വില്‍സി സൈമണ്‍
ദുരന്തക്കാഴ്ചകള്‍ എപ്പോഴും നമ്മുടെ ഹൃദയങ്ങളെ മുറിവേല്‍പ്പിക്കാറുണ്ട്.
കാലങ്ങള്‍ എത്ര കഴിഞ്ഞാലും അവയുടെ മുറിപ്പാടുകള്‍ എന്നും ഓര്‍മയില്‍ തെളിഞ്ഞു നില്ക്കും. കോഴിക്കോട് സ്വദേശി അര്ജുന് അങ്ങനെയാണ് നമ്മുടെ ഹൃദയത്തില്‍ സ്ഥലം പിടിച്ചത്. രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതീക്ഷയോടെയും പ്രാര്‍ഥനകളോടെയും കര്‍ണാടകയിലെ ഷിരൂരില്‍ മലയിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അര്ജുന് എന്ന നമ്മുടെ സഹോദരനെ നമ്മള് കാത്തിരുന്നു. നമ്മുടെ പ്രതീക്ഷകള്‍ എല്ലാം പൊലിഞ്ഞുപോയെങ്കിലും അര്‍ജുന്‍ന്റെ അമ്മയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ഒപ്പം നമ്മള് അര്‍ജുനനെ ഇപ്പോഴും കാത്തിരിക്കുകയാണ്. അര്ജുന് വരും, വരാതിരിക്കില്ല…
ഇപ്പോള്‍ നമ്മള് മറ്റൊരു ദുരന്ത മുഖത്താണ്. കേരളം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ഏറ്റവും വേദനാജനകമായ ഒരു ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് വയനാട്. നിരവധിപേരുടെ ജീവിതവും ജീവനും ഇതിനകം തന്നെ നഷ്ടപ്പെട്ട ഹൃദയഭേദകമായ കാഴ്ചകള്‍ ആണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. ഉറ്റവരെയും ഉടയവരെയും കയ്യിലുള്ള സകലതും നഷ്ടപ്പെട്ട ഇവരെ ഇനി എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ എല്ലാവരും പകച്ചു നില്‍ക്കുകയാണ്.
ദുരന്തഭൂമിയില്‍ ജീവനുവേണ്ടി പോരാട്ടം നടത്തുന്നവരെത്ര പേരുണ്ടെന്ന് ഇനിയും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സംഭവത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ സങ്കടക്കാഴ്ചകള്‍ കണ്ടും കേട്ടും തളര്‍ന്നിരിക്കുന്നവരല്ല മലയാളികള്‍. പ്രളയത്തെയും നിപ്പയെയും കൊവിഡിനെയുമെല്ലാം പരസ്പര സ്നേഹത്തിലൂടെയും സാഹോദര്യത്തിലൂടെയും ഒന്നിച്ചു അതിജീവിച്ച് നമ്മള് ലോകത്തിന് മുമ്പില്‍ മാതൃകയായവരാണ്. ഇവിടെയും കയ്യും മെയ്യും മറന്ന് നമുക്ക് വയനാടിനോടൊപ്പം കൈകള്‍ കോര്‍ക്കാം.
ഓരോ ദുരന്തവും നമുക്ക് ചില പാഠങ്ങള്‍ നല്‍കുന്നുണ്ട് . അത് മനസ്സിലാക്കി മുന്നോട്ട് നീങ്ങുവാനുള്ള ഇച്ഛാശക്തി ആര്ജ്ജിക്കുമ്പോഴാണല്ലോ സമൂഹജീവിതം കൂടുതല്‍ ബലവത്തായി മാറുന്നത്.
ലോകമൊന്നടങ്കം പാരീസിലെ ഒളിമ്പിക്സ് വേദിയിലാണ്. വ്യത്യസ്ത രാജ്യങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരുന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ലോക പ്രശസ്ത ചിത്രകാരന് ഡാവിഞ്ചി വരച്ച ക്രിസ്തുവിന്റെ തിരുവത്താഴത്തെ വേദിയില്‍ വികലമായി ചിത്രീകരിച്ചത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മലീമസമായ മറ്റൊരു ദുരന്തമുഖത്തേയ്ക്കാണ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തായാലും ഇത്തരം വികലഭാവനകള്‍ രൂപപ്പെടുമ്പോള്‍ അതിന് പിന്നിലെ നിഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും നമ്മള് തയ്യാറാകണം.
മനുഷ്യന്റെ നന്മയില് ഊന്നല്‍ നല്കുന്ന കലാരൂപങ്ങള്‍ എന്നും പ്രോത്സാഹിപ്പിക്കപ്പെടണം. എന്നാല്‍ ഒളിമ്പിക്സ് വേദിയിലെ ഈ വികലമായ ആവിഷ്കാരത്തിനെതിരെ ഉയര്‍ന്നുവന്ന കടുത്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംഘാടകര്‍ക്ക് തങ്ങള്‍ക്ക് പിഴവുപറ്റിയെന്ന് ഖേദം പ്രകടിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
കത്തോലിക്ക സഭയിലെ വിശുദ്ധരാലും ദൈവശാസ്ത്രജ്ഞരാലും മനോഹരമായ ദേവാലയങ്ങളാലും അലങ്കരിക്കപ്പെട്ട ഫ്രാന്‍സില്‍ ഒളിമ്പിക്സ് ഉദ്ഘാടന വേദിയില്‍ ഇങ്ങനെ സംഭവിച്ചത് ഒരു കൈപ്പിഴയല്ലായെന്ന് വ്യക്തമാണ്.
ഇതിനോടു കൂട്ടിച്ചേര്‍ത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മുവാറ്റുപുഴ നിര്‍മല കോളജില്‍ നിസ്കാരമുറിക്ക് വേണ്ടിയുള്ള സമരത്തെ വിലയിരുത്തുമ്പോള്‍ നമ്മുടെ കലാലയങ്ങളെ കലുഷിതമാക്കാനുള്ള ചില കുത്സിത ശ്രമങ്ങള്‍ എവിടെയോ പ്ലാന്‍ ചെയ്യപ്പെടുന്നുണ്ട് എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. എന്തായാലും ഇതിനെതിരെ നിര്‍മ്മല കോളേജ് മാനേജ്മെന്റും അധികാരികളും നടത്തിയ നടപടികള്‍ പ്രശംസനീയമാണ്. ഒന്നിനുപിറകെ ഒന്നായി മഹല്‍ കമ്മിറ്റികളും ചില രാഷ്ട്രീയസംഘടനകളും ഈ സംഭവത്തെ അപലപിച്ചത് നമുക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.
കലാലയങ്ങളില്‍ മതസഹിഷ്ണത ഊട്ടിയുറപ്പിക്കപ്പെടേണ്ടതുണ്ട്. വ്യത്യസ്തമായ മതങ്ങളും വിശ്വാസങ്ങളും ചിന്തകളും ഒരുമിച്ചു ഒരു ചരടില്‍ കോര്‍ത്തിണക്കിക്കൊണ്ടു കുട്ടികള്‍ക്ക് മൂല്യാധിഷ്ഠിതമായ നല്ല വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഏത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ലക്ഷ്യം. അറിവും സമത്വചിന്തകളും സഹിഷ്ണുതയുമെല്ലാം നേടി അന്തസ്സോടെ മാന്യമായി ജീവിക്കുവാനും രാജ്യത്തിനും നാടിനും കുടുംബത്തിനും അഭിമാനിക്കത്തക്ക വ്യക്തിത്വങ്ങളായി യുവത്തലമുറകളെ വളര്‍ത്തിയെടുക്കാനും കലാലയങ്ങള്‍ പ്രതിജ്ഞാബന്ധമാണ്. എല്ലാ കലാലയങ്ങളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ലക്ഷ്യവും ഇത് തന്നെയാണ്.
ഇവിടെ പല മതങ്ങളിലും വിശ്വാസങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളിലും വിശ്വസിക്കുന്നവരുണ്ട്. വ്യത്യസ്തമായ സാമൂഹ്യ സാംസ്ക്കാരിക സാമ്പത്തിക മേഖലയില്‍ നിന്നും വരുന്നവരുണ്ടാകും.ചില സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കുവേണ്ടി കലാലയങ്ങളില്‍ ചില മതാത്മകക്രമീകരണങ്ങള് നടത്താന്‍ ശ്രമിക്കുന്നത് അപകടമായ പ്രവണതയാണ്. ലോകത്തിന്റെ ഏത് ഭാഗത്തായാലും വര്‍ഗീയതയും തീവ്രവാദവും വളര്‍ന്നു വരുന്നതു ശരിയല്ല. അത് തുടച്ചുനീക്കാന്‍ ഭരണഘടന നല്കുന്ന എല്ലാ സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്താന്‍ സ്ഥാപനമേധാവികള്‍ക്ക് അവകാശവും അധികാരവും ഉത്തരവാദിത്വവുമുണ്ടെണ്ടെന്ന് ആരും മറന്നുപോകരുത്. ഭീഷണികള്‍ ഒരു കാലത്തും വിലപ്പോകില്ല. വസ്തുതകളെ കൃത്യമായി അവലോകനം ചെയ്ത് കൃത്യമായ തീരുമാനങ്ങള്‍ കൃത്യസമയത്ത് എടുക്കേണ്ടത് കലാലയം നടത്തുന്ന മാനേജ്മെന്റിന്റെയും അധികാരികളുടെയും കടമയാണ്. അത് ഏറ്റവും നല്ല രീതിയില്‍ നിര്‍മല കോളജിന്റെ ഭാഗത്തു നിന്നുണ്ടായി എന്നത് മാതൃകാപരമാണ്. സഭയുടെ പ്രേഷിതനവീകരണപ്രവര്ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും പ്രോത്സാഹനം നല്‍കരുത്.
കലാലയങ്ങളില്‍ സമാധാനവും മതമൈത്രിയും സഹിഷ്ണുതയും നല്ല സൗഹൃദങ്ങളും ആണ് തഴച്ചു വളരേണ്ടത്. പകരം ചിലരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കുവേണ്ടി കലാലയങ്ങളില്‍ വിദ്വേഷവും അസഹിഷ്ണുതയും പടര്‍ത്തി അവിടെ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഇത് തടയാന്‍ രക്ഷിതാക്കളും അധ്യാപകരും അധികാരികളും ബോധപൂര്‍വ്വം ഇനിയും ജാഗ്രത പുലര്‍ത്തണം. മാനവികതയും സാഹോദര്യവും മതസൗഹാര്‍ദ്ദവും കൂട്ടായ്മകളും നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലും കലാലയങ്ങളിലും എന്നും നിലനില്‍ക്കപ്പെടണം.
സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും ധാര്മികച്യുതികള്ക്കും ലഹരി മാഫിയക്കുമൊക്കെ എതിരെ സാമൂഹികപ്രതിബദ്ധതയോടെ പ്രതികരിക്കാനുള്ള ശേഷി ആണ് യുവതലമുറ ആര്‍ജ്ജിക്കേണ്ടത്. ഒരു കുട്ടിയ്ക്കും ഒരു അധ്യാപകനും ഒരു പുസ്തകത്തിനും ഒരു പേനയ്ക്കും ഈ ലോകത്തെ മാറ്റാന്‍ കഴിയുമെന്ന് ഓര്‍മിപ്പിച്ചത് വേറെ ആരുമല്ല സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ മലാലയാണ്.
കാലത്തിന്റെ അടയാളങ്ങളെ നിതാന്ത ജാഗ്രതയോടുകൂടി പരിശോധിക്കുവിന്‍ എന്ന ഫ്രാന്‍സിസ് പാപ്പയുടെ ഉദ്ബോധനം സമകാലിക യാഥാര്‍ഥ്യങ്ങളുടെ ഒരു സമഗ്രമായ അപഗ്രഥനത്തിലേയ്ക്ക് നമ്മുടെ ശ്രദ്ധയെ വീണ്ടും ക്ഷണിക്കുന്നു. ഇനിയും ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കട്ടെ!