ജെയിംസ് അഗസ്റ്റിന്
ലോകത്തോടു വിട പറഞ്ഞ ഗായകന് ജയചന്ദ്രനെ അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ എല്ലാവരും ഓര്‍ക്കുമ്പോള്‍ ഗായിക മിന് മിനി അദ്ദേഹത്തെക്കുറിച്ചു പറയുന്നത് നന്ദി നിറഞ്ഞ മനസ്സോടെയാണ്. ഇളയരാജ തെന്നിന്ത്യന്‍ സിനിമാസംഗീതത്തിലെ ‘രാജാ’ ആയി വിരാജിക്കുന്ന കാലത്തു അദ്ദേഹത്തെ കാണാന്‍ ഗായകരും ആരാധകരും അവസരം ചോദിച്ചു നടക്കുമ്പോള്‍ ഇളയരാജായുടെ മുന്നില്‍ മിന് മിനിയെ പരിചയപ്പെടുത്തിയത് ജയചന്ദ്രനായിരുന്നു.
ഗള്‍ഫില്‍ നടന്നൊരു ഗാനമേളയില്‍ മിന് മിനി പാടിയൊരു പാട്ട് വീഡിയോ കസ്സറ്റില് നിന്നും ജയചന്ദ്രന് കാണാനും കേള്ക്കാനുമിടയായതാണ് അങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് നിദാനമായത്. അന്നത്തെ സംഭവങ്ങള്‍ മിന് മിനി ഇങ്ങനെ ഓര്‍ക്കുന്നു.
‘ഞാന്‍ എറണാകളം സി.എ.സി.യുടെ ഗായകസംഘത്തില്‍ പാടുന്ന കാലം. ആല്‍ബങ്ങള്‍ക്കായി ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും പാടുന്നുണ്ട്. ഗാനമേളകളും റെക്കോര്ഡിങ്ങുകളുമായി മുന്നോട്ടു പോകുന്നു. ആ ദിവസങ്ങളില്‍ പാലക്കാട്ടു വച്ച് ജെറി അമല്‍ദേവ് സാറിന്റെ ഒരു ഗാനമേളയ്ക്കു പാടുന്നതിനായി പോയി. കൂട്ടിന് അപ്പച്ചനുമുണ്ടായിരുന്നു. കൂടെ പാടുന്നത് കൃഷ്ണചന്ദ്രന് ചേട്ടനായിരുന്നു. എന്നെ കണ്ടയുടനെ കൃഷ്ണചന്ദ്രന് ചേട്ടന് പറഞ്ഞു. മിനിയെ ഇളയരാജ സാര്‍ അന്വേഷിക്കുന്നുണ്ടല്ലോ? എനിക്കന്നു ഇളയരാജ സാറിന്റെ വലുപ്പത്തെക്കുറിച്ചറിയില്ല. അതുകൊണ്ടുതന്നെ വലിയ ആശ്ചര്യമൊന്നും ഞാന്‍ പ്രകടിപ്പിച്ചില്ല. കൃഷ്ണചന്ദ്രന് ചേട്ടന് എന്റെ അപ്പച്ചനോട് പറഞ്ഞു, ജയചന്ദ്രന്ചേട്ടനെ ഉടനെ വിളിക്കണം. ഫോണ്‍ നമ്പറും നല്കി. അപ്പച്ചന് അന്നു തന്നെ ജയചന്ദ്രന് സാറിനെ വിളിച്ചു. അപ്പോഴാണറിയുന്നത്, കുറെ ദിവസങ്ങളായി ഞങ്ങളെ വിളിക്കാന്‍ ശ്രമിക്കുന്നു. സ്റ്റുഡിയോകളില്‍ വിളിച്ചു അറിയിച്ചെങ്കിലും ആരും ഞങ്ങളോട് പറഞ്ഞിരുന്നില്ല. വീടുകളില്‍ ഫോണില്ലാത്ത കാലമായിരുന്നു. ഉടനെ ഇളയരാജ സാറിനെ കാണണം എന്നായിരുന്നു ജയചന്ദ്രന് സാര്‍ ആവശ്യപ്പെട്ടത്. ഉടനെ മദ്രാസിലേക്ക് പോകാന്‍ പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഞാന്‍ ഏറ്റെടുത്തിരുന്ന ഗാനമേളകള്‍, റെക്കോര്‍ഡിങ്ങുകള്‍ എല്ലാം മുടങ്ങുമല്ലോ. ഏറ്റെടുത്തിരുന്ന എല്ലാം പൂര്‍ത്തിയാക്കി ഞാനും അപ്പച്ചനും മദ്രാസിലെത്തി. ജെറി അമല്‍ദേവ് സാറിന്റെ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചത്. ഞങ്ങള്‍ എത്തിയ ദിവസം തന്നെ ജയചന്ദ്രന് സാര്‍ കാറുമായി എത്തി. ജെറി മാഷിന്റെ വീട്ടില്‍ വച്ച് എന്നോട് ചോദിച്ചു. ഏത് പാട്ടാണ് ഇളയരാജാ സാറിന്റെ മുന്നില്‍ പാടാന്‍ ഒരുങ്ങിയിട്ടുള്ളത് ?
അതൊന്നു പാടൂ. ‘വലംപിരി ശംഖില്‍ തുളസീ തീര്‍ത്ഥം’ എന്നു തുടങ്ങുന്ന ഗാനം ഞാന്‍ പാടി. ജെറി മാഷിനും ജയചന്ദ്രന് സാറിനും ഒത്തിരി ഇഷ്ടമായി. ഇങ്ങനെ പാടിയാല്‍ മതിയെന്നു ഇരുവരും പറഞ്ഞു. ഒന്നുകൂടി പറഞ്ഞു, എന്നെ സാര്‍ എന്ന് വിളിക്കരുത്. നീ എനിക്ക് സ്വന്തം വീട്ടിലെ കുട്ടിയാണ്. അങ്കിള്‍ എന്നു വിളിച്ചോളൂ. അപ്പോള്‍ മുതല്‍ ഞാന്‍ ജയന് അങ്കിള്‍ എന്ന് വിളിച്ചു തുടങ്ങി. ജയന് അങ്കിളിന്റെ കാറില്‍ ഞങ്ങളെ ഇളയരാജ സാറിന്റെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. പോകും വഴി റോഡില്‍ പലയിടത്തും ഇളയരാജ സാറിന്റെ വലിയ കട്ട് ഔട്ടുകള്‍ കണ്ടു. സ്റ്റുഡിയോയുടെ മുന്നില്‍ ഇളയരാജ സാറിനെ കാണാന്‍ കാത്തു നില്ക്കുന്ന ആരാധകരെയും അവസരം കാത്തുനില്ക്കുന്ന ഗായകരെയും കടന്നു നേരെ ഞങ്ങള്‍ അകത്തേക്ക് കയറി. ജയന് അങ്കിളിനു അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നല്ലോ!
ഇളയരാജ സാര്‍ ഉടനെ തന്നെ വന്നു. എന്റെ പേരു ചോദിച്ചു. ഒരു കീര്‍ത്തനം പാടാന്‍ പറഞ്ഞു. എനിക്ക് കീര്‍ത്തനം അറിയില്ല എന്നു പറഞ്ഞപ്പോള്‍ അറിയാവുന്ന പാട്ടു പാടാന്‍ പറഞ്ഞു. ഞാന്‍ ‘വലംപിരി ശംഖില്‍’ എന്ന് തുടങ്ങുന്ന ഗാനം പാടി. സാര്‍ മുഴുവനും കേട്ടു.
എത്രദിവസം കൊണ്ടാണ് പഠിച്ചതെന്ന് ചോദിച്ചു. മൂന്നോ നാലോ തവണ മാത്രമേ കേട്ടിട്ടുള്ളൂ എന്ന് മറുപടി പറഞ്ഞു. ഒരു പാട്ടു കൂടി പാടാന്‍ പറഞ്ഞു. ‘എത്ര പൂക്കാലം ഇനി എത്ര മധുമാസം’ എന്ന സിനിമാ ഗാനം കൂടി ഞാന്‍ പാടി. പാടിക്കഴിഞ്ഞപ്പോള്‍ തന്നെ മറുപടി വന്നു. ഇനി നാട്ടിലേക്ക് പോകേണ്ട. മദ്രാസില്‍ തന്നെ നിന്നോളൂ. എനിക്ക് അത്ഭുതവും ആശങ്കയും ഉണ്ടായി. ഞങ്ങളെ സ്റ്റുഡിയോ കാണുന്നതിനായി ഉള്ളിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്. അപ്പോള്‍ അവിടെ പാടിക്കൊണ്ടിരുന്നത് ആശാ ഭോസ്ലെ ആയിരുന്നു. വിസ്മയക്കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ ജെറി മാഷിന്റെ വീട്ടില്‍ തിരിച്ചെത്തി. ജയന് അങ്കിള്‍ തിരിച്ചു പോയി കുറച്ചു കഴിഞ്ഞപ്പോള്‍ ഇളയരാജ സാര്‍ കാര്‍ അയച്ചിട്ടു ഉടനെ സ്റ്റുഡിയോയിലെത്താന്‍ പറഞ്ഞു.
സ്റ്റുഡിയോയിലെത്തിയപാടെ പാട്ട് വേഗം എഴുതി എടുക്കാന്‍ പറഞ്ഞു. അന്ന് തന്നെ പാടി. കൂടെ പാടിയത് മനോ എന്ന പ്രശസ്ത ഗായകനായിരുന്നു. ആദ്യ ഗാനം തന്നെ അദ്ദേഹത്തിന് ഇഷ്ടമായി. അടുത്ത ദിവസവും ജയന് അങ്കിള്‍ കാറുമായി വന്നു. അന്നും ഒരു പാട്ടു പാടി. അതിനു ശേഷം കീരവാണി സാറിനെയും രാജാമണി സാറിനെയും ജയന് അങ്കിള്‍ പരിചയപ്പെടുത്തി തന്നു.
പിന്നീട് എല്ലാ ദിവസവും എനിക്ക് തമിഴ് സിനിമാ ഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞു. ഒഴിവില്ലാത്ത ദിനങ്ങള്‍. അടുത്ത വര്‍ഷം തന്നെ റോജയിലെ ചിന്ന ചിന്ന ആശൈയും പാടി. ചിന്ന ആശകളുമായി നടന്നിരുന്ന എന്നെ ഉയരങ്ങളിലേക്ക് കൈ പിടിച്ചു നടത്തിയത് ജയന് അങ്കിള്‍ ആയിരുന്നു. പ്രണാമം ജയന് അങ്കിള്‍. ഒരു പ്രതിഭ മറ്റൊരു പ്രതിഭയെ സിനിമയുടെ വിശാലലോകത്തിലേക്കു കൈപിടിച്ച് നടത്തി. വലിയ മനസ്സുള്ളൊരാള്‍ മാത്രമേ അതിനു തയ്യാറാകുകയുള്ളൂ. ജയചന്ദ്രന് എന്ന വലിയ മനസ്സുള്ള ഗായകന് പ്രാര്‍ത്ഥനാഞ്ജലികള്‍.