വെള്ളറട : നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സിൽവർ ജൂബിലി ലോ കോളേജിന്റെ പുതിയ മന്ദിരത്തിന് ശിലാസ്ഥാപന കർമ്മം നടന്നു. കാട്ടാക്കടയ്ക്ക് സമീപമുള്ള നക്രാം ചിറയിലാണ് പുതിയ മന്ദിരം പണിയുന്നത്. നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസെന്റ് സാമുവേൽ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.
സെന്റ് എഡ് വേർഡ് പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ നെയ്യാറ്റിൻകര രൂപതാ വികാരി ജനറലും കോളേജ് ചെയർമാനുമായ മോൺ. ഡോ. വിൻസെറ്റ് കെ.പീറ്റർ ആമുഖ സന്ദേശം നൽകി. ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, ബിഷപ് സെൽവരാജൻ, മോൺ. റൂഫസ് പയസ് ലീൻ, രൂപതാചാൻസിലർ റവ.ഡോ.ജോസ് റാഫേൽ, റവ.ഡോ. അലോഷ്യസ് സത്യനേശൻ, പ്രിൻസിപ്പാൾ ഡോ. റാണി ജോർജ്, ആൽഫ്രട്ട് വിൽസൺ എന്നിവർ പ്രസംഗിച്ചു. രൂപതയിലെ വൈദികരും, സന്യസ്തരും, ജനപ്രതിനിധികളും, നൂറ്കണക്കിന് വിശ്വാസികളും സംബന്ധിച്ചു.
സിൽവർ ജൂബിലി ലോ കോളേജ് ഇപ്പോൾ ആര്യനാടിന് സമീപമുള്ള ക്രിസ്തു ജ്യോതി മരിയ ഗിരി ആനിമേഷൻ സെന്ററിലാണ് പ്രവർത്തിക്കുന്നത്. പുതിയ കോളേജിന് വിപുലമായ ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിട സമുച്ഛയമാണ് ഇവിടെയൊരുക്കുന്നതെന്ന് ചെയർമാൻ മോൺ. ഡോ. വിൻസെന്റ് കെ.പീറ്റർ പറഞ്ഞു.