കണ്ടക്കടവ് :ആലപ്പുഴ രൂപത സ്ഥാപിതമായതിന്റെ 73-മത് വാർഷികം കണ്ടകടവ് ഫൊറോന ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു.
ആലപ്പുഴ രൂപതാ ബിഷപ്പ് ജെയിംസ് റാഫേൽ ആനാപ്റമ്പിലിന്റെ കാർമികത്വത്തിൽ കണ്ടക്കടവ് ഫൊറോന ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട ദിവ്യബലിയോട് കൂടി രൂപതാ ദിന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ആഘോഷമായ സമൂഹ ദിവ്യബലിക്ക് ശേഷം ആലപ്പുഴ രൂപതയിലെ വൈദിക സമ്മേളനവും, ആലപ്പുഴ രൂപതയിലെ വിവിധ സംഘടനകളുടെ നേതൃസംഗമവും ബിഷപ്പ് ഉദ്ഘാടനം ചെയ്തു.
ഉച്ചയ്ക്ക് ശേഷം നടത്തപ്പെട്ട പൊതുസമ്മേളനം കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തിശേരി ഉദ്ഘാടനം ചെയ്തു. അതിവേഗത്തിൽ സമസ്ത മേഖലകളിലും വളർച്ച കൈവരിക്കുന്ന രൂപതയ്ക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അർപ്പിച്ചു.
രൂപതയുടെ 75 മത് വാർഷികത്തിൽ രൂപതയിൽ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന മൂന്നു പദ്ധതികളായ അസീസി ഹോസ്പിസ് വിപുലീകരണം, കണ്ടക്കടവ് കേന്ദ്രീകരിച്ചുള്ള മിനി പാസ്റ്റർ സെന്റർ നിർമ്മാണം, 75 വർഷത്തിൽ 75 ഭവനങ്ങൾ എന്നിവയെക്കുറിച്ച് ബിഷപ്പ് യോഗത്തിൽ വിശദീകരിച്ചു.
യോഗത്തിൽ ഭിന്നശേഷിക്കാനായ ബെഞ്ചമിൻ മാത്യു രചിച്ച വയലിനിസ്റ്റ് എന്ന നോവലിന്റെ രണ്ടാം ഭാഗം കഥാകൃത്ത് കെ എ സെബാസ്റ്റ്യൻ പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ യോഗത്തിൽ ആദരിച്ചു.
യോഗത്തിൽ എറണാകുളം എംപി ഹൈബി ഈഡൻ, കഥാകൃത്ത് കെ എ സെബാസ്റ്റ്യൻ, മോൺ. ജോയ് പുത്തൻവീട്ടിൽ, മദർ ലീലാ ജോസ് , കണ്ണമാലി ഫെറോനവികാരി ഫാ. ജോപ്പൻ അണ്ടിശേരി, ചെല്ലാനം പഞ്ചായത്ത് പ്രസിഡണ്ട് പി എൽ ജോസഫ്, പെറ്റ്സി ജോസഫ്, സോഫി രാജു, അനിൽ ആന്റണി എന്നിവർ പ്രസംഗിച്ചു