ഷാജി ജോര്‍ജ്
മലയാള പ്രൊഫഷണല്‍ നാടകവേദിയില്‍ ഏറ്റവും കൂടുതല്‍ നാടകങ്ങളില്‍ അഭിനയിച്ച ഗായകനടനാണ് മരട് ജോസഫ്. അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു ആത്മകഥയുടെ പ്രസിദ്ധീകരണം. ഇതിന് പ്രോത്സാഹനം നല്‍കിയത് ജോണ്‍ പോളും. മരട് ജോസഫിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ആത്മകഥ ‘നാടകലഹരി’ പ്രണത ബുക്സ് പുറത്തിറക്കി.
ഉച്ചഭാഷിണി ഇല്ലാത്ത കാലത്തെ നാടകവേദി മുതല്‍ അരങ്ങിലുണ്ട് മരട് ജോസഫ്. നാടകം സാമൂഹ്യ ഉത്തരവാദിത്തമായി കരുതിയിരുന്ന കാലം. പി ജെ ആന്റണി, എന്‍.എന്‍. പിള്ള, സി.ജെ. തോമസ്, തോപ്പില്‍ ഭാസി, ഏരൂര്‍ വാസുദേവ്, എം.ടി. വാസുദേവന്‍ നായര്‍, പ്രേംജി, പൊന്‍കുന്നം വര്‍ക്കി, ചെറുകാട്, എന്‍. ഗോവിന്ദന്‍കുട്ടി, സെയ്ത്താന്‍ ജോസഫ്, തിലകന് തുടങ്ങി മലയാള നാടകവേദിയിലെ മുടിചൂടാമന്നന്മാരുമായി ഇണങ്ങിയും പിണങ്ങിയും ജോസഫ് ചേട്ടന് ഏഴു പതിറ്റാണ്ട് നാടകത്തില്‍ ജീവിച്ചു.
വയലാറും ഒഎന്‍വിയും ദേവരാജന്‍ മാഷും പി. ഭാസ്ക്കരന്‍ മാഷും മരട് ജോസഫിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞു. പാട്ട് പാടിപ്പിച്ചു. പച്ചപ്പനം തത്തയും ബലികുടീരങ്ങളും ജോസഫ് ചേട്ടനിലൂടെ മലയാളികള്‍ ആദ്യം കേട്ടു. പിന്നെ, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമയിലും എത്തി.
92-ാം വയസ്സില്‍ ജോസഫ് ചേട്ടന്, സഹീര്‍ അലി സംവിധാനം ചെയ്ത സിനിമയില്‍ ജോബ് മാഷിന്റെ (അല്ലിയാമ്പല്‍ ഫെയിം) മകന് അജയ് ജോസഫ് സംഗീതസംവിധാനം ചെയ്ത പാട്ടിലൂടെ സിനിമാപിന്നണി ഗായകനുമായി. ജോസഫ് ചേട്ടന് പറഞ്ഞ കഥകള്‍ക്ക് അല്ല, ജീവിതത്തിന് മലയാളനാടകം നടന്ന വഴികളുടെ ചരിത്രമുണ്ടായിരുന്നു. അതുമാത്രമല്ല; രാഷ്ട്രീയ മുന്നേറ്റത്തിന്റെ മുഴക്കങ്ങളും.
മരട് ജോസഫ് ചേട്ടന്റെ ആത്മകഥാകഥനം ‘നാടകലഹരി’ തയ്യാറാക്കാന്‍ പ്രതിഭാധനനായ പത്രപ്രവര്ത്തകന് സോമു ജേക്കബിന്റെ സഹായം അദ്ദേഹത്തിനു ലഭിച്ചു. ജോസഫ് ചേട്ടന്റെ ഭാഷയും ശൈലിയും ചോര്‍ന്നുപോകാതെ സോമു പുസ്തകത്തിലേക്ക് ആവാഹിച്ചു. ടി.എം. ഏബ്രഹാം എഴുതിയ അവതാരിക പുസ്തകത്തിലേക്കുള്ള സ്വാഗതകവാടമാണ്.
സ്വന്തം ജീവിതത്തെ കുറിച്ച് ജോസഫ് ചേട്ടന് പറയുന്നത് ‘പേരിട്ടതു പോലും നാടകം’ എന്ന ആദ്യ അധ്യായത്തിലുണ്ട്.
നാടകം തൊടാത്ത ഒന്നും ഈ ജീവിതത്തിലില്ല. അദ്ദേഹം പറയുന്നു: ‘മരട് ജോസഫ് എന്ന പേര് പോലും നാടകം തന്നതാണ്. അഞ്ചുതൈക്കല്‍ സേവ്യര്‍ ജോസഫ് എന്ന ഞാന്‍ ആത്മസഖിയും സഖിയും മരട് ജോസഫും പിന്നെ വെറും മരടുമായി കുറുകിവളര്ന്നു. വളര്‍ന്നോ എന്ന് സംശയിക്കുന്നവര്‍ കണ്ടേക്കാം. എന്നാല്‍ എനിക്കതില്‍ തരിമ്പുമില്ല സംശയം.’
വികാര സാന്ദ്രമായ നിരവധി മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ് ആത്മകഥ. അള്‍ത്താര ബാലന് ആയിരിക്കെ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗത്തില്‍ പാടാന്‍ പോയതും, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മാല വിറ്റ് നാടകം കളിച്ചതും, ദേവരാജന്‍ മാഷിനോടൊപ്പം ഉള്ള ആദ്യ റെക്കോര്‍ഡിങ്, വരുമാനത്തിനു വേണ്ടി കെട്ടിട നിര്‍മ്മാണ തൊഴിലാളി ആകുന്നതും, ഭരത് പി.ജെ. ആന്റണിയുടെ പ്രതിഭാ തീയേറ്റേഴ്സ് അനുഭവങ്ങള്‍, സിനിമയ്ക്കു വേണ്ടിയുള്ള കുഞ്ചാക്കോയുടെ മുന്നിലിരിപ്പ്, എന്‍. എന്‍. പിള്ളയുടെ നാടകം കാണാന്‍ ചെന്ന് നാടക സംഘത്തിലായത്, എം.കെ.കെ. നായരുടെ ജോലി വാഗ്ദാനം, സിറ്റിസി സന്ന്യാസ സമൂഹത്തിന്റെ മദര്‍ ഏലീശ്വയെ കുറിച്ചുള്ള കര്‍മ്മല കുസുമം നാടകം, എംടിയുടെ ഗോപുരനടയില്‍, മരട് പള്ളിയില്‍ വിവാഹ സമ്മതത്തിനായി ചെല്ലുമ്പോള്‍ വികാരി ഫാ. ജേക്കബ് മൂഞ്ഞപ്പിള്ളി നല്കുന്ന ശിക്ഷകള്‍, ഇതാ ഇതാ കുരിശുമരം എന്ന ദുഃഖവെള്ളിയിലെ ഗാനത്തിന്റെ ആലാപനം എന്നിങ്ങനെ പോകുന്നു ആത്മകഥയിലെ അധ്യായങ്ങള്‍.
മലയാള സിനിമാ ഗാനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് പച്ചപ്പനം തത്തേ……ചെറു കാടിന്റെ ‘നമ്മള് ഒന്ന്’ എന്ന രാഷ്ട്രീയ നാടകത്തിലെ ഗാനമാണത്. പൊന്‍കുന്നം ദാമോദരന്‍ എഴുതി സാക്ഷാല്‍ ബാബുരാജ് സംഗീതം പകര്‍ന്ന ഗാനം. വേദിയില്‍ പ്രേംജിയോടൊപ്പം ആ ഗാനം ആലപിച്ച് ജോസഫ് ചേട്ടന് കാണികളുടെ ഹൃദയം കവര്‍ന്നു. പിന്നീട് ‘നോട്ടം’ സിനിമയില്‍ അത് റീമേക്ക് ചെയ്ത് ഉപയോഗിച്ചത് വിവാദമായിരുന്നു.
നിരവധി ക്രിസ്ത്യന്‍ ഗാനങ്ങളും ജോസഫ് ചേട്ടന് പാടിയിട്ടുണ്ട്. അത്തരം ഗാനങ്ങളിലെ ഒരു കഥ പുസ്തകം പറയുന്നുണ്ട്. ഇതാ ഇതാ കുരിശുമരം ….. ചിട്ടപ്പെടുത്തിയത് ഗോപാലന്‍മാഷായിരുന്നു. യാദൃച്ഛികമായിട്ടാണ് അത് കംപോസ് ചെയ്യുന്നത്. ട്യൂണ്‍ ചെയ്യുന്ന സമയം.
എറണാകുളം സൗത്തില്‍ വച്ച് മാഷിനെ കണ്ടു. എസ്.ആര്.വിയില്‍ അധ്യാപകനായിരുന്ന അദ്ദേഹം ക്ലാസ് കഴിഞ്ഞുവരുന്ന വഴി. അപ്പോഴാണ് മാഷ് ഇതാ, ഇതാ കുരിശുമരം …എന്ന പാട്ട് ട്യൂണ്‍ ചെയ്യുന്ന കാര്യം പറയുന്നതും ”താനൊന്ന് കേള്‍ക്കണമെന്ന് എന്നോട് ആവശ്യപ്പെടുന്നതും. ‘അങ്ങനെ ഞങ്ങള്‍ ഇരിക്കാനുള്ള സൗകര്യത്തിന് അടുത്തുള്ള ബാറിലേക്ക് നീങ്ങി.
മാഷ് അങ്ങനെ മദ്യം കഴിക്കാറില്ല. ഞാന്‍ നിര്‍ബന്ധിച്ചിട്ടും മാഷ് കഴിച്ചില്ല. അവിടെയാണെങ്കില്‍ പാട്ട് പാടാന്‍ പറ്റിയ അന്തരീക്ഷവുമില്ല. വെയിറ്ററോട് കാര്യം പറഞ്ഞു. സൗകര്യപ്പെട്ട ഒരിടം ശരിയാക്കിതരണം. അയാള്‍ സന്തോഷത്തോടെ ഒരു മുറിയില്‍ കൊണ്ടുചെന്നാക്കി. അവിടെയിരുന്ന് പാട്ടുകേട്ടു. മൈക്കിള്‍ പനക്കലച്ചന്റേതാണ് വരികള്‍. ട്യൂണില്‍ രണ്ടു നിര്‍ണായക തിരിവ് വരുന്ന പാട്ടാണത്. ശ്രുതി കൃത്യം പിടിച്ച് പാടിയില്ലെങ്കില്‍ പരാജയമാകും. ചെറിയ പാട്ടാണെങ്കിലും അറിയാത്തവര്‍ പാടിയാല്‍ പൊളിഞ്ഞുപാളീസാകും. ജോബ് ആന്‍ഡ് ജോര്‍ജിന് സമയം കിട്ടാതെ വന്നതാണ് പാട്ട് മാഷിലേക്ക് എത്താന്‍ കാരണം. പിന്നെ മൈക്കിള്‍ അച്ചന് മാഷിനോട് പ്രത്യേക താത്പര്യവുമുണ്ടായിരുന്നു.
ജോസഫ് ചേട്ടന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘നാടകലഹരി ‘ ആ മഹാകലാകരനുള്ള സ്മാരകമാണ്. ജോസഫ് ചേട്ടനെ പോലെ നാടകത്തിനായി ജീവിതം സമര്‍പ്പിച്ചവരെ മറവിയുടെ തിരശീലകൊണ്ട് എന്നെന്നേക്കുമായി മറക്കരുതല്ലോ.