ജെയിംസ് അഗസ്റ്റിൻ
1756 ജനുവരി 27നാണു മൊസാര്‍ട്ട് ജനിച്ചത്. ബീഥോവന്റെ ജനനത്തീയതി ലഭ്യമല്ലെങ്കിലും ജ്ഞാനസ്നാനം നടന്നത് 1770 ഡിസംബര്‍ 17 നാണു എന്നതിനു രേഖകളുണ്ട്. പതിനാലു വയസ്സിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലു ണ്ടായിരുന്നത്. മൊസാര്‍ട്ടിനെ ചേട്ടാ എന്നു വിളിക്കണം. ഒരേ കാലത്തു ജീവിച്ചിരുന്ന ഇവര്‍ കണ്ടുമുട്ടിയിരുന്നോ എന്ന് സംഗീതഗവേഷകര്‍ കൗതുക ത്തോടെ അന്വേഷിക്കുമായിരുന്നു. അവര്‍ പലതവണ നേരില്‍ കണ്ടിട്ടുണ്ടെന്നാണ് കലകളെപ്പറ്റി, പ്രത്യേകിച്ചു സംഗീതത്തെക്കുറിച്ചു നിരവധി ഗവേഷണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ജര്‍മന്‍ പുരാവസ്തു ഗവേഷകനായ ഓട്ടോ ജാന്‍ സംശയലേശമന്യേ എഴുതിയിട്ടുള്ളത്.
ബീഥോവന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്ന കാള്‍ സേര്‍നി എന്ന സംഗീതജ്ഞന് ഓട്ടോ ജാനുമായുള്ള സംഭാഷണത്തിനിടെ മൊസാര്‍ട്ടും ബീഥോവനും കണ്ടുമുട്ടിയ സംഭവം വിവരിച്ചതായാണ് എഴുതിയിട്ടുള്ളത്. മൊസാര്‍ട്ട് ജനിച്ചത് ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിലും ബീഥോവന്റെ ജനനം ജര്‍മനിയിലെ ബോണ്‍ നഗരത്തിലുമായിരുന്നു. സംഗീതസദസ്സുകള്ക്കായി കലാകാരന്മാര് കൊട്ടാരങ്ങളിലേക്കും മെത്രാസന മന്ദിരങ്ങളിലേക്കും യാത്രകള്‍ നടത്തുക പതിവായിരുന്നു. അങ്ങനെയുള്ള സംഗീതസദസ്സുകളില്‍ വച്ച് മൊസാര്‍ട്ടും ബീഥോവനും കണ്ടുമുട്ടിയതായി ഗ്രേറ്റ് മ്യൂസിഷ്യന്‍സ് എന്ന ഓഡിയോ മാഗസിനിലും എഴുതിയിട്ടുണ്ട്. ഗ്രേറ്റ് മ്യൂസിഷ്യന്‍സ് എന്ന വാരികയില്‍ ലോകപ്രശസ്തരായ സംഗീതജ്ഞരെക്കു റിച്ചുള്ള ലേഖനങ്ങളാണ് ചേര്‍ത്തിരുന്നത്. അതോടൊപ്പം അവരുടെ പ്രശസ്ത സൃഷ്ടികള്‍ ഉള്‍പ്പെടുന്ന ഒരു എല്‍. പി. റെക്കോര്‍ഡും നല്‍കും. എല്ലാ ആഴ്ചകളിലും ഓരോ പ്രതിഭകളെ പരിചയപ്പെടുത്തുന്ന ഈ വാരികയ്ക്കായി സംഗീതപ്രേമികള്‍ കാത്തിരിക്കുമായിരുന്നു. ബീഥോവന്റെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി പുറത്തിറങ്ങിയ വാരികയില്‍ ബീഥോവന് മൊസാര്‍ട്ടിനെ ആദ്യമായി കണ്ട രംഗത്തെക്കുറിച്ചു എഴുതിയിട്ടുണ്ട്.
എച്ച്. മെര്‍ലി എന്ന വിഖ്യാത ചിത്രകാരന് വരച്ച ഇവരുടെ ആദ്യസംഗമം എന്ന പെയിന്റിങ്ങും വാരികയില്‍ ചേര്‍ത്തിട്ടുണ്ട്. ബി.ബി.സി. യുടെ സംഗീത വിഭാഗം മേധാവിയായിരുന്ന റോബര്‍ട്ട് സിംസണ്‍ എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന ഗ്രേറ്റ് മ്യൂസിഷ്യന്‍സ് എന്ന വാരികയിലെ ആമുഖലേഖനത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.
വിയന്നയിലെ ഒരു വേദിയില്‍ ക്ഷണിക്കപ്പെട്ട സംഗീതജ്ഞരുടെ മുന്നില്‍ കലാപ്രകടനം നടത്താനായി ബീഥോവന് ക്ഷണിക്കപ്പെട്ടു. സദസ്സിന്റെ മുന്‍നിരയില്‍ മൊസാര്‍ട്ടും ഇരിക്കുന്നുണ്ടായിരുന്നു. പതിനേഴു വയസ്സുള്ള ബീഥോവന്റെ പിയാനോയിലുള്ള കൈവഴക്കം കണ്ട മൊസാര്‍ട്ട് അതിസന്തോഷത്തോടെ പ്രവചിച്ചു. ‘ഒരു ദിവസം ഇയാള്‍ മുഴക്കുന്ന സംഗീതം ലോകം മുഴുവന്‍ കേള്‍ക്കും’. പ്രവചനം യാഥാര്‍ഥ്യമാകുന്നതാണ് പിന്നീട് ലോകം കാണുന്നത്.
സംഗീതസദസ്സുകളും സിംഫണികളുമായി വിജയയാത്രകള്‍ നടത്തിയ ബീഥോവന് സാമ്പത്തികമായും മൊസാര്‍ട്ടിനെ മറികടക്കുന്നതാണ് പിന്നീടു ലോകം കണ്ടത്.