കോട്ടപ്പുറം: ആഘോഷങ്ങള്‍ ആര്‍ഭാടമാക്കുന്ന സ്വഭാവത്തിന് മാറ്റം വരുത്തണമെന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കോട്ടപ്പുറം രൂപതയുടെ 37-ാമത് രൂപതാ ദിനവും മൂന്നുവര്‍ഷത്തെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിശുദ്ധ തോമസ് ശ്ലീഹായുടെ രക്തസാക്ഷിത്വ തിരുന്നാളും പ്രമാണിച്ച് സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആര്‍ഭാടങ്ങള്‍ ഉപേക്ഷിച്ച് കുടുംബത്തേയും സമൂഹത്തേയും സമുദായത്തേയും ശക്തിപ്പെടുത്താം. അര്‍ത്ഥമില്ലാത്ത ആഘോഷങ്ങള്‍ ഇനിയുണ്ടാകരുത്. കുടുംബങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രത്യാശ നല്കുന്ന പ്രത്യാശയുടെ തീര്‍ഥാടകരാകണം നമ്മള്. ലത്തീന്‍ സമുദായാംഗങ്ങളാണെന്നതില് അഭിമാനം കൊള്ളണം. ദൈവത്തെ മഹത്വപ്പെടുത്തുന്നത് മനുഷ്യന് തന്റെ കഴിവുകള്‍ പൂര്‍ണമായും പുറത്തെടുക്കുമ്പോഴാണ്. മനുഷ്യനെ സൃഷ്ടിച്ചതില്‍ ഒരിക്കല്‍ കൂടി ദുഃഖിക്കാന്‍ ദൈവത്തിന് ഇടവരരുത്. അതിനായി യേശുവിനെ ചങ്കില് ചേര്‍ത്തുവയ്ക്കണം.
തോമസ്ശ്ലീഹായെ പോലെ യേശുവിനൊപ്പം ചങ്കൂറ്റത്തോടെ ചേര്‍ന്നു നില്ക്കാന് ക്രൈസ്തവര്‍ക്ക് കഴിയണം. ‘അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം’ എന്നത് തോമസ് ശ്ലീഹയുടെ ശക്തമായ നിലപാടായിരുന്നു. സംശയത്തില്‍ നിന്ന് വിശ്വാസത്തിലേക്ക് വളരുന്ന, പക്വതയോടെ മൗനം അവലംബിക്കുന്ന, പരിശുദ്ധ മാതാവിനോടും മറ്റു ശിഷ്യരോടുമൊപ്പം ഏകമനസോടെ പ്രാര്‍ഥനയില്‍ മുഴുകുന്ന വിശുദ്ധ തോമസിനോടൊപ്പമുള്ള യാത്രയായി റൂബി ജൂബിലി ആഘോഷങ്ങളെ നമുക്കു മാറ്റാം.
‘ പൈതൃക ഭൂവില്‍ ഒരു മനമായി’ എന്ന ജൂബിലി ആപ്തവാക്യത്തെ ഹൃദയത്തില്‍ ചേര്‍ക്കാം. നമ്മുടെ കുടുംബങ്ങളേയും സമൂഹത്തേയും സമുദായത്തേയും വളര്‍ത്താന്‍ ഒരുമിച്ച് യാത്ര ചെയ്യാം. ഓരോ വ്യക്തിയുടേയും ഭൗതിക, ആധ്യാത്മിക ജീവിതം നവീകരിക്കപ്പെടണം. സാമ്പത്തിക, സാമൂഹിക നവദിശാബോധം കുടുംബങ്ങളിലും സ്ഥാപനങ്ങളിലുമുണ്ടാകണം. സമുദായത്തെ ഉയര്‍ത്താനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു.
കോട്ടപ്പുറം രൂപതയുടെ ആദ്യഇടയന്‍ ആര്‍ച്ചബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി ആമുഖപ്രഭാഷണം നടത്തി. ദിവ്യബലിക്കു ശേഷം റൂബി ജൂബിലിയുടെ ഉദ്ഘാടനം ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ നിര്‍വഹിച്ചു. ജൂബിലി ലോഗോ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പ്രകാശനം ചെയ്തു.
ജൂബിലി പ്രാര്‍ഥന വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന ചേര്‍ന്ന സമ്മേളനത്തില്‍ വരാപ്പുഴ അതിരൂപത അല്മായ കമ്മീഷന് അസോസിയേറ്റ് ഡയറക്ടര്‍ ഷാജി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.
വരാപ്പുഴ അതിരൂപതയുടെ വടക്കന്‍ പ്രദേശങ്ങള്‍ ഉള്‍ച്ചേര്‍ത്ത് 1987 ജൂലൈ 3-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പയുടെ ‘ക്വേ ആപ്തിയൂസ്’ എന്ന ബൂള വഴിയാണ് കോട്ടപ്പുറം രൂപത നിലവില്‍ വന്നത്. 2027 ലാണ് രൂപത സ്ഥാപിതമായതിന്റെ റൂബി ജൂബിലി വര്‍ഷം.
3 വര്‍ഷം നീളുന്ന റൂബി ജൂബിലിക്കാണ് തുടക്കം കുറിച്ചത്. 1987 ല്‍ വിശുദ്ധ തോമസ് അപ്പസ്തോലന്റെ രക്തസാക്ഷിത്വതിരുനാളിലാണാണ് രൂപത സ്ഥാപിതമായത്. രൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥനും തോമശ്ലീഹയാണ്. തോമശ്ലീഹ കപ്പലിറങ്ങിയ സ്ഥലമെന്ന് പാരമ്പര്യം പ്രകീര്‍ത്തിക്കുന്ന മാല്യങ്കര കോട്ടപ്പുറം രൂപതയുടെ ഭാഗമാണ്.
സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന പഴയ പള്ളി, ഭാരത്തിലെ ആദ്യ കൈസ്തവ ദേവാലയമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വിശുദ്ധ തോമസ് ശ്ലീഹയുടെ പേരിലായിരുന്നു ആ ദേവാലയം. ആ പള്ളിയില്‍ പ്രാര്‍ഥിക്കുന്നവര്‍ക്ക് വേണ്ടി 1551 ഒക്ടോബര്‍ 24 ന് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ അപേക്ഷയുടെ ഫലമായി പാപ്പ ദണ്ഡവിമോചനം പ്രഖ്യാപിച്ചതായി രേഖകളുണ്ട്.