ഷാജി ജോര്‍ജ്
തുടര്‍ചലനങ്ങളിലല്ലാതെ വൃതിചലനങ്ങളില്‍ ആര്‍ക്കും താല്പര്യമില്ലാതായിത്തുടങ്ങിയ കാലത്തെ ചില വൃതിചലനങ്ങളാണിവ. ഇത്ര ധൈര്യത്തോടുകൂടി തന്റെ മുപ്പത് ലേഖനങ്ങളുടെ സമാഹാരത്തെ വിശേഷിപ്പിക്കുന്ന എഴുത്തുകാരനെ വായിക്കാതെ പോയാല്‍ വലിയ നഷ്ടമാകും പ്രിയ വായനക്കാരാ.
തലകള്‍ കുനിയുന്നതിന്റെ ശബ്ദമാണ് നിങ്ങള്‍ കേള്‍ക്കുന്ന മൃദുസ്വരത്തിലുള്ള ഈ ഇരമ്പം. അതിജീവിക്കാന്‍ നിശ്ശബ്ദതയാണ് നല്ലതെന്ന് ഏതാണ്ടു തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. കലഹിച്ചുകൊണ്ടിരുന്ന മാധ്യമങ്ങള്‍ കലഹം മതിയാക്കി സാമ്പത്തിക സുരക്ഷിതത്വത്തിന്റെ വഴിയേ തല താഴ്ത്തി നടക്കുന്നു. സാമ്പത്തിക സുരക്ഷിതത്വമല്ലാത്തൊരു സ്വപ്നവും വേണ്ടെന്ന് ഏകാധിപത്യത്തിന്റെ തോഴനായ കൊവിഡും രണ്ടുവര്‍ഷക്കാലം പറഞ്ഞു. നിസ്സഹായരും ഭയാകുലരുമായ പ്രജകള്‍ അധികാരത്തിനെത്ര അനിവാര്യരാണെന്ന് ഈ കാലം ഓര്‍മ്മിപ്പിച്ചു. ഭരിക്കുന്നവരുടെ ദുര്വ്യതിയാനങ്ങളില് മനംനൊന്തു പ്രതികരിച്ചവരും യഥാസമയം പ്രസ്താവനയിറക്കിയവരും അതെല്ലാം വിസ്മരിച്ച് അനുസരണയുടെ ദീപം കത്തിക്കലുകളിലേക്കും കിണ്ണംമുട്ടലിലേക്കും ചങ്ങലകളിലേക്കും മതിലുകളിലേക്കും തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. ചങ്ങലകള്‍ പൊട്ടിക്കുന്ന, മതിലുകള്‍ തകര്‍ക്കുന്ന പ്രക്ഷോഭങ്ങളില്‍ ജീവനില്‍ കൊതിയുള്ള ഒരു ബുദ്ധിജീവിയും ഇനിമേല്‍ ഉണ്ടാവില്ല. വിയോജിപ്പിന്റെ മഷി വറ്റുകയാണ്. ‘തുപ്പാന്‍ പേടിച്ച് ഞാനിറക്കിയത് വിഷമായിരുന്നു’ എന്ന തിരിച്ചറിയല്‍ മാത്രമായി ബാക്കി.
കാലത്തിനു നേരെ പിടിച്ച കണ്ണാടി കണക്ക് സാമൂഹ്യ വിമര്‍ശത്തിന്റെ ശക്തമായ പ്രതികരണങ്ങളുടെ പുസ്തകമാണ് കല്‍പ്പറ്റ നാരായണന്റെ ‘എല്ലാ ചലനങ്ങളും വൃതിചലനങ്ങള്‍’. കവി, നോവലിസ്റ്റ്, ഉപന്യാസകാരന്‍, സാംസ്കാരിക വിമര്ശകന്, സാഹിത്യ വിമര്ശകന് എന്നിങ്ങനെ കേരള സമൂഹത്തിന് കല്‍പ്പറ്റ നാരായണനെ പരിചയമുണ്ട്.
കൊവിഡാനന്തര കാലത്തെ ലേഖനങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത്. സാമൂഹ്യ വിമര്‍ശത്തിന്റെ കൂരമ്പുകള്‍, വായനക്കാരെ മുറിപ്പെടുത്തുന്ന ലേഖനങ്ങള്‍.
കവിതയുടെ ഉത്തരവാദിത്വങ്ങള്‍, കൊവിഡും കവിതയും, ഗാന്ധി എന്ന എഴുത്തുകാരന്, ആശാന് @ 150, ആണത്തം ഒരു ഫലിതമാണ്, പ്രതിഭയാണ് സൗന്ദര്യം, സ്ത്രീപര്‍വ്വം, എന്താ ഇങ്ങനെ, അക്ബര്‍, ജയമോഹനം, കവിതയും തത്വചിന്തയും, കിട്ടലോ കൊടുക്കലോ, പതികാലം തുടങ്ങിയ ലേഖനങ്ങളോടൊപ്പം മൂല്യശ്രുതി മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖവും പുസ്തകത്തിലുണ്ട്.
കവിതയാണ് ഉന്നതമായ ഉണര്‍വിന്റെ മാധ്യമം എന്ന് വാദിക്കുന്ന കവി ഉറക്കത്തെക്കുറിച്ച് പറയുന്നത് കേള്‍ക്കുക: ജീവനുള്ളതിനെല്ലാം ഉറങ്ങണം, ചത്തതുപോലെ ഉറങ്ങണം. ജാഗരൂകനായിരുന്നതിനൊരു പ്രായശ്ചിത്തംപോലെ ഉറങ്ങണം. ഉറക്കം കിട്ടുന്നുണ്ടോ, ഡോക്ടര്‍ ചോദിക്കുന്നു. ഉറക്കം കിട്ടുന്നുണ്ട് ഡോക്ടര്‍, പക്ഷേ, ഉറക്കത്തില്‍നിന്ന് എന്താണ് കിട്ടുന്നത്? അത് അയാള്‍ക്കും വ്യക്തമായറിഞ്ഞുകൂടാ. അയ്യപ്പപ്പണിക്കര്‍ പറയുമ്പോലെ പൂര്ണ്ണശ്രമക്ലമവിരാമമായിരിക്കാം. എന്തിന്? ചുറ്റുപാടും നടക്കുന്നതെല്ലാം അറിയുന്ന അവസ്ഥയില്‍ നിന്നും ഒന്നുമറിയാത്ത അവസ്ഥയിലേക്കുള്ള ഈ മാറ്റം എന്തിന്?
ഉറക്കത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ട് സോളമനോട് ചോദിക്കുന്നു, എന്തു വേണം? രാജ്യം, സമ്പത്ത്, സുന്ദരിയായ ഭാര്യ.. ? സോളമന് മടിക്കാതെ പറയുന്നു, വിസ്ഡം. ഉറക്കത്തില്‍നിന്നുണര്‍ന്നപ്പോള്‍ കണ്ടതില്‍ അതുവരെ കാണാത്തത്, കേട്ടതില്‍ – അതുവരെ കേള്‍ക്കാത്തത് സോളമന് അറിയുന്നു. ‘ആരാണിവള്‍! ഉഷസ്സുപോലെ ഉയര്ന്നുവരുന്നവള്, സൂര്യനെപ്പോലെ പ്രസന്ന.’ ‘ശമിക്കാത്ത ഉറവ’ എന്ന ലേഖനം പലവട്ടം വായിച്ചു. ക്രിസ്തുവിനെ കുറിച്ചുള്ള വിചാരങ്ങളാണ്. കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം ജില്ലാകോടതിയിലെ ജഡ്ജി ചോദിച്ച ചോദ്യം മനസ്സില്‍ കെടാതെ, കനല് പോലെ ജ്വലിച്ചതാണ് അതിന് കാരണം.
മൂന്നാം ദിവസം കല്ലറ തുറന്നപ്പോള്‍ അഴുകിത്തുടങ്ങിയ ശരീരമാണ് കണ്ടതെങ്കില്‍ എത്ര അനാഥമാവുമായിരുന്നു മര്‍ത്ത്യജീവിതം. എന്ന കല്‍പ്പറ്റയുടെ കവിതപോലെ തന്നെയാണ് ആ ന്യായാധിപന്റെ ചോദ്യവും?സമാധാനത്തിനായി ശ്രമിക്കേണ്ടവര്‍ അത് ചെയ്യുന്നുണ്ടോ എന്ന ചോദ്യമാണ് നമ്മുടെ നേരെ കോടതി ഉയര്‍ത്തിയത്.
പൊലീസിനെ പള്ളിക്കു പുറത്ത് കാവല്‍ നിറുത്തി കുര്‍ബാനയര്‍പ്പിച്ച് അതില്‍ സമാധാനമാശംസിക്കാന് ഒട്ടും മടിയില്ലാത്തവര്‍ നമ്മള്. മനഃസാക്ഷി മരിക്കാത്ത ന്യായാധിപന്റെ ചോദ്യവും നാം കേള്‍ക്കുന്നില്ല. വിസ്ഡത്തിനായി പ്രാര്‍ഥിക്കാം. അല്ലാതെ എന്താ ചെയ്യുക?
പുസ്തകത്തില്‍ നിന്നുള്ള കല്‍പ്പറ്റയുടെ യേശു വിചാരങ്ങളോടെ കുറിപ്പ് അവസാനിപ്പിക്കട്ടെ.
‘വൈദ്യന് രോഗമില്ല എന്നതാണ് വൈദ്യന്റെ പരിമിതി. വൈദ്യന് കരയില്‍ നിന്ന് വേദനയുടെ ചേഷ്ടകള്‍ കണ്ടിട്ടേയുള്ളൂ. ഈ വൈദ്യന് വേദനയുടെ മഹാപ്രവാഹത്തില്‍ ഇറങ്ങിനിന്നു. ഉല്‍ക്കടമായ വേദനയുടെ പരമാവധി അനുഭവിച്ചു. ഭൂമിയിലെ സകലരുടെയും പാപങ്ങള്‍ വഹിക്കാന്‍ അത് കര്‍ത്താവിനെ അര്‍ഹനാക്കി. ‘എവിടമിവിടം’ എന്ന എന്റെ നോവലിലെ ഒരാസിഡ് വിക്ടിം താനനുഭവിച്ച വേദനകൊണ്ട് ഭൂമിയിലെ ഏറ്റവും ഭാരമുള്ള കല്ലും അന്ന് തനിക്ക് ഉയര്‍ത്താനാവുമായിരുന്നു എന്നു പറയുന്നുണ്ട്. അവള് തുടര്‍ന്നു പറയുന്നു. ‘യേശു മുടന്തന്റെ മുടന്ത് മാറ്റിയതും ചത്തവനെ ജീവിതത്തിലേക്ക് എണീപ്പിച്ചതും കുരിശിലനുഭവിക്കാനിരിക്കുന്ന യാതനകൊണ്ടാണെന്ന് അന്നെനിക്ക് മനസ്സിലായി. ‘രക്തത്തില്‍ സ്നാനം ചെയ്തു യേശു. പുനരുത്ഥാനത്തിന് അടിനിലമായി അതു വേണമായിരുന്നു. കുരിശു ചുമന്ന് മലയിലേക്കു കയറുന്ന ക്രിസ്തുവിന് ഏതു വേദനയാണ് പൊറുക്കാനാവാത്തത്, ആരുടെ പാപമാണ് വഹിക്കാനാവാത്തത്? ഇതില്‍പ്പരമായ ഒരു പ്രതിച്ഛായ ഭൂമിയില്‍ രചിക്കപ്പെട്ടിട്ടുണ്ടോ?’