കൊച്ചി : 350 ഗ്രാം മാത്രം തൂക്കവുമായി ഗുരുതരാവസ്ഥയിൽ പിറന്ന നവജാതശിശു ‘നോവ’ ക്ക് എറണാകുളം ലൂർദ് ആശുപത്രിയിലെ മെഡിക്കൽ സംഘം പുതുജീവൻ നല്കി. റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെയും സൗത്ത്-ഈസ്റ്റ് ഏഷ്യയിലെയും തന്നെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവാണ് “നോവ”.
ജനിക്കുമ്പോൾ 375 ഗ്രാം ഭാരം ഉണ്ടായിരുന്ന ഹൈദരാബാദ് സ്വദേശിയെയാണ് നിലവിൽ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവായി കണക്കാക്കുന്നത്. ആ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള 380 ഗ്രാം ഭാരത്തോടെ ജനിച്ച, ഇപ്പോൾ പൂർണ്ണാരോഗ്യത്തോടെ UKG യിൽ പഠിക്കുന്ന കാശ്വിയെ 2019 ൽ ജീവിതത്തിലേക്ക് കൊണ്ടുവന്നതും എറണാകുളം ലൂർദ് ആശുപത്രി തന്നെയാണ്.
നവജാത ശിശുരോഗവിദഗ്ധൻ ഡോ. റോജോ ജോയിയുടെ നേതൃത്വത്തിൽ 100 ദിവത്തിലധികം നീണ്ട നൂതനവും അതിസങ്കീർണ്ണവുമായ ചികിത്സയിലൂടെയാണ് കുഞ്ഞ് നോവയുടെ ജീവൻ സാധാരണനിലയിൽ എത്തിച്ചത് .
ഏതൊരു നവജാതശിശുവിന്റെയും അതിജീവനത്തിന് കുറഞ്ഞത് 24 ആഴ്ചയെങ്കിലും അമ്മയുടെ ഉദരത്തിൽവെച്ച് വളർച്ച പ്രാപിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ‘നോവ’ യുടെ കാര്യത്തിൽ നവജാതശിശു വിദഗ്ധർ അഭിമുഖീകരിച്ച പ്രധാനപ്പെട്ട മൂന്ന് വെല്ലുവിളികളിൽ ഒന്ന് ശിശുവിൻ്റെ അതിജീവനത്തിന് ആവശ്യമായ കുറഞ്ഞ വളർച്ച പോലും എത്താതെ ഇരുപത്തിമൂന്നാമത്തെ ആഴ്ചയിൽ ആയിരുന്നു ജനനം എന്നതാണ്. കൂടാതെ ജനിക്കുന്ന സമയത്തു നോവയുടെ അമ്മയായ സുജിഷയ്ക്ക് അണുബാധ ഉണ്ടായിരുന്നതും ഇത് കുഞ്ഞിലേക്കും ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നതും, കുഞ്ഞിന്റെ ഭാരം വളരെ കുറവായിരുന്നു എന്നതുമാണ് മറ്റു പ്രധാന വെല്ലുവിളികൾ.
അമ്മയിൽ നിന്ന് കുഞ്ഞിന് അണുബാധ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ യഥാസമയം സ്വീകരിച്ചതുവഴി യാതൊരു പ്രശ്നവും ഇല്ലാതെ തന്നെ കുഞ്ഞിന്റെ ശുശ്രൂഷ മുന്നോട്ട് കൊണ്ടുപോകുവാൻ ലൂർദ് ആശുപത്രിയിലെ ഡോ. റോജോയുടെ നേതൃത്വത്തിൽ ഉള്ള നിയോനേറ്റൽ വിഭാഗത്തിന് കഴിഞ്ഞു.
പൂർണ്ണ വളർച്ച എത്താതിരുന്നതിനാൽകുഞ്ഞിന്റെ എല്ലാ അവയവങ്ങളുടെയും വളർച്ചയും കുറവായിരുന്നു. ആയതിനാൽ ജനിച്ച ഉടനെ കുഞ്ഞിൻ്റെ ജീവൻ നിലനിർത്തുന്നതിനായി ലേബർ റൂമിൽ വെച്ചു തന്നെ കുഞ്ഞിന് കൃത്രിമ ശ്വാസം നൽകി. പിന്നീട് ഒരു മാസത്തോളം ‘എൻ.ഐ.സി.യുവിൽ വെന്റിലേറ്റർ സഹായത്തോടെ കൃത്രിമ ശ്വാസോച്ഛ്വാസം തുടരുകയും ചെയ്തു. അതിനു ശേഷം കുഞ്ഞിനെ അത്യാധുനിക നോൺ ഇൻവേസീവ് വെൻ്റിലേറ്റർ സംവിധാനത്തിലേക്ക് മാറ്റി. കുഞ്ഞിന് പോയിന്റ് ഓഫ് കെയർ എക്കോകാർഡിയോഗ്രാം, ന്യൂറോസോണോഗ്രാം എന്നിവ ചെയ്യുകയും, ഹൃദയമിടിപപ്പ് കുറവായതിനാൽ അത് നിലനിർത്തുന്നതിന് ആവശ്യമായ മരുന്നുകളും നൽകേണ്ടിവന്നു.
കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ ആയിരിക്കുമ്പോൾ ഉണ്ടാവേണ്ട വളർച്ച പുറം ലോകത്ത് വളരുമ്പോഴും ലഭിക്കുവാൻ തുടക്കത്തിൽ ടോട്ടൽ പരന്റാറൽ ന്യൂട്രീഷൻ – ഗ്ലൂക്കോസും, പ്രോട്ടീനും, ലിക്വിഡ്സും നൽകി. പിന്നീട് അമ്മയുടെ മുലപ്പാൽ കൊടുക്കാൻ തുടങ്ങുകയും ചെയ്തു. പതിയെ മുലപ്പാലിന്റെ അളവ് കൂട്ടി ആവശ്യമായ ന്യൂട്രിഷൻ കുഞ്ഞിന് ലഭ്യമാക്കുവാനും നിയോനേറ്റൽ വിഭാഗത്തിനു കഴിഞ്ഞു.
കുഞ്ഞിന്റെ കണ്ണിന്റെ വളർച്ച സൂക്ഷ്മമായി പരിശോധിക്കുക എന്നതും വളരെ പ്രധാനപെട്ട കാര്യമായിരുന്നു. എറണാകുളം ഗിരിധർ ആശുപത്രിയിലെ ഡോ. അനുഭവ് ഗോയലിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഇതിനുവേണ്ട വിദഗ്ദ സേവനം നല്കിയത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളിൽ സാധരണമായി കണ്ടുവരുന്ന ‘റെറ്റിനോപ്പതി ഓഫ് പ്രിമെച്ചുരിറ്റി’ എന്ന രോഗാവസ്ഥ ഈ കുഞ്ഞിന് ഉണ്ടായില്ലെന്നും അതിനുവേണ്ടി നവജാതശിശു വിഭാഗം സ്വീകരിച്ച മുൻകരുതലുകൾ അഭിനന്ദനാർഹമാണെന്നും ഡോ. അനുഭവ് പറഞ്ഞു.
നോവയുടെ പരിചരണത്തിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കുകയും വിദഗ്ധരായ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സേവനം ലഭ്യമാക്കുകയും ചെയ്തിരുന്നതായി ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ. ജോർജ്ജ് സെക്വീര പത്രസമ്മേളനത്തിൽ പറഞ്ഞു.
ലൂർദ് ആശുപത്രിയിലെ നവജാത ശിശുരോഗവിദഗ്ധൻ ഡോ. റോജോ ജോയിയുടെ നേതൃത്വത്തിൽ ഡോ. അഷ്റിൻ നൗഷാദ്, ഡോ. മെവിൻ ജോസ്ഫ്, ഡോ. കാവേരി എം.എസ്, ഡോ. അഫീന എസ്, ഡോ. അപർണ രാജ് എന്നിവരുടെയും നിയോനേറ്റൽ ICU ഹെഡ് നേഴ്സ് സ്മിതാദേവി കെ. യുടെ കീഴിലുള്ള നഴ്സുമാരുടെയും കണ്ണിമ ചിമ്മാതെയുള്ള പരിപാലനവുമാണ് കുഞ്ഞിൻ്റെ അതിജീവനം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മാസം തികയാതെ പ്രസവിച്ച കുഞ്ഞിൻ്റെ അമ്മയ്ക്ക് അടിയന്തര വൈദ്യസഹായം നൽകിയ ലൂർദ് ആശുപത്രി ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ദിവ്യ ജോസ്, കുഞ്ഞിൻ്റെ വളർച്ചയും ആരോഗ്യ പുരോഗതിയും കൃത്യമായി മോണിറ്റർ ചെയ്യുന്നതിന് നേതൃത്വം നൽകിയ റേഡിയോളജി വിഭാഗത്തിന്റെയും മറ്റു വിവിധ വിഭാഗങ്ങളുടെയും സഹകരണം കൊണ്ടാണ് പൂർണ്ണ ആരോഗ്യത്തോടെ കുഞ്ഞിനെ രക്ഷിച്ചെടുക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണെന്നും സ്വന്തമായി ശ്വാസോച്ഛ്വാസം എടുക്കുവാൻ കഴിയുന്നുണ്ടെന്നും കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി മറ്റു സപ്പോർട്ടുകളില്ലാതെ മാതാവിനോടൊപ്പം സാധാരണ മുറിയിലാണ് കുട്ടി ഉള്ളതെന്നും ഡോ.റോജോ ജോയ് അറിയിച്ചു. ഇപ്പോൾ കുട്ടിക്ക് 1.850 കിലോഗ്രാം ഭാരമുണ്ടെന്നും അടുത്ത ദിവസം തന്നെ വീട്ടിലേക്ക് പോകാൻ കഴിയും എന്നും ഡോക്ടർ പറഞ്ഞു.
പത്രസമ്മേളനത്തിൽ ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ജോർജ്ജ് സെക്വീര, അസോസിയേറ്റ് ഡയറക്ടർ ഫാ.വിമൽ ഫ്രാൻസിസ്, കുട്ടിയുടെ പിതാവ് കെവിൻ ഡുറോം, നവജാത ശിശുരോഗവിദഗ്ധൻ ഡോ. റോജോ ജോയി, ജൂനിയർ കൺസൾട്ടൻ്റ് ഡോ. അഷ്രിൻ നൗഷാദ്, ഒബ്സ്റ്റാട്രിക്സ് & ഗൈനക്കോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. പ്രവീണ എലിസബത്ത്, റിലേഷൻസ് ആൻഡ് ഓപ്പറേഷൻസ് ഓഫീസർ റ്റിറ്റ്സൺ ദേവസി തുടങ്ങിയവർ പങ്കെടുത്തു. കുട്ടിയുടെ മാതാവ് ഓൺലൈൻ ആയി സംബന്ധിച്ചു.
കുഞ്ഞിൻ്റെ അതിജീവനം സാധ്യമാക്കിയ ഡോക്ടർ റോജോ ജോയിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാർക്കും നേഴ്സുമാർക്കും ലൂർദ് ഹോസ്പിറ്റൽ മാനേജ്മെൻ്റിനും പ്രതിസന്ധിഘട്ടത്തിൽ സാമ്പത്തികമായി സഹായിച്ചവർക്കും കുട്ടിയുടെ കുടുംബം നന്ദി പറഞ്ഞു.