വില്‍സി സൈമണ്‍
ഗര്‍ഭം അലസിയതിനെ തുടര്‍ന്നു വനിതാ ജഡ്ജിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെ അവരുടെ പ്രകടനം മോശമാണെന്ന് പറഞ്ഞു അവരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് ‘പുരുഷന്മാര്ക്ക് ആര്‍ത്തവമുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ മനസ്സിലാവുമായിരുന്നു’ എന്ന അഭിപ്രായം ജസ്റ്റിസ് നാഗരത്ന പ്രകടിപ്പിച്ചത്. ഈ വാര്‍ത്ത വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ കടന്നുപോയെങ്കിലും ഗുണാത്മകമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് അവസരം ഒരുക്കി.
വീടുകളിലൂടെയും ഓരങ്ങളിലൂടെയും ജോലിയിടങ്ങളിലും നടന്നുനീങ്ങുന്ന ആയിരക്കണക്കിന് സ്ത്രീകളെ നാം നിത്യേന കണ്ടുമുട്ടാറുണ്ട്. അവരില്‍ നമ്മുടെ അമ്മമാരുണ്ട്. ഭാര്യമാരും സഹോദരിമാരും മക്കളും ഉണ്ട്. അവര്‍ ജീവിക്കുന്ന ജീവിതങ്ങള്‍ പലപ്പോഴും നമ്മുടെ ശ്രദ്ധയില്‍ പതിയാറില്ല.
പകലന്തിയോളം വീടുകളില്‍ പണിയെടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു ശരാശരി സ്ത്രീയും തൊഴിലിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന വനിതകളും നിരവധി സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ്. ആര്‍ത്തവം സ്ത്രീകളില്‍ ഏറ്റവും പ്രാധാന്യമേറിയ ഒരു ശാരീരിക പ്രവര്‍ത്തനമാണ്. ആര്‍ത്തവം അഥവാ മെന്‍സസ് സ്ത്രീശരീരത്തിലെ ഒരു ആരോഗ്യസൂചികയാണ്. പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീക്ക് മെന്‍സ്ട്രൂവേഷന്‍ അത്രമേല്‍ പ്രാധാന്യമേറിയതാണെന്നിരിക്കെ അവള്‍ക്ക് ആര്‍ത്തവസമയങ്ങളില്‍ വേണ്ടത്ര പിന്തുണ ആണുങ്ങള് നല്‍കാറുണ്ടോ എന്ന് സംശയമുണ്ട്.
ആര്‍ത്തവത്തിന് മുമ്പും പിമ്പും സ്ത്രീകള്‍ ശാരീരികവും മാനസികവുമായ നിരവധി സമ്മര്‍ദ്ദങ്ങളിലൂടെ കടന്നു പോകുന്നവരാണ്. എല്ലാ മാസങ്ങളിലും ആറോ ഏഴോ ദിവസം നീണ്ടു നില്ക്കുന്ന ഒരു ബ്ലീഡിംഗ് മാത്രമാണ് ആര്‍ത്തവം എന്ന് ചിന്തിക്കുന്നവരാണ് ബഹുഭൂരിപക്ഷം പുരുഷന്മാരും. ആര്‍ത്തവദിനങ്ങളില്‍ പോലും സെക്സിന് നിര്‍ബന്ധിക്കുന്ന ഭര്ത്താക്കന്മാര് നമ്മുടെ ഇടയില്‍ ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
പലപ്പോഴും ആര്‍ത്തവദിനങ്ങളില്‍ സ്ത്രീകള്‍ അമിതമായ ടെന്‍ഷന്‍ അനുഭവിക്കുന്നവരാണ്. അവരുടെ ദിനചര്യകള്‍ താളം തെറ്റുന്നു. മെന്‍സസ് തുടങ്ങുന്നതിന് നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സ്വാഭാവത്തില്‍ കാര്യമായ വ്യതിയാനം പ്രകടമാണ്. ഒരു കാരണവും ഇല്ലാതെ പെട്ടെന്ന് ദേഷ്യം വരുന്നു. ഈ അവസരങ്ങളില്‍ കണ്ടതിനും തൊട്ടതിനുമൊക്കെ വഴക്ക് പറയുന്നു. മക്കളെ അനാവശ്യമായി തല്ലുന്നു. ഒന്നിലും ശ്രദ്ധിക്കാനോ ഓടിനടന്നു കാര്യങ്ങള്‍ ചെയ്യാനോ സാധിക്കുന്നില്ല. വെറുതെ ടെന്‍ഷന്‍ അടിക്കുക, ഉറക്കമില്ലായ്മ, നടുവേദന, ക്ഷീണം, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ പ്രയാസങ്ങള്‍ ഒട്ടു മിക്ക സ്ത്രീകളിലും കണ്ടുവരാറുണ്ട്. ഈ സമയത്ത് വീടുകളിലും ജോലിസ്ഥലങ്ങളിലും അവര്‍ക്ക് വേണ്ട യാതൊരു പരിഗണനയും ലഭിക്കുന്നില്ല. കാര്യമായ വിശ്രമവും പോഷകസമൃദ്ധമായ ഭക്ഷണവും ആ ദിവസങ്ങളില്‍ അനിവാര്യമാണെന്നിരിക്കെ എത്ര പേര് അതിന് മുന്‍കൈ എടുക്കുന്നു എന്ന് ചിന്തിക്കുന്നത് നല്ലതാണ്. സ്ത്രീകളുടെ വ്യത്യസ്ത ജീവിതാവസ്ഥ കളെക്കുറിച്ച് ചര്‍ച്ചകള്‍ ചെയ്യാറുണ്ടെങ്കിലും ആര്‍ത്തവുമായി ബന്ധപ്പെട്ട് അവള് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇതുവരെയും അധികം ചര്‍ച്ച സംഘടിപ്പിക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ആര്‍ത്തവം ഒരു ജൈവ പ്രക്രിയയാണെങ്കിലും ആ സമയങ്ങളില്‍ അവള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നാം നല്‍കണം. ജോലിസ്ഥലങ്ങളില്‍ ലീവ് അനുവദിച്ചുകൊണ്ടും വര്‍ക്ക് ഫ്രം ഹോം ചെയ്തുകൊണ്ടും വീടുകളില്‍ വിശ്രമിക്കാനുള്ള സമയം അനുവദിക്കണം.
ആരോഗ്യപരിപാലനക്രമീകരണങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം കുടുംബാംഗങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്. സാമൂഹികജീവിതം ഓരോ വ്യക്തിക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ,ഓരോരോ തലത്തിലും, സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നുണ്ട്. പക്ഷേ അത് എത്ര മാത്രം നാം അത് ഗുണപരമായി പ്രായോഗികമാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് ആ സമൂഹത്തിന്റെ വളര്‍ച്ച വിലയിരുത്തപ്പെടുന്നത്.
ഒരു കുടുംബത്തില്‍ ഒരു ദിവസത്തേക്ക് കണ്ണോടിക്കുമ്പോള്‍ നിരവധി പ്രക്രിയകളിലൂടെയാണ് സ്ത്രീകള്‍ കടന്നു പോകുന്നത്. ഒരേസമയം വീട്ടിലെയും മക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും കാര്യങ്ങളില്‍ അവള് വ്യാപൃതയാണ്. ജോലിക്കാരാണെങ്കില്‍ അവിടുത്തെ ഉത്തരവാദിത്വങ്ങളും ഒരുമിച്ചു കൈകാര്യം ചെയ്യേണ്ടി വരുന്നു.
അടുക്കള മുതല്‍ അരങ്ങില്‍ വരെ അവര്‍ക്ക് എത്തപ്പെടണം. ഓടാനാണെങ്കില്‍ ബഹുദൂരം ഓടണം. നടക്കാനാണെങ്കില് കാലുകള്‍ ഏറെ വേണം. അവര്‍ പല റോളില്‍ അഭിനയിക്കുന്നു. അമ്മയായും സഹോദരിയായും ഭാര്യയായും മകളായും, അമ്മൂമ്മയായും എല്ലാം മാറി മാറി ജോലികള്‍ ചെയ്യേണ്ടിവരും. മെന്‍സസ് സമയങ്ങളില്‍ ഈ അലച്ചിലുകള്‍ അവളെ ക്ഷീണിതയാക്കുന്നു. ചിലര്‍ക്ക് മാത്രം ആരോഗ്യകരമായ വിശ്രമം ലഭിക്കുന്നു. ഭൂരിഭാഗം സ്ത്രീകളും വിശ്രമമില്ലാതെ ഈ ദിവസങ്ങളിലും നെട്ടോട്ടം ഓടികൊണ്ടിരിക്കുകയാണ്. മണിക്കൂറുകള്‍ നിന്നു മാത്രം പണിചെയ്യുന്ന സ്ത്രീകളുടെ അവസ്ഥ പരിതാപകരം ആണ്. അവര്‍ക്ക് പാഡുകള്‍ നിശ്ചിതസമയത്ത് മാറുവാന്‍ കഴിയാറില്ല. ഭൂരിഭാഗം സ്ഥലങ്ങളിലും അത് നിക്ഷേപിക്കാന്‍ വേണ്ട സൗകര്യങ്ങളില്ല.
ബസ്സ്റ്റാന്‍ഡുകളിലും മറ്റ് സ്ഥലങ്ങളിലും പാഡുകള്‍ വലിച്ചെറിയുന്ന കാഴ്ച പലപ്പോഴും അരോചകമായി തോന്നിയിട്ടുണ്ട്. അത് എടുത്തു നശിപ്പിക്കുന്നവരുടെ അവസ്ഥ എത്ര ദയനീയമാണ്.
ജോലി സ്ഥലങ്ങളില്‍ ആണെങ്കില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും വേണ്ടത്ര ടോയ്ലറ്റ് സൗകര്യങ്ങളില്ല. പാഡ് മാറ്റാതെ ദീര്‍ഘ സമയം വച്ചിരിക്കുന്നതുകൊണ്ട് മിക്കവരിലും അണുബാധ ഉണ്ടാകാറുണ്ട്. മിക്കയിടങ്ങളിലും കൃത്യമായ യൂറിനല്‍ സംവിധാനങ്ങള്‍ ഇല്ല. വെള്ളം കുടിക്കുവാന്‍ സമയവും സാഹചര്യവും ഇല്ല.
വിദ്യാലയങ്ങളില്‍ ഗേള്‍സ് ഫ്രന്റ്ലി ടോയ്ലെറ്റുകള് ഉണ്ടെങ്കിലും പലതും ഉപയോഗയോഗ്യമല്ല. പാഡുകള്‍ നിക്ഷേപിക്കാന്‍ സൗകര്യങ്ങള്‍ വേണം എന്നൊക്കെ നിയമം ഉണ്ടെങ്കിലും ഒട്ടുമിക്ക സ്കൂളുകളിലും അത്തരം സൗകര്യങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. സ്കൂള്‍ രക്ഷാകര്ത്തൃസമിതികളൊന്നും ഈ വിഷയം അത്ര കാര്യമായി പരിഗണിക്കുന്നില്ല. ദിവസം മൂന്ന് പ്രാവശ്യമെങ്കിലും പാഡുകള്‍ മാറ്റണം എന്നിരിക്കെ പല കുട്ടികളും രാവിലെ വയ്ക്കുന്ന പാഡുകള്‍ വൈകീട്ട് വീട്ടില്‍ ചെല്ലുമ്പോള്‍ ആണ് മാറുക പതിവ്. അത് അവര്‍ക്ക് ആരോഗ്യ സംബന്ധമായ നിരവധി അസുഖങ്ങള്‍ക്ക് കാരണമാകാറുണ്ട്.
മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നവര്‍ക്കും അത് ഒഴിവാക്കാന്‍ ഏറെ പ്രയാസമാണുള്ളത്. അധികം പേര്‍ക്കും ഇതിന്റെ ഉപയോഗത്തെകുറിച്ചും സൗകര്യത്തെക്കുറിച്ചും അറിയില്ല. മറ്റൊന്ന് 45നും 55നും ഇടയില്‍ ആര്‍ത്തവവിരാമത്തെ അഭിമുഖീകരിക്കുന്ന സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലം നിരവധി വൈകാരിക മാറ്റങ്ങള്‍ പ്രകടമാണ്. വേണ്ടവിധം അത് പരിഗണിച്ചില്ലെങ്കില്‍ ആത്മഹത്യയ്ക്കും മാനസികവിഭ്രാന്തിക്കും വരെ അത് കാരണമാകുന്നു. കൗണ്‍സിലിംഗ്, യോഗ, വ്യായാമം എന്നിവയെല്ലാം ഇതിനെയെല്ലാം അതിജീവിക്കാന്‍ സ്ത്രീകളെ സഹായിക്കുന്നു. മാറിയ ഭക്ഷണവും ഭക്ഷണരീതികളും മാനസികവ്യതിയാനങ്ങളും സ്ട്രെസുമൊക്കെ പിസിഒഡി പോലെയുള്ള പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.
കുടുംബശ്രീകള്‍ വഴിയും സ്കൂള്തോറും ആര്‍ത്തവസംബന്ധമായ വിഷയങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതും നല്ലതാണ്.
എന്തായാലും ആര്‍ത്തവവുമായി ബന്ധപ്പെട്ട് പണ്ടത്തെ കാഴ്ചപ്പാടുകള്‍ ഇന്ന് മാറിയിട്ടുണ്ട് എന്നത് ഏറെ ആശ്വാസകരമാണ്. ആര്‍ത്തവകാലം മുഴുവന്‍ മുറിയില്‍ അടച്ചിരുന്ന പഴയ കാലങ്ങള്‍ പോയി. ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു പരിധിവരെ തുടച്ചു നീക്കപ്പെട്ടു. വീടുകളില്‍ മെന്‍സസിനെക്കുറിച്ച് സംസാരിക്കാം. ഇന്ന് ലോകത്തിന്റെ ഏതു കോണിലേക്കും കടന്നു ചെല്ലാനുള്ള കരുത്ത് സ്ത്രീകള്‍ക്കുണ്ട്.
പക്ഷേ ചില മുന്‍കരുതലുകള്‍, വിശ്രമം അവര്‍ക്ക് ആവശ്യമാണ്. ഇന്ന് കുട്ടികളില്‍ ഏഴോ എട്ടോ വയസ്സ് മുതല്‍ ആര്‍ത്തവം ആരംഭിക്കുന്നുണ്ട്. വേണ്ടത്ര പക്വത നേടാത്ത പ്രായമാണിത്. ഇതിനാല്‍ തന്നെ വിദ്യാലയങ്ങളില്‍ വ്യക്തമായ പാഠ്യപദ്ധതി പരിഷ്കരണം അത്യാവശ്യമാണ്. ആര്‍ത്തവത്തിന്റെ പ്രാധാന്യം മാതാപിതാക്കള്‍ വ്യക്തമായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം.
പുത്തന്‍ അറിവിലൂടെ കുഞ്ഞുങ്ങളും സ്ത്രീകളും മറ്റുള്ളവരും നല്ല ആരോഗ്യശീലങ്ങള്‍ നേടണം. ഇന്ന് പല സ്ഥാപനങ്ങളും ആര്‍ത്തവത്തിന്റെ ആദ്യദിവസം ലീവ് അനുവദിക്കുന്നുണ്ട് എന്നത് ഏറെ ആശ്വാസകരമാണ്.
നമ്മുടെ ഗവണ്മെന്റ് സംവിധാനങ്ങള്‍ ഇത് കൂടുതല്‍ കാര്യക്ഷമമാക്കണം. സ്ത്രീകളുടെ ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം തുടങ്ങിയ കാര്യങ്ങളെ കൂടുതല്‍ പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളാന്‍ പുരുഷന്മാര്ക്ക് കഴിയണം. അതെല്ലാം അവരുടെ കാര്യമാണ് എന്ന ചിന്ത മാറണം. മാറേണ്ടത് നമ്മുടെ മനോഭാവങ്ങളാണ്. ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല എന്ന മനോഭാവം ശരിയല്ല.
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് ബെന്യാമിന് പറഞ്ഞു വച്ചത് ഓര്‍ത്തുപോകുന്നു. എന്നിട്ടും എവിടെയോ ഒരു സ്ത്രീ എല്ലാം മറന്ന് നിങ്ങളെ കാത്തു നില്‍ക്കുന്നുണ്ട്, നിങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എന്നും അന്നം വിളമ്പിത്തരാന്‍…