മുനമ്പം: മുനമ്പം ജനതയോടുള്ള സർക്കാരിന്റെ സമീപനം നിരാശാജനകമാണെന്നും കുടിയിറക്കില്ലെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും തങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും നീതിരഹിതമായി സ്ഥലത്തിന്റെ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ് തുടങ്ങിവച്ച നടപടികൾ നിർത്തിവയ്ക്കണമെന്നും നീതിപൂർവമായ പരിഹാര നടപടികൾ സർക്കാരുകൾ സ്വീകരിക്കണമെന്നും കെ. സി. വൈ. എം. ലാറ്റിൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
മുനമ്പത്തെ ജനങ്ങളുടെ നീതിക്കു വേണ്ടിയുള്ള സമരങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മുന്നിട്ടിറങ്ങണമെന്നും മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് – കെ. സി. വൈ. എം. ലാറ്റിൻ സംസ്ഥാന സമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കെ സി വൈ എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു.
പ്രതിഷേധയോഗം കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ ജിജു ജോർജ് അറക്കത്തറ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.സി.വൈ. എം. ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി അനു ദാസ് സി. എൽ, ആനിമേറ്റർ സിസ്റ്റര്‍ മെൽന ഡിക്കോത്ത, വൈസ് പ്രസിഡന്റ് മീഷമ ജോസ്, അക്ഷയ് അലക്സ്, ട്രഷറർ അനീഷ് യേശുദാസ്,സെക്രട്ടറി മാനുവൽ ആന്റണി, അലീന ജോർജ് എന്നിവർ സംസാരിച്ചു.