മുനമ്പം: മുനമ്പം ഭൂപ്രശ്നം ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ ലെജിസ്ലേച്ചറിൻ്റെയും എക്സിക്യൂട്ടി വിൻ്റെയും ജുഡീഷ്യറിയുടെയും അപചയമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹത്തിൻ്റെ പതിനെട്ടാം ദിനത്തിൽ അവരെ സന്ദർശിക്കുകയായിരുന്നു ബിഷപ്പ് .
ജനാധിപത്യത്തിൻ്റെ കാവലാളാകേണ്ട മുഖ്യധാര മാധ്യമങ്ങൾ ഈ പ്രശ്നം തമസ്ക്കരിക്കുമ്പോൾ അവയും അപചയത്തിൻ്റെ പാതയിലാണെന്നും ബിഷപ്പ് പ്രസ്താവിച്ചു. മുനമ്പം ജനതക്ക് നീതി കിട്ടുവോളം താനും കോട്ടപ്പുറം രൂപതയും മുനമ്പം ജനത്തോടൊപ്പമുണ്ടാകുമെന്ന് ബിഷപ്പ് ഉറപ്പ് നല്കി.
നിരാഹാര സമരം പത്തൊൻപതാം ദിനത്തിലേക്ക് പ്രവേശിച്ചു. പതിനെട്ടാം ദിനത്തിൽ രതി അംബുജാക്ഷൻ,ഷൈനി മാർട്ടിൻ,ജൂഡി ആന്റണി,ഷീബ ടോമി,ജെസി ബേബി,മോളി റോക്കി,സിന്ധു ഹരിദാസ്,മേരി ജോസി, സൗമി വേണു,ഗ്രേയ്സി ജോയി,ബിന ഷാജൻ,ജൂഡി ആൻറണി എന്നിവർ നിരഹാരമനുഷ്ഠിച്ചു.
കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ ഷാബു കുന്നത്തൂർ, ഫാ. അജയ് കൈതത്തറ,കൊല്ലം രൂപത വൈദീകൻ ഫാ. റൊമാൻസ് ആന്റണി, വിശ്വധർമ്മം മുഖപ്രത്രം എഡിറ്റർ പ്രൊഫ.മാർഷൽ ഫ്രാങ്ക്, കാഞ്ഞിരപ്പിള്ളി രൂപത കട്ടപ്പന ഫെറോന വൈദീകരായ ഫാ. നോബി വെള്ളാപ്പിള്ളി,ഫാ.ഷിബിൻ സ്റ്റീഫൻ, എസ്.എം.വൈ എം നേതാക്കൾ,ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം നേതാക്കൾ, കോൺഗ്രസ് (എം) ജില്ലാ നേതാക്കൾ, ജോണി നെല്ലൂർ എന്നിവർ ഐക്യദാർഢ്യവുമായി സമര പന്തലിൽ എത്തി.