ഷാജി ജോര്‍ജ്
ആരാണ് കുട്ട്യോള്?
എത്ര നിസ്സാരമായ ചോദ്യം!
ബാലിശം എന്നുതന്നെ പറയാം.
എങ്കിലും ചോദിക്കട്ടെ, ആരാണിവര്‍?
അറിയില്ലേ, കുട്ടികള്‍, കുഞ്ഞുങ്ങള്‍.
ചെറിയവര്‍, നിസ്സാരര്‍.
ഒന്നുമറിയാത്തവര്‍.
ഒന്നും അറിയരുതാത്തവര്.
ആരെന്നുമെന്തെന്നുമെന്തിനെന്നുമെന്തുകൊണ്ടെന്നും
ചോദിച്ചുചോദിച്ച് നമ്മെ കുഴക്കുന്നവര്‍.
നമുക്ക് സാരമായതെല്ലാം നിസ്സാരമാക്കിയവര്‍. നമുക്കു നിസ്സാരമായതെല്ലാം സാരമാക്കിയവര്.
വെറും കുട്ടികള്‍.
ഒടുങ്ങാത്ത സംശയമുള്ളവര്‍.
നമ്മളോ ഗൗരവബുദ്ധിയുള്ളവര്, തിരക്കുള്ളവര്‍, നേരമില്ലാത്തവര്‍.
നാം എല്ലായിടത്തുനിന്നും അവരെ ഒഴിവാക്കുന്നു.
അവരുടെ ചോദ്യങ്ങള്‍, സംശയങ്ങള്‍, സങ്കടങ്ങള്‍ എല്ലാത്തില്‍നിന്നും നാം ഒഴിഞ്ഞുമാറുന്നു.
നാളത്തെ പൗരന്മാര്!
നാളത്തെ…
ഹാ!
ഇങ്ങനെയും ഒരു കവിതയോ! സംശയം വേണ്ട, കുഞ്ഞുണ്ണിമാഷിന്റെ കവിത തന്നെ.
ബാല്യ-കൗമാര കാലങ്ങളുടെ ഓര്‍മ്മകളുമായി ബോബി ജോസ് കട്ടിക്കാടച്ചന്റെ 2024 ജനുവരിയില്‍ ഇറങ്ങിയ ഒരു പുസ്തകമുണ്ട്. ”വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍’. അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്തകം. തുമ്പോളി കടപ്പുറവും അതിനോട് ചേര്‍ന്ന സാമൂഹ്യ പരിസരങ്ങളും അവിടുത്തെ മനുഷ്യരുമാണ് പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വായനയുടെ ആദ്യത്തെ ശബ്ദതാരാവലി പകുത്തെടുത്ത അധ്യാപകനായിരുന്ന അപ്പനും ധീരമായ നിലപാടുകള്‍ ഉള്ള അമ്മയുമുള്ള കുടുംബത്തില്‍ നിന്നാണ് പുസ്തകത്തിന്റെ താളുകള്‍ വിടരുന്നത്. അകാലത്തില്‍ പിരിഞ്ഞുപോയ സഹോദരന് ജിമ്മിച്ചേട്ടനാണ് പുസ്തകം സമര്‍പ്പിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി ജോലി ചെയ്ത് വിരമിച്ച ജിമ്മിച്ചേട്ടന്‍ എനിക്കും സൗഹൃദത്തിന്റെ മധുരം തന്നിട്ടുണ്ട്. അദ്ദേഹം എഴുതിയിരുന്നെങ്കില്‍ ബോബിയച്ചനേക്കാള് വായനക്കാര്‍ക്ക് പ്രിയപ്പെട്ടവനായേനെ.
ബോബി എന്ന പേര് വന്ന കഥ ഇങ്ങനെയാണ്. റോബര്‍ട്ട് കെന്നഡി കൊല്ലപ്പെട്ട വര്‍ഷമാണ് ഞാന്‍ ജനിച്ചത്. അയാളുടെ വീട്ടിലെ പേരായിരുന്നു ബോബി. അനുജന്റെ പേര് റ്റാസിറ്റസ് എന്നാണ്. അതവന്റെ ബോട്ടാണിക്കല്‍ പേരാണെന്നു വിചാരിക്കുന്ന കൂട്ടുകാര്‍ ഇപ്പോഴും ഉണ്ട്. യേശുവിനെ അടയാളപ്പെടുത്തിയ ആദ്യത്തെ സെക്കുലര്‍ ചരിത്രകാരനായിരുന്നു അയാള്‍. ഒക്കെ അപ്പന്റെ ലോകവീക്ഷണത്തിന്റെ കപ്പമാണ്! (പുസ്തകത്തില്‍ നിന്ന്).
വേദപുസ്തകം വായിക്കുന്ന പോലെ നിഘണ്ടു വായിച്ചിരുന്ന അപ്പന് ജോസ് പി. കട്ടിക്കാട് മാസ്റ്ററെ കുറിച്ചുള്ള ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ. തുമ്പോളി പള്ളിയിലെ വിശുദ്ധവാരാചരണം പ്രശസ്തമാണ്. നാടിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങള്‍ എത്തിച്ചേരുന്ന ദുഃഖവെള്ളി. 1958 മുതല്‍ 2013 വരെ തുമ്പോളി പള്ളിയിലെ ദുഃഖവെള്ളിയാഴ്ചകളില്‍ നടത്തിയിരുന്ന കുരിശിന്റെ വഴിയിലെ ഗാനങ്ങള്‍ രചിച്ചിരുന്നത് ജോസ് മാഷാണ്. ഒരേ വിഷയത്തെ ആധാരമാക്കി 50ലേറെ വേര്‍ഷനുകള്‍. ഏകദേശം 800 ഗീതങ്ങള്‍. അദ്ദേഹത്തിന്റെ അന്ത്യയാത്രയില്‍ (പള്ളിയില്‍നിന്ന് സിമിത്തേരിയിലേക്കുള്ള യാത്ര) വിട ചൊല്ലാനായി ഗായകസംഘം ആലപിച്ചതും ആ പിതാവിന്റെ വരികള്‍ തന്നെയാണ്.
‘കര്‍ത്താവെന്‍ ഓഹരിയെങ്കില്‍
ജന്മം സഫലമായേനെ നീയൊഴിഞ്ഞുള്ളവ എല്ലാം
എനിക്കന്യമാണ് അന്യമാണ് ഈശാ ”…..
ബോബിയച്ചന് ആതീവ ദു:ഖഭരിതനാകുന്നതും കണ്ണുനീര് ധാരധാരയായി ഒഴുകുന്നതും ആള്‍ക്കൂട്ടത്തില്‍ നിന്ന് ഞാനും സന്താപത്തോടെ കണ്ടു.
ബാല്യകാലം മുതലുള്ള കഥാപുരുഷന്റെ സാമൂഹ്യബോധം പുസ്തകത്തില്‍ തൊട്ടറിയാം. സൈക്കിള്‍ ചവിട്ട് പഠിച്ചപ്പോള്‍ വയലാറിലേക്കായിരുന്നു ആദ്യയാത്ര. പൂങ്കാവിലെ കലാനികേതനും, ജ്ഞാനദീപഗൃഹം വായനശാലയും അരശ്ശേരി ക്ഷേത്രത്തിലെ നാടകാവതരണവും എല്ലാം അതിന് കൂടുതല്‍ തെളിവുകളാണ്.
എറണാകുളത്തുനിന്ന് ആരംഭിച്ച് ആലപ്പുഴ വഴി കായംകുളത്ത് എത്തുന്ന ഇന്നത്തെ തീരദേശ റെയില്‍വേ യാഥാര്‍ത്ഥ്യമാക്കാന്‍ ജീവിതം സമര്‍പ്പിച്ച തീവണ്ടിപ്പിള്ളയെന്ന ഓമനപ്പിള്ളയുടെ കഥയും ബോബിയച്ചന് എഴുതിയിട്ടുണ്ട്.
‘സ്കൂളിലേക്കുള്ളവഴിയില് അദ്ദേഹത്തെ കാണുന്നത് സന്തോഷമുള്ള കാര്യമാണ്. ലോനന്പിള്ളയുടെ മകന് ബാരിസ്റ്റര്‍ കെ.എല്‍. ഓമനപ്പിള്ള. കല്യാണം ഒന്നും കഴിച്ചില്ല. തീവണ്ടിപ്പിള്ള എന്ന കളിപ്പേരിലെ പരിഹാസം നേര്‍ത്ത് നേര്‍ത്ത് അപ്പോഴേക്കും ആദരവായിട്ടുണ്ടായിരുന്നു. തീരദേശ റെയില്‍വേ എന്ന ആശയം അയാള്‍ പറഞ്ഞുതുടങ്ങിയ കാലത്ത് നാട്ടുകാര്‍ക്ക് അത് ഒരു ഫലിതമായിരുന്നു. ചൊരിമണലില്‍ പാളം ഉറപ്പിക്കുക അസാധ്യമാണെന്നുതന്നെയവര് കരുതി. പിന്നെ നിറയെ പൊഴിയും തോടുകളും.
1965-മുതലുള്ള അഞ്ച് തിരഞ്ഞെടുപ്പില്‍ തീവണ്ടിയടയാളത്തില് നിന്ന് സാമാന്യം ഭേദപ്പെട്ട നിലയില്‍ ഓമനപ്പിള്ള തോറ്റു. എന്നാലും ആ ചിഹ്നം ആളുകളുടെ ഉള്ളില്‍ ഒരാവേശമായി പതിഞ്ഞു. അവസാനത്തെ ഇലക്ഷന് നന്നായിട്ട് ഓര്‍മ്മയുണ്ട്. നമ്മള് ഹൈസ്കൂളിലാണ്, 1980. മതിലായ മതിലിലൊക്കെ അദ്ദേഹത്തിന്റെ പേരുണ്ട്. ഇത്തവണ തീവണ്ടിയായിരുന്നില്ല കലപ്പയേന്തിയ കര്‍ഷകനായിരുന്നു ചിഹ്നം. ജനതാപാര്‍ട്ടിയാണ്. പതിവുപോലെ തോറ്റു, ജയിച്ചേക്കുമെന്ന് ഒരു തോന്നല്‍ ഉണ്ടായിരുന്നതുകൊണ്ട് പത്ത് രൂപ ഒരുത്തനുമായി വാതുവെച്ചത് ആ വഴിക്കു പോയി. സുശീല ഗോപാലനോടാണ് ഒരു ലക്ഷം വോട്ടിന്റെ വ്യത്യാസത്തില്‍ പൊട്ടിയത്. അതിനിടയില്‍ ഈ പത്തു രൂപാകഥയൊക്കെ പറയാന്‍ പാടില്ലാത്തതാണ്. ഇതൊന്നും തീവണ്ടിസ്വപ്നത്തില് നിന്ന് അയാളെ അടര്‍ത്തിയില്ല. തീവണ്ടിയെഞ്ചിന്റെ ഹാര്‍ഡ് ബോര്‍ഡ് മാതൃകയുമേന്തി നാട്ടുവഴികളിലൂടെ പ്രകടനം നടത്തി. തന്റെ രാഷ്ട്രീയസ്വാധീനം മുഴുവന്‍ ഉപയോഗിച്ചു. ജനതാസര്‍ക്കാരില്‍ റെയില്‍വേമന്ത്രി ആയിരുന്ന പ്രഫസര്‍ മധു ദണ്ഡാവാദേയോട് നല്ല അടുപ്പമാണ്.
എല്ലാ രീതിയിലും അതിനുവേണ്ടിയയാള് മൈക്കാട്ട് പണി ചെയ്തു. 1992-ല്‍, അതുവരെ പാഠപുസ്തകത്തില്ക്കൂടിമാത്രം ഓടിക്കൊണ്ടിരുന്ന തീവണ്ടി കടലോരത്തുകൂടി കൂവിപ്പായുമ്പോള് അര്‍ഹിക്കുന്ന ആദരവ് നല്കിയില്ലായെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞു’.
അവതാരിക എഴുതിയ വിജിതമ്പി മാഷിന്റെ വാക്കുകളോടെ കുറിപ്പ് അവസാനിപ്പിക്കട്ടെ.
‘ഓര്‍മ്മകളുടെ അര്‍ത്ഥമെന്താണ്? മൂലമെന്താണ്? അനുഭവങ്ങള്‍ ഒരിക്കലും തിരിച്ചുവരാത്തതുകൊണ്ടാണ് ജീവിതം മധുര തരമായിരിക്കുന്നതെന്ന് എമിലി ഡിക്കിന്സന് എഴുതിയിട്ടുണ്ട്. ഒരിക്കലും വിജയിക്കാത്തവര്ക്കാണ് വിജയം ഏറ്റവും മധുരമായിരിക്കുന്നത്. ഓര്‍മ്മകള്‍ ജീവിതത്തിന് നൈരന്തര്യം നല്കുന്നു. അര്ത്ഥംകൊടുത്ത് പൊലിപ്പിക്കുന്നു. ജീവിതം സന്ന്യാസത്തിലേക്ക് വഴിതിരിയുന്നതോടെ ബാല്യത്തെക്കുറിച്ചുള്ള ആത്മഗതം തീരുകയാണ്.’ പക്ഷേ, വായനക്കാരന്റെ യാത്ര തുടരും. നെഞ്ചില്‍ ഉറവയെടുത്ത പുഴയുമായി;
നഷ്ടപ്പെട്ടു തുടങ്ങിയ നിഷ്കളങ്കതയിലേക്കുള്ള മടക്കയാത്ര.
അത് അനിവാര്യമാണെന്ന് മൃതദേഹങ്ങളുമായി ഒഴുകിയ ചാലിയാര്‍പ്പുഴ ഉറക്കെ പറയുന്നു. വയനാട്ടില്‍ മരിച്ച ഇനിയും എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്ത സഹോദരങ്ങള്‍ ചാലിയാറിനെ കണ്ണീര് പുഴയാക്കി. അതിന് രൗദ്രഭാവം നല്കിയതും ഉറങ്ങി കിടന്നവരെ മരണത്തിലേക്കൊഴുക്കിയതും മനുഷ്യന്റെ അത്യാര്‍ത്തി തന്നെയാണല്ലോ.