ജെയിംസ് അഗസ്റ്റിൻ
റവ. ഡോ. ജസ്റ്റിന് പനക്കല്‍ ഒസിഡി മംഗലപ്പുഴ സെമിനാരിയില്‍ പഠിപ്പിക്കുന്ന നാളുകളിലാണ് തളിര്‍മാല്യം, സ്നേഹപ്രവാഹം, സ്നേഹസന്ദേശം എന്നീ ആല്‍ബങ്ങള്‍ക്കു സംഗീതം നല്‍കുന്നത്. വൈദികവിദ്യാര്‍ഥികളുടെ രചനകളാണ് ഈ ആല്‍ബങ്ങളില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. നെയ്യാറ്റിന്‍കര രൂപതാംഗമായ ഫാ. ജോസഫ് പാറാംകുഴിയാണ് പൈതലാം യേശുവേ എന്ന ഗാനം എഴുതിയത്. റവ. ഡോ. ജസ്റ്റിന് പനക്കല്‍ ഒ.സി.ഡി. നാല്പതു വര്‍ഷം മുന്‍പു നടന്ന റെക്കോര്‍ഡിങ് ഓര്‍മ്മകള്‍ പങ്കു വയ്ക്കുന്നു.
‘പന്ത്രണ്ടു പാട്ടുകളാണ് സ്നേഹപ്രവാഹം എന്ന കസെറ്റിനു വേണ്ടി തയ്യാറാക്കിയത്. പതിനൊന്നു പാട്ടുകളും യേശുദാസ് തന്നെ പാടി. അവസാനത്തെ പാട്ട് ഒരു താരാട്ടാണെന്നും അതിനായി എനിക്കൊരു സ്ത്രീശബ്ദം വേണമെന്നും ഞാന്‍ യേശുദാസിനോടു പറഞ്ഞു. ഉടനെ തന്നെ യേശുദാസ് പറഞ്ഞു. ഇവിടെ ലളിതഗാനമല്‍സരത്തിനു സമ്മാനം നേടിയൊരു കുട്ടിയുണ്ട്. ചിത്ര എന്നാണ് പേര്. നമുക്ക് ചിത്രയെ വിളിക്കാം. ചിത്ര അന്ന് പാടിത്തുടങ്ങുന്നതേയുള്ളൂ. അച്ഛനോടൊപ്പം സ്കൂട്ടറിലാണ് ചിത്ര വന്നത്. തിരുവന്തപുരത്തെ തരംഗിണി സ്റ്റുഡിയോയിലാണ് റെക്കോര്‍ഡിങ് നടന്നത്. ഞാന്‍ ചിത്രയെ പാട്ടു പഠിപ്പിച്ചു. ഏതു ഭാവത്തിലാണ് പാടേണ്ടതെന്നു ചിത്രയുടെ ചോദ്യത്തിന് ‘ഉണ്ണീശോയെ കയ്യിലെടുത്തിരിക്കുന്ന മാതാവിന്റെ വാത്സല്യവും സ്നേഹവും ചേര്‍ത്തു പാടണം. ചുറ്റിലുമുള്ള ആടുകളുടെയും പശുക്കളുടേയും സ്വരത്തിനുമപ്പുറം മൃദുമന്ത്രണമായി ഒഴുകുന്നൊരു താരാട്ടാണ് എനിക്ക് വേണ്ടത്’. പാട്ടു പഠിച്ച ശേഷം ചിത്ര ഒരു മണിക്കൂര്‍ നേരം ധ്യാനത്തിലെന്ന പോലെ നിശ്ശബ്ദയായിരുന്നു. പിന്നെ എന്നോടു പറഞ്ഞു. ഞാനൊന്നു പാടി നോക്കട്ടെ അച്ചാ. നേരെ മൈക്കിന് മുന്നില്‍ വന്നു നിന്നു. ഒറ്റ ടേക്കില്‍ പാടിത്തീര്‍ത്തു. ഒരു തിരുത്തല്‍ പോലും എനിക്ക് ചെയ്യേണ്ടി വന്നില്ല. അങ്ങനെ ഒറ്റ ടേക്കില്‍ പാടിതീര്ത്തൊരു പാട്ടാണിത്.’
ഈ പാട്ടിനെക്കുറിച്ചു ഗായിക ചിത്ര പങ്കുവയ്ക്കുന്ന ഓര്‍മ്മകള്‍ ഇങ്ങനെയാണ്.
‘ പാടിത്തുടങ്ങുന്ന കാലത്തു ദൈവാനുഗ്രഹത്താല്‍ എനിക്ക് ലഭിച്ചൊരു വിശുദ്ധഗാനമാണിത്. പാട്ടുപുസ്തകമില്ലാതെ പാടാന്‍ കഴിയുന്ന ചുരുക്കം ഗാനങ്ങളിലൊന്നാണിത്. ഇന്നും ഗാനമേളകളില്‍ പ്രാരംഭഗാനമായി ഞാന്‍ പാടുന്നൊരു പാട്ട്. എന്റെ തുടക്കകാലത്തെ ഏറ്റവും പ്രശസ്തമായ പാട്ട്. ഇന്നും ശ്രോതാക്കള്‍ ആവശ്യപ്പെടുന്നൊരു ഗാനം. തരംഗിണിക്കായി കുറെയേറെ പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും ഈ പാട്ട് എനിക്ക് ഏറെ പ്രിയപ്പെട്ടതും പ്രത്യകതയുള്ളതാണ്. ഉണ്ണീശോയോട് എനിക്ക് അത്ര സ്നേഹമാണ്. ഈ പാട്ട് പാടാന്‍ എന്നെ തിരഞ്ഞെടുത്തതിനു ഈശ്വരനോടു നന്ദി പറയുന്നു. ജസ്റ്റിനച്ചനോടും ദാസേട്ടനോടും ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു.
ഈ ദിനങ്ങളിലും യു.എസില്‍ നടത്തിയ ഗാനമേളകളില്‍ ഈ പാട്ടാണ് ആദ്യഗാനമായി ഞാന്‍ പാടിയത്. ജസ്റ്റിനച്ചന്‍ ഇന്നും സ്നേഹവും വാത്സല്യവും ഞങ്ങളോട് പ്രകടിപ്പിക്കുന്നു. എന്റെ വീട് തേടിപ്പിടിച്ചു വന്നു ഞങ്ങളെ സന്ദര്‍ശിച്ചതും നന്ദിയോടെ ഓര്‍ക്കുന്നു. ഈ പാട്ട് നാല്‍പ്പതു വര്‍ഷം പിന്നിടുന്നു എന്നത് ഒത്തിരി സന്തോഷം പകരുന്നു.’
പാട്ടിന്റെ പിറവിയുടെ നാല്പതാം വര്‍ഷം ആഘോഷിക്കാന്‍ ഗാനരചയിതാവു ഫാ. ജോസഫ് പാറാംകുഴിയും സംഗീത സംവിധായകന് ഫാ. ജസ്റ്റിന് പനക്കലും നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം ഒത്തുചേര്‍ന്നു. ഉണ്ണീശോയ്ക്കായി മലയാളം പാടിയ താരാട്ടിന്റെ റൂബി ജൂബിലി ലളിതമായി അവര്‍ ആഘോഷിച്ചു.