കൊച്ചി:നാലായിരത്തിലധികം പുസ്തകങ്ങളുടെ വന്‍ശേഖരവുമായി കുമ്പളങ്ങിയിലെ സമരിയ ഓള്‍ഡ് ഏജ് ഹോമില്‍ സമരിയ ലൈബ്രറി ഉദ്ഘാടനത്തിനൊരുങ്ങുന്നു. കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് ശാസ്ത്രി റോഡില്‍ 2023 ഒക്ടോബര്‍ 24ന് ആരംഭിച്ച സമരിയ ഓള്‍ഡ് ഏജ് ഹോമിലെ വിശാലമായ ഹാളിലാണ് കൊച്ചിക്ക് വായനയുടെ പുതു ലോകം തീർക്കുന്ന ഗ്രന്ഥാലയം ഒരുങ്ങുന്നത്. 2025 മെയ് ഒന്നിന് ലൈബ്രറി ഉദ്ഘാടനം ചെയ്യും.
കുസാറ്റിൽ നിന്ന് റിട്ടയർ ചെയ്ത ലൈബ്രറേറിയൻ കുമ്പളങ്ങി സ്വദേശി മാനുവൽ പോത്തടിയുടെ നേതൃത്വത്തിൽ ആത്മീയം, ജീവചരിത്രം, ചരിത്രം, കല, സാഹിത്യം എന്നീ വിവിധ വിഭാഗങ്ങളിലായി ക്രമീകരിക്കുന്ന സമരിയ ലൈബ്രറിക്ക് പ്രത്യേകതകള്‍ നിരവധിയാണ്.
പശ്ചിമ കൊച്ചിയിലെ എഴുത്തുകാര്‍ ലോകത്തിനു ഇതുവരെ നല്‍കിയിട്ടുള്ള മികച്ച സംഭാവനകള്‍ പരമാവധി കണ്ടെത്തി പ്രദർശിപ്പിക്കുന്നതും പശ്ചിമകൊച്ചിയിലെ സമകാലിക എഴുത്തുകാരുടെ ഇതുവരെയുള്ള പുസ്തകങ്ങൾ ശേഖരിച്ച് ലൈബ്രറിയിൽ പ്രത്യേക ശേഖരം ഉണ്ടാക്കുന്നതും സമരിയ ലൈബ്രറിയുടെ ഏറ്റവും വലിയ പ്രത്യേകതയായിരിക്കും.
നിശ്ചിതസമയത്ത് പൊതുജനങ്ങള്‍ക്ക് ലൈബ്രറി ഉപയോഗിക്കുന്നതിനുള്ള സൗകര്യവും റഫറണ്സ് പുസ്തകങ്ങൾ ലൈബ്രറിയില്‍ ഇരുന്ന് വായിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കുമൊപ്പം ആവശ്യക്കാര്‍ക്ക് വീട്ടുമുറ്റത്ത് പുസ്തകമെത്തിക്കുന്നതിനുള്ള സൗകര്യവും സമരിയ ലൈബ്രറി ഒരുക്കുന്നുണ്ട്.
പുതുതലമുറയുടെ വിവിധ കഴിവുകള്‍ കണ്ടെത്തി അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ വേദികളും ആവശ്യമെങ്കില്‍ അവ അക്ഷരത്താളുകളില്‍ പതിച്ച് പുസ്തകരൂപത്തില്‍ പുറത്തിറക്കാനും സമരിയ ലൈബ്രറി മുന്നിട്ടിറങ്ങും.