ജെക്കോബി
ബംഗ്ലാദേശില്‍ 2011 മാര്‍ച്ചില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ താഴെയിറക്കി സമാധാന നൊബേല്‍ ജേതാവായ സാമ്പത്തികശാസ്ത്രജ്ഞന് മുഹമ്മദ് യൂനുസിനെ അധികാരത്തിലേറ്റുന്നതിന് വിഫലമായ ഒരു ‘വര്‍ണ വിപ്ലവം’ നടന്നത് ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി തന്റെ ഓര്മക്കുറിപ്പുകളില് അനുസ്മരിക്കുന്നുണ്ട്. റോസ്, ഓറഞ്ച്, ട്യുലിപ്, പിങ്ക്, ജാസ്മിന്, വെല്‍വറ്റ് തുടങ്ങിയ പേരുകളില്‍ ജോര്‍ജിയ, യുക്രെയ്ന്, കിര്‍ഗിസ്ഥാന്‍, യൂഗോസ്ലാവിയ, ഈജിപ്ത്, ട്യുണീഷ്യ എന്നിവിടങ്ങളില്‍ ഭരണമാറ്റത്തിനായി നടന്ന ജനകീയ മുന്നേറ്റങ്ങള്‍ക്കു സമാനമായി ബംഗ്ലാദേശില്‍ അവാമി ലീഗ് ഭരണത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തുകൊണ്ടുള്ള പ്രക്ഷോഭം ആരംഭിച്ചത് മുഹമ്മദ് യൂനുസിനെ ഷെയ്ഖ് ഹസീന ഗ്രാമീണ്‍ ബാങ് മാനേജിങ് ഡയറക്ടര്‍ പദവിയില്‍ നിന്നു നീക്കം ചെയ്തപ്പോഴാണ്.
ഈടും ജാമ്യവുമില്ലാതെ പാവങ്ങള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ക്കായി ലഘുവായ്പ നല്കി അവരെ സ്വയംപര്യാപ്തരാക്കുന്ന മൈക്രോഫിനാന്‍സിങ് എന്ന സാമ്പത്തിക വിപ്ലവത്തിലൂടെ ലോകപ്രശസ്തനായ മുഹമ്മദ് യൂനുസ് തനിക്ക് രാഷ് ട്രീയ വെല്ലുവിളി ഉയര്‍ത്തുമെന്ന ആശങ്കയിലായിരുന്നു ഹസീന. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റണ് മന്മോഹന് സിങ്ങിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയെ ഫോണില്‍ വിളിച്ച് യൂനുസിനു വേണ്ടി ഇടപെടണമെന്ന് ആവശ്യപ്പെട്ടതും, വംഗബന്ധു മുജീബുര്‍ റഹ്മാനും കുടുംബത്തിലെ മറ്റ് 18 അംഗങ്ങളും വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അഭയം തേടിയ ഹസീനയുടെയും സഹോദരി രഹാനയുടെയും ‘രക്ഷിതാവായി’ ഇന്ദിരാ ഗാന്ധി തന്നെ ചുമതലപ്പെടുത്തിയ നാള് മുതല്‍ തനിക്ക് ഏറ്റവും അടുപ്പമുള്ള ഹസീനയ്ക്കെതിരായ ഒരു വര്‍ണ വിപ്ലവത്തിനും ഇന്ത്യ കൂട്ടുനില്ക്കുകയില്ലെന്ന് താന്‍ ഹിലരിയോട് വെട്ടിത്തുറന്നു പറഞ്ഞതും പ്രണബ് വിവരിക്കുന്നുണ്ട്.
ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി – തുടര്‍ച്ചയായ നാലാമൂഴത്തില് ലോകത്തില്‍ തന്നെ ഏറ്റവും നീണ്ടകാലം പ്രധാനമന്ത്രിക്കസേരയില്‍ വാഴുന്ന വനിതയായിരുന്നു ഷെയ്ഖ് ഹസീന. അറബ് വസന്തം പോലുള്ള വര്‍ണ വിപ്ലവങ്ങള്‍ക്കു സമാനമായി, പേരെടുത്തുപറയാന്‍ ഒരു നേതൃനിരയുമില്ലാതെ ‘വിവേചനത്തിനെതിരെ വിദ്യാര്‍ഥികള്‍’ എന്ന ബാനറുമായി ജൂലൈയില്‍ സംവരണ പ്രശ്നം ഉന്നയിച്ച് ധാക്കയില്‍ തെരുവിലിറങ്ങിയ യുവജനങ്ങളുടെ മുന്നേറ്റം, കഴിഞ്ഞ 15 വര്‍ഷമായി അടിച്ചമര്‍ത്തപ്പെട്ട ജനാധിപത്യ അവകാശങ്ങള്‍ക്കും രാഷ് ട്രീയ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ബഹുജന പ്രക്ഷോഭമായി രൂപാന്തരപ്പെടുകയും ഒടുവില്‍ ‘ഏകാധിപതി ഹസീന തുലയട്ടെ’ എന്ന ഒരൊറ്റ വികാരമായി ആളിപ്പടരുകയും ചെയ്തതിനു പിന്നില്‍ ഒരുഭാഗത്ത് അമേരിക്കയുടെയും മറുഭാഗത്ത് ബംഗ്ലാദേശില്‍ നിരോധിക്കപ്പെട്ടിരുന്ന ജമാഅത്തെ ഇസ് ലാമിയെ പിന്തുണയ്ക്കുന്ന പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെയും ചൈനയുടെയും കൈകള്‍ തിരയുന്ന എത്രയോ ‘രാജ്യാന്തര ഗൂഢാലോചന’ സിദ്ധാന്തങ്ങള്‍ ചുരുളഴിയാനിരിക്കുന്നു.
രാഷ് ട്രത്തോടുള്ള വിടവാങ്ങല്‍ സന്ദേശം നല്കാന് പോലും അവസരം നല്‍കാതെ, 45 മിനിറ്റിനകം രാജ്യം വിടാനാണ് രണ്ടു മാസം മുന്‍പ് തന്നെ സൈനിക മേധാവിയായി നിയമിച്ച ബംഗ്ലാദേശിന്റെ ആ ‘ഉരുക്കുവനിത’യ്ക്ക് ജനറല്‍ വാഖിറുസ്സമാന് അന്ത്യശാസനം നല്‍കിയത്.
നിരോധനാജ്ഞ ലംഘിച്ച് പതിനായിരകണക്കിന് ജനങ്ങള്‍ ധാക്കയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭവനിലേക്ക് ഇരച്ചുകയറുന്നതിനു തൊട്ടുമുന്‍പാണ് ഹസീന സഹോദരി രഹാനയോടൊപ്പം വ്യോമസേനാ ഹെലികോപ്റ്ററില്‍ അഗര്‍ത്തലയിലേക്ക് രക്ഷപ്പെട്ടത്. പ്രധാനമന്ത്രിയുടെ രാജിവാര്‍ത്ത രാജ്യത്തെ അറിയിച്ചത് സൈനിക മേധാവിയാണ്. ‘ബംഗ്ലാദേശിന്റെ രണ്ടാം വിമോചനദിനം’ എന്ന ഘോഷത്തോടെ ‘ധാക്കാ മാര്‍ച്ച്’ നയിച്ച പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ വസതിയും കാര്യാലയവും മന്ത്രിമാരുടെ വസതികളും പാര്‍ലമെന്റ് മന്ദിരവും അവാമി ലീഗ് നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കുകയും ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ വസതിയായ ധന്മണ്ഡി 32-ലെ ബംഗബന്ധു മെമ്മോറിയല്‍ മ്യൂസിയത്തിനു തീവയ്ക്കുകയും അദ്ദേഹത്തിന്റെ പ്രതിമകള്‍ തകര്‍ക്കുകയും പൊലീസ് സ്റ്റേഷനുകളും അവാമി ലീഗ് പാര്‍ട്ടി ഓഫിസുകളും ചില ഹോട്ടലുകളും ആക്രമിക്കുകയും ചെയ്തു.
ശ്രീലങ്കയിലെ കൊളംബോയില്‍ 2022 ജൂലൈയില്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്സെയുടെ പതനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ധാക്കയില്‍ നിന്നുള്ള ഹസീനയുടെ പലായനം. എന്നാല്‍ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ലോക ബാങ്കിന്റെയും രാജ്യാന്തര നാണ്യനിധിയുടെയും കണക്കുകള്‍ പ്രകാരം ബംഗ്ലാദേശിലെ പ്രതിശീര്‍ഷ ജിഡിപി ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനത്തെ മറികടന്നു, 2019-ല്‍ 7.9 ശതമാനമായി അതു വളര്‍ന്നു. ഏഷ്യ-പസിഫിക് മേഖലയില്‍ അതിവേഗ സാമ്പത്തിക വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയായി ബംഗ്ലാദേശ് മാറി. ഹസീനയുടെ ഭരണകാലത്ത് ബംഗ്ലാദേശില്‍ 2.50 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റാനായിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും വലിയ വസ്ത്ര കയറ്റുമതി ബംഗ്ലാദേശില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വന്‍നിക്ഷേപവും വികസന പദ്ധതികളും അവിടേക്ക് ഒഴുകി.
1980കളില്‍ ബംഗ്ലാദേശില്‍ പട്ടാളഭരണകൂടത്തിനെതിരെ ഉയര്‍ന്ന ജനാധിപത്യ പോരാട്ടത്തിന്റെ വീരനായികയായ ഹസീന 1996-ലാണ് ആദ്യം പ്രധാനമന്ത്രിയായത്; തുടര്‍ന്ന് 2009-ല്‍ വീണ്ടും അധികാരത്തിലെത്തി. അവാമി ലീഗിന്റെ ഏകകക്ഷി ഭരണത്തില്‍ പ്രതിപക്ഷത്തെയും വിമതശബ്ദങ്ങളെയും അടിച്ചമര്‍ത്തുകയും രാജ്യത്തെ ജനാധിപത്യസംവിധാനങ്ങളെയെല്ലാം ദുര്‍ബലമാക്കുകയും ചെയ്ത ഷെയ്ഖ് ഹസീനയുടെ സമഗ്രാധിപത്യത്തിന്റെയും പൗരാവകാശലംഘനങ്ങളുടെയും ഭീകരവാഴ്ചയുടെയും രൗദ്രഭാവം മാത്രം കണ്ടുവളര്‍ന്ന യുവജനങ്ങള്‍ അവസരസമത്വത്തിനും സാമൂഹികനീതിക്കുമായി നടത്തിയ പ്രക്ഷോഭത്തെയും ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചതോടെയാണ് രാജ്യത്തെ ഏറ്റവും വെറുക്കപ്പെട്ട നേതാവായി ഹസീന മാറിയത്.
സ്വാതന്ത്ര്യസമരസേനാനികളുടെ ആശ്രിതര്‍ക്കായി സര്‍ക്കാര്‍ സര്‍വീസില്‍ 1972-ല്‍ ഏര്‍പ്പെടുത്തിയ 30% സംവരണം ഉള്‍പ്പെടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന 56% സംവരണ ക്വാട്ട പുനഃപരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ ഷെയ്ഖ് ഹസീന 2018-ല്‍ സിവില്‍ സര്‍വീസ് സംവരണം അപ്പാടെ റദ്ദാക്കി എക്സിക്യുട്ടീവ് ഉത്തരവിറക്കി. ‘മുക്തിയോദ്ധാ’ എന്ന പേരിലുള്ള 30 ശതമാനം സംവരണ ആനുകൂല്യം അവാമി ലീഗുകാര്‍ കൈയടക്കിയെന്നായിരുന്നു ആക്ഷേപം. എന്നാല്‍, ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഹൈക്കോടതി ഹസീനയുടെ എക്സിക്യുട്ടീവ് ഉത്തരവ് റദ്ദാക്കി പഴയ 56% സംവരണം പുനഃസ്ഥാപിച്ചു. ഇതാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഇടയാക്കിയത്. സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ഥികളെ വിമോചനസമരകാലത്ത് മുക്തിബാഹിനിയെ ഒറ്റുകൊടുത്ത പാക് പക്ഷക്കാരോട് സാദൃശ്യപ്പെടുത്തുന്ന ‘റസാകര്‍’ എന്ന അധിക്ഷേപ സംജ്ഞ ഉപയോഗിച്ച് ഹസീന പരിഹസിച്ചതോടെ സമരത്തിന്റെ രൂപം മാറുകയായിരുന്നു. പൊലീസും പാരാമിലിട്ടറി സേനയും ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡും അവാമി ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ ബംഗ്ലാദേശ് ഛാത്ര ലീഗ് അണികളും ചേര്‍ന്ന് പ്രക്ഷോഭകരെ നേരിട്ടതോടെ കലാപം രൂക്ഷമായി. ഏറ്റുമുട്ടലുകളില്‍ മുന്നൂറിലേറെപേര്‍ കൊല്ലപ്പെട്ടു. സൈന്യവും തെരുവിലിറങ്ങി. കര്‍ഫ്യു പ്രഖ്യാപിച്ച്, കണ്ടാലുടന്‍ വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മാത്രം കലാപത്തില്‍ 14 പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം 141 പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഫ്യൂ ലംഘിച്ച് ധാക്കയിലേക്ക് മാര്‍ച്ച് ചെയ്ത ജനക്കൂട്ടത്തിനു നേരെ നിറയൊഴിക്കാന്‍ സൈന്യം വിസമ്മതിച്ചു.
സുപ്രീം കോടതി മുക്തിയോദ്ധാക്കളുടെ പിന്മുറക്കാരുടെ 30% സംവരണം 5 ശതമാനമായി വെട്ടിക്കുറച്ചും ഗോത്രവര്‍ഗക്കാര്‍ക്ക് ഒരു ശതമാനവും ഭിന്നശേഷിക്കാര്‍ക്കും ലിംഗന്യൂനപക്ഷങ്ങള്ക്കുമായി ഒരു ശതമാനവും സംവരണം നിലനിര്‍ത്തിയും, 93 ശതമാനം ഗവണ്മെന്റ് ഉദ്യോഗം എല്ലാ ബംഗ്ലാദേശികള്ക്കുമായി തുറന്നിടുകയും ചെയ്തുകൊണ്ട് ഉത്തരവ് ഇറക്കിയതോടെ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ അത് ഹസീനയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ ബഹുജനപ്രക്ഷോഭമായി ആളിപ്പടരുകയാണുണ്ടായത്.
ഷെയ്ഖ് ഹസീന രാഷ് ട്രീയ അഭയം തേടി ബ്രിട്ടനിലേക്കോ ഫിന്ലന്ഡിലേക്കോ ബെലാറൂസിലേക്കോ പോയേക്കുമെന്ന അഭ്യൂഹം നാട്ടില്‍ പരക്കുമ്പോള്‍ അവര്‍ക്ക് മോദി സര്‍ക്കാര്‍ താത്കാലിക സുരക്ഷാകേന്ദ്രം ഒരുക്കിയത് ബംഗ്ലാദേശില്‍ ഇന്ത്യാവിരുദ്ധ വികാരം കൂടുതല്‍ ശക്തമാകാന്‍ ഇടവരുത്തുമെന്ന ആശങ്കയുണ്ട്.
ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്ന് ജനറല്‍ വാഖിറുസ്സമാന് ഉറപ്പുനല്‍കുമ്പോഴും രാജ്യത്ത് 20 ജില്ലകളിലായി അവാമി ബന്ധമാരോപിച്ച് ഒട്ടേറെ ന്യൂനപക്ഷ നേതാക്കളെ കൊല്ലുകയും 250 വീടുകളും ഏതാനും ക്ഷേത്രങ്ങളും ജനക്കൂട്ടം ആക്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ചിറ്റഗോംഗ് ഹില്‍സില്‍ ക്രൈസ്തവ സന്താള്‍ ഗോത്രസമൂഹത്തിനുനേരെയും ആക്രമണമുണ്ടായി.
പട്ടാളഭരണമല്ല, ജനാധിപത്യമാണ് രാജ്യത്തിന് ആവശ്യം എന്ന് ജനകീയ മുന്നേറ്റം നയിച്ച വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയതോടെ, ഹസീന ഇക്കഴിഞ്ഞയാഴ്ച നിരോധിച്ച മുഖ്യപ്രതിപക്ഷ കക്ഷിയായ ബംഗ്ലാ നാഷണലിസ്റ്റ് പാര്‍ട്ടിയെയും പത്തുവര്‍ഷം മുന്‍പ് നിരോധിക്കപ്പെട്ട ബംഗ്ലാദേശ് ജമാഅത്തെ ഇസ് ലാമിയെയും ഉള്‍പ്പെടുത്തി ഇടക്കാല ഗവണ്മെന്റ് രൂപീകരിക്കാന്‍ സൈന്യം സന്നദ്ധത പ്രകടിപ്പിച്ചു. മുഹമ്മദ് യൂനുസ് ഇടക്കാല മന്ത്രിസഭയെ നയിക്കണമെന്ന നിബന്ധന ഉന്നയിച്ചത് യുവജനങ്ങളാണ്. അഴിമതിക്കേസില്‍ 17 വര്‍ഷം തടവിനു വിധിക്കപ്പെട്ട് ആറുവര്‍ഷമായി വീട്ടുതടങ്കലില്‍ കഴിയുകയായിരുന്ന മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെയും ജനകീയ പ്രക്ഷോഭത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരെയും മോചിപ്പിക്കാന്‍ രാജ്യത്തെ പ്രസിഡന്റ് ഉത്തരവിട്ടു. പത്തു വര്‍ഷത്തിനുശേഷം ജമാഅത്തെ ഇസ് ലാമി കാര്യാലയം ധാക്കയിലെ മോഗ്ബസാറില് വീണ്ടും തുറന്നു. 2008 മുതല്‍ ലണ്ടനില്‍ കഴിയുന്ന ബിഎന്‍പി ആക്ടിങ് ചെയര്‍മാനും ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാന് താമസിയാതെ തിരിച്ചുവന്നേക്കും.
ഇന്ത്യയുമായി 4,096 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശിലെ ഭരണമാറ്റം അയല്പക്ക ബന്ധത്തെ എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമല്ല. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിന്റെ പ്രത്യാഘാതമുണ്ടാകും. പാക്കിസ്ഥാന്റെ സ്വാധീനത്തിനു വഴങ്ങാതെ, ചൈനയുമായി നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ നല്‍കിവന്ന ഹസീന പ്രധാനമന്ത്രി മോദിയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുത്തതിനു തൊട്ടുപിന്നാലെ തന്റെ മൂന്നാമൂഴത്തിലെ ആദ്യ സ്റ്റേറ്റ് ഗസ്റ്റായി മോദി ഹസീനയെ സ്വീകരിക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും സിവില്‍ സംഘടനകളോടും ജനാധിപത്യ സംവിധാനങ്ങളോടും ഷെയ്ഖ് ഹസീന സ്വീകരിച്ച നയങ്ങളില്‍ പലതും മോദിയില്‍ നിന്നു കടമെടുത്തതായി തോന്നാം. അജയ്യം, അപ്രതിഹതം എന്നു ധരിച്ചതൊക്കെ ഒരുനിമിഷംകൊണ്ട് തവിടുപൊടിയായി, ധാക്കയില്‍ നിന്ന് ഹസീന ഇന്ത്യയിലേക്കു ജീവന്കൈയിലെടുത്ത് പറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പാണ് ചണ്ഡിഗഢില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, നരേന്ദ്ര മോദി 2029 കഴിഞ്ഞാലും അധികാരത്തില്‍ തുടരുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചത്! ശാന്തം പാപം. അനശ്വര മോഹങ്ങളില്ലാത്ത രാഷ് ട്രീയ ചിരഞ്ജീവികള്ക്ക് ഹസീനയോട് സഹതപിക്കാനാകുമോ?