ജെക്കോബി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റിട്ടും ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയ തന്ത്രത്തില്‍ കാതലായ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നതിന് തെളിവാണ് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈ 30ന് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന (ഭേദഗതി) നിയമവും കേന്ദ്രത്തില്‍ മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ലോക്സഭയില്‍ ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ‘ഏകീകൃത വഖഫ് മാനേജ്മെന്റ്, ശക്തീകരണം, കാര്യക്ഷമത, വികസന നിയമം 1955’ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലും. പ്രതിപക്ഷത്തിന്റെ ശബ്ദം പാടേ അടിച്ചമര്‍ത്തുന്ന ശീലം മാറ്റേണ്ടിവന്നതിനാല്‍ വഖഫ് ബില്ല് പാര്‍ലമെന്റ് സംയുക്ത സമിതിക്ക് വിടാന്‍ ലോക്സഭാ സ്പീക്കര്‍ നിര്‍ബന്ധിതനായെന്നു പറയാം.
മഹാരാഷ് ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഉത്തര്‍പ്രദേശിലെ 10 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും വരാനിരിക്കെ, കോണ്‍ഗ്രസ് നയിക്കുന്ന ‘ഇന്ത്യ’ പ്രതിപക്ഷസഖ്യത്തിന്റെ സാമൂഹിക നീതി (ജാതി സെന്‍സസ്) രാഷ്ട്രീയ അച്ചുതണ്ടിനെ നേരിടാന്‍ ബിജെപി തങ്ങളുടെ ഹിന്ദുത്വ ദേശീയതയുടെ മുഖമുദ്രയായ മുസ് ലിം വിദ്വേഷത്തിന്റെ ആഖ്യാനങ്ങള്‍ ഒന്നുകൂടി പൊലിപ്പിക്കുകയാണ്. യുപിയിലെ നിയമവിരുദ്ധ മതപരിവര്‍ത്തനം തടയാനുള്ള 2021-ലെ നിയമത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ തീര്‍പ്പാകാതെ കിടക്കുമ്പോള്‍, ജീവപര്യന്തം തടവിനു വകുപ്പുള്ള, ജാമ്യമില്ലാത്ത ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായി മതംമാറ്റത്തെ പുനര്‍നിര്‍വചിക്കുന്ന 2024-ലെ ഭേദഗതി നിയമത്തെ ‘ലൗ ജിഹാദ്’ വിരുദ്ധ ലേബലില്‍ തന്നെയാണ് യോഗിയും കൂട്ടരും അവതരിപ്പിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. ഈ കുപ്രസിദ്ധ നിയമത്തിന്റെ ഇരകളില്‍ അധികപങ്കും ക്രൈസ്തവരാണുതാനും. യുപിയില്‍ 2020-2023 കാലയളവില്‍ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തു എന്ന കുറ്റത്തിന് 184 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 2020 ഡിസംബര്‍ മുതല്‍ 2023 നവംബര്‍ 27 വരെ 398 പേര് ജയിലില്‍ അടയ്ക്കപ്പെട്ടു, ഇവരില്‍ 80 പേര് സ്ത്രീകളാണ്.
വിദേശ ശക്തികളും രാജ്യവിരുദ്ധ സംഘടനകളും ആസൂത്രിതമായ മതപരിവര്‍ത്തനത്തിലൂടെ രാജ്യത്തെ ജനസംഖ്യാഘടനതന്നെ മാറ്റിമറിക്കുന്നതും, പ്രായപൂര്‍ത്തിയാകാത്തവര്‍, ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, സ്ത്രീകള്‍, പട്ടികജാതി-വര്‍ഗക്കാര്‍ എന്നിവരുടെ കൂട്ടമതംമാറ്റവും തടയുന്നതിനു 2021-ലെ നിയമവ്യവസ്ഥകള്‍ അപര്യാപ്തമാണെന്നു കണ്ടതിനാലാണത്രെ കൂടുതല്‍ കര്‍ശനമായ നിയമം കൊണ്ടുവരുന്നത്. രണ്ടു പുതിയ ഉപവകുപ്പുകള്‍ ഭേദഗതിയിലുണ്ട്: മതപരിവര്‍ത്തനത്തിന് വിദേശഫണ്ടോ നിയമവിരുദ്ധ സ്ഥാപനങ്ങളുടെ ഫണ്ടോ ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ഏഴു വര്‍ഷം മുതല്‍ 14 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. സ്ത്രീയെയോ പ്രായപൂര്ത്തിയാകാത്തവളെയോ തട്ടിക്കൊണ്ടുപോയാല്‍ 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവിനു വകുപ്പുണ്ട്. ഇരകള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.
രണ്ടോ അതിലധികം പേരോ മതംമാറിയാല്‍ അത് കൂട്ടമതംമാറ്റമാകുമെന്നാണ് യുപി നിയമം. കൂട്ടമതപരിവര്‍ത്തനത്തിന് ശിക്ഷ ഏഴു മുതല്‍ 14 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും. ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും കുട്ടിയും മതംമാറിയാല്‍ അത് ഗുരുതരമായ കുറ്റകൃത്യമാകുന്നു. നിര്‍ബന്ധിച്ചോ വഞ്ചനാപരമായോ മതംമാറ്റുന്നയാള്ക്ക് മൂന്നു മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാം. പ്രായപൂര്‍ത്തിയാകാത്തയാള്‍, ഭിന്നശേഷിക്കാര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, പട്ടികജാതി-വര്‍ഗത്തില്‍ പെട്ടവര്‍ എന്നിവരെ മതംമാറ്റിയാല്‍ 14 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.
ഇരകള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ രക്തബന്ധമുള്ളവര്‍ക്കോ പരാതി സമര്‍പ്പിക്കാം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ യുപിയില്‍ 2021-ല്‍ രജിസ്റ്റര്‍ ചെയ്ത 101 എഫ്ഐആറുകളില്‍ 62 ശതമാനവും ബജ് റംഗ് ദള്‍, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ മൂന്നാംകക്ഷികളുടേതാണെന്ന് കോടതികള്‍ കണ്ടെത്തി. പുതിയ ഭേദഗതിയില്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 13-ാം അധ്യായത്തില്‍ പറയുന്ന പ്രകാരം ആര്‍ക്കുവേണമെങ്കിലും എഫ്ഐആര്‍ എടുക്കാം.
നാര്‍കോടിക്, സൈക്കോട്രോപിക് ലഹരിമരുന്ന് നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിയമം, നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നിയമം എന്നിവയ്ക്കു സമാനമായ അതികഠിന ജാമ്യവ്യവസ്ഥകളാണ് മതപരിവര്‍ത്തന കേസിനും ബാധകമാവുക.
എല്ലാ കുറ്റങ്ങളും കൊഗ്നൈസബിളാണ്, ജാമ്യമില്ലാത്തവ. പബ്ലിക് പ്രോസിക്യുട്ടറുടെ ഭാഗം കേള്‍ക്കാതെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ല. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതനാണ്. വിചാരണ പൂര്‍ത്തിയാകും വരെ ജാമ്യം കിട്ടുക അസാധ്യം.
മതപരിവര്‍ത്തനക്കേസിലെ ഒരു പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ജൂലൈയില്‍ അലഹാബാദ് ഹൈക്കോടതി ജഡ്ജി രോഹിത് രഞ്ജന്‍ അഗര്‍വാള്‍ പറഞ്ഞത് ഇത്തരം മതംമാറ്റം തടഞ്ഞില്ലെങ്കില്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ താമസിയാതെ ന്യൂനപക്ഷമായി മാറും എന്നാണ്. സംസ്ഥാനത്ത് പട്ടികജാതി-വര്‍ഗക്കാര്‍ക്കിടയില്‍ വ്യാപകമായി മതംമാറ്റം നടക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും സാമുദായികമൈത്രിയുടെയും രജതരേഖയായ യുപിയിലെ മതപരിവര്‍ത്തന നിരോധന നിയമം ഇനിയും കര്‍ശനമാക്കണമെന്ന് ഇക്കഴിഞ്ഞ ദിവസം ഇതേ ജഡ്ജി മറ്റൊരു പ്രതിക്ക് ജാമ്യം നിരസിച്ചുകൊണ്ട് മൊഴിയുകയുണ്ടായി.
ഇസ് ലാമിക നിയമപ്രകാരം മതധര്മസ്ഥാപനങ്ങള്ക്കും ജീവകാരുണ്യത്തിനുമായി വിശ്വാസികള്‍ അല്ലാഹുവിന്റെ നാമത്തില്‍ ദാനംചെയ്യുന്ന സ്വത്തുക്കളാണ് വഖഫ്. വഖഫ് സ്വത്തുക്കളുടെ വിനിയോഗവും സംരക്ഷണവും ചിട്ടപ്പെടുത്തുന്ന നിയമങ്ങള്‍ ബ്രിട്ടീഷ് കാലം മുതല്‍ രാജ്യത്ത് നിലവിലുണ്ട്. 1995-ലെ വഖഫ് നിയമം യുപിഎ ഭരണകാലത്ത് 2013-ല്‍ ഭേദഗതി ചെയ്തിരുന്നു. കൈയേറ്റത്തിനു വിധേയമായ വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിന് പ്രാമുഖ്യം നല്‍കുന്നതായിരുന്നു ആ ഭേദഗതികള്‍.
വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ മോദി മന്ത്രിസഭ അംഗീകരിക്കുകയും യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്മെന്റ് ആക്ട് എന്നു പുനര്‍നാമകരണം ചെയ്ത് ഭേദഗതി ബില്ല് ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. വഖഫ് സ്വത്തുക്കള്‍ ചില മാഫിയകളുടെ കൈകളിലാണെന്നും മാര്‍ക്കറ്റ് വില വച്ചുനോക്കിയാല്‍ വളരെ തുച്ഛമായ വരുമാനമാണ് അവയില്‍ നിന്ന് ലഭിക്കുന്നതെന്നും കൃത്യമായി ഓഡിറ്റ് ചെയ്ത് സുതാര്യമായി എല്ലാ വഖഫ് സ്വത്തുക്കളുടെയും പട്ടിക തയാറാക്കി എല്ലാവിഭാഗം മുസ് ലിംകള്‍ക്കും പ്രാതിനിധ്യം നല്കി ലാഭകരമായി അവ മാനേജ് ചെയ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു.
ഇന്ത്യന്‍ റെയില്‍ വേസും പ്രതിരോധ വകുപ്പും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും വലിയ ഭൂസ്വത്ത് 32 വഖഫ് ബോര്ഡുകളുടേതാണെന്നാണ് കണക്ക്. മൊത്തം 9,40,000 ഏക്കര്‍ വരുന്ന, 1.2 ലക്ഷം കോടി രൂപ വിലമതിക്കുന്ന 8,72,000 വസ്തുവഹകള്‍. പള്ളി, ദര്‍ഗ, ശ്മശാനം, അനാഥശാല, ഈദ്ഗാഹ്, മസര്‍, തകിയ, ഇമംബാഡ, അശുര്ഖാന, ഖാന്ക്വാ, മക്ബറാ, അഞ്ജുമന് എന്നിങ്ങനെ പലതരം സ്ഥാപനങ്ങളും വാടകയ്ക്കും ലീസിനും നല്കിയ കെട്ടിടങ്ങളും പാര്പ്പിടങ്ങളുമൊക്കെ ഇതില്‍ ഉള്‍പ്പെടും.
വഖഫ് ട്രൈബ്യൂണലുകളില്‍ 40,9051 കേസുകള്‍ നിലവിലുണ്ട്. നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റുകാരും സ്വകാര്യവ്യക്തികളും സര്‍ക്കാരും പലപ്പോഴായി വഖഫ് ഭൂമി കൈയേറിയിട്ടുണ്ട്, ചട്ടങ്ങള്‍ക്കു വിരുദ്ധമായി വഖഫ് ബോര്‍ഡ് വാണിജ്യ ആവശ്യങ്ങള്‍ക്കായി വഖഫ് സ്വത്തുക്കള്‍ വിറ്റിട്ടുമുണ്ട്.
രാജ്യത്തെ ഏറ്റവും ധനികനായ വ്യവസായി മുകേഷ് അംബാനിയുടെ സൗത്ത് മുംബൈയിലെ 27 നിലയുള്ള ആന്റിലിയ എന്ന വീടിനുവേണ്ടി 4,532 ചതുരശ്രമീറ്റര്‍ ഭൂമി 2002 ഓഗസ്റ്റില്‍ കരീംഭോയ് ഇബ്രാഹിം ഖോജാ യത്തീംഖാന ട്രസ്റ്റില്‍ നിന്ന് വാങ്ങിയത് 21.05 കോടി രൂപയ്ക്കാണെന്നും അന്ന് മാര്‍ക്കറ്റ് നിരക്കുപ്രകാരം 150 കോടി രൂപ കിട്ടേണ്ടതായിരുന്നുവെന്നും മഹാരാഷ് ട്ര വഖഫ് ബോര്‍ഡ് പിന്നീട് പറഞ്ഞിരുന്നു. കൊല്‍ക്കത്തയിലെ ടോളിഗഞ്ച് ക്ലബ്, റോയല്‍ കല്‍ക്കട്ട ഗോള്‍ഫ് ക്ലബ്, ബാംഗളൂര്‍ ഐടിസി വിന്ഡ്സോണ് ഹോട്ടല്‍ എന്നിവ വഖഫ് ഭൂമിയിലാണെന്ന് ഒരു വാദമുണ്ട്. ബെംഗളൂരുവിലെയും ഹൈദരാബാദിലെയും നിരവധി കോര്‍പറേറ്റ് സമുച്ചയങ്ങള്‍ വഖഫ് ഭൂമിയിലാണ്. ഹൈദരാബാദിനടുത്ത് ഷംഷാബാദിലെ രാജ്യാന്തര വിമാനതാവളത്തിന്റെ 5,495 ഏക്കര്‍ ഭൂമിയില്‍ 1,000 ഏക്കറെങ്കിലും വഖഫായിരുന്നു.
വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്കുള്ള അവകാശം പരിമിതപ്പെടുത്താനും അവയില്‍ സര്‍ക്കാരിന്റെ പിടിമുറുക്കാനുമാണ് നിയമഭേദഗതി എന്നു വ്യക്തം. വഖഫ്നാമായില്ലാതെ വാക്കാല്‍ ഔഖാഫായി നല്കപ്പെട്ടതോ വര്‍ഷങ്ങളായി വഖഫ് ആയി കരുതപ്പെട്ടതോ ആയ ആസ്തികള്‍ പുതിയ ഭേദഗതി പ്രകാരം സര്‍ക്കാരിന്റേതാകും. വഖഫ് വസ്തുവിനെ സംബന്ധിച്ച് തീര്‍പ്പു കല്പിക്കാനുള്ള അധികാരം ഇനി വഖഫ് ട്രൈബ്യൂണലിനല്ല, ജില്ലാ കലക്ടര്‍ക്കായിരിക്കും. വഖഫ് ഭൂമി സര്‍വേ നടത്തുന്നതിന് സര്‍വേ കമ്മിഷണറെ നിയമിക്കാന്‍ വഖഫ് ബോര്‍ഡിന് അവകാശമുണ്ടാകില്ല. സര്‍ക്കാര്‍ ഭൂമിയാണോ വഖഫ് ഭൂമിയാണോ എന്നു നിശ്ചയിക്കുന്നത് കലക്ടറാണ്.
സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡിലും രണ്ട് വനിതകളും രണ്ട് അമുസ് ലിംകളും അംഗങ്ങളാകും. ബോര്‍ഡില്‍ ചീഫ് എക്സിക്യുട്ടീവ് ഓഫിസറായി സംസ്ഥാന സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറിയുടെ റാങ്കില്‍ താഴെയല്ലാത്ത അമുസ് ലിമിനെയും നിയമിക്കാവുന്നതാണ്. സെന്‍ട്രല്‍ വഖഫ് കൗണ്‍സിലില്‍ ഒരു കേന്ദ്ര മന്ത്രിയും മൂന്ന് എംപിമാരും മൂന്ന് മുസ് ലിം സംഘടനാ പ്രതിനിധികളും മൂന്ന് ഇസ് ലാമിക നിയമവിദഗ്ധരും സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ രണ്ട് മുന്‍ ജഡ്ജിമാരും നാല് പ്രമുഖ വ്യക്തികളും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അംഗങ്ങളായിരിക്കും. ബിജെപിക്ക് ഒരു മുസ് ലിം ലോക്സഭാ എംപി പോലുമില്ലാത്ത സ്ഥിതിക്ക് ഇതരമതസ്ഥരുടെ എണ്ണം കൂടാനാണ് സാധ്യത. ഇസ് ലാമിക നിയമത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഇതരമതസ്ഥരെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത് ആര്‍ക്കുവേണ്ടിയാകും? ലിംഗസമത്വവും തുല്യനീതിയും പറയാന്‍ രണ്ടു വനിതകള്‍ ഇപ്പോഴേ അംഗങ്ങളായുണ്ട്.
മതസ്വാതന്ത്ര്യത്തിനും ഫെഡറല്‍ സംവിധാനത്തിനും നേരെയുള്ള കടന്നാക്രമണം, ഭരണഘടനയുടെ 14, 15, 25, 26, 30 അനുച്ഛേദങ്ങളുടെ ലംഘനം, മുസ് ലിം വിരുദ്ധ നിയമം എന്നു തുടങ്ങി എതിര്‍പ്പിനു ശക്തികൂട്ടിയ പ്രതിപക്ഷത്തുനിന്ന് ഏറെ പ്രസക്തമായ ഒരു ചോദ്യമുയര്‍ന്നു: അയോധ്യാ രാമക്ഷേത്രത്തിന്റെ ഗവേണിങ് ബോഡിയില്‍ ഹിന്ദുവല്ലാത്ത ഒരാളെയെങ്കിലും കയറ്റുമോ? ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയില്‍ ഇതരമതസ്ഥരെ അംഗങ്ങളാക്കാന്‍ മോദി ധൈര്യപ്പെടുമോ?
പുരാതന സ്മാരകങ്ങളെന്ന നിലയില്‍ കുറെ വഖഫ് സ്വത്തുക്കള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. 1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളില്‍ മറ്റൊരു വിഭാഗത്തിനും അവകാശമില്ലെന്ന നിയമമുണ്ടായിരിക്കെ, വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിന്‍മേലും മഥുരയിലെ ഈദ്ഗാഹ് മസ്ജിദിന്‍മേലും കാവിക്കൊടി പാറിക്കാന്‍ വെമ്പുന്നവര്‍ രാജ്യത്ത് ഇനി ആരുടെയൊക്കെയോ എത്രയെത്ര തര്‍ക്കഭൂമികള്‍ വീണ്ടെടുക്കാനിരിക്കുന്നു!