ഷാജി ജോര്‍ജ്
ജീവിതത്തെ സാര്‍ത്ഥകമാക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് മോണ്‍സിഞ്ഞോര്‍ ജി. ക്രിസ്തുദാസ് നല്കുന്ന ഉത്തരം വിവരിക്കാന്‍ ഉതകുന്ന വാക്കുകളുടെ അതിശേഖരം എന്നില്‍ ഇല്ല. എന്നാല്‍ ‘ദൈവത്തിന്റെ വഴി’ എന്ന് നാമകരണം ചെയ്തിട്ടുള്ള പി. ദേവദാസ് രചിച്ചിട്ടുള്ള പുസ്തകം ആഴത്തില്‍ മോണ്‍. ക്രിസ്തുദാസിന്റെ ജീവിതയാത്ര അടയാളപ്പെടുത്തുന്നു. ഡയബറ്റിക് മൂലം 2000ത്തില്‍ മോണ്സിഞ്ഞോറിന് കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
പിന്നീട് ചികിത്സ കൊണ്ട് നേടിയെടുത്ത 35% കാഴ്ചശക്തിയോടെ അദ്ദേഹം ചെയ്ത വന്‍കാര്യങ്ങള്‍ വെളിപ്പെടുമ്പോള്‍ അദ്ഭുത സ്തബ്ധരായി പോകും നമ്മള്.
2025 ജനുവരി 11ന് അദ്ദേഹത്തിന്റെ ആതിഥേയത്വത്തില്‍ ഒരു രാത്രി ചിലവഴിക്കാന്‍ ഇടയായി. നെയ്യാറ്റിന്‍കര രൂപതയുടെ വികാരി ജനറലായിരുന്നെങ്കിലും അദ്ദേഹം താമസിച്ചിരുന്നത് ബിഷപ് ഹൗസിന് എതിര് വശത്തുള്ള പഴയ കെട്ടിടത്തിലാണ്. ഒരു ചെറിയ മുറിയില്‍ പരിമിതമായ സൗകര്യങ്ങളില്‍ സന്തോഷം കണ്ടെത്തി. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒരു നാള് ഒഴിഞ്ഞുകൊടുക്കേണ്ടി വരുന്ന ഇടങ്ങളിലാണ് നമ്മുടെ ജീവിതം എന്ന് ഉത്തരം. അന്ന് അത് പൂര്‍ണ്ണമായും മനസ്സിലായില്ലെങ്കിലും ജനുവരി 14ന് 75 വയസ്സ് പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തലേദിവസം സംഘടിപ്പിച്ച ചടങ്ങില്‍ നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവലിന് തന്റെ രാജി അദ്ദേഹം സമ്മര്‍പ്പിച്ചു. സഭ അനുശാസിക്കുന്ന 75-ാം വയസ്സിലെ വിശ്രമജീവിതം അദ്ദേഹം സ്വീകരിച്ചു.
അദ്ദേഹത്തോടുള്ള ആദരസൂചകമായി ‘ദൈവത്തിന്റെ വഴി’ പ്രിയ വായനക്കാരുടെ ശ്രദ്ധയിലേക്ക് എത്തിക്കുന്നു. പുസ്തകത്തിന്റെ ആമുഖത്തില്‍ മോണ്‍. ക്രിസ്തുദാസ് കുറിക്കുന്നു: ഒരിക്കല്‍ എന്റെ മനസ്സില്‍ ഒരു ആഗ്രഹമുണ്ടായി: എന്റെ കാഴ്ചക്കുറവ് എന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരില്‍ ആരെങ്കിലും ഒരാള്‍ അറിഞ്ഞിരിക്കണം. അതിന് ഞാന്‍ തിരഞ്ഞെടുത്തത്, ഞാന്‍ പറഞ്ഞാല്‍ അക്കാര്യം പുറത്തുപറയില്ല എന്ന് എനിക്ക് ഉറപ്പുള്ള അഭിവന്ദ്യ സൂസൈപാക്യം പിതാവിനെ ആണ്. ഞാന്‍ അപ്പോയ്ന്റ്മെന്റ ഫിക്സ് ചെയ്ത് അദ്ദേഹത്തെ കാണാന്‍ വെള്ളയമ്പലം ബിഷപ്സ് ഹൗസില്‍ പോയി. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: ”അച്ചന് കാഴ്ച ഉള്ളവരെക്കാള്‍ ശക്തിയായി എല്ലാ കാര്യങ്ങളിലും നെയ്യാറ്റിന്‍കര രൂപതയില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കുന്നു. അച്ചനു കാഴ്ചയില്ലെന്ന് ആരു പറയും?’ അപ്പോള്‍ എനിക്ക് മനസ്സിലായി, പിതാവിനും എന്റെ അവസ്ഥ മനസ്സിലായിട്ടില്ല എന്ന്. അവിടെ നിന്ന് കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ ഇറങ്ങിപ്പോന്നത്.
ഞാന്‍ എന്റെ പൗരോഹിത്യ ജീവിതത്തില്‍ അഭിവന്ദ്യ വിന്‍സെന്റ് സാമുവല്‍ പിതാവിനോടൊപ്പം 48 വര്‍ഷക്കാലം പൂര്‍ത്തീകരിച്ചിരിക്കുന്നു. അതില്‍ 2004 മുതല്‍ വികാരി ജനറല്‍ എന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിച്ചുവരുന്നു ഇന്ന് എനിക്ക് 39% ത്തോളം കാഴ്ചശക്തി മാത്രമേ ഉള്ളൂ. എന്നാല്‍ മറ്റുള്ളവരെക്കാള്‍ ഉപരിയായി എല്ലാ കാര്യങ്ങളിലും –പൊതുവായ പ്രവര്‍ത്തനങ്ങളിലും– ധൈര്യത്തോടും ആത്മവിശ്വാസത്തോടുകൂടെ, രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ, പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിക്കുന്നു. അതിന് എന്നെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത് അഭിവന്ദ്യ പിതാവും ഒരു കൂട്ടം സഹോദര വൈദികരും, എന്നോടൊപ്പം സഹകരിക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്ന കുടുംബത്തിലും കൂടെയുള്ളവരുമായ സഹോദരങ്ങളാണ്.
‘ദൈവത്തിന്റെ വഴി’ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെ പത്ത് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലമാണ് ആദ്യഭാഗം. മോണ്‍. ജി. ക്രിസ്തുദാസിന്റെ ജന്മസ്ഥലമായ തിരുപുറം ഉള്‍പ്പെടെ സമീപസ്ഥമായ ഏതാനും സ്ഥലനാമങ്ങളുടെ ഉല്പത്തിയെക്കുറിച്ചുള്ള പഠനമാണ് ‘പ്രാദേശിക സ്ഥലനാമോല്പത്തി’ എന്ന രണ്ടാം ഭാഗം. മിഷന് പ്രവര്‍ത്തനത്തോടൊപ്പം നെയ്യാറ്റിന്‍കര രൂപതയുടെ ഉത്ഭവവും വളര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മൂന്നാം ഭാഗത്തും മുള്ളുവിള ദേവാലയത്തെയും തുടര്‍ന്നുവന്ന ദേവാലയങ്ങളെയും കുറിച്ചുള്ള വിവരണം നാലാം ഭാഗത്തും ചേര്‍ത്തിരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് അഞ്ചാം ഭാഗത്തും കുടുംബാംഗങ്ങളായ അഞ്ചുപേരുടെ കുറിപ്പുകള്‍ ആറാം ഭാഗത്തും നല്കിയിരിക്കുന്നു. ക്രിസ്തുദാസച്ചന്റെ ദൈവവിളിയെയും സേവനമനുഷ്ഠിച്ചിട്ടുള്ള ഇടവകകളെയും കുറിച്ചാണ് ഏഴാം ഭാഗത്ത് പ്രതിപാദിക്കുന്നത്. അദ്ദേഹത്തിന്റെ സാമൂഹിക സേവനരംഗങ്ങളെ കുറിച്ചുള്ള വിവരണമാണ് എട്ടാം ഭാഗം. പരസ്നേഹ പ്രവര്‍ത്തനങ്ങളിലൂടെ സ്വജീവിതം ധന്യമാക്കുന്ന മോണ്‍. ജി. ക്രിസ്തുദാസ് തന്റെ ജീവിതത്തിന്റെ 75 വര്‍ഷം പിന്നിടുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തെ അനുഭവിച്ചറിഞ്ഞ നിരവധി പേര് കുറിപ്പുകളുമായി മുന്നോട്ടുവന്നുവെങ്കിലും അവയില്‍ നിന്നും തിരഞ്ഞെടുത്ത 75 പേരുടെ രേഖപ്പെടുത്തലുകളാണ് ‘ഓര്‍മക്കുറിപ്പുകള്‍’ എന്ന ഒന്‍പതാം ഭാഗത്തുള്ളത്. പത്താം ഭാഗം ഉപസംഹാരമാണ്. (പുസ്തകത്തിന്റെ ആമുഖ കുറിപ്പ് പി. ദേവദാസ്).
പ്രിയപ്പെട്ടവരുടെ ‘ക്രിസ്തുദാസച്ചന്’ നിശ്ചയദാര്‍ഡ്യത്തിന്റെ ആള്‍രൂപമാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന് തുണയായി വര്‍ത്തിച്ച ലിയോയെ പോലെ അഭിവന്ദ്യ വിന്‍സെന്റ് സാമുവല്‍ പിതാവിന് അദ്ദേഹം കൂട്ടാളിയായി.
നെയ്യാറ്റിന്‍കര രൂപതയുടെ ബഹുമുഖ വളര്‍ച്ച ലക്ഷ്യംവച്ചുകൊണ്ട് അജപാലനം, സാമൂഹിക സേവനം, വിദ്യാഭ്യാസം, യുവജന സേവനം, കുടുംബപ്രേഷിതത്വം, അല്മായ സേവനം എന്നീ 6 ശുശ്രൂഷാ സമിതികള്‍ പ്രവര്‍ത്തിക്കുന്നു. ശാസ്ത്രീയമായി ക്രമീകരിക്കുപ്പെട്ടിരിക്കുന്ന അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങള്‍ വചനം പങ്കുവയ്ക്കാനും ജനപങ്കാളിത്തത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് സഭയുടെ മുഖ്യധാരയിലേക്ക് വരാനും സഭാമക്കള്‍ക്കു പ്രചോദനമേകത്തക്ക വിധത്തില്‍ എല്ലാ ശുശ്രൂഷാ സമിതികളും പ്രവര്‍ത്തിക്കുന്നു. ക്രമീകൃതവും കാര്യക്ഷമവുമായ മതബോധന ക്ലാസ്സുകള്‍ നെയ്യാറ്റിന്‍കര രൂപതയുടെ പ്രത്യേകതയാണ്.
അഭൂതപൂര്‍വമായ വളര്‍ച്ചയുടെ കാല്‍നൂറ്റാണ്ട് നെയ്യാറ്റിന്‍കര രൂപത പിന്നിട്ടിരിക്കുന്നു. രൂപതയില്‍പെട്ട തെക്കന്‍ കുരിശുമല ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറിയിരിക്കുന്നു. ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1957-ല്‍ ഇവിടെ കുരിശു സ്ഥാപിച്ചതിനു ശേഷം ഇത് ജനലക്ഷങ്ങള്‍ക്കു സാന്ത്വനമരുളുന്ന ഒരിടമായി മാറിയിരിക്കുന്നു. 1995 സെപ്റ്റംബര്‍ മാസം 1-ാം തീയതി വാഴിച്ചലില്‍ ആരംഭിച്ച ഇമ്മാനുവല്‍ കോളജും 2005-ല്ആരംഭിച്ച ബി.എഡ്. കോളജും വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കുന്നു. പേയാടിനടുത്ത് ഈഴക്കോടില് 1997 നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ട സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സെമിനാരിയും 2009-ല്‍ പോങ്ങുംമൂടില് ആരംഭിച്ച സെന്റ് വിന്‍സെന്റ്സ് സെമിനാരിയും രൂപതയുടെ അതിപ്രധാനമായ ഒരു കാല്‍വയ്പാണ്. രൂപതാ സ്ഥാപനം മുതല്‍ പുതിയ സ്ഥലങ്ങളിലേക്കു മാറുന്നതുവരെ ബിഷപ്സ് ഹൗസും ഓഫീസുകളും താല്‍ക്കാലികമായി തൊഴുക്കലിലുള്ള വാടകമന്ദിരങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ബിഷപ്സ് ഹൗസ് സ്വന്തം കെട്ടിടത്തിലേക്ക് 2001 ജനുവരി 16 നും രൂപതയിലെ വിവിധ പരിപാടികള്‍ നടത്താനുപകരിക്കുന്ന ലോഗോസ് പാസ്റ്ററല്‍ സെന്റര്‍ 2003 മേയ് 1 നും ഉദ്ഘാടനം ചെയ്യപ്പെട്ടു. നാഷണല്‍ ഹൈവേയോടു ചേര്‍ന്ന് രൂപതയുടേതായി പത്താംകല്ലില് സ്ഥിതിചെയ്തിരുന്ന പഴയ മെത്രാസന മന്ദിരത്തിനഭിമുഖമായി നിര്‍മിതമായ പുതിയ മെത്രാസന മന്ദിരം 2016 ലാണ് ആശീര്‍വദിക്കപ്പെട്ടത്. നെടുമങ്ങാടിലുള്ള നവജ്യോതി ആനിമേഷന്‍ സെന്റര്‍ 2020 ലും ആശീര്‍വദിക്കപ്പെട്ടു. 2024ല്‍ ആരംഭിച്ച ജൂബിലി മെമ്മോറിയല്‍ ലോ കോളേജും മികച്ച നേട്ടം തന്നെ.
നെയ്യാറ്റിന്‍കര സാന്‍ജോസ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ‘ദൈവത്തിന്റെ വഴി’പുസ്തകം നല്കുന്ന സന്ദേശം വ്യക്തമാണ്. ദൈവരാജ്യത്തില്‍ തെരുവുവിളക്കുകളില്ല. ഒരു പദം വയ്ക്കാനുള്ള വെളിച്ചപ്പൊട്ടേ മുന്നില്‍ വീഴുകയുള്ളു. അതുകൊണ്ടാണല്ലോ കാര്‍ഡിനല്‍ ന്യൂമാന്‍ ആ വെളിച്ചത്തിനായി പ്രാര്‍ത്ഥിച്ചത്. നുറുങ്ങുവെട്ടത്തിന്റെ തെളിച്ചത്തില്‍ നന്മയുടെ വഴികള്‍ തെളിച്ച പുരോഹിതശ്രേഷ്ഠനാണ് മോണ്‍. ജി.ക്രിസ്തുദാസ്.