റവ. ഡോ. ഗ്രിഗറി ആര്‍ബി
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ ‘ഹോപ്പ്’ എന്ന പേരില്‍ ജനുവരിമാസം 24-ാം തീയതി തന്റെ ബാല്യകാലം മുതലുള്ള വിവിധ സംഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് 320 പേജുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. മുന്‍കാല മോന്‍ഡഡോറി പ്രസാധകനും ഇപ്പോള്‍ അന്താരാഷ്ട്രസ്വതന്ത്ര പ്രസിദ്ധീകരണവുമായി മുന്നോട്ടുപോകുന്ന ശ്രീമാന്‍ കാര്‍ലോ മുസ്സോയുടെ സഹകരണത്തോടെയാണ് പരിശുദ്ധപിതാവ് ഈ ഗ്രന്ഥം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ പുസ്തകത്തിനു പ്രധാനമായും രണ്ടു ഭാഗങ്ങളാണ് ഉള്ളത്. ആദ്യ ഭാഗത്ത് അദ്ദേഹത്തിന്റെ ബാല്യകാലാനുഭവങ്ങളും പഠനകാര്യങ്ങളും പൗരോഹിത്യ സ്വീകരണവും അതിനുശേഷം നടത്തിയ വിവിധതരം ശുശ്രൂഷകളും അവയ്ക്കാധാരമായ ദര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടാം പകുതിയില്‍ പാപ്പായായി തെരഞ്ഞെടുത്തതിനുശേഷമുണ്ടായ സംഭവവികാസങ്ങളും പാപ്പാ ശുശ്രൂഷയുടെ ശൈലികളും കാഴ്ചപ്പാടുകളും വരച്ചുകാട്ടുന്നു. ഈ ലേഖനത്തിലൂടെ പാപ്പ തന്റെ ആത്മകഥയില്‍ അവതരിപ്പിക്കുന്ന ചില പ്രധാന സംഭവങ്ങളും ദര്‍ശനങ്ങളും പൊതുവായി അവതരിപ്പിക്കുകയാണിവിടെ.
‘ഹോപ്പ്’
തന്റെ മരണശേഷം ‘ഹോപ്പ്’ എന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കണമെന്നതായിരുന്നു പാപ്പായുടെ താല്പര്യം. എന്നാല്‍, ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട് പ്രത്യാശയെക്കുറിച്ച് ചിന്തിക്കുവാന്‍ സഹായിക്കുന്ന രീതിയില്‍ ജൂബിലിയുടെ ഭാഗമായി പ്രസിദ്ധീകരിക്കണമെന്ന ചിന്ത പെട്ടെന്നുണ്ടായതായിരുന്നു. ഈ തീരുമാനം ദൈവികപദ്ധതിയുടെ ഭാഗമായി അദ്ദേഹത്തിനു വെളിപ്പെടുത്തികിട്ടിയതാണ് എന്നു കരുതാം. ഒരു പാപ്പ ജീവിച്ചിരിക്കുന്ന അവസരത്തില്‍തന്നെ തന്റെ ആത്മകഥ എഴുതി പ്രസിദ്ധീകരിക്കുന്നത് കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഇത് ആദ്യമാണ്.
80 രാജ്യങ്ങളിലായി 80 ഭാഷകളില്‍ ഇത് പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍ ഈ പുസ്തകത്തിനു ലഭിച്ച സ്വീകാര്യത അദ്ഭുതാവഹമായിരുന്നു. പരിശുദ്ധ പിതാവിന്റെ ആഴമേറിയ ചിന്തകളുടെയും ഓര്‍മകളില്‍നിന്ന് ചികഞ്ഞെടുത്ത അനുഭവങ്ങളുടെയും അറിവുകളുടെയും സങ്കീര്‍ണ്ണ വിഷയങ്ങളുടെ കാലികവും വൈവിധ്യവുമാര്‍ന്ന ആശയസംഗ്രഹമാണ് ഈ പുസ്തകം. തന്റെ ചാക്രികലേഖനങ്ങളുടെയും ബുധനാഴ്ച ഓഡിയന്‍സില്‍ നടത്തിയ പ്രസംഗങ്ങളുടെയും അജപാലനയാത്രവേളകളില് നല്കിയ സന്ദേശങ്ങളുടെയും അഭിമുഖങ്ങളില്‍ അവതരിപ്പിച്ച ദര്‍ശനങ്ങളുടെയും പ്രധാന ആശയങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് തന്റെ ജീവിതാനുഭവങ്ങളെ ഈ ഗ്രന്ഥത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ആറുവര്‍ഷത്തെ പരിശ്രമഫലമായാണ് ഈ പുസ്തകം ഈ രൂപത്തിലായത്. തന്നെ കുറിച്ചുള്ള വീരകൃത്യങ്ങള്‍ പറഞ്ഞു വലുപ്പം കൊള്ളുക എന്നതല്ല പരിശുദ്ധ പിതാവ് ഈ ഗ്രന്ഥത്തിലൂടെ ഉദ്ദേശിക്കുന്നത്. തന്റെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളും അഭിമാനനിമിഷങ്ങളും സഭയുടെ നല്ല ഭാവിക്കായി വരും തലമുറയുടെ ദര്‍ശന രൂപീകരണത്തിനായി എല്ലാവരോടുമായി പങ്കുവയ്ക്കാനാണദ്ദേഹം ആഗ്രഹിച്ചത്. എല്ലാത്തരത്തിലുള്ള ജനങ്ങള്ക്കുമായും എല്ലാക്കാലത്തേക്കും ഉതകുന്ന രീതിയില്‍ ലളിതമായി സംവദിക്കാനാണ് ഈ പുസ്തകത്തിലൂടെ പാപ്പ ഉദ്ദേശിച്ചത് എന്നു സഹഗ്രന്ഥകാരനായ മുസ്സോ വ്യക്തമാക്കുന്നുണ്ട്. കാലഘട്ടത്തിന്റെ ക്രമാനുഗത ചട്ടക്കൂട്ടിലല്ല ഇതു രചിക്കപ്പെട്ടത്. ജീവിതവഴികളിലെ വിശദീകരണങ്ങളും ആധ്യാത്മികവും ധാര്‍മ്മികവുമായ കാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിചിന്തനങ്ങളും ഇടകലര്‍ത്തി സ്വാഭാവികമായ ചിന്തകളുടെ ക്രോഡീകരണമായാണ് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
പാപ്പയുടെ പിന്നിലെ മനുഷ്യന്
‘ഹോപ്പി’ലൂടെ പരിശുദ്ധ പിതാവിന്റെ പച്ചയായ മനുഷ്യന്റെ വ്യക്തിത്വം വെളിവാക്കുന്നു. സാര്‍വത്രിക സഭയുടെ തലവനാണെങ്കിലും തനിക്കു പിന്നില്‍ പച്ചയായി നില്ക്കുന്ന മാനവിക വ്യക്തിത്വമാര്‍ന്ന ഒരു മനുഷ്യനുണ്ട് എന്ന് ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. തന്റെ സ്വത്വം രൂപപ്പെട്ട വഴികള്‍ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തുനിന്നും വ്യക്തമായി വായിച്ചെടുക്കാന്‍ സാധിക്കും. പാപ്പായെന്ന നിലയില്‍ പരിശുദ്ധ പിതാവിന്റെ എടുത്തു പറയാവുന്ന പ്രത്യേകതകളിലൊന്നു പാപ്പാ ആയി തെരഞ്ഞെടുക്കപ്പെട്ടശേഷവും അദ്ദേഹത്തിലുണ്ടായിരുന്ന ലാളിത്യവും എളിമയും. അതുകൊണ്ടാണ് പാപ്പായുടെ കൊട്ടാരം വിട്ട് സന്ദര്‍ശക ഭവനത്തിലെ സാധാരണ മുറിയില്‍ താമസിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. യാത്രാവേളകളില്‍ തന്റെ ബ്രീഫ്കേസ് യാതൊരു മടിയും കൂടാതെ സ്വന്തം കരങ്ങളില്‍ വഹിച്ചുകൊണ്ടുപോകുന്നത് ഒരു അഭിമാനമായി അദ്ദേഹം കരുതുന്നത് ഈ ലാളിത്യം കൊണ്ടുതന്നെയാണ്.
വിനയ മനോഭാവത്തോടെ തന്റെ പഴയകാല കുറ്റങ്ങളും തെറ്റായ പ്രവര്‍ത്തനങ്ങളും ഒരു മടിയും കൂടാതെ അദ്ദേഹം തുറന്നു പറയുന്നു. തനിക്കു അര്‍ഹിക്കാത്ത പ്രശസ്തിയും ബഹുമതിയുമാണ് കിട്ടിയതെന്ന് പാപ്പാ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ അജപാലന ശുശ്രൂഷാ വേളകളില്‍ ഉയര്‍ത്തിക്കാട്ടിയ പല സുവിശേഷാധിഷ്ഠിത മൂല്യങ്ങളും പ്രമേയങ്ങളും അദ്ദേഹം വളര്‍ന്നുവന്ന സാഹചര്യത്തിലൂടെ രൂപപ്പെട്ടതാണ് എന്നു ഈ പുസ്തകത്തിലൂടെ വ്യക്തമായി മനസ്സിലാക്കാനാകും. ചിലര്‍ക്കു പരിശുദ്ധ പിതാവ് വലിയ പുരോഗമനവാദിയാണെങ്കില്‍ മറ്റുചിലര്‍ക്കു അദ്ദേഹം തികച്ചും പാരമ്പര്യവാദിയാണ്. ഇപ്രകാരം വൈരുദ്ധ്യ ധ്രുവങ്ങളിലൂടെ കടന്നുപോകുന്ന വ്യത്യസ്ത മനോഭാവമുള്ള ആധുനിക കത്തോലിക്കരുടെ ആശയങ്ങള്‍ ഒരുമിച്ചു ചേര്‍ന്നതാണ് ഇന്നത്തെ കത്തോലിക്കാസഭ. കാലികമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന സഭയുടെ മുഖമായ പരിശുദ്ധ പിതാവ് ഇന്നത്തെ കാലഘട്ടത്തിനനുസൃതമായ സഭയുടെ മുഖമായി നിലകൊള്ളുന്നു എന്ന് ഈ പുസ്തകം നമ്മെ ബോധ്യപ്പെടുത്തുന്നു. പാപ്പായെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടായിരിക്കും. ക്ലാസ്സില്‍ ഒരിക്കലും ഒന്നാമനാകാത്ത സാധാരണ വിദ്യാര്‍ഥി, എന്നാല്‍ കഠിനാധ്വാനത്തില്‍ അഗ്രഗണ്യന്‍, ഫുട്ബോളും ബാസ്ക്കറ്റ് ബോളും സ്നേഹിച്ചവ്യക്തി അതോടൊപ്പം സ്റ്റാമ്പ് ശേഖരണം ഒരു ഹോബിയായി കരുതിയ യുവാവു എന്ന രീതിയില്‍ ക്ലാസിക് സംഗീതം ഏറെ ആസ്വദിച്ചിരുന്ന വ്യക്തിത്വം. ഇപ്രകാരം ജീവിതവഴിയില്‍ എല്ലാ മേഖലകളെയും തൊട്ടു തഴുകി കടന്നുവന്നതുകൊണ്ട് പാപ്പാ എല്ലാവര്ക്കും ഏറെ സ്വീകാര്യനാകുന്നു.
കാലാവസ്ഥ വ്യതിയാനം, ദാരിദ്ര്യം, കുടിയേറ്റം, ആയുധനിര്മ്മാര്ജ്ജനം, യുദ്ധങ്ങള്‍ക്കു അറുതിവരുത്തല്‍ തുടങ്ങി അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന വിഷയങ്ങളും അവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തില്‍ പൊട്ടി മുളച്ചതല്ല. മറിച്ച്, വൈവിധ്യമാര്‍ന്ന ജീവിത വഴികളിലൂടെ കണ്ടും കേട്ടും കൊണ്ടും അദ്ദേഹം രൂപപ്പെടുത്തിയ ദര്‍ശനങ്ങളാണ്. അതുകൊണ്ടുതന്നെ ചരിത്രപരമായി ഏറെ ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ് ഈ ആത്മകഥാകഥനം.
കുടിയേറ്റം
പരിശുദ്ധ പിതാവ് ‘ഹോപ്പ്’ എന്ന തന്റെ പുസ്തകം ആരംഭിക്കുന്നത് തന്നെ തന്റെ തന്നെ കുടിയേറ്റകഥ വിവരിച്ചുകൊണ്ടാണ്. 1927-ല്‍ തന്റെ ബാല്യകാലത്ത് ഇറ്റലിയിലെ പ്രിന്സിപേസ മഫാര്ഡയില്നിന്നും അര്‍ജന്റീനയിലേക്കു തന്റെ കുടുംബാംഗങ്ങള്‍ കപ്പല്‍മാര്‍ഗ്ഗം കുടിയേറി പാര്ത്തതായിരുന്നു. എന്നാല്‍ ‘ഇറ്റാലിയന്‍ ടൈറ്റാനിക്’ എന്നറിയപ്പെടുന്ന വലിയൊരു കപ്പല്‍ അപകടത്തില്‍ മുന്നൂറോളം പേര് മരിച്ചു. ചിലര്‍ സ്രാവുകള്‍ക്കു ഭക്ഷണവുമായി. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ ദുരന്തകഥകള്‍ ബാലനായ പാപ്പയുടെ ജീവിതത്തെ പിടിച്ചു കുലുക്കി. പരിശുദ്ധ പിതാവിന്റെ പിതാവും മുത്തച്ഛനും ഈ ദുരന്ത കപ്പലില്‍ യാത്ര ചെയ്യുവാന്‍ ടിക്കറ്റ് ബുക്കുചെയ്തവരായിരുന്നു. തങ്ങളുടെ വസ്തുക്കള്‍ സമയത്തിനു വിറ്റു പൈസ ലഭ്യമാകാത്തതുകൊണ്ട് അവസാന നിമിഷം തകര്‍ന്ന കപ്പലില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് റദ്ദാക്കി അടുത്ത കപ്പലിലേക്കു ടിക്കറ്റു തരപ്പെടുത്തി. അപ്രകാരം ദൈവത്തിന്റെ പ്രത്യേക പരിഗണനയാലാണ് പാപ്പായുടെ പിതാവായ മാരിയോ ജൂസപ്പേ ഫ്രാന്‍സെസോ ബൊര്ഗോളിയുടെ ജീവന് അപകടത്തില്‍നിന്നും ആ കുടിയേറ്റ വേളയില്‍ രക്ഷപ്പെട്ടത്. അതുകൊണ്ടാണ് കുടിയേറ്റക്കാര്‍ക്കു അനുകൂലമായ തീവ്രനിലപാടെടുക്കുവാന് അദ്ദേഹത്തിനു കഴിഞ്ഞത്. 2016-ല്‍ ഗ്രീസിലെ ലെസ്ബോസിലുള്ള മിറ്റിലേനെയില് പോയി കുടിയേറ്റക്കാരെ കാണാനും അവരുടെ നൊമ്പരങ്ങള്‍ കേള്‍ക്കാനും ചിലരെ റോമിലേക്കു കൂടെ കൊണ്ടുവരാനും അദ്ദേഹത്തിനു സാധിച്ചത്. 2015-ല്‍ കുടിയേറ്റക്കാര്‍ക്കായി ദേവാലയങ്ങളും പള്ളി സ്ഥാപനങ്ങളും തുറന്നു കൊടുത്തുകൊണ്ട് അഭയകേന്ദ്രങ്ങള്‍ കുടിയേറ്റക്കാര്‍ക്കായി ഒരുക്കുവാന്‍ ആഹ്വാനം ചെയ്തതും തന്റെ മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തിലായിരിക്കണം. കുടിയേറ്റക്കാരുടെ ഉന്നമനത്തിനായി ക്രമമായും ചിട്ടയായും രൂപകല്പന ചെയ്യപ്പെട്ട ഒരു കുടിയേറ്റ അജപാലനപദ്ധതി ആസൂത്രണം ചെയ്യാനാണ് പാപ്പാ ആവശ്യപ്പെടുന്നത്.
പിതാവിന്റെ മരണം
കടുത്ത ഫുട്ബോള്‍ ആരാധകനായിരുന്നു പരിശുദ്ധ പിതാവിന്റെ പിതാവ് മാരിയോ ജൂസപ്പേ ഫ്രാന്‍സെസോ ബൊര്ഗോളി. സാന്‍ലോറന്‍സോ ക്ലബ്ബിലെ സജീവ അംഗമായിരുന്നു. ഒരു മത്സരവേളയില്‍ ഗോള്‍ സ്കോര്‍ ചെയ്യപ്പെട്ടതിന്റെ സന്തോഷത്തില്‍ ആവേശംകൊണ്ട് ആഹ്ലാദപ്രകടനം നടത്തവെ ഹൃദയാഘാതം ഉണ്ടാകുകയും 20-ാം ദിവസം മരിക്കുകയും ചെയ്തു. 1961-ല്‍ തന്റെ വത്സല പിതാവ് പരിശുദ്ധ പിതാവിനോട് വിടപറയുമ്പോള്‍ അദ്ദേഹത്തിന്റെ വത്സല പിതാവിന് 53 വയസ്സായിരുന്നു പ്രായം. ഫ്രാന്‍സിസ് പാപ്പ മൂത്തമകനായിരുന്നതുകൊണ്ട് തന്റെ കീഴെയുള്ള നാലു സഹോദരങ്ങളെയും സംരക്ഷിക്കേണ്ട ബാധ്യത പരിശുദ്ധ പിതാവില്‍ വന്നു ചേര്‍ന്നു. അതില്‍ തന്റെ ഇളയ സഹോദരി ഇപ്പോഴും ജീവിച്ചിരിക്കുന്നു. നൊമ്പരപ്പെടുന്നവരെ മനസ്സിലാക്കാനും ചേര്‍ത്തണയ്ക്കാനും പരിശുദ്ധ പിതാവിന് ഇത് കാരണമായി.
ഗേ-ലെസ്ബിയന്‍ സമീപനം
കാരുണ്യത്തിന്റെയും കരുതലിന്റെയും പാഠങ്ങള്‍ പഠിച്ചുകൊണ്ട് മാനവികതയില്‍ പക്വത പ്രാപിച്ച വ്യക്തിത്വത്തിന് ഉടമയായത് പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളിലൂടെ കടന്നു പോകുന്നതുകൊണ്ടാണ്. ബോനോസ് ഏറെസില് അദ്ദേഹം ചെറുപ്പകാലത്ത് വളര്‍ന്നുവന്ന സാഹചര്യം തികച്ചും വ്യത്യസ്തമായിരുന്നു. സന്തോഷ സൗഹൃദങ്ങള്‍ ഏറെ ഉണ്ടായിരുന്നു. വ്യത്യസ്ത വിശ്വാസികളുമായി ഇടകലര്‍ന്നു വളര്‍ന്നു വന്നു. അവിടെ കറുത്തതും വെളുത്തതുമായ സ്വഭാവങ്ങളുള്ളവരും പാവപ്പെട്ടവരും രോഗികളും വ്യഭിചാരികളും ധരാളമുണ്ടായിരുന്നു. ഒരു ജയില്‍ സമാനമായ ലോകം ഒപ്പം കുറെ വ്യഭിചാരം തൊഴിലാക്കിയ കൂട്ടരും. അവരുടെ കൂടെയാണ് പാപ്പ കളിച്ചും ചിരിച്ചും വളര്‍ന്നു വന്നത്. തന്റെ പൗരോഹിത്യ ശുശ്രൂഷാ വേളയില്‍ സെക്സ് ജോലിക്കാര്‍ക്കിടയില്‍ അദ്ദേഹം ശുശ്രൂഷ ചെയ്തു. തന്റെ അയല്‍ക്കാരിയായ ഒരു സെക്സ് വര്‍ക്കറിന്റെ അന്ത്യശുശ്രൂഷ ചടങ്ങുകള്‍ ചെയ്തത് പാപ്പാ എടുത്തു പറയുന്നു. ഇപ്പോഴും ആ സ്ത്രീയുടെ ആത്മശാന്തിക്കായി പാപ്പ പ്രാര്‍ഥിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.
ഹോമോസെക്സ്യല്സ്-ലസ്ബിയന്‍ തുടങ്ങിയ സംഘടനകളുമായി സംവദിക്കുവാനും കാരുണ്യത്തോടെ അവരോട് പെരുമാറുവാനും തുറന്ന മനസ്സോടെ അവരെ ഉള്‍ക്കൊള്ളുവാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഇപ്രകാരമുള്ള സാഹചര്യങ്ങളില്‍ ജീവിച്ചിരുന്നതുകൊണ്ടാകാം. ലൈംഗികമായി വ്യത്യസ്തവും വേറിട്ടതുമായ അഭിനിവേശങ്ങളും ആഭിമുഖ്യങ്ങളുമുള്ളവരെ ആര്‍ദ്രതയോടെ സമീപിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അവരുമായുള്ള സമ്പര്‍ക്കങ്ങളിലൂടെ ചെറുപ്പകാലത്തു വളര്‍ത്തിയെടുത്ത സ്നേഹ സൗഹൃദങ്ങളായിരുന്നു തുടര്‍ന്നുള്ള തന്റെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരുന്നത്. അവരെ അവരുടെ ജീവിതാവസ്ഥകളില്‍ കാണാനും അംഗീകരിക്കുവാനും പാപ്പ തന്റെ ജീവിതാനുഭവങ്ങളില്‍നിന്നു പഠിച്ചെടുത്ത പാഠങ്ങള്‍ ഈ പുസ്തകത്തിലൂടെ പാപ്പാ നമ്മെ പഠിപ്പിക്കുന്നു ട്രാന്സ്ജന്ഡര് വിഭാഗത്തില്‍പ്പെട്ടവരെ ദൈവമക്കളായി കാണാനും അവരെ സ്വീകരിച്ച് സ്നേഹത്തോടെ സംവദിക്കാനും പാപ്പായ്ക്കു കഴിയുമായിരുന്നു. അവരെയും സഭാമക്കളായി പരിഗണിച്ച് നെഞ്ചോടണയ്ക്കാന്‍ പാപ്പ സഭതനയരെ ആഹ്വാനം ചെയ്യുന്നു.
പാപ്പായായി തെരഞ്ഞെടുത്തശേഷം വെറും സാധാരണ രീതിയിലുള്ള ഗാസ മാര്‍ത്ത എന്ന ഗസ്റ്റ് ഹൗസില്‍ താമസമാക്കുവാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത് എല്ലാവരോടും ഒത്തു ജീവിക്കാനുള്ള താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. പാപ്പായുടെ പാലസില്‍ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനായി ഒറ്റപ്പെട്ടു കഴിയുവാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ജനങ്ങളുടെ മധ്യേ എപ്പോഴും ജനങ്ങളുടെ പ്രശ്നങ്ങള്‍ കേട്ടുകൊണ്ട് അവരോടൊപ്പം ആയിരിക്കുവാന്‍ പരിശുദ്ധപിതാവിനെ സജ്ജമാക്കിയത് അര്‍ജന്റീനായിലെ സൗഹൃദസംഘങ്ങളായിരുന്നു.
യുദ്ധങ്ങള്‍ക്കെതിരെ
യുദ്ധത്തിനെതിരെ തീവ്രമായ നിലപാടുകള്‍ എടുത്തുകൊണ്ട് സമാധാനത്തിനായി ശക്തമായി പ്രതികരിക്കുവാന്‍ കാരണമാക്കിയത് യുദ്ധത്തിനെക്കുറിച്ചു തന്റെ മുത്തച്ഛനില്‍ നിന്നും കേട്ടറിഞ്ഞ അനുഭവങ്ങളായിരുന്നു. ഒന്നാം ലേക മഹായുദ്ധത്തില്‍ തന്റെ മുത്തച്ഛനും പങ്കെടുക്കുവാന്‍ നിര്‍ബന്ധിതനായിരുന്നു. യുദ്ധം നല്കുന്ന ഭീകരതയും വേദനകളും, ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യങ്ങളും, വേര്പെടലുകളും മുത്തച്ഛനില്‍നിന്നു കേട്ടറിഞ്ഞ അദ്ദേഹം യുദ്ധങ്ങള്‍ എത്രയോ അര്‍ഥശൂന്യമായ ഒന്നാണ് എന്നു മനസ്സിലാക്കി. ‘യുദ്ധമുണ്ടാക്കുന്നവര് ആരായാലും അവര്‍ തിന്മതന്നെയാണ്. എന്നാല്‍ ദൈവമാകട്ടെ സമാധാനമാണുതാനും’ എന്നു അദ്ദേഹം ധീരതയോടെ പ്രസംഗിച്ചു.
കുഞ്ഞുമുഖം (Baby Face)
ഇടതുപക്ഷ ചായ്വുള്ള ഒരു ബയോമെഡിക്കല്‍ ഗവേഷകനെ സെമിനാരിയില്‍ ചേരുന്നതിനുമുന്പ് കണ്ടെത്തിയതും അദ്ദേഹത്തിലൂടെ രാഷ്ട്രീയ കാര്യങ്ങള്‍ ചിന്തിക്കുവാന്‍ പരിശീലിച്ചതും പാപ്പ എടുത്തു പറയുന്നുണ്ട്. അതോടൊപ്പംതന്നെ യുവ അധ്യാപകനായി സര്‍ഗാത്മക എഴുത്തുകലയെക്കുറിച്ചു പഠിപ്പിക്കുമ്പോള്‍ കുട്ടികള്‍ അദ്ദേഹത്തിനു കുഞ്ഞുമുഖം (ആമയ്യ എമരല) എന്ന ഇരട്ടപേരിട്ടു വിളിച്ചിരുന്നു എന്നു ഹൃദയലാളിത്യത്തോടെ പാപ്പ ഓര്‍മിച്ചെടുക്കുന്നു.
കുറ്റസമ്മതം
ഈ ആത്മകഥയില്‍ ഒന്നുംതന്നെ മറച്ചുവയ്ക്കാതെ തുറന്ന മനസ്സോടും ഉത്തമബോധ്യത്തോടും കൂടെയാണ് തന്റെ ജീവിത വഴികളില്‍ വന്നുപോയ തെറ്റുകളെയും കുറ്റങ്ങളെയും പാപ്പ എടുത്തു പറയുന്നത് അതിലൊന്നു ഇന്നും അദ്ദേഹത്തിന്റെ മനോമുകുരത്തില്‍ നിറഞ്ഞു നില്ക്കുന്ന ഒന്നാണ്.
താന്‍ ഒരു യുവാവായിരുന്നപ്പോള്‍ സഹപാഠിയുമായി സംഘര്ഷത്തിലേര്പ്പെടുന്നതിനിടയായി. ബോധം കെടുന്നതുവരെ ആ സഹപാഠിയെ മര്‍ദ്ദിക്കുകയും തുടര്‍ന്നും മര്‍ദ്ദിക്കുമെന്നു താക്കീതു ചെയ്തു അവനെ ഉപേക്ഷിച്ചു കടന്നുപോയ സംഭവം പാപ്പ ഓര്‍ത്തെടുക്കുന്നു. തെറ്റാവരം ദാനമായി കിട്ടിയ പാപ്പാ അധികാരത്തിലിരിക്കുമ്പോഴും ഭൂതകാലത്തില്‍ വന്നുപോയ തെറ്റുകളെ ഓര്‍ത്തെടുത്തുകൊണ്ട് കുറ്റബോധത്തോടെ അനുതപിക്കുന്നത് അദ്ദേഹത്തിന്റെ ഹൃദയ നൈര്‍മ്മല്യത്തിന്റെ അടയാളമാണ്. ഇത് തന്നെയാണ് അദ്ദേഹത്തെ അതുല്യനാക്കുന്നത്.
ടി.വി. പരിപാടികളോട് വിട
ടി.വി. പരിപാടികള്‍ ഇനി ഒന്നുംതന്നെ കാണുകയില്ല എന്ന ഉറച്ച നിലപാട് എടുത്ത വ്യക്തിത്വത്തിനുടമയായിരുന്നു പാപ്പ. 1990-ല്‍ മറ്റു ഈശോ സഭ വൈദികരോടൊപ്പം ടിവി പരിപാടികള്‍ കാണുമ്പോള്അതില് കണ്ടെ ചില സീനുകളാണ് അത്തരം തീരുമാനമെടുക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നു അദ്ദേഹം പറയുന്നു. ടിവി കാണുന്നതുകൊണ്ട് തനിക്കൊരു പ്രയോജനമില്ലെന്നും സമയം വെറുതെ നഷ്ടപ്പെടുത്തുകയാണെന്നും ദൈവം തന്നോട് പറയുന്നതായി പാപ്പായ്ക്ക് അനുഭവപ്പെട്ടു. ദൈവികമായ ഒരു ഇടപെടലായിരുന്നു ഇത്. ഈ ദൈവിക അനുഭവമാണ് ടിവി പരിപാടികളോട് വിട പറയുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ടിവിയില്‍ ഫുട്ബോള്‍ മത്സരം കാണാന്‍ കഴിയാത്തതില്‍ പ്രയാസമനുഭവപ്പെട്ടിരുന്നെങ്കിലും താനെടുത്ത തീരുമാനത്തിലുറച്ചു നില്ക്കാന് പാപ്പയ്ക്കു കഴിഞ്ഞു.
വധശ്രമങ്ങളില്‍ അതിജീവനം
2021-ലെ ഇറാഖ് സന്ദര്‍ശനവേളയില്‍ പാപ്പ രണ്ട് വധശ്രമങ്ങളെ അതിജീവിച്ചതായി പറയുന്നു. ഇറാഖിലെ രണ്ടാമത്തെ പ്രധാന നഗരമായ മോസോള് സന്ദര്‍ശനവേളയിലാണു വധിക്കുവാന്‍ പദ്ധതിയിട്ടിരുന്നത്. അതിലൊന്ന് ഒരു യുവതിയുടെ ചാവേര്‍ ബോംബിലൂടെ നടത്താനിട്ടിരുന്ന വധശ്രമപദ്ധതിയായിരുന്നു. 2014 മുതല്‍ 2017 വരെ ഈ നഗരം ജിഹാദികളായ ഇസ്ലാമിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു. രണ്ടാമത്തേത് ഒരു വാനില്‍ അതിവേഗം ഓടിച്ചുവന്നു കയറ്റുവാനുള്ള മറ്റൊരു തീവ്രവാദിയുടെ പദ്ധതിയായിരുന്നു. ചാവേര്ബോംബും വാനിലൂടെ കടന്നുവരാനിരുന്ന അപകടവും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഇറാഖി പട്ടാളവും ചേര്‍ന്ന് നിര്‍വീര്യമാക്കി.
ഇറാഖിലേക്കുള്ള പരിശുദ്ധ പിതാവിന്റെ അജപാലനയാത്ര പലരും വിലക്കിയതും താക്കീതു നല്‍കുകയും ചെയ്തതായിരുന്നു. വധഭീഷണി ഉണ്ടായിരുന്നതിനാല്‍ യാത്ര മാറ്റിവയ്ക്കാനും പലരും ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും തനിക്ക് അവിടെ പോകണമെന്ന അതിയായ താല്പര്യമുണ്ടായിരുന്നു. അതുകൊണ്ട് കടുത്ത സുരക്ഷിതത്തോടെയായിരുന്നു പരിശുദ്ധ പിതാവ് ഇറാഖിലെ തന്റെ അജപാലന സന്ദര്‍ശനം ക്രമപ്പെടുത്തിയിരുന്നത്. കുറ്റമറ്റ സുരക്ഷ സംവിധാനങ്ങളോടെയാണ് പരിശുദ്ധ പിതാവ് ഇറാഖ് സന്ദര്‍ശനം പൂര്‍ത്തീകരിച്ചത്. അവിടെയും ദൈവപരിപാലനയുടെ കരങ്ങള്‍ അദ്ദേഹത്തെ സംരക്ഷിച്ചു.
ബനഡിക്ട് പാപ്പായുടെ പെട്ടി
2013-ല്‍ പരിശുദ്ധ പിതാവ് തന്റെ പാപ്പാ ശുശ്രൂഷ ആരംഭിച്ചപ്പോള്‍ പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ ഒരു പെട്ടി പാപ്പായ്ക്കു സമ്മാനമായി നല്കി. ആ പെട്ടി നിറയെ സഭ നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും അടങ്ങുന്ന ആധികാരിക രേഖകളായിരുന്നു. അതില്‍ വൈദികരുടെയും സന്ന്യസ്തരുടെയും ലൈംഗിക തിന്മകള്, കൈക്കൂലി, സഭാധികാരികളുടെ തിന്മ നിറഞ്ഞ വ്യവഹാരങ്ങള്‍, അപവാദപരമായ തെറ്റായ പ്രവര്‍ത്തനങ്ങള്‍, കൈമാറ്റങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച രേഖകള്‍ അടങ്ങിയിരിക്കുന്നു. സഭ നേരിടുന്ന പ്രശ്നങ്ങളെല്ലാം അതിലുണ്ടെന്നും ഇനി അവ പരിഹരിക്കേണ്ടത് താനാണ് എന്നും പറഞ്ഞ് കൊണ്ടാണ് ബനഡിക്ട് പതിനാറാമന്‍ പാപ്പ പ്രസ്തുത പെട്ടി ഫ്രാന്‍സിസ് പാപ്പായ്ക്ക് കൈമാറിയത്.
വിരമിക്കല്‍
വിരമിക്കല്‍ ഒരു അടഞ്ഞ അധ്യായമല്ലെന്നും അതിന്റെ സാധ്യത ഇനിയും തള്ളിക്കളയാതെ പാപ്പ തന്റെ സന്നദ്ധത തുറന്നു പറയുന്നു. എന്നാല്‍, താന്‍ ഇപ്പോഴും ആരോഗ്യവാനാണെന്നു പാപ്പ വിശ്വസിക്കുന്നു. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഫിസിയോതെറാപ്പി ചെയ്തുകൊണ്ടും തുടര്‍ ചികിത്സകള്‍ നടത്തിക്കൊണ്ടും ആരോഗ്യം സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നു. ഇതിലൂടെ തൃപ്തികരമായ രീതിയില്‍ ആരോഗ്യം പരിപാലിച്ചു മുന്നോട്ടു പോകുന്നതായി പാപ്പ സാക്ഷ്യപ്പെടുത്തുന്നു. തന്റെ പ്രായത്തിന്റെ ബുദ്ധിമുട്ടുകളാണ് താന്‍ അനുഭവിക്കുന്നതെന്നു 88 കാരനായ പാപ്പ പറയുന്നു. താന്‍ പാപ്പയായി തെരഞ്ഞെടുക്കപ്പെടുമെന്നു ഒരിക്കലും കരുതിയിരുന്നതല്ല. എന്നാല്‍ അത് ദൈവഹിതമായി താന്‍ ഏറ്റെടുത്തു. അത് തുടരാന്‍ തികച്ചും അസാധ്യമാകുന്ന സ്ഥിതി വന്നാല്‍ താന്‍ സ്വമേധയ അത് ഉപേക്ഷിക്കും എന്നതാണ് പരിശുദ്ധ പിതാവിന്റെ പക്ഷം.
സംസ്കാരം
പരിശുദ്ധ പിതാവ് മരണശേഷമുള്ള തന്റെ സംസ്കാരത്തെക്കുറിച്ച് തനിക്കുള്ള തീരുമാനത്തെ ഈ ഗ്രന്ഥത്തിലൂടെ വ്യക്തമാക്കുന്നു. സാധാരണഗതിയില്‍ പാപ്പാമാരെ കബറടക്കുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. അതിനുപകരമായി പരിശുദ്ധ പിതാവ് തന്റെ സംസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് താന്‍ സ്ഥിരം സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുന്നതും ചെയ്യുന്നതും തനിക്ക് ഏറെ പ്രിയപ്പെട്ടതുമായ മാതാവിന്റെ പേരിലുള്ള മരിയ മജ്ജോരെ എന്ന ബസിലിക്കയിലാണ്. വത്തിക്കാന്‍ തന്റെ സേവനത്തിന്റെ അവസാന വീടായിത്തന്നെ തുടരണമെന്നും നിത്യഭവനമാകരുതെന്നുമാണ് പാപ്പ ആഗ്രഹിക്കുന്നത്. പാപ്പാ താന്‍ മറ്റ് ഏതൊരു ക്രിസ്ത്യാനിയും പോലെ അന്തസ്സുള്ള ഒരു സാധാരണ ക്രൈസ്തവന് മാത്രമാണ് എന്ന് വിശ്വസിക്കുന്നു. റോമിന്റെ മെത്രാനെന്ന നിലയില്‍ ക്രിസ്തുവിന്റെ ഒരു ശിഷ്യനും വിശ്വാസികള്‍ക്കായി ഒരു അജപാലകനുമാണ്. അതെല്ലാതെ ലോകത്തിലെ ഏറ്റവും ശക്തമായ അധികാരിയല്ല.
സംഗ്രഹം
പരിശുദ്ധ പിതാവിന്റെ ‘ഹോപ്പ്’ എന്ന ആത്മകഥ ഹൃദയത്തിന്റെ ഭാഷയാണ് സംസാരിക്കുന്നത്. ആഴമായ ചിന്തകളുടെയും ജീവിത യാഥാര്‍ഥ്യങ്ങളില്‍നിന്ന് ചാലിച്ചെടുത്ത ബോധ്യങ്ങളുടെയും അക്ഷര വിരുന്നാണിത്. ഇറ്റാലിയന്‍ വേരുകളില്നിന്നാരംഭിച്ച് അര്‍ജന്റീനായുടെ പരുപരുത്ത യാഥാര്‍ഥ്യങ്ങളിലൂടെ സഞ്ചരിച്ച് ഇറ്റലിയിലേക്ക് തിരിച്ചു മടങ്ങിയെത്തുന്ന പാപ്പായുടെ സംഭവബഹുലമായ ഒരു തീര്‍ഥാടനമാണ് ഈ പുസ്തകത്തിന്റെ താളുകള്‍ അനുവാചകര്‍ക്കു സമ്മാനിക്കുന്നത്. ആഴമായ വിജ്ഞാനത്തിന്റെ മുത്തുകള്‍ നിറഞ്ഞു നില്ക്കുന്ന ഓരോ പേജും പ്രത്യാശയിലേക്കു നയിക്കുന്ന വാതായനങ്ങളാണ്. സുവിശേഷമൂല്യങ്ങളാല്‍ ദീപ്തമായതും വിശ്വാസ ചൈതന്യത്താല്‍ പ്രകാശിതമായതുമായ ഈ ആത്മകഥ ആരെയും ഇരുത്തി ചിന്തിപ്പിക്കുവാനും ദൈവവിശ്വാസത്തിന്റെ അനുഗ്രഹ പടവുകള്‍ നടന്നു കയറാന്‍ സഹായിക്കുന്നതുമാണ്. പ്രത്യാശയുടെ പ്രഭ നിറഞ്ഞു നില്ക്കുന്ന ഈ ജൂബിലി വര്‍ഷം വിശ്വാസ തീര്‍ഥാടനത്തിന് ശക്തിപകരാന്‍ പോന്ന ‘ഹോപ്പ്’ എന്ന ഈ പുസ്തകം ദിവ്യഅമൃതായി എന്നും ഏവര്‍ക്കും അമരത്വം പ്രദാനം ചെയ്യുന്നു.