്റുകളുടെ പ്രവഭകേന്ദ്രങ്ങളായി അറബിക്കടല്‍ മാറുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു. ഇതും കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുന്ന ഘടകങ്ങളിലൊന്നാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റേയും, സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളുടേയും, കടലിലും കടല്‍ തീരങ്ങളിലും സര്‍ക്കാരുകള്‍ നടത്തുന്ന വന്‍കിട നിര്‍മ്മാണങ്ങളുടേയും ഫലമായി ഇപ്പോള്‍ തന്നെ മത്സ്യസമ്പത്തിന് വലിയ തോതില്‍ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളതീരത്ത് നിന്ന് മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് മിക്കപ്പോഴും മത്സ്യമൊന്നും ലഭിക്കാതെ വെറും കൈയ്യോടെ മടങ്ങിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ധനചെലവുപോലും ലഭിക്കാത്തതിനാല്‍ മത്സ്യബന്ധനത്തിന് പോകാതെ ബോട്ടുകളും, വള്ളങ്ങളും തീരങ്ങളില്‍ കെട്ടിയിട്ടിരിക്കുന്ന കാഴ്ച സര്‍വ്വ സാധാരണമാണ്. അങ്ങനെയുള്ളയൊരു സാഹചര്യത്തില്‍ വീണ്ടും ഇത്തരമൊരു പദ്ധതികൂടി കൊണ്ടുവരുന്നത് മത്സ്യ ബന്ധനം ഉപജീവനമാക്കിയ ലക്ഷക്കണക്കിന് ആളുകളെ പട്ടിണി മരണത്തിലേക്ക് തള്ളിവിടും.
ഐക്യരാഷ്ട്ര സംഘടനാ ഉടമ്പടിയുടെ ലംഘനം
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നു കടല്‍മണല്‍ ഖനനം ചെയ്യാനുള്ള തീരുമാനം ഐക്യരാഷ്ട്ര സംഘടനാ ഉടമ്പടിയുടെ ലംഘനമെന്ന് വിമര്‍ശനം. 2030 ന് അകം സമുദ്രത്തിന്റെ 30% സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന യുഎന്‍ തീരുമാനം ഇന്ത്യ അംഗീകരിച്ചത് അടുത്തിടെയാണ്. ഇതുപ്രകാരം രാജ്യത്തിനു സ്വന്തമായുള്ള 20 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സമുദ്രത്തിന്റെ 30% സംരക്ഷിത മേഖലയാക്കണം. നിലവില്‍ ആന്‍ഡമാനിലെ കുറച്ചു ഭാഗം മാത്രമാണ് ഈ പട്ടികയിലുള്ളത്.
5 വര്‍ഷം കൂടിയുണ്ടെങ്കിലും മണലിന്റെയും ധാതുക്കളുടെയും വാണിജ്യ സാധ്യത മുന്നില്‍ക്കണ്ടാണ് മറ്റു പ്രദേശങ്ങള്‍ ഉള്‍പ്പെടുത്താത്തതെന്നാണു വിലയിരുത്തല്‍. നിലവില്‍ മറ്റു രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഖനനമെങ്കില്‍ ഇന്ത്യയിലിത് വാണിജ്യാടിസ്ഥാനത്തിലാണ്. ധാതുക്കളും മണലും വാരുന്നതു മൂലം സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും മത്സ്യസമ്പത്തിനും കോട്ടം സംഭവിക്കുമോ എന്ന പഠനമാണ് മറ്റിടങ്ങളില്‍ നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും ഉല്പാദനക്ഷമതയുള്ള കൊല്ലം പരപ്പ് മേഖലയെ മണല്വാരലില്നിന്ന് ഒഴിവാക്കണമെന്ന് ശാസ്ത്രസമൂഹം ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ എന്തുസംഭവിക്കുന്നു?
കേരളത്തിന്റെയത്രയും ജനിതക വൈവിധ്യമുള്ള കടല്‍ത്തീരങ്ങള്‍ ലോകത്ത് തന്നെ കുറവാണ്. കേരളത്തിനോട് സമാനമായ കടല്‍ത്തീരങ്ങളുള്ളത് ഇന്തോനേഷ്യയിലാണ്. കടലിന്റേയും തീരത്തിന്രേയും സംരക്ഷണം മുന്‍നിര്‍ത്തി ഇന്തോനേഷ്യയില്‍ ട്രോളിങ് പോലും നിരോധിച്ചിരുന്നു. ജനിതക കലവറയായ കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ മണലെടുപ്പ് നടത്താനൊരുങ്ങുന്നത് എത്രമാത്രം ആശങ്കാജനകമാണെന്നിടത്താണ് എതിര്‍ക്കപ്പെടേണ്ടതിന്റെ ആവശ്യകത. 571 ഇനം മത്സ്യ ഇനങ്ങളാണ് കേരളത്തിന്റെ കടല്‍ത്തീരത്ത് കാണപ്പെടുന്നത്. ഇത്രയും മത്സ്യ ഇനങ്ങള്‍ കാണപ്പെടുന്ന കടല്‍ത്തീരങ്ങള്‍ ലോകത്ത് തന്നെ വിരളമാണ്. ഈ മത്സ്യങ്ങള്‍, കടലിന്റെ അടിത്തട്ടിലുള്ള പ്ലവകങ്ങള്‍, കടല്‍പായലുകള്‍, പുഴുക്കള്‍ എന്നിങ്ങനെ പരസ്പര ബന്ധിതമായ ആവാസ വ്യവസ്ഥയാണിവിടെയുള്ളത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് കടലിലെ ജീവികളുടെ ഭക്ഷ്യശൃംഖലയും രൂപപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം മത്സ്യം ലഭിക്കുന്ന സംസ്ഥാനം കേരളമായിരുന്നു. ഇന്നത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. പ്രധാനമായി ലഭിച്ചിരുന്ന മത്തിയുടെ ലഭ്യത ഇരുപതില്‍ ഒന്നായി ചുരുങ്ങി. കാലാവസ്ഥ വ്യതിയാനം, എല്‍നിനോ പ്രതിഭാസം, ആഗോള താപനം, കടലിലെ അപ് വെല്ലിങ് എന്ന പ്രക്രിയയിലുണ്ടായിരിക്കുന്ന മാറ്റം ഇതെല്ലാം കടലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് വെല്ലുവിളിയുയര്ത്തിയിരിക്കുമ്പോഴാണ് മണല്‍ ഖനനത്തിനായി കടല്‍ത്തീരങ്ങളെ തീറെഴുതി നല്കാന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
വിദേശ രാജ്യങ്ങളില്‍ പലയിടത്തും വര്‍ഷങ്ങളായി കടല്‍മണല്‍ ഖനനം നടക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ഇത് വ്യാപകമായിരുന്നു. എന്നാല്‍ 90കളുടെ അവസാനത്തോടെ ഇതില്‍ നിന്നും പല രാജ്യങ്ങളും പിന്മാറിയതായി കാണാം. യൂറോപ്യന്‍ രാജ്യങ്ങളിലെ കടല്‍ അതിന്റെ ജൈവവൈവിധ്യം കൊണ്ട് സമ്പന്നമല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഏതാനും ഇനം മത്സ്യങ്ങള്‍ മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ കടല്ത്തീരങ്ങളിലുള്ളതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍പോലും കടലിന്റെ സ്വാഭാവിക പ്രകൃതിയെ നശിപ്പിക്കുന്ന മണലെടുപ്പിനെതിരെ ആ രാജ്യങ്ങളില്‍ വലിയ പ്രതിഷേധങ്ങളുയര്‍ന്നു. പല രാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. രണ്ടായിരത്തിന്റെ ആരംഭത്തില്‍ ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയിലും നോര്‍വയിലെ ഓര്ലന്ഡിലും നടന്ന രണ്ട് സാര്‍വദേശീയ സമ്മേളനങ്ങളില്‍ കടലില്‍ നിക്ഷേപിതമായ മണല്‍ വെറും മണലല്ല എന്നും അതിന്റെ ഖനനം പാരിസ്ഥിതിക വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുമെന്ന നിരീക്ഷണം ഉയര്‍ന്നു വന്നു. ഇതിനെതിരെ കര്‍ക്കശമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരണമെന്ന് രണ്ട് സമ്മേളനങ്ങളും ആഹ്വാനം ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ന്യൂസിലന്‍ഡിലെ ഓക്ക്ലാന്‍ഡില്‍ കടല്‍ മണലെടുപ്പിന്റെ ഫലമായി പക്കിരി ബീച്ച് അപ്രത്യക്ഷമായി. ഇതിനെതിരെ അവിടെ വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും മണലെടുപ്പിന് നിയന്ത്രണം കൊണ്ടുവരികയും ചെയ്തു. പസഫിക് കടലിടുക്കിലെ ദ്വീപ് സമൂഹങ്ങളില്‍ പ്രധാന വരുമാന സ്രോതസ്സ് ടൂറിസമായിരുന്നു. ആ രാജ്യങ്ങളിലെല്ലാം മണലെടുപ്പുമൂലം കടല്‍ത്തീരമിടിഞ്ഞു പോയി. ടൂറിസം മേഖല തകര്‍ന്നതോടെ സോളമന് ഐലന്‍ഡ്, സിയറ ലിയോണ്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഇതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ വന്നു. അമേരിക്കയില്‍ ന്യൂജേഴ്സിയില്‍ മണ്ണെടുപ്പ് വ്യാപകമായിരുന്നെങ്കിലും അവിടെയും അത് നിര്‍ത്തിവച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ കടലില്‍ നിന്നുള്ള മണ്ണെടുപ്പ് കൂടുതലുണ്ടായിരുന്നത് ഇന്തോനേഷ്യയിലാണ്. സിംഗപ്പൂരിന്റെ വികസനത്തിനായാണ് ഇവിടുത്തെ മണ്ണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അതും നിരോധിക്കപ്പെട്ടു. ഇതെല്ലാമാണ് കടലിലെ മണലെടുപ്പുമായി ബന്ധപ്പെട്ട് ലോകത്തുണ്ടായിട്ടുള്ള അനുഭവങ്ങള്‍.
മണല്കഴുകാന് വെള്ളം
മണ്ണിന്റെ ലവണാംശം കളയാനായി അത് ശുദ്ധജലത്തില്‍ പലതവണ കഴുകി വൃത്തിയാക്കേണ്ടി വരും. ഇതിനുള്ള ശുദ്ധജലം എവിടെ നിന്ന് ലഭിക്കുമെന്നതാണ് ആദ്യത്തെ ചോദ്യം. കടല്‍ മണല്‍ എടുക്കുന്നത് വഴി കേരളത്തിന്റെ 672 തീരങ്ങളില്‍ അത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയതിന് ശേഷമേ ഇത്തരത്തിലൊരു പദ്ധതിയെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാവൂ. ഈ തീരങ്ങളില്‍ തന്നെ മണ്ണ് സമൃദ്ധമായുള്ളത് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്. പക്ഷെ ഏറ്റവും കൂടുതല്‍ കടലാക്രമണത്തിന് ഇരയാവുന്നതും ഈ തീരങ്ങള്‍ തന്നെയാണെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതില്‍ പലതും തിരിച്ച് കരവയ്പ് നടക്കാത്ത തീരങ്ങളാണ്. കടല്മണലെടുക്കുമ്പോള് തീരം തന്നെയില്ലാതായേക്കും. സ്വകാര്യവ്യക്തികളെ ഖനനം ഏല്‍പ്പിക്കുമ്പോള്‍ അവര്‍ പരമാവധി ചൂഷണം ചെയ്യുമെന്ന മുന്‍ധാരണ സര്ക്കാരിനുണ്ടാകേണ്ടതല്ലേ ? 2003 ല്‍ സംസ്ഥാന സര്‍ക്കാര്‍ കരിമണല്‍ ഖനനത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാനായി കമ്മിഷനെ നിയമിച്ചിരുന്നു. ഈ കമ്മിഷന് റിപ്പോര്‍ട്ടിലുള്ളത് കേരളത്തിന്റെ തീരങ്ങള്‍ വളരെ ദുര്‍ബല അവസ്ഥയുള്ളതാണെന്നും അതിലുള്ള ഏത് തരത്തിലുള്ള ഇടപെടലുകളും പാരിസ്ഥിതികമായ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നാണ്. ഒരു കാരണവശാലും യന്ത്രവത്കൃത ഖനനം തീരങ്ങളില്‍ അനുവദിക്കാന്‍ പാടില്ലെന്നാണ് കരിമണല്‍ഖനനത്തെക്കുറിച്ചുള്ള ആ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖനനത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നെങ്കില്‍ അത് മണല്‍ കൊയ്ത്ത് (സാന്‍ഡ് ഹാര്‍വസ്റ്റ്) മാത്രമായിരിക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് അടിഞ്ഞുകൂടുന്ന മണ്ണ് തടുത്ത് വാരുകയല്ലാതെ മറ്റൊരു ഖനനവും നടത്താന്‍ പാടില്ലെന്നും പറയുന്നു. ലോകത്ത് കേരള തീരത്ത് മാത്രമാണ് ചാകര എന്ന പ്രതിഭാസം ഉണ്ടാവുന്നത്. ഇപ്പോള്‍ തന്നെ പല തീരങ്ങളിലും ഈ പ്രതിഭാസം അപ്രത്യക്ഷമായിക്കഴിഞ്ഞു.
കേരളത്തില്‍ വര്‍ഷാവര്‍ഷം രണ്ട് സെന്റിമീറ്റര്‍ വീതം കടല്‍ കയറുന്നതായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. തീരം കുറയുന്നതും കടല്‍ കയറുന്നതും ഗൗരവകരമായ വിഷയമാണെന്നും അത് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കടല്‍മണല്‍ ഖനനത്തിനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്.
രാഷ്ട്രീയ കക്ഷികള്‍ക്ക് എത്രമാത്രമുണ്ട് ആത്മാര്‍ത്ഥത?
കേരള തീര മേഖലയില്‍ ആഴക്കടല്‍ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കവേ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ രാപ്പകല്‍ സമരവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ 2003ല്‍ യുഡിഎഫ് സര്‍ക്കാര്‍ കടല്‍മണല്‍ ഖനന പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചകാര്യം പലരും മറന്നുപോയി. പ്രതിപക്ഷത്തിന്റേയും പരിസ്ഥിതിൃമത്സ്യത്തൊഴിലാളി സംഘടനകളുടേയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. കടല്‍മണല്‍ ഖനന പദ്ധതിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ ശക്തമായ സമരങ്ങള്‍ ആസൂത്രണം ചെയ്തത് പിണറായി വിജയനായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ തന്നെ കടല്‍മണല്‍ ഖനന വിഷയം എടുത്തിട്ട് എല്ലാവരേയും ഞെട്ടിച്ചു കളഞ്ഞു.
2017ല്‍ ബഹറിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൗണ്‍ മാരിടൈം കമ്പനിയുടെ കടല്‍ മണല്‍ ഖനന പദ്ധതിയുമായി മുന്നോട്ടു പോകാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. 2003ല്‍ യുഡിഎഫ് സര്‍ക്കാരിനെ സമീപിച്ച അതേ കമ്പനിയായിരുന്നു ഇതെന്നതാണ് വിചിത്രം. സിപിഎമ്മിനുള്ളില്‍ തന്നെ ശക്തമായ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് പദ്ധതി പിന്നീട് ഉപേക്ഷിക്കപ്പെട്ടത്.