പ്രശസ്ത എഴുത്തുകാരന് ജി.ആര്. ഇന്ദുഗോപന്റെ വീട്ടില്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വന്ന യുവതിയുമായി ഇന്ദുഗോപന് നടത്തുന്ന സംസാരം അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്തെ കുപ്രസിദ്ധമായ ചെങ്കല്‍ചൂളയിലെ താമസക്കാരിയാണ് ദളിത് ക്രൈസ്തവ വിഭാഗത്തില്‍ പെട്ട ധനുജ കുമാരി. അവര്‍ മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യുന്ന ഹരിതകര്‍മ സേനയിലാണ് ജോലി ചെയ്യുന്നത്. ചെങ്കല്‍ചൂള കോളനിയെന്ന അരികുവത്കരിക്കപ്പെട്ടവരുടെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നത് തലസ്ഥാനനഗരത്തിലെ ഹൃദയഭാഗത്താണ്. സ്കൂള്‍ പഠനം ഇടയ്ക്ക് നിര്‍ത്തേണ്ടി വന്ന (ഏഴാം ക്ലാസ്) ചെങ്കല്‍ചൂളയിലെ അനേകരുടെ പ്രതിനിധിയാണ് ധനുജ കുമാരി. 2014ല്‍ കോളനി സന്ദര്‍ശിച്ച ചില കലാസാംസ്കാരിക പ്രവര്‍ത്തകരുടെ പ്രേരണയാണ് ധനുജയെ ഇന്നത്തെ എഴുത്തുകാരിയാക്കിയത്. ഇന്ദുഗോപന്റേയും ധനുജ കുമാരിയുടേയും പുസ്തകങ്ങള്‍ സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ഇരുവരുടേയും സംസാരം. കോഴിക്കോട് സര്‍വകലാശാലയിലേയും കണ്ണൂര്‍ സര്‍വകലാശാലയിലേയും പാഠപുസ്തകമാണ് ധനുജയുടെ ‘ചെങ്കല്‍ചൂളയിലെ എന്റെ ജീവിതം’ എന്ന പുസ്തകം. ഒരു ദളിത് ക്രിസ്ത്യാനിയുടെ ജാതിപരവും സാമൂഹികവുമായ ഇടങ്ങളെ അവതരിപ്പിക്കുവാന്‍ ആത്മകഥ ശ്രമിക്കുന്നു. ക്രൈസ്തവമതത്തിലേക്ക് മാറിയ ശേഷമാണ് തങ്ങളുടെ ജീവിതം ഇന്ന് കാണുന്ന നിലയിലേയ്ക്കെങ്കിലുമായതെന്നും ധനുജ കുമാരി പറയുന്നു. എഴുത്തുകാരിയായ അശ്വനി എ.പി എഴുതിയ ആസ്വാദന കുറിപ്പില്‍ നിന്ന്:
ചേരിയില്‍ വളര്‍ന്ന് ചേരിയില്‍ ജീവിക്കുന്ന ഒരു സ്ത്രീയുടെ ചെറുത്തു നില്‍പ്പിന്റെയും അതിജീവനത്തിന്റെയും കഥ’ എന്ന ആമുഖ വാക്യത്തോടു കൂടിയാണ് എസ്. ധനുജാകുമാരിയുടെ ‘ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം’ എന്ന ആത്മകഥ ആരംഭിക്കുന്നത്. ചേരിയില്‍ ജനിച്ചു വളര്‍ന്ന ഒരു സ്ത്രീ, തന്റെ ജീവിതം പറയുന്നതിനോടൊപ്പം ഒരു ചേരിയുടെ സാമൂഹിക ,സാംസ്ക്കാരിക ചരിത്രം കൂടി കൂടി നമുക്ക് പറഞ്ഞു തരികയാണ്. തിരുവനന്തപുരം നഗരം അരിക്വത്ക്കരിച്ച ഒരു കോളനിയുടെ ചരിത്രമാണ് ചെങ്കല്‍ച്ചൂളയ്ക്ക് പറയുവാനുള്ളത്. നഗരം അതിന്റെ വളര്‍ച്ചയ്ക്കും ലാഭത്തിനുമായി ഉപയോഗിക്കുകയും ശേഷം വലിച്ചെറിയുകയും ചെയ്ത ജനങ്ങളുടെ ഇടമാണ് ചെങ്കല്‍ച്ചൂള.
ചെങ്കല്ച്ചൂളയെക്കുറിച്ച് പറയുമ്പോള്‍ അധികാരികള്‍ക്ക് ഇന്നും നെറ്റി ചുളിയുന്നു. ‘ചെങ്കല്‍ച്ചൂള ചെന്നു കേള്‍ക്കുമ്പോള്‍ മനസില്‍ പെട്ടെന്ന് കയറി വരിക മദ്യപാനികളുടെ, അടിപിടി കേസുകാരുടെ, ഗുണ്ടകളുടെ, ഫാന്‍സുകാരുടെ, കറുത്തവരുടെ, എന്തു ചെയ്യാനും മടിയില്ലാത്തവരുടെ ഒരു കോളനി പ്രദേശമായിരിക്കും. വൃത്തിയില്ലാത്ത അന്തരീക്ഷം, തെറിവിളികള്‍, ബഹളം, അച്ചടക്കമില്ലാത്തവരുടെ ലോകം. ഇങ്ങനെയുള്ള ചെങ്കല്ച്ചൂളയിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത് ‘ എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന ആത്മകഥ നാം കേട്ടതിനും കണ്ടതിനും അപ്പുറമുള്ള ജീവിതങ്ങളുടെ മറ്റൊരു ലോകം കാട്ടിത്തരുന്നു. ദാരിദ്രവും പട്ടിണിയും നിറഞ്ഞ അവരുടെ ലോകത്തെ സാമൂഹികവും സാമ്പത്തികവും സാംസ്ക്കാരികവുമായി ഉയര്‍ന്നു നില്ക്കുന്നവരുടെ കാഴ്ചയിലൂടെ അളക്കാന്‍ കഴിയില്ലെന്ന് ധനുജകുമാരി പറയുന്നു. ജാതിപരവും ലിംഗപരവും സാമ്പത്തികവുമായി അധികാര ബന്ധങ്ങള്‍ നിലനില്‍ക്കുന്ന നഗരത്തിലെ ഒരുകോളനിക്കുള്ളില് വസിക്കുന്ന ജനത പല തരത്തില്‍ പ്രതിരോധങ്ങള്‍ തീര്‍ത്ത് മുന്നോട്ട് പോകേണ്ടതായി വരുന്നു.അത്തരത്തില്‍ ഒരു പ്രതിരോധത്തിന്റെ ചരിത്രമാണ് ധനൂജ തന്റെ ആത്മകഥയിലൂടെ പങ്കു വയ്ക്കുന്നത്. ” ഇത് എന്റെ കഥയോടൊപ്പം ഒരു സമുദായത്തിന്റെ കഥ കൂടിയാണ്. എന്റെ ആത്മകഥ ഒരു വ്യക്തി, ഒരു സമൂഹം, ഒരു ഗ്രാമം എന്നിവ കടന്നു പോയ വൈകാരികവും വിദ്യാഭ്യാസപരവുമായ വികാസത്തിന്റെ കഥയാണ്. സര്‍വോപരി അസ്പൃശ്യരുടെ സ്വാതന്ത്ര്യത്തിന്റെ കഥയാണ്” എന്ന് ശങ്കര്‍ റാവു അഭിപ്രായപ്പെടുന്നത് ഇവിടെ ചേര്‍ത്ത് വച്ച് വായിക്കേണ്ടതാണ്. ധനുജകുമാരിയും ഇത്തരത്തില്‍ അസ്പൃശ്യത കല്പിച്ച് മാറ്റി നിര്‍ത്തിയ ജനതയുടെ ചരിത്രം പറയുകയാണ് അവരുടെ ആത്മകഥയിലൂടെ. അത് ജാതിയോടും സമ്പത്തിനോടും ചേര്‍ത്ത് നിര്‍ത്തി വിശകലനം ചെയ്യപ്പെടേണ്ടതാണ്.
കോളനിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ജാതിയുടെ മിശ്ര രൂപത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ആത്മകഥ തുടര്‍ അധ്യായങ്ങളിലേയ്ക്ക് കടക്കുന്നത്.
ചെങ്കല്‍ച്ചൂളയില്‍ എല്ലാ ജാതിക്കാരുമുണ്ടെന്ന് ധനുജകുമാരി അഭിപ്രായപ്പെടുന്ന ഭാഗം നോക്കുക ”ചെങ്കല്‍ച്ചൂളയില്‍ എല്ലാ സമുദായക്കാരുമുണ്ട്. സാംബവരും പുലയരുമാണ് കൂടുതല്‍. എങ്കിലും വേടരും തണ്ടാരും നായരും നാടാരും ബ്രാഹ്മണരും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമുണ്ട്. കുഞ്ഞുനാളിലെ ഞങ്ങള്‍ക്ക് ജാതിയുടെ വേര്‍തിരിവൊന്നും അറിയില്ലായിരുന്നു. രണ്ടു വീട്ടുകാര്‍ തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ മാത്രമാണ് ജാതിയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. അല്ലാതെ ഞങ്ങള്‍ക്കിടയില്‍ ജാതിയില്ല. കോളനിയില്‍ മിശ്രവിവാഹങ്ങളാണ് അധികവും”. തുടര്‍ന്ന് ധനൂജ ജാതിപരമായ അവരുടെ സ്വത്വം തുറന്നു പറയുന്നു.അമ്മ ദളിത് സ്ത്രീയാണെന്നും അച്ഛന് സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യമുള്ള വ്യക്തിയാണെന്നും പറയുന്ന അവര്‍ പിന്നീട് ക്രൈസ്തവ മതം സ്വീകരിച്ചതായും ആത്മകഥയില്‍ പറയുന്നുണ്ട്. ഒരു ദളിത് ക്രിസ്ത്യാനിയുടെ ജാതിപരവും സാമൂഹികവുമായ ഇടങ്ങളെ അവതരിപ്പിക്കുവാന്‍ ആത്മകഥ ശ്രമിക്കുന്നു.
ശ്രീചിത്രഹോമിലും തമ്പാനൂര്‍ യു.പി സ്കൂളിലും പഠിച്ച അനുഭവത്തെക്കുറിച്ച് അവര്‍ എഴുതുന്നത് ഇങ്ങനെയാണ് ‘ഞങ്ങളുടെ കുട്ടികള്‍ക്ക് പഠനത്തില്‍ നന്നായി ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നില്ല. കോളനിയിലെ മദ്യപാനം തന്നെയാണ് പ്രധാന കാരണം. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏഴാംക്ലാസ് കൊണ്ട് പഠനം നിര്‍ത്തുന്നവരാണ് ഞങ്ങള്‍. അതിന് പ്രധാന കാരണം തിരുവനന്തപുരത്തെ മിക്ക സ്കൂളുകളിലും കോളനിയിലെ കുട്ടികള്‍ക്ക് അഡ്മിഷന് കിട്ടില്ല എന്നതു തന്നെ. കുറച്ച്പേരെങ്കിലും പഠിക്കണമെന്ന മോഹവുമായി പോയത് കിള്ളിപ്പാലം സ്കൂളിലും ബാര്‍ട്ടണ്‍ഹില്‍ സ്കൂളിലും കോട്ടണ്‍ഹില്‍ സ്കൂളിലുമാണ്. മേല്‍ പറഞ്ഞ സ്കൂളുകളില്‍ തന്നെ ചുരുക്കം പേര്‍ക്കേ അഡ്മിഷന് ലഭിച്ചിരുന്നുള്ളൂ’ ( 2014: 13). ഭക്ഷണം, വസ്ത്രം, ജാതി, നിറം ,രൂപം, സാമ്പത്തികം, രോഗങ്ങള്‍ തുടങ്ങി പ്രതികൂലമായ നിരവധി സാഹചര്യങ്ങളെ പിന്നിട്ട് സ്കൂളില്‍ എത്തിയാലും അവിടെയും അവഗണനയും പരിഹാസവുമാണ് തങ്ങളുടെ കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നത്. വഴിവിട്ട് നടക്കുന്നവരോ, മോഷണം നടത്തുന്നവരോ, തെറി പറയുന്നവരോ ആയാണ് ചൂളയിലെ കുട്ടികളെ അധ്യാപകരും സഹപാഠികളും കണ്ടിരുന്നത് എന്നും ധനുജ കൂട്ടിച്ചേര്‍ക്കുന്നു. പൊതുബോധത്തിന്റെ മനോഭാവങ്ങള്‍, ജാതിപരമായി അവരെ മാറ്റി നിര്‍ത്തിയതിന്റെ ചരിത്രം ഈ കൃതിയില്‍ കാണാം. അപരിഷ്കൃതരും അവഗണിക്കപ്പെട്ടവരുമായ കോളനിയിലെ ജനങ്ങള്‍ കോളനിയ്ക്ക് ഉള്ളിലല്ല ,പരിഷ്കൃതര്‍ എന്ന് വീമ്പു പറയുന്ന പുറംലോകത്തു നിന്നാണ് ജാതി വിവേചനങ്ങള്‍ അനുഭവിച്ചറിഞ്ഞത്.
കലാമണ്ഡലത്തില്‍ പഠിക്കുവാന്‍ അയച്ച തന്റെ മകന്റെ അനുഭവത്തെക്കുറിച്ച് അവര്‍ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത് ഇപ്രകാരമാണ്. ‘മോനെ കലാമണ്ഡലത്തിലേയ്ക്ക് യാത്രയാക്കുമ്പോള്‍ കോളനിയില്‍ ഒരു ഉത്സവമായിരുന്നു. ആദ്യമായാണ് ഒരു കൊച്ച് കോളനിയില്‍ നിന്ന് കലാമണ്ഡലത്തില്‍ പഠിക്കാന്‍ പോകുന്നത്. മോന് അവിടെ ചെന്ന് ഡാന്‍സ് ചെയ്യുന്നു, ബോളുകളിക്കുന്നു, ചെണ്ടകൊട്ടുന്നു. മറ്റു കുട്ടികള്‍ നോക്കുമ്പോള്‍ നിധീഷ് എല്ലാത്തിലും മിടുക്കന്. അവിടുത്തെ ആശാന്മാര് സീനിയര്‍ പിള്ളേരെ വിട്ട് നിധീഷിന്റെ ജാതി അന്വേഷിക്കാന്‍ പറഞ്ഞു. അവര്‍ ചോദിച്ചപ്പോള്‍ അവന് ക്രിസ്ത്യന്‍ എന്ന് പറഞ്ഞു. ക്രിസ്ത്യനില്‍ ഏത് ജാതി എന്ന് ചോദിച്ചപ്പോള്‍ സാംബവ ക്രിസ്ത്യനാണെന്ന് പറഞ്ഞു. 13 വയസ് മാത്രം പ്രായമായ അവന് എസ്.സി/എസ്ടി എന്നൊന്നും പറയാന്‍ അന്ന് അറിയില്ലായിരുന്നു. അങ്ങനെ അവര്‍ ശാരീരികമായും മാനസികമായും അവനെ പീഡിപ്പിക്കാന്‍ തുടങ്ങി. ഓരോ കുട്ടികളെയും ചൂണ്ടി ജാതി പറയാന്‍ തുടങ്ങി. ഇവന് വാര്യര്‍, ഇവന് മാരാര്‍, ഇവന് പൊതുവാള്, ഇവന് കൈമള്‍, ഇവന് നായര്‍. ഇവര്‍ക്കിടയില്‍ പറയനായ നിനക്ക് പഠിക്കാന്‍ യോഗ്യതയില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞു.
കുടുംബശ്രീയില്‍ ജോലിയ്ക്ക് പോയും ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റുമാണ് അന്ന് അവനെ പഠിപ്പിച്ചിരുന്നത്. ഒരിക്കല്‍ അവന് ക്ലാസിലെത്താന്‍ വൈകി. അന്ന് മലയാളമാസം ഒന്നാം തീയതിയായിരുന്നു. ഞങ്ങള്‍ ഒന്നാം തീയതി നോക്കുന്നവരോ, കണികാണുന്നവരോ, കൈനീട്ടം വാങ്ങുന്നവരോ അല്ല. അതൊന്നും ഞങ്ങള്‍ക്കറിയില്ല. അന്ന് കയറി ചെന്നതും ആശാന് അവന്റെ ചെകിടത്ത് അടിച്ചു.
അന്ന് അഡ്മിഷന് കിട്ടിയതില്‍ അഞ്ചു പേര് എസ്.സി/എസ്ടി കാരായിരുന്നു. അവര്‍ നാലു പേരും അവിടം ഉപേക്ഷിച്ച് പോയി. കലാമണ്ഡലത്തിലെ അനുഭവങ്ങളാണ് ഞങ്ങള്‍ ഇന്ന ജാതിക്കാരാണെന്ന ബോധം ഞങ്ങളിലുണ്ടാക്കിയത്. കലാമണ്ഡലം പോലെയുളള ഉയര്‍ന്ന ജാതിക്കാരുടെ മാത്രം കോട്ടയിലേക്കാണ് താഴ്ന്ന ജാതിക്കാരനായ ‘ചെങ്കല്‍ച്ചൂളയിലെ കുട്ടി ‘പഠനം തുടരാന്‍ പോയത്. സ്ഥലം ചെങ്കല്ച്ചൂളയായതുകൊണ്ട് തന്നെ ആരും തങ്ങളുടെ ഒപ്പം നില്ക്കാന് തയ്യാറാകില്ല. പട്ടികജാതിക്കാരുടെ അടുത്തു പോയി പറഞ്ഞാലും ‘ചെങ്കല്‍ച്ചൂളയിലെ കുട്ടിയല്ലേ ‘ എന്നാണ് അവരും പറയുക.
ക്രൈസ്തവമതത്തിലേക്ക് മാറിയ ശേഷമാണ് തങ്ങളുടെ ജീവിതം ഇന്ന് കാണുന്ന നിലയിലേയ്ക്ക് മാറിയതിന്റെ ഒരു കാരണം എന്ന് പറയുമ്പോള്‍ ജാതി /മത പരിവര്‍ത്തനത്തിന് വിധേയരാകേണ്ടി വരുന്ന ജനതയുടെ സാമൂഹിക രാഷ്ട്രീയം കുറച്ചു കൂടി സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. ജാതീയതയ്ക്ക് എതിരേ നടന്ന നവോത്ഥാന ചരിത്രം ഇപ്പോഴും എവിടെ നില്ക്കുന്നു എന്ന ചോദ്യം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്.
‘വീട്’ എന്ന സങ്കല്പത്തെ നിര്‍മ്മിക്കുകയും പൊളിക്കുകയും വീണ്ടും നിര്‍മ്മിക്കുകയും ചെയ്യുന്ന ചാക്രികമായ ഒരു വീട് സങ്കല്പം ആത്മകഥയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാഹ്യമായ വായനയില്‍ വിലയിരുത്തിയാല്‍, സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കുന്നത് വരെ ഒറ്റികൊടുത്തും മറച്ചുകെട്ടി നിര്‍മ്മിച്ചും വാടകയ്ക്കും ഒക്കെയായി പരിവപ്പെടുത്തുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന വീടുകളാണ് ആത്മകഥയില്‍ നിറയെ. അറിയാതെയാണെങ്കിലും വീടു തന്നെ കത്തിച്ചു കൊണ്ടാണ് ധനൂജയുടെ വിവാഹ ജീവിതം ആരംഭിക്കുന്നത്. ക്രൈസ്തവത പുലര്‍ത്തുന്ന മൂല്യ സങ്കല്പങ്ങളെ മുറുക്കെ പിടിക്കുന്നുണ്ട് അവര്‍.
നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ തുടര്‍ച്ചയായി ചെണ്ടകൊട്ടിയ അവരുടെ ഭര്‍ത്താവ് സതീഷും കലാകാരന്മാരായ മക്കള്‍ നിധീഷും സുധീഷും അടങ്ങുന്ന കുടുംബത്തിനൊപ്പം തീര്‍ത്ത പ്രതിരോധത്തെയും അതിജീവനത്തെയും കുറിച്ച് മാത്രമല്ല, ചെങ്കല്ച്ചൂളയെന്ന കോളനിയിലെ ഒരു കാലഘട്ടത്തിന്റെ കഥ കൂടിയാണ് അവര്‍ പറയുന്നത്.
കോളനിയിലെ ജീവിതങ്ങള്‍ എന്ന ഭാഗത്ത്, തന്നെ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ച് അവര്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ നോക്കുമ്പോള്‍ ചെങ്കല്‍ച്ചൂളയിലെ കരുത്തുറ്റ പെണ്ണുങ്ങളുടെ ചരിത്രം കൂടി ഈ ആത്മകഥയില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിയുന്നു. പൊടിച്ചി, ഓമന, അജിത, ലൈല, റീന തുടങ്ങി നിരവധി പെണ്ണുങ്ങളുടെ ചരിത്രം കൂടിയാണ് ഈ കൃതി. ഒപ്പം ചെങ്കല്‍ച്ചൂളയിലെ ജനങ്ങളുടെ വിഭവ ദൗര്‍ലഭ്യവും ആവശ്യങ്ങളും അവകാശങ്ങളും ഓര്‍മ്മിപ്പിച്ചു കൊണ്ട് ആത്മകഥാ പുസ്തകം എഴുതി നിര്‍ത്തുന്നു. വിജില ചിറപ്പാടാണ് ധനുജ കുമാരിയുടെ ജീവിതം കേട്ട് എഴുതിയത്.