കൊച്ചി: സമൂഹത്തിലെ പാവപ്പെട്ടവൻ ക്രിസ്തുവിൻ്റെ പ്രതിനിധികളാണെന്ന് മറക്കരുതെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ പറഞ്ഞു.
വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കലിന് കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നൽകിയ പൗര സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.ഒരു മെത്രാനെന്ന നിലയിൽ എൻ്റെ ആപ്തവാക്യം അനേകർക്ക് മോചനദ്രവ്യമാകുക എന്നതാണ്. നമ്മൾ ഒരുമിച്ചു നിന്നാൽ അനേകർക്ക് വിമോചനത്തിൻ്റെ സദ്വാർത്തയാകാൻ നമുക്കാകുമെന്ന് ബിഷപ് കൂട്ടിച്ചേർത്തു.
വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.എളിമയോടും ലാളിത്യത്തോടും കൂടെ എല്ലാവരോടും ഇടപഴകുന്ന ബിഷപ്പ് ആൻറണി വാലുങ്കലിൻ്റെ പുതിയ ദൗത്യം ദൈവഹിതമ നുസരിച്ച് നിറവേറ്റാൻ എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്ന് ആർച്ച് ബിഷപ് പറഞ്ഞു.
മന്ത്രി പി.രാജീവ് മുഖ്യാതിഥിയായിരുന്നു. കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ.പോൾ അധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എംഎൽഎ, മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസ്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ,കെആർഎൽസിസി വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ്,കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, സിറ്റിസി മദർ ജനറൽ സിസ്റ്റർ ആൻ്റണി ഷഹീല,ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ. ഷൈജു, സി. പി. ഐ. ജില്ലാ സെക്രട്ടറി സി.ദിനകരൻ , കെഎൽസിഎ അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ,ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, ട്രഷറർ എൻ.ജെ. പൗലോസ്, വൈസ് പ്രസിഡന്റ് ബാബു ആന്റണി, സെക്രട്ടറി സിബി ജോയ് എന്നിവർ പ്രസംഗിച്ചു.
എറണാകുളം ഇ എസ് എസ് എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആത്മീയ- സാംസ്കാരിക, രാഷടീയ മേഖലകളിൽ നിന്നുള്ള നിരവധി
പ്രമുഖർ പങ്കെടുത്തു.