കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർഗ്ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാർത്ഥന സംസ്കൃത ഭാഷയിൽ തയ്യാറാകുന്നു. ‘സർവ്വേശാ ‘ എന്ന പേരിലുള്ള സംഗീത ആൽബത്തിന്റെ റിക്കോർഡിങ് എറണാകുളം സി എ സി യിൽ നടന്നു.പുരാതന ഭാരതീയ ഭാഷയായ സംസ്കൃതത്തിൽ കർണാട്ടിക് സംഗീതത്തിന്റെ അകമ്പടിയോടെ ‘സർവ്വേശ ‘ എന്ന പേരിലാണ് ആൽബം.
ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ ആദ്യമായാണ് ഇരുന്നൂറ് ഗായകർ ഒരുമിച്ച് പിന്നണി പാടുന്നത് റെക്കോർഡ് ചെയ്യുന്നത്. നൂറു വൈദികരും നൂറു സിസ്റ്റേഴ്സ് ആണ് ഗാനം ആലപിച്ചത്. മാർ ഇവാനിയോസ് കോളേജിലെ സംസ്കൃത പ്രൊഫസറും സംസ്കൃത പണ്ഡിതനുമായിരുന്ന പ്രൊ. പി സി ദേവസ്യയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ക്രിസ്തു ഭാഗവതം എന്ന പുസ്തകത്തിൽ നിന്നെടുത്ത വരികൾക്ക് പത്മവിഭൂഷൺ ഡോ. കെ ജെ യേശുദാസിന്റെ ശിഷ്യനും പാടും പാതിരി എന്ന അപരനാമത്തിൽ പ്രസിദ്ധനുമായ കർണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ ഫാ. ഡോ. പോൾ പൂവത്തിങ്കൽ സി. എം. ഐ. ആണ് സംഗീത സംവിധാനം നിർവഹിച്ചത്.
ഓർക്കസ്ട്രേഷനും, ബഹുസ്വരതയും നിർവഹിച്ചിരിക്കുന്നത് പ്രസിദ്ധ വയലിനിസ്റ്റും ദക്ഷിണേന്ത്യയിലേക്ക് ലഭിച്ച ഗ്രാമി അവാർഡുകളിൽ നിറസാന്നിധ്യമായിരുന്ന മനോജ് ജോർജ് ആണ്. ഭാരതത്തിലെ മികച്ച റെക്കോർഡിങ് എൻജിനിയേഴ്സ് ആയ സജി ആർ നായർ, കൃഷ്ണചന്ദ്രൻ, നിഖിൽ എന്നിവരാണ് ഓഡിയോ റെക്കോർഡിങ് നടത്തിയത്. ആൽബത്തിന്റെ ഒന്നാം ഭാഗ സംഗീത റെക്കോർഡിങ് തൃശ്ശൂർ ചേതന സ്റ്റുഡിയോയിൽ ആണ് നടന്നത്. മൂന്നാം ഭാഗ റെക്കോർഡിങ് ( വെസ്റ്റേൺ ഓർക്കസ്ട്ര ) അമേരിക്കയിലെ ലോസ് എയ്ഞ്ചൽസിലെ പ്രസിദ്ധമായ വില്ലേജ് സ്റ്റുഡിയോയിൽ വച്ചായിരിക്കും. എളംകുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ നടന്ന ആൽബത്തിന്റെ ദൃശ്യാവിഷ്കാരം നിർവഹിച്ചത് അഭിലാഷ് വളാഞ്ചേരി ആണ് .