ജെയിംസ് അഗസ്റ്റിന്
ഗാനഗന്ധര്വന് യേശുദാസിനോടാണ് ചോദ്യം… ‘നമുക്കൊരു സംഗീതസമാഹാരം പുറത്തിറക്കിയാലോ?’
ഉടന്‍ മറുപടി വന്നു. ‘ആന്റപ്പാ, നമ്മളിതു ചെയ്യും .’
1986-ല്‍ അമേരിക്കയില്‍ നിന്നും ജോസ് ആന്റണി പുത്തന്‍വീട്ടില്‍ എന്ന യുവവ്യവസായിയാണ് യേശുദാസിന്റെ മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇങ്ങനെ ചോദിക്കാനുള്ള ധൈര്യം നല്‍കിയത് ഹേറോദേസും യേശുക്രി സ്തുവുമായിരുന്നു. മിശിഹാചരിത്രം നാടകത്തില്‍ യേശുദാസിന്റെ പിതാവ് ക്രിസ്തുവായി അഭിനയിച്ചപ്പോള്‍ ഹേറോദേസായി വേഷമിട്ടത് ജോസ് ആന്റണിയുടെ പിതാവ് ഡോ. പി.ജെ. പീറ്റര്‍ ആയിരുന്നു. അങ്ങനെ ഒന്നിച്ചു നാടകവേദികള്‍ പങ്കിട്ടിരുന്ന കലാകാരന്മാരുടെ, കുടുംബ സുഹൃത്തുക്കളുടെ മക്കളും കലാവേദിയില്‍ ഒരുമിക്കാന്‍ ഈ ചോദ്യം കാരണമായി.
1972-ലാണ് പഠനത്തിനായി എറണാകുളം വടുതല സ്വദേശി ജോസ് ആന്റണി അമേരിക്കയിലെത്തുന്നത്. പൊതുപ്രവര്‍ത്തനവും സംഘാടനപരിചയവും സ്വന്തം പിതാവില്‍ നിന്നും സ്വായത്തമാക്കിയിരുന്ന ജോസ് ആന്റണി ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായി മാറാന്‍ അധികനാള്‍ വേണ്ടി വന്നില്ല. 1974-ല്‍ യേശുദാസിന്റെ ആദ്യ അമേരിക്കന്‍ പര്യടന ത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കാനും ജോസ് ആന്റണിക്ക് സാധിച്ചു. യേശുദാസിന്റെ സംഘത്തിനു മാത്രമല്ല, അമേരിക്കയിലെത്തുന്ന കലാസംഘങ്ങള്ക്കു സഹായമൊരുക്കുന്നതിനു ജോസിനും സംഘത്തിനും യാതൊരു മടിയുമില്ലായിരുന്നു.
‘മെലഡീസ് ഓഫ് യേശുദാസ് ഇന്‍ അമേരിക്ക’ എന്ന പേരില്‍ നിര്‍മ്മിച്ച എല്‍.പി റെക്കോർഡിന്റെ ചരിത്രം നിര്‍മ്മാതാവ് ജോസ് ആന്റണിയുടെ വാക്കുകളിലൂടെ.
‘ യേശുദാസിന്റെ മൂന്നാമത് അമേരിക്കന്‍ പര്യടനത്തിന് വന്നപ്പോഴാണ് ഒരു സംഗീത സമാഹാരം നിര്‍മ്മിക്കാന്‍ ഞാന്‍ ഒരുങ്ങിയത്. ലളിതഗാനസമാഹാരം മതിയെന്ന തീരുമാനത്തില്‍ ശ്രീകുമാരന്‍ തമ്പിയോട് യേശുദാസ് തന്നെ വരികള്‍ ചോദിച്ചു. എട്ടു പാട്ടുകളാണ് ശ്രീകുമാരന്‍ തമ്പി എഴുതി നല്‍കിയത്. യേശുദാസ് തന്നെ വരികള്‍ക്ക് സംഗീതം നല്കി. ഗാനമേളയ്ക്കായി യേശുദാസിനോട് ഒപ്പമുള്ള ഇന്ത്യയിലെ തന്നെ മികച്ച സംഗീതോപകരണ വിദഗ്ധര്‍ ഓര്‍ക്കസ്ട്ര ഒരുക്കി. സംഘത്തലവനായിരുന്ന എം.ഇ. മാനുവല്‍ ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചു. ന്യൂയോര്‍ക്കിലെ പ്രശസ്തമായൊരു സ്റ്റുഡിയോയില്‍ മൂന്നു ദിവസം കൊണ്ട് റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കി. ഒരു സംഗീതസമാഹാരം നിര്‍മ്മിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും അതില്‍ നിന്ന് സാമ്പത്തികനേട്ടം വേണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ റെക്കോര്‍ഡിന്റെ വിപണനവും കാര്യമായി നടത്തിയില്ല. ‘
അമേരിക്കയില്‍ നിര്‍മ്മിച്ചു കേരളത്തിലെത്തിച്ച ‘മെലഡീസ് ഓഫ് യേശുദാസ് ഇന്‍ അമേരി ക്ക’യുടെ വളരെക്കുറച്ചു കോപ്പികളാണ് സംഗീതാസ്വാദകര്‍ക്കു ലഭിച്ചത്. ഇന്നും ഏറ്റവും ലഭ്യതക്കുറവുള്ള യേശുദാസിന്റെ ഗാനസമാഹാരമായി സംഗീതഗവേഷകര്‍ കരുതുന്ന സമാഹാരങ്ങളിലൊന്ന് ഇതാണ്.
അമ്മയെക്കുറിച്ചു മനോഹരമായൊരു ഗാനം ഇതിലുണ്ട്.
‘അമ്മ …അമ്മ…അമ്മ …
അനാദിമധ്യാന്ത ചൈതന്യമമ്മ
സച്ചിദാനന്ദ വിഗ്രഹമമ്മ
ആദിയില്‍ ജ്വാലയായ് ജ്യോതിയായ് രൂപമായ്
ആടിത്തുടങ്ങിയ ശക്തി … അമ്മ ‘
ഓണത്തിന്റെ ഓര്‍മ്മകള്‍ കൈമാറുന്നൊരു ഗാനവും റെക്കോര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്.
‘ തിങ്കള്‍ക്കലയുടെ തിരുവാഭരണം
തിരുവോണപ്പൂക്കളം തിരഞ്ഞുവന്നു
മണ്ണില്‍ വന്നാല്‍ മാണിക്യപ്പൂവൊരു
കുഞ്ഞിന്റെ പൂമുഖമായി
എന്റെ സംഗീത മുത്താരമായി.
പ്രണയവും വിരഹവും പ്രമേയമായി വരുന്നൊരു ഗാനവും ഇതേ ആല്‍ബത്തിലുണ്ട്.
‘തകര്‍ന്ന കിനാവിന്റെ പൂഞ്ചിറകില്‍
ഇഴയുന്ന ത്യാഗത്തിന് പൈങ്കിളീ
നീ രാഗം പാടിയ തേന്‍വനത്തില്‍
നിനക്കിന്നു ചെയ്യാന്‍ ഇടമില്ലെന്നോ?
അനുരാഗപുഷ്പങ്ങള്‍ മാടിവിളിച്ചു
അവയുടെ ലഹരിയില്‍ നീ ലയിച്ചു
ആശകളില്‍ നീന്തിപ്പറന്നു
അവസാനമോഹങ്ങള് അസ്തമിച്ചു
ആശ്വാസമില്ലാതെ നീ തുടിച്ചു …
എല്‍ .പി. റെക്കോര്‍ഡുകളില്‍ നിന്നു കസ്സറ്റുകളിലേക്കു സംഗീത മേഖല ചുവടു മാറ്റിയ കാലത്താണ് ഈ റെക്കോര്‍ഡ് പുറത്തിറങ്ങുന്നത്. പരിമിതമായ എണ്ണം മാത്രമാണ് വിതരണം ചെയ്തത്. വില്പന നടത്തിയതുമില്ല. ഇപ്പോള്‍ എല്‍.പി. റെക്കോര്‍ഡുകള്‍ മലയാളത്തില്‍ വീണ്ടും വിപണിയില്‍ വന്നു തുടങ്ങി ഈ പാട്ടുകളും വിപണിയിലെത്തത്തുമെന്ന പ്രതീക്ഷയിലാണ് സംഗീതാസ്വാദകര്‍.