തിരുവനന്തപുരം: സർക്കാർ ഷെൽഫുകളിൽ അടച്ചുപൂട്ടി വച്ചിരിക്കുന്ന ജെ. ബി.കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തിറക്കാൻ ലത്തീൻ സമുദായ നേതൃത്വം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെൻ്റ് സാമുവൽ അഭിപ്രായപ്പെട്ടു.
ലത്തീൻ കത്തോലിക്ക ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ടിഎസ്എസ്എസ് ഹാളിൽ സംഘടിപ്പിച്ച കെആർഎൽ സിസി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോപണങ്ങൾ വരുമ്പോൾ സ്വന്തം മാളത്തിലേക്ക് ഒരുങ്ങുന്നവരാകരുത് നമ്മൾ.പൊതുനന്മക്കുവേണ്ടി പടപൊരുതാൻ സമുദായ സ്നേഹികൾ മുന്നിട്ടിറങ്ങണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് അധ്യക്ഷനായിരുന്നു. കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ ജിജു ജോർജ് അറക്കത്തറ,നിയുക്ത കെസിബിസി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് സിസ്റ്റർ ജൂഡി വർഗീസ്, സെക്രട്ടറി പ്രബലദാസ്,സെക്രട്ടറിമാരായ പാട്രിക് മൈക്കിൾ, മെറ്റിൽഡ മൈക്കിൾ, ട്രഷറർ ബിജു ജോസി,എന്നിവർ പ്രസംഗിച്ചു.