ഷാജി ജോര്‍ജ്
യൂനസ്കോയുടെ സാഹിത്യനഗര പദവി ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമായി കോഴിക്കോട് മാറി. സാംസ്കാരിക വൈവിധ്യത്തിനും മതസാഹോദര്യത്തിനും പുകള്‍പെറ്റ കോഴിക്കോടിന് അക്ഷര ലോകത്തുള്ള ആഗോള അംഗീകാരമാണ് ഈ പദവി. കോഴിക്കോട് നഗരത്തിന് സാംസ്കാരിക പൈതൃകം ഒരുക്കുന്നതില്‍ ഒരു ശതാബ്ദം പിന്നിട്ട കോഴിക്കോട് രൂപതയ്ക്കും വലിയ പങ്കുണ്ട്. അതില്‍ തന്നെ ഈശോസഭാ വൈദികരുടെ സംഭാവനകളും മഹത്തരമാണ്. എന്നാല്‍ ഈ സംഭാവനകള്‍ വേണ്ടത്ര അര്‍ഹമായ രീതിയില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളത് വസ്തുതയാണ്.
കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു മെത്രാന്റെ ഛായാചിത്രം വച്ചിട്ടുണ്ട്. നൂറുവര്‍ഷം ചരിത്രമുള്ള കോഴിക്കോട് രൂപതയില്‍ 32 വര്‍ഷം മെത്രാനായി സേവനമനുഷ്ഠിച്ച പുണ്യശ്ലോകനാണ് ബിഷപ് അല്‍ദോ മരിയ പത്രോണി. അദ്ദേഹത്തിന്റെ ചിത്രമാണത്. കേരളത്തില്‍ മറ്റേതെങ്കിലും ടൗണ്‍ ഹാളില്‍ ഒരു മെത്രാന്റെ ഫോട്ടോ വച്ച് ബഹുമാനിച്ചിട്ടില്ല. അത്രമാത്രം ജനപ്രിയനായിരുന്നു ബിഷപ് പത്രോണി.
പുസ്തക കുറിപ്പില്‍ ഈയാഴ്ച ‘പത്രോണി പിതാവും മലബാറിലെ കുടിയേറ്റവും’ എന്ന പുസ്തകത്തെയാണ് പരിചയപ്പെടുത്തുന്നത്.
കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതിയുടെ അധ്യക്ഷനും കോഴിക്കോട് രൂപതാ ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ പ്രത്യേക താല്പര്യപ്രകാരം നടത്തിയ വെബിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളും പ്രസംഗങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 2021ലെ കൊവിഡ് കാലത്താണ് ഈ വെബിനാര്‍ സംഘടിപ്പിക്കപ്പെട്ടത് എന്നുള്ളത് പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ. 2021 സെപ്റ്റംബര്‍ 22-ാം തീയതി പത്രോണി പിതാവിന്റെ ജന്മദിനവും മരണദിനവും സ്മരിക്കുന്ന അതേ ദിവസത്തില്‍ തന്നെയാണ് ഈ വെബിനാറില്‍ നടന്നത്. വെബിനാറിലെ പ്രബന്ധങ്ങളും പ്രസംഗങ്ങളും സമാഹരിച്ച് പുസ്തകരൂപത്തില്‍ ആക്കിയത് കോഴിക്കോട് രൂപതാ വികാരി ജനറല്‍ മോണ്‍. ജന്‍സണ്‍ പുത്തന്‍വീട്ടിലാണ്.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വെബിനാറിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു: മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയുടെ 3-ാമത്തെ മെത്രാനും ഇറ്റാലിയന്‍ വംശജനുമായ ആല്‍ദോ മരിയ പത്രോണി 1948 ജൂണ്‍ 27-ന് അഭിഷിക്തനായി. തുടര്‍ന്ന് 32 വര്‍ഷത്തോളം കോഴിക്കോട് രൂപതയെ ആത്മാര്‍ത്ഥമായി സ്നേഹിച്ച് കോഴിക്കോടിന്റെ ആധ്യാത്മിക സാമൂഹിക സാംസ്കാരിക മേഖലകളില്‍ സാന്നിധ്യമായി മാറിയ ഭാഗ്യസ്മരണാര്‍ഹനായ പത്രോണി പിതാവ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിട്ട് സെപ്റ്റംബര്‍ 22-ന് 33 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കൃപയുടെ ദീപ്തസ്മരണയായ പത്രോണി പിതാവിന്റെ നിസ്തുല സേവനത്തെ പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്നതിലൂടെ പത്രോണി പിതാവിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ജനങ്ങളുടെ ആത്മീയവും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്കു വേണ്ടി അദ്ദേഹം ചെയ്ത സേവനം എത്രയോ വലുതാണ്. പ്രത്യേകിച്ച് എടുത്തുപറയുകയാണ്, കുടിയേറ്റക്കാരായ ജനതയ്ക്കുവേണ്ടി അദ്ദേഹം ചെയ്ത വലിയ സേവനങ്ങളെ തലശേരി അതിരൂപതയിലെ മെത്രാപ്പോലീത്ത എന്ന നിലയില്‍ എനിക്കു മറക്കാന്‍ പറ്റുകയില്ല. ഞാനതുപറയാതെ പോയാല്‍ വലിയൊരു കൃത്യവിലോപമായി തീരും. എന്ന വാക്കുകളോടെയാണ് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് തന്റെ അനുഗ്രഹപ്രഭാഷണം ആരംഭിച്ചത്. കുടിയേറ്റക്കാര്‍ 1928 മുതല്‍ മലബാറിലേക്ക് കുടിയേറിവന്നു. അതുകഴിഞ്ഞ് രണ്ടാം ലോകമഹായുദ്ധത്തോടു കൂടി ധാരാളം കുടിയേറ്റങ്ങളുണ്ടായപ്പോള് ആ ജനതയുടെ ആത്മീയ അഭിവൃദ്ധിക്കു വേണ്ടതെല്ലാം ചെയ്തു കൊടുക്കുവാന്‍ പത്രോണി പിതാവ് തയ്യാറായി.
വൈദികരെ നിയമിക്കുന്ന കാര്യത്തിലും വൈദികരുടെ അഭാവമുണ്ടായിരുന്നതുകൊണ്ട് റ്റി.ഒ.സി.ഡി.കാരായ സന്ന്യാസ സമൂഹത്തില്‍ നിന്നും ചോദിച്ചുവാങ്ങി കൊടുക്കുന്നതിലും കോഴിക്കോടുരൂപതയില് തന്നെ പ്രഗത്ഭരായ വൈദികരെ കുടിയേറ്റകാലത്ത് നിയമിച്ചതുമൊക്കെ ഞാന്‍ സ്നേഹത്തോടെ ഓര്‍ക്കുകയാണ്. ചക്കാലക്കല്‍ പിതാവു പറഞ്ഞതുപോലെ 1953-ല്‍ തലശേരി രൂപത സ്ഥാപിതമായപ്പോള്‍ 30 വലിയ ഇടവകകള്‍ -അതിന്നും വലിയ ഇടവകകളാണ്-തലശേരി പിതാവിന് ഏല്പിച്ചുകൊടുത്തു. അതോടൊപ്പം രണ്ട് വലിയ ഹൈസ്ക്കൂളുകളുമുണ്ടായിരുന്നു പേരാവൂരും കുളത്തുവയലും. കൂടാതെ യു.പി. സ്കൂളുകള്‍. ഇതെല്ലാം ഒരു മടിയും കൂടാതെ ഒരു പ്രതിഫലവും വാങ്ങാതെ ഏല്‍പ്പിച്ചുകൊടുത്തത് ഓര്‍ക്കുകയാണ്. താല്പര്യത്തോടുകൂടി മോണ്‍. എടമരമച്ചനേയും കൂട്ടി പുതിയ രൂപത കുടിയേറ്റക്കാര്‍ക്കും വേണമെന്നാഗ്രഹിച്ച് റോമിലേയ്ക്ക് അപേക്ഷ കൊടുത്തതും പിതാവ് വരുമെന്നറിഞ്ഞപ്പോള്‍ ആ പ്രദേശമൊക്കെ വ്യക്തമാക്കുവാന്‍ അരമനയില്‍ തന്നെ ആ മേഖലയുടെ മാപ്പുകളൊക്കെ വരച്ച് തയ്യാറാക്കി വച്ചതുമൊക്കെ തീര്‍ച്ചയായും ഒരു മിഷനറിയുടെ മനസ്സിലെ ഭാവങ്ങളാണ്. രൂപത സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍ നമുക്കറിയാം തലശേരിയിലേക്ക് അഡ്മിനിസ്ട്രേറ്ററായി കടന്നു വന്ന സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി പിതാവിന് താമസിക്കുവാന്‍ തലശേരി പള്ളിയിലെ മുറിയും ഒക്കെ നീക്കിവെച്ചു കൊടുത്തത് പത്രോണി പിതാവുതന്നെയാണ്. കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, ചിറക്കല്‍ മിഷനെക്കുറിച്ചും തലശേരി അതിരൂപത സഹായമെത്രാന്‍ ആയിരുന്ന മാര്‍ ജോസഫ് പാംപ്ലാനി, സീറോ മലബാര്‍ സഭയ്ക്ക് ചെയ്ത സേവനങ്ങളെ കുറിച്ചും എഴുതുന്നു.
താമരശേരി മെത്രാന് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഈശോസഭ കേരള പ്രൊവിന്‍ഷ്യല്‍ ഫാ. ഇ.പി. മാത്യു, ഫാ. മാര്‍സിലിന്‍ എം.ജെ., സിസ്റ്റര്‍ ഡോ. ഫെര്‍ണാണ്ട യുഎംഐ, സിസ്റ്റര്‍ മരിയ കരുണ എ.സി., കോഴിക്കോട് മുന്‍ മേയര്‍ സി.ജെ റോബിന്, ഫാ. ജിയോ പയ്യപ്പിള്ളി, രതീഷ് ഭജനമഠം, മുന്‍മന്ത്രി പി.പി ഉമ്മര്‍കോയ, ഡോ. സി.കെ രാമചന്ദ്രന് എന്നിവരുടെ ലേഖനങ്ങളും പുസ്തകത്തിലുണ്ട്. ഇതില്‍ ഫാ. ജിയോ പയ്യപ്പള്ളിയുടെ ലേഖനം ബിഷപ് പത്രോണിയുടെ സംഭാവനകളെ ആഴത്തില്‍ വിലയിരുത്തുന്നതാണ്. 1973ല്‍ കോഴിക്കോട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പങ്കെടുത്തത് പൊതുരംഗത്ത് പത്രോണി പിതാവിന് ഉണ്ടായിരുന്ന അംഗീകാരത്തിന്റെ പ്രതിസ്ഫുരണമാണെന്ന് ലേഖനം ഓര്‍മ്മപ്പെടുത്തുന്നു.
കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തില്‍ ജ്വലിച്ചുനിന്ന ഈശോസഭാ വൈദികരായ ഫാ. സാമുവല്‍ രായന്, ഫാ. സെബാസ്റ്റ്യന്‍ കാപ്പന്, ഫാ. എബ്രഹാം അടപ്പൂര് എന്നിവരെ രൂപപ്പെടുത്തിയ നോവീസ് മാസ്റ്റര്‍ കൂടിയായിരുന്നു ബിഷപ് പത്രോണി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പൂര്‍ണ്ണസമയം പങ്കെടുത്ത ഇന്ത്യയിലെ ബിഷപ്പുമാരില്‍ ഒരാളായിരുന്നു അദ്ദേഹം. കൗണ്‍സിലിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് കേരളത്തില്‍ ആദ്യമായി ജനാഭിമുഖ കുര്‍ബാന അദ്ദേഹം കോഴിക്കോട് കത്തീഡ്രലില്‍ അര്‍പ്പിച്ചു. തുടര്‍ന്ന് വിജയപുരം ബിഷപ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍, കൊല്ലം ബിഷപ് ജെറോം ഫെര്‍ണാണ്ടസ് എന്നിവരോടൊപ്പം ലത്തീന്‍ ക്രമത്തിലുള്ള കുര്‍ബാനയും തിരുക്കര്‍മ്മങ്ങളും മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തു. ഇറ്റലിയില്‍ ജനിച്ച ഒരു മിഷനറിയുടെ നേതൃത്വത്തിലാണ് ലത്തീന്‍ ക്രമത്തിലുള്ള തിരുക്കര്‍മ്മങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതെന്ന് എത്ര പേര്‍ക്കറിയാം?
ഫാ. സുക്കോള്‍, ഫാ ജോണ്‍ സെക്വേര, ഫാ. ജോസഫ് ടഫറേല്‍, മദര്‍ പേത്ര, മദര്‍ അന്തോണിത്ത തുടങ്ങിയ മിഷനറി വര്യന്മാര് നല്കിയ സേവനത്തിന്റെ ഫലമാണ് ഇന്നത്തെ കണ്ണൂര്‍ രൂപത. മലബാറില്‍ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, തൊഴില്‍ശാലകള്‍, അനാഥമന്ദിരങ്ങള്‍, വിദ്യാലയങ്ങള്‍ വയോജനമന്ദിരങ്ങള്‍, ഭവന നിര്‍മ്മാണ പദ്ധതികള്‍ എന്നിവ ബിഷപ് പത്രോണി പിതാവ് നടപ്പിലാക്കി. അദ്ദേഹത്തിന്റെ ജീവിതത്തിലേക്കുള്ള വാതിലാണ് ഈ പുസ്തകം. ആമുഖത്തില്‍ കെആര്‍ എല്‍സിസി പ്രസിഡന്റ് കൂടിയായ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പിതാവ് പറഞ്ഞതുപോലെ കോഴിക്കോട് രൂപത പത്രോണി പിതാവിന് നല്കിയ ഒരു സമ്മാനമാണ് ഈ ഗ്രന്ഥം. ചരിത്രത്തിലേക്കുള്ള ഒരു ഈടുവെയ്പ്പും.