ഷാജി ജോര്‍ജ്
ഒരുകാലത്ത് വാരികളുടെ പ്രചാരം മലയാളത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. 17 ലക്ഷം വരെ പ്രചാരം ഉണ്ടായിരുന്ന വാരികകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു. അതിനെതിരായിട്ടുള്ള പ്രചാരണവും സമരവും കേരള ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. ‘മ’ പ്രസിദ്ധീകരണങ്ങള്‍ എന്ന് പേര് വിളിച്ച് ആക്ഷേപിച്ചെങ്കിലും വാരികകള്‍ കാത്തിരിക്കുന്ന അനേകായിരങ്ങള്‍, അല്ല ലക്ഷങ്ങള്‍ അക്കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നു. പിന്നീട് ടെലിവിഷന്‍ വന്നതോടെ കളം മാറി. ഇപ്പോള്‍ സോഷ്യല്‍ മീഡിയ സജീവമായതോടെ മലയാള പ്രസിദ്ധീകരണങ്ങളുടെ കഷ്ടകാലം വര്‍ദ്ധിച്ചു. ഇതൊക്കെയാണെങ്കിലും ചില പംക്തികള്‍ വായിക്കാന്‍ മലയാളികള്‍ ഏറെ കൊതിക്കാറുണ്ട്; കാത്തിരിക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് മലയാള മനോരമ ആഴ്ചപ്പതിപ്പിലെ കഥക്കൂട്ട്. കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ മലയാള മനോരമയുടെ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബാണ് ആ കോളം 2004 മുതല്‍ മനോരമ വാരികയില്‍ എഴുതിവരുന്നത്. പണ്ട് കെ.എം. റോയിക്ക് ലഭിച്ചിരുന്ന (ഇരുളും വെളിച്ചവും)സ്വീകാര്യത ഇന്ന് ഈ കോളത്തിനുണ്ട്. അതിന്റെ രസക്കൂട്ട് തന്നെയാണ് പ്രധാനം. വൈവിധ്യങ്ങളായ വിഷയങ്ങള്‍ എത്ര മനോഹരമായാണ് അദ്ദേഹം എഴുതുന്നത്.
കഥക്കൂട്ട് പംക്തിയിലെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ ചേര്‍ത്ത് നാല് പുസ്തകങ്ങള്‍ തോമസ് ജേക്കബ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥക്കൂട്ട്, കഥാവശേഷര്‍, കഥയാട്ടം, കഥാസാരം എന്നിങ്ങനെയാണ് അവയുടെ ശീര്‍ഷകങ്ങള്‍. ആ പരമ്പരയിലെ പുസ്തകമാണ് മനോരമ ബുക്സ് പുറത്തിറക്കിയ കഥയാട്ടം. വേറിട്ട കാഴ്ചയുടെ രസക്കൂട്ട് എന്ന ഉപശീര്‍ഷകവുമുണ്ട്.
പുസ്തകത്തിലെ 39 ലേഖനങ്ങളില്‍ ഒന്ന് മഹാകവി വള്ളത്തോളിനെ കുറിച്ചുള്ളതാണ്; കവി കേട്ടതും കേള്‍ക്കാത്തതും. ഭാഷയിലെ ഏറ്റവും ഉള്‍ക്കനമുള്ള കവികളിലൊരാളായ അദ്ദേഹം നടന്നുപോയ വഴികള്‍തന്നെ എത്ര വ്യത്യസ്തം. തൃശൂരിലെ ഭാരതവിലാസം പ്രസില്‍ പ്രൂഫ്റീഡറായി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. സ്വരാജ് റൗണ്ടിനു സമീപമുള്ള കെട്ടിടത്തിലായിരുന്നു പ്രസ്. മഹാഭാരതവും രാമായണവും അഷ്ടാംഗഹൃദയവുമൊക്കെ അച്ചടിച്ചിരുന്നത് അവിടെയാണ്. മാളിയമ്മാവ് ലോനപ്പന് നടത്തിയിരുന്ന ഈ പ്രസില്‍ വള്ളത്തോളിന്റെ കവിതകളും അച്ചടിച്ചിരുന്നു. ജോലിയുടെ ഭാഗമായിത്തന്നെ സ്വന്തം കവിതയുടെ പ്രൂഫ് നോക്കിയിരുന്ന ഒരാളെ സങ്കല്പിക്കുക. ഈ കെട്ടിടത്തിലായിരുന്നു പിന്നീട് (1951ല്‍) ശോഭനാ പരമേശ്വരന് നായര്‍ സ്റ്റുഡിയോ തുറന്നത്. കേരള കല്പദ്രുമം പ്രസിന്റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തുകൊണ്ട് തൃശൂരില്‍ താമസിക്കുന്ന കാലത്തായിരുന്നു വള്ളത്തോളിനു ബാധിര്യം ബാധിച്ചത്. അദ്ദേഹം അതിനകം ഋഗ്വേദം തര്‍ജമ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു.
വാച്ച് കയ്യില്‍ കെട്ടുന്നതിനു മുന്‍പ് ചെവിയോടടുപ്പിച്ചു വച്ച് നടക്കുന്നുണ്ടോ എന്നു നോക്കുന്നതു വള്ളത്തോളിന്റെ ശീലമായിരുന്നു. വാച്ചുകള്‍ ടിക് ടിക് എന്നു ശബ്ദമുണ്ടാക്കുന്ന കാലമായിരുന്നല്ലോ അത്. അന്നു ചെവിയില്‍ വച്ചു നോക്കിയപ്പോള്‍ ഒച്ചയില്ല. മറുചെവിക്കു പിടിച്ചുനോക്കി നേരിയ ഒച്ച, വാച്ച് കൃത്യമായി നടക്കുന്നുണ്ടായിരുന്നു. മഹാകവി ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. ഉടന്‍ ചികിത്സ നടത്തി. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ നേതൃത്വത്തില്‍ പല ചികിത്സകളും ചെയ്തുനോക്കി, മദ്രാസിലും പോയി ചികിത്സിച്ചു. ഒന്നും ഗുണം കണ്ടില്ല.
ബാധിര്യം ബാധിച്ചതിനെപ്പറ്റി യാഥാസ്ഥിതികരായ ചില നമ്പൂതിരിമാര്‍ അതിനകം ആരോപണം മെനഞ്ഞുകഴിഞ്ഞിരുന്നു: ഋഗ്വേദം കടന്നു തര്‍ജമ ചെയ്തതിന്റെ പാപഫലം. ഋഗ്വേദം ശൂദ്രചെവികളില് എത്തരുതെന്നായിരുന്നല്ലോ ബ്രാഹ്മണ ചിന്ത. ബാധിര്യം മഹാകവിയെ തളര്‍ത്തിയില്ല. ശബ്ദത്തിന്റെ അടഞ്ഞ ലോകത്തെ നോക്കി, വരും ലോകത്തേക്കായി അദ്ദേഹം അനശ്വരമായ ആ വിലാപകാവ്യം എഴുതി ബധിരവിലാപം!
എത്ര രസകരമാണ് ഈ ആഖ്യാനം! മഹാകവി വള്ളത്തോളിന്റെ ബാധിര്യം പറയുന്നതിനോട് ചേര്‍ത്ത് എത്ര കാര്യങ്ങളാണ് വായനക്കാരന് പകര്‍ന്നു നല്‍കുന്നത്. 1951ല്‍ ആരംഭിച്ച ശോഭന പരമേശന്‍ നായരുടെ സ്റ്റുഡിയോ, ടിക് ടിക് ശബ്ദമുണ്ടാക്കുന്ന പഴയ വാച്ചുകളുടെ കഥ, ശുദ്രന് നിഷേധിക്കുന്ന അറിവ് തുടങ്ങി ബധിര വിലാപം കാവ്യത്തിന്റെ രചന വരെ വായനക്കാരില്‍ കൗതുകം ജനിപ്പിക്കുന്ന രീതിയില്‍ പറഞ്ഞുവെക്കുന്നു. ഈ ശൈലിയിലാണ് എല്ലാ ലേഖനങ്ങളും.
വിക്ക് പ്രമേയമാക്കുന്ന മറ്റൊരു ലേഖനത്തിലേക്ക് നമുക്ക് പോകാം.
ഇങ്ങനെയും സംസാരിക്കാമെന്നും കാലത്തെ കീഴടക്കാമെന്നും നമുക്കു വിക്കോടെ പറഞ്ഞുതന്നവര്‍ കുറച്ചൊന്നുമല്ല. ഗ്രീസിലെ ഡെമോസ്തനീസിന്റെ (384 – 322 ബി.സി.ഇ) കാര്യം തന്നെ എടുക്കുക. അദ്ദേഹം കൊള്ളാവുന്നൊരു വിക്കനായിരുന്നു. എന്നിട്ടെന്താ? ഏറ്റവും അറിയപ്പെട്ട പ്രാസംഗികനായി അദ്ദേഹം. ജനഹൃദയങ്ങളെ കീഴടക്കിയ നേതാവുമായിരുന്നു.
എന്തിന് ഗ്രീസുവരെ പോകണം? നൊബേല്‍ സമ്മാനത്തിനു തൊട്ടടുത്തുവരെയെത്തിയ ബംഗാളി ശാസ്ത്രജ്ഞന് ജഗദീഷ് ചന്ദ്രബോസിന്റെ പ്രത്യേകതരം വിക്കിനെക്കുറിച്ചും കേള്‍ക്കുക: അധിക സന്തോഷം വരുമ്പൊഴോ അരിശം വരുമ്പൊഴോ ആയിരുന്നു അദ്ദേഹത്തിനു വിക്ക് അനുഭവപ്പെട്ടിരുന്നത്.
എപ്പൊഴും വിക്കാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ സംസാരിക്കുമ്പോള്‍ മാത്രമേ വിക്കാറുള്ളൂ എന്നു പറഞ്ഞ് ഒരു അമേരിക്കന്‍ പത്രലേഖകനെ അടിച്ചിരുത്തിയ ഒരാളെ നമുക്കു നന്നായി അറിയാം. ഇഎംഎസ് ചരിത്രത്തോടു സംസാരിച്ചതും പിന്നീടു ചരിത്രമായി മാറിയതും ആ വിക്കോടെതന്നെയായിരുന്നു. ഇഎംഎസിന്റെ വിക്കിനെപ്പറ്റി കോഴിക്കോട്ടെ പുതുക്കുടി ബാലന് പറഞ്ഞ ഒരു ഫലിതമുണ്ട്.
‘ഇഎംഎസിനു സംസാരിക്കുമ്പോള്‍ മാത്രം വിക്കും ബാക്കി കമ്യൂണിസ്റ്റുകാര്‍ക്കൊക്കെ ചിന്തിക്കുമ്പോള്‍ വിക്കുമാണ്. അതാണു വ്യത്യാസം.’
ഇഎംഎസിന്റെ വിക്കിനെക്കുറിച്ചു പറഞ്ഞുവന്നപ്പൊഴാണ് ഞാന്‍ കേരളത്തിലെ മറ്റു ചില രാഷ്ട്രീയ നേതാക്കളെക്കുറിച്ചുമോര്ത്തത്. നമ്മുടെ വി.എം.സുധീരന് ചെറുപ്പത്തില്‍ വിക്കുണ്ടായിരുന്നുവെന്നു പറഞ്ഞാല്‍ ഇന്ന് ആരെങ്കിലും വിശ്വസിക്കുമോ? സത്യമാണ്. കുട്ടിക്കാലത്ത് അദ്ദേഹത്തിനു വിക്കുണ്ടായിരുന്നു.
സുധീരന്റെ അമ്മതന്നെ മകന്റെ വിക്കിനു പരിഹാരം കണ്ടെത്തി പത്രം ഉറക്കെ വായിക്കുക. വീട്ടില്‍ വരുത്തിയിരുന്ന പത്രം തുടക്കം മുതല്‍ ഒടുക്കംവരെ ഉറക്കെ വായിക്കണമെന്നതായിരുന്നു സുധീരന് അമ്മ വിധിച്ച ചികിത്സ. നിര്‍ത്തലില്ലാതെ വാക്കുകളില്‍നിന്നു വാചകങ്ങളിലേക്കും പിന്നീട്, നീണ്ട പ്രഭാഷണങ്ങളിലേക്കും സുധീരന് നടന്നെത്തിയതു കുട്ടിക്കാലത്തെ ആ പത്രപാരായണം പകര്‍ന്ന ആത്മവിശ്വാസത്തോടെയാണ്.
അടുത്ത കാലത്തു സുധീരന് പറഞ്ഞത് എനിക്കോര്‍മയുണ്ട്:
ഇപ്പോഴും വിശപ്പുണ്ടായാല്‍ എനിക്ക് അല്പം വിക്കു വരാനിടയുണ്ട്. അതുകൊണ്ട്, പ്രസംഗം ചെയ്യേണ്ടിവന്നാല്‍ അതിനു മുന്‍പ് എന്തെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കും…
തോമസ് ജേക്കബിന്റെ പുസ്തകങ്ങള്‍ വായിക്കുന്നവര്‍ ഭാഗ്യവാന്മാര് എന്തെന്നാല്‍ കഥയും ചരിത്രവും നര്‍മ്മവും നിങ്ങള്‍ക്ക് സ്വന്തമാകും.