നിയുക്ത ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ സ്ഥാനീയമുദ്രയിലെ ചിഹ്നങ്ങള്‍ അദ്ദേഹത്തിന്റെ അജപാലനശുശ്രൂഷാ നിയോഗത്തെയും കേരളീയ തീരദേശപാരമ്പര്യത്തെയും സൂചിപ്പിക്കുന്നു. അവയ്ക്കു ദൈവശാസ്ത്രപരവും ആധ്യാത്മികവുമായ ധ്വനികളുമുണ്ട്.
കണ്ണൂര്‍ സഹായമെത്രാനായി ഞായറാഴ്ച അഭിഷിക്തനാകുന്ന ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ ഇടയശുശ്രൂഷയുടെ ആപ്തവാക്യം (മോട്ടോ): ഫീദെസ്, സ്പെസ് എത് കാരിത്താസ്’ വിശ്വാസം, പ്രത്യാശ, സ്നേഹം എന്ന ദൈവികപുണ്യങ്ങളെ അനുസ്മരിപ്പിക്കുന്നു.
സ്ഥാനികമുദ്ര: സ്ഥാനികമുദ്രയുടെ ഫലകത്തില്‍ (ഷീല്‍ഡ്) ആകാശനീലിമ, വെള്ളി നിറങ്ങളിലെ നാലു കളങ്ങളില്‍ ആദ്യത്തേത് സുവര്‍ണ കാസയില്‍ നിന്ന് ഉയര്‍ന്നുവരുന്ന തിരുവോസ്തിയാണ്. പരിശുദ്ധമാതാവിന്റെ സംരക്ഷണത്തെ സൂചിപ്പിക്കുന്ന ‘ഔസ്പീച്ചെ മരിയ’ (എഎം) ചിത്രാക്ഷരമുദ്രയാണ് രണ്ടാമത്തെ കളത്തില്‍.
സുവിശേഷത്തിന്റെയും യേശുവിന്റെയും പ്രതീകമായ തുറന്ന പുസ്തകത്തിലെ ‘ആല്‍ഫ, ഒമേഗ’ (ആദിയും അന്ത്യവും) എന്ന ചെമന്ന ഗ്രീക്ക് അക്ഷരങ്ങളും പുസ്തകത്തിന്റെ ചട്ടക്കൂടും പരിശുദ്ധാത്മാവിന്റെ അഗ്നിയെ സൂചിപ്പിക്കുന്നു, മൂന്നാം കള്ളിയില്‍. സഭയുടെയും യേശുവിന്റെ പരസ്യജീവിതത്തിന്റെയും നിയുക്തമെത്രാന്റെ ജീവിതവുമായി ബന്ധപ്പെട്ട തീരദേശ പൈതൃകത്തിന്റെയും സൂചനയാണ് നാലാം കളത്തിലെ വഞ്ചിയും വലയും വെള്ളി നിറമുള്ള അലകളും.
മൂന്ന് ഇതളുകള്‍ ഉള്ള പ്രദക്ഷിണകുരിശിലാണ് സ്ഥാനമുദ്രഫലകം പിടിപ്പിച്ചിരിക്കുന്നത്, ആ കുരിശില്‍ അഞ്ചു ചെമന്ന രത്നങ്ങളുമുണ്ട്. കുരിശിനു മുകളിലായി പച്ചനിറത്തില്‍ മെത്രാന്റെ തൊപ്പിയും അതിനോടു ചേര്‍ന്ന് ഇരുഭാഗത്തേക്കും ഞാന്നുകിടക്കുന്ന ആറു തൊങ്ങല്ക്കെട്ടുകളുള്ള അലങ്കാരചരടും കോട്ട് ഓഫ് ആംസിന്റെ ചട്ടക്കൂട്ടിലുണ്ട്.
സ്ഥാനികമുദ്രയിലെ ചിഹ്നങ്ങളുടെ ദൈവശാസ്ത്രപരമായ പൊരുളിലേക്ക്:
കാസയും ഓസ്തിയും: രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നതുപോലെ ‘ക്രിസ്തീയ ജീവിതത്തിന്റെ പരകോടിയും ഉറവിടവുമായ’ വിശുദ്ധ കുര്‍ബാനയുടെ പ്രത്യക്ഷമായ പ്രതിനിധാനമാണ് കാസയും ഓസ്തിയും. എല്ലാ കൂദാശകളും അജപാലനശുശ്രൂഷകളും അപ്പസ്തോലിക ദൗത്യങ്ങളും വിശുദ്ധ കുര്‍ബാനയില്‍ അധിഷ്ഠിതമാക്കപ്പെട്ടിരിക്കുന്നു.
മരിയന്‍ ചിത്രാക്ഷരമുദ്ര: ഓരോ ക്രൈസ്തവനെയും പോലെ മെത്രാന്റെ ജീവിതത്തില്‍ മാതാവിന്റെ സ്നേഹനിര്‍ഭരമായ സാന്നിധ്യം മരിയന്‍
ചിത്രാക്ഷരമുദ്രയില് അനുസ്മരിക്കുന്നു. ക്രൈസ്തവ ആരാധനയുടെ ഹൃദയമാണ് വിശുദ്ധ കുര്‍ബാനയെങ്കില്‍, പരിശുദ്ധ കന്യകയോടുള്ള സഭയുടെ ഭക്തി ക്രിസ്തീയ ആരാധനയുടെ ആന്തരിക ഘടകമാണ്.
ആല്‍ഫ, ഒമേഗ: ആല്‍ഫ, ഒമേഗ എന്നീ ഗ്രീക്ക് അക്ഷരങ്ങള്‍ എഴുന്നുനില്ക്കുന്ന തുറന്ന പുസ്തകം, ഉയിത്തെഴുന്നേറ്റ ക്രിസ്തു അപ്പസ്തലന്മാര്ക്കും അവരുടെ പിന്ഗാമികള്ക്കും സഭ മുഴുവനുമായും ഭരമേല്പിച്ച സുവിശേഷത്തിന്റെ പ്രഖ്യാപനത്തെ പ്രതീകപ്പെടുത്തുന്നു.
ചെമപ്പു നിറം: അക്ഷരങ്ങളുടെ ചുവന്ന നിറവും പുസ്തക ചട്ടക്കൂടിന്റെ ചുവന്ന നിറവും പരിശുദ്ധാത്മാവിന്റെ പ്രതീകമാകുന്നു. ആത്മാവാണ് സഭയെ ആരംഭം
മുതല്‍ ഇന്നുവരെ നൂറ്റാണ്ടുകളായി നയിക്കുന്നതും, സഭയുടെ എല്ലാ പ്രഘോഷണദൗത്യങ്ങളുടെയും ഉറവിടവും.
വള്ളം: വള്ളം സഭയെ പ്രതിനിധാനം ചെയ്യുന്നു. യേശു പലപ്പോഴും തനിക്കു ചുറ്റും കൂടിനിന്ന ജനക്കൂട്ടത്തോട് സംസാരിച്ചത് വള്ളത്തില്‍ നിന്നാണ്. യേശുവിന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തെയും ആദ്യ ശിഷ്യഗണത്തെ വിളിക്കുന്നതിനെയും സുവിശേഷകനായ ലൂക്ക വിവരിക്കുന്ന അദ്ഭുതകരമായ മത്സ്യലഭ്യതയെയും ഇത് ഓര്‍മപ്പെടുത്തുന്നു.
വല: ”നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന യേശുവിന്റെ വാഗ്ദാനത്തെ സൂചിപ്പിക്കുന്നതോടൊപ്പം വല, മനുഷ്യരെ യേശുവിനു വേണ്ടി
നേടുക എന്ന മെത്രാന്മാരുടെ പ്രധാന ദൗത്യത്തെയും അടയാളപ്പെടുത്തുന്നു. ദൈവരാജ്യത്തിന്റെ പ്രതീകം കൂടിയാണത്, അതിലേക്കായി എല്ലാവരും
വിളിക്കപ്പെട്ടിരിക്കുന്നു എന്ന സാര്‍വത്രിക മാനവും അതു കുറിക്കുന്നു.
എല്ലാവര്ക്കും യഥാര്‍ത്ഥ പശ്ചാത്താപത്തിനും സുവിശേഷാനുസൃതമായ ജീവിതത്തിനും പൂര്‍ണ പങ്കാളിത്തത്തിനും അത് അവസരം നല്കുന്നു.
വള്ളവും വലയും നിയുക്ത മെത്രാന്റെ തീരദേശ ജീവിതപൈതൃകത്തിന്റെ പ്രതീകം കൂടിയാകുന്നു. കേരളതീരത്തെ ക്രൈസ്തവ സമൂഹത്തിന്റെ പ്രധാന ജീവിതോപാധി കൂടിയാണല്ലോ മത്സ്യബന്ധനം