ഇന്ന് സെപ്റ്റംബർ 10 -ആത്മഹത്യ തടയുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുകയാണ്.
ലോകാരോഗ്യ സംഘടനയും ആത്മഹത്യാ പ്രതിരോധ രാജ്യാന്തര സംഘടനയും ചേർന്നാണ് ഇങ്ങനെ ഒരു ദിവസം ആചരിച്ചുവരുന്നത്. ഓരോ നാല്‍പ്പത് സെക്കന്‍ഡിലും ലോകത്തൊരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര് യുവാക്കളാണെന്നും ഡബ്യുഎച്ച്ഒയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
കേരളത്തിൽ തൊഴിൽ മേഖല കണക്കിലെടുത്തൽ 2023 കാലയളവിൽ ആത്മഹത്യ ചെയ്ത മുപ്പത് ശതമാനത്തിലധികം പേരും ദിവസ വേതനക്കാരാണ്. ദിവസേന വേതനം കൊണ്ട് ജീവതത്തിന്റെ രണ്ടറ്റം തമ്മിൽ കൂട്ടിക്കെട്ടാൻ കഴിയാത്തതാകാം ഇവരെ മരണത്തിലേക്ക് തള്ളിവിടുന്നതെന്ന്
അനുമാനിക്കാം. ഏകദേശം ഇരുപത് ശതമാനത്തിനോടടുത്ത് മരിച്ചവർ തൊഴിലില്ലാത്തവരാണ്. അതേസമയം തൊഴിലിടങ്ങളിൽ നേരിടുന്ന സമ്മർദ്ദങ്ങൾ അടക്കമുള്ള കാരണങ്ങൾ കൊണ്ടാവാം പന്ത്രണ്ട് ശതമാനം പ്രൊഫഷണലുകളും കഴിഞ്ഞ വർഷം ജീവനൊടുക്കിയിട്ടുണ്ട്.
കേരള സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ സ്ഥിതി വിവര കണക്കുകൾ പ്രകാരം കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന ആത്മഹത്യ നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2023 ലാണ്. 2012ൽ 24 .6 ശതമായിരുന്ന ആത്മഹത്യ നിരക്ക് 2023 ആയപ്പോഴേക്കും ഗണ്യമായി വർധിച്ച് 30 .9 ശതമാനത്തിലേക്കെത്തി.കഴിഞ്ഞ മൂന്ന് വർഷത്തെ ജില്ല തിരിച്ചുള്ള കണക്ക് പരിശോധിച്ചാൽ, മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും ആത്മഹത്യ മരണ നിരക്ക് ഉയരുന്ന കാഴ്ചയാണ് പ്രകടമാകുന്നത്.
പാലങ്ങളിലും റെയിൽ പ്ലാറ്റ്ഫോമുകളിലും വേലികൾ നിർമ്മിക്കുകയും ചെയ്യാവുന്നതാണ്. ലഹരിമരുന്നുകളോടും മദ്യത്തോടുമുള്ള ആസക്തി, വിഷാദരോഗം എന്നിവ ചികിത്സിക്കുകയും മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവർക്ക് മതിയായ ശ്രദ്ധ നൽകുകയും ചെയ്യുന്നത് ഗുണം ചെയ്യും.മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക എന്ന നടപടിയും ഒരു മാർഗ്ഗമായി ചിലർ മുന്നോട്ടുവച്ചിട്ടുണ്ട് .
നമ്മുടെ പരിചയവലയത്തിൽ ആർക്കെങ്കിലും ആത്മഹത്യാ പ്രവണതയുണ്ടെന്നു തോന്നിയാൽ മടികൂടാതെ അവരോട് കാര്യങ്ങൾ ചോദിച്ചറിയണം.
ഒരു പരിധിവരെ മനസ്സുതുറന്നുള്ള സംസാരങ്ങൾ ആത്മഹത്യയെ ചെറുക്കാൻ സഹായിക്കും. ആത്മഹത്യാ പ്രവണതയുള്ളവരാണെന്നു തോന്നിയാൽ അവർ അതിന് ശ്രമിച്ചേക്കാവുന്ന മാർഗങ്ങൾക്ക് പരമാവധി തടയിടാൻ ശ്രമിക്കണം.
കൃഷി ഓഫീസറുടെ കുറിപ്പടിയില്ലാതെ കാർഷിക ആവശ്യത്തിനുള്ള വിഷം നൽകരുതെന്നുള്ള രീതി വരണം.വികസിത രാജ്യങ്ങളിലുള്ളതുപോലെ മൊബൈൽ വിഷചികിത്സാ കേന്ദ്രങ്ങൾ ലഭ്യമാക്കണം.കുടുംബപ്രശ്നങ്ങൾ ഒരുപരിധിവരെ കൗൺസലിങ്ങിലൂടെ പരിഹരിക്കാം. ഇതിനായി പഞ്ചായത്തിൽ സൈക്കോളജി ബിരുദമുള്ളവരെ നിയമിക്കണം.