നാഗപട്ടണം: വേളാങ്കണ്ണി ആരോഗ്യമാതാ തീർത്ഥാടന കേന്ദ്രം ബസിലിക്കയിൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ ജനനതിരുനാളിന്
കൊടികയറി. തഞ്ചാവൂർ ബിഷപ്പ് മോസ്റ്റ് റവ.ഡോ. എൽ. സഹായരാജ് മുഖ്യകാർമികനായിരുന്നു.
സെപ്റ്റംബർ 7 ന് വൈകീട്ട് 5.15 ന് ജപമാലയും തുടർന്ന് ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ 8-ാം തിയതി രാവിലെ 6.30 ന് മോണിംഗ് സ്റ്റാർ ദേവാലയത്തിൽ തഞ്ചാവൂർ ബിഷപ് ഡോ. എൽ. സഹായരാജ് തിരുനാൾ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കും.
ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെ മോണിംഗ് സ്റ്റാർ ദേവാലയത്തിൽ ദിവസവും രാവിലെ 9 മണിക്ക് മലയാളം ദിവ്യബലി ഉണ്ടായിരിക്കും.
ഈ ദിവസങ്ങളിൽ മലയാളം കൂടാതെ തമിഴ്, കന്നട,തെലുങ്ക്, ഒഡിഷ, മറാത്തി, ഇംഗ്ലീഷ് ഭാഷകളിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. തിരുനാൾ കുർബാനയും മറ്റു തിരുക്കർമങ്ങളും ജയ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്യും.
സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ തഞ്ചാവൂരിലെ നിയുക്ത ബിഷപ് സഗായരാജ് തംബുരാജിന് എഴുതിയ കത്തിൽ വിശ്വാസകാര്യങ്ങള്‍ക്കായുള്ള റോമന്‍ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ്, ”നൂറ്റാണ്ടുകളായി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യപ്രവര്ത്തനം നടക്കുന്ന ഇടം” എന്നാണ് വേളാങ്കണ്ണിയെ വിശേഷിപ്പിക്കുന്നത്. വേളാങ്കണ്ണി തീര്‍ഥാടനത്തിനുള്ള വത്തിക്കാന്റെ ‘നുള്ള ഓസ്ത’ അംഗീകാരപത്രമാണിത്.
കേരളത്തിൽ നിരവധി വിശ്വാസികളാണ് കുടുംബാംഗളോടൊപ്പം വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനം നടത്തുന്നത്.