ഷാജി ജോര്‍ജ്
ഒരു അമ്പെയ്ത്ത്കാരന് നോക്കുമ്പോള്‍ മരുഭൂമിയിലെ വിശുദ്ധ അന്തോണിയും ശിഷ്യന്മാരും ആടിപ്പാടി തിമിര്ത്തുല്ലസിക്കുന്നു. സന്ന്യാസിമാര്‍ ഇങ്ങനെ സ്വയം മറന്ന് ആടാനോ പാടാനോ മുതിരുമോ എന്ന് അയാള്‍ പരിഭവിച്ചു. അമ്പയ്ത്ത്കാരനോട് സെന്റ് ആന്റണി പറഞ്ഞു:’നിങ്ങള്‍ അമ്പെയ്യുക.’ അയാള്‍ വിശുദ്ധനെ അനുസരിച്ചു. നിര്‍ത്താതെ നിര്‍ത്താതെ അമ്പെയ്യിക്കുകയാണ്.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു,
‘ഇനിയും അമ്പെയ്താല്‍ വില്ലൊടിഞ്ഞ് പോകും.’
അപ്പോള്‍ വിശുദ്ധ അന്തോണി പറഞ്ഞു: ജീവിതത്തില്‍ ഇങ്ങനെ തന്നെയാണ്. ‘ഒരുപാടായിക്കഴിഞ്ഞാല് ഒടിഞ്ഞ് പോകും. അതുകൊണ്ട് ഇടയ്ക്ക് ഇളവുകള്‍ വേണം.’
കഠിനമായ ജീവിത യാത്രയ്ക്കിടയില്‍ നിങ്ങള്‍ക്ക് ഒരു തണല്‍ അഥവാ ഇളവ് വേണമെന്ന് നിര്‍ദേശിക്കുന്നത് ഫാ. വിന്‍സെന്റ് വാരിയത്താണ്.
അദ്ദേഹത്തിന്റെ ‘ചില്ലുവാതില്‍’ എന്ന 99 അധ്യായങ്ങളുള്ള പുസ്തകം നിങ്ങളെ ഇതിന് സഹായിക്കും.
നമ്മുടെ ഹൃദയത്തില്‍ കിന്നാരം പറയുന്ന മഹാത്മാക്കളുടെ ചിന്തകള്‍, ദര്‍ശനങ്ങള്‍, മനുഷ്യനെ മാറ്റിമറിച്ച ചരിത്രസംഭവങ്ങള്‍, ഗാനങ്ങള്‍, കവിതകള്‍, കഥകള്‍ ഒക്കെയുണ്ട് പുസ്തകത്തില്‍.
ബോബിയച്ചന് പറയുന്നതുപോലെ, തിയോ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ നിന്ന് കണ്ണടച്ച് എടുക്കാവുന്ന പുസ്തകം.
വിന്‍സെന്റ് വാരിയത്തച്ചന്റെ എഴുത്തും പ്രസംഗവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തുറന്ന ഹൃദയത്തോടെ വായനക്കാര്‍ അത് സ്വീകരിക്കുന്നു. യുട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തെ നിരവധി പേര് പിന്തുടരുന്നുണ്ട്. തെളിവാര്‍ന്ന ചിന്തകളും ലളിതമായ ഭാഷയും തന്നെയാണ് അതിനു കാരണം.
വെറും സാരോപദേശ കഥകളായി ഈ പുസ്തകത്തെ കാണരുത്. സാമൂഹ്യ വിമര്‍ശത്തിന്റെ ശക്തമായ കുറിപ്പുകളും പുസ്തകത്തെ സമ്പന്നമാക്കുന്നു. പള്ളിയില്‍ ഈശോ ആണോ ഈഗോ ആണോ നിറഞ്ഞുനില്ക്കുന്നത് എന്നൊരു ചോദ്യമുണ്ട് 41-ാം അധ്യായത്തില്‍ (ഈഗോ പള്ളികള്‍).
ഒരു സൂഫി സന്ന്യാസി വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പ്രാര്‍ഥിക്കാന്‍ പോകുന്നതിന് മുന്‍പായി ദൈവത്തോട് ഇങ്ങനെ പറഞ്ഞു:’ദൈവമേ ഞാന്‍ പള്ളിയിലേക്ക് പോവുകയാണ്. ഇനി പോയിവരുമ്പോള്‍ കാണാം!’ പള്ളി എല്ലാവരും വലുതാക്കി കൊണ്ടിരിക്കുകയാണ്. തെറ്റൊന്നുമില്ല. അതില്‍ അലങ്കാര പണി നടത്തുന്നതിലും തെറ്റില്ല. പക്ഷേ, വലുതായി പണിത പള്ളി ഉള്ള് പൊള്ളയായതാണെങ്കിലോ! ഉള്ളില്‍ കള്ളം മാത്രം നിറയുകയാണെങ്കിലോ! മെഗലോമാനിയ എന്നൊരു മാനസിക രോഗമുണ്ട്. വലുതായ എന്തിനോടും ഭ്രമം വരുന്ന ഒരു അവസ്ഥയാണിത്…
സ്വയം തിരുത്താനും നല്ല സമൂഹം ആഗ്രഹിച്ചുകൊണ്ടുമാണ് ഈ വിചാരങ്ങളും ഓര്‍മപ്പെടുത്തലുകളും. ചില ചിന്തകള്‍ കനലുപോലെ മനസ്സില്‍ എരിയണം. നല്ല വഴിയിലൂടെയുള്ള യാത്രയ്ക്ക്.
പട്ടിണിയും ദാരിദ്യവും അഴിഞ്ഞാടിയ കാലവും മരണം ആര്‍ത്തട്ടഹസിച്ച കൊവിഡ് കാലവും ഒക്കെ ഓര്‍മ്മകളില്‍ വരണം. എങ്കിലേ അപരന് ജീവിതത്തില്‍ ഇടം നല്കാന് നമ്മുക്ക് ആകൂ.
സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ നൊമ്പരപ്പെടുത്തുന്ന ഒരു ‘വൈലോപ്പിള്ളി കവിതയുണ്ട് ‘അരിയില്ലാഞ്ഞിട്ട്’. വിശപ്പ് എന്ന അധ്യായത്തില്‍ ഈ കവിതയെ അദ്ദേഹം ചിത്രീകരിക്കുന്നുണ്ട്.
വൈലോപ്പിള്ളിയുടെ വളരെ സുന്ദരമായ കവിത.
ദരിദ്രന് വിശന്ന് മരിച്ചു. ശവസംസ്കാരത്തിന് പലരുമെത്തി. ശവത്തിന് ചുറ്റും അല്‍പ്പം ഒണക്കലരി ഇടണമെന്ന് ദരിദ്രന്റെ വിധവയോട് ആളുകള്‍ ആവശ്യപ്പെട്ടപ്പോള്‍ കണ്ണീരിനിടയില്‍ അവര്‍ പറഞ്ഞു:
അരിയുണ്ടെന്നാലങ്ങോരന്തരിക്കുകില്ലല്ലോ. അതായത് പട്ടിണി കിടന്ന് മരിച്ചയാളുടെ വീട്ടില്‍ ഒരല്‍പ്പം ഉണക്കലരി ഉണ്ടായിരുന്നെങ്കില്‍ അയാള്‍ മരിക്കില്ലായിരുന്നു.
ധനികന് ദരിദ്രനോട് ചോദിക്കുന്നു, നീയാകെ ക്ഷീണിച്ചു പോയല്ലോ.
ദരിദ്രന് സ്വയം പറഞ്ഞു: ക്ഷീണിച്ചു പോയല്ലോ എന്ന് പറയുന്നതിന് പകരം നിനക്ക് വിശക്കുന്നുണ്ടോ എന്ന് ഇയാള്‍ ചോദിച്ചിരുന്നെങ്കില്‍?ഒരാളുടെ വിശപ്പ് മനസ്സിലാക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ പ്രാര്‍ഥന വേറെയില്ല!
അടഞ്ഞ ഹൃദയത്തെ പുലരിക്കാറ്റുപോലെ ഉന്മേഷഭരിതമാക്കുന്ന 99 ലേഖനങ്ങള്‍ എന്ന് വിശേഷണത്തോടെ പുറത്തിറക്കിയിടുള്ള ‘ചില്ലുവാതില്‍’ നിങ്ങളുടെ ബുക്ക് ഷെല്‍ഫില്‍ ഉണ്ടായിരിക്കേണ്ട പുസ്തകം തന്നെയാണ്.